ശതാബ്ദി ഗേറ്റെന്ന ആവശ്യം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; പൊടുന്നനെ ആ ആവശ്യം പൊടി തട്ടിയെടുത്ത് ഗേറ്റ് പണിയുന്നത് റോഡില്‍ നിന്നും ഉള്ളിലേക്ക് കുറച്ചു മാറി; പണി കഴിഞ്ഞ് പഴയ ഗേറ്റ് പൊളിച്ചാല്‍ ബാറിന് 200 മീറ്റര്‍ ദുരപരിധി കടക്കാം; എസ് എം വി സ്‌കൂളിലെ ഗേറ്റ് നിര്‍മ്മാണം വിവാദത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എം വി സ്‌കൂളിലെ സെന്റിനറി മതില്‍ നിര്‍മ്മാണത്തിന് പിന്നില്‍ 'ബാര്‍' താല്‍പ്പര്യമെന്ന ആരോപണം അതിശക്തം. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ പല പ്രമുഖരും സജീവമാണ്. ഈ കൂട്ടായ്മയാണ് സ്‌കൂളിലെ പുതിയ മതില്‍ നിര്‍മ്മാണത്തില്‍ ദുരൂഹത കാണുന്നതെന്നതാണ് വസ്തുത. കോര്‍പ്പറേഷനിലെ ഉന്നതരും ബാര്‍ മുതലാളിയുമായുള്ള ഇടപാടുകളാണ് മതില്‍ നിര്‍മ്മാണത്തിന് കാരണമെന്നാണ് ആക്ഷേപം. സ്‌കൂളിന് നിലവില്‍ റോഡിനോട് ചേര്‍ന്നാണ് ഗേറ്റ്. ഈ ഗേറ്റിനെ കുറച്ചു മീറ്റര്‍ അകലേക്ക് മാറ്റുന്നതാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തി. ഫലത്തില്‍ സ്‌കൂളിന് അടുത്ത് വരാനാഗ്രിഹിക്കുന്ന ബാറിന് 200 മീറ്റര്‍ ദൂരപരിധി മറികടക്കാമത്രേ. അതിന് വേണ്ടിയാണ് ഉള്ളിലേക്ക് വലിയുന്ന ശതാബ്ദി ഗേറ്റ് നിര്‍മ്മാണം എന്നാണ് ഉയരുന്ന ആരോപണം.
സ്‌കൂളിന് മുന്നിലൊരു ബാറുണ്ടായിരുന്നു. ബാര്‍ ലൈസന്‍സിന് ത്രി സ്റ്റാര്‍ സൗകര്യങ്ങള്‍ വേണമെന്ന നിബന്ധന വന്നതോടെ ഇത് ബിയര്‍ വൈന്‍ പാര്‍ലറായി മാറി. ഈ ഹോട്ടലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ത്രീ സ്റ്റാര്‍ മാനദണ്ഡങ്ങളിലേക്ക് കാര്യങ്ങളെത്തിയാല്‍ ബാര്‍ ലൈസന്‍സ് കിട്ടാന്‍ തടസ്സം എസ് എം വി സ്‌കൂളിന്റെ മുന്‍ ഗേറ്റാണ്. ബാറിന്റെ വാതിലില്‍ നിന്നും എങ്ങനെ വന്നാലും ഇരുന്നൂറു മീറ്ററില്‍ താഴെ മാത്രമാണ് ഈ ഗേറ്റ്. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ലൈസന്‍സ് കൊടുക്കാന്‍ കഴിയില്ല. ത്രി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സ്‌കൂളുകളില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധി അനിവാര്യതയാണ്. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കില്‍ 50 മീറ്റര്‍ മതി. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ കണ്ണായ സ്ഥലമായ ഓവര്‍ ബ്രിഡ്ജിലെ ഹോട്ടലിനെ പഞ്ചനക്ഷത്രത്തിലേക്ക് മാറ്റാനും കഴിയില്ല. ഇത് മനസ്സിലാക്കിയാണ് ത്രീ സ്റ്റാര്‍ ഹോട്ടലാക്കി മാറ്റി എസ് എം വി സ്‌കൂളിന്റെ ഗേറ്റ് 200 മീറ്ററാക്കാനുള്ള നീക്കം.
എസ് എം വി സ്‌കൂളിനെ സ്വാധീനിച്ച് പുതിയ മതിലും ഗേറ്റും കെട്ടിക്കൊടുക്കാമെന്ന് മുമ്പ് ഹോട്ടലുകാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവിടുത്തെ പഴയ കാല അധ്യാപകരുടെ കൂട്ടായ്മയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഇതിനെ എതിര്‍ത്തു. അതോടെ നീക്കവും പൊളിഞ്ഞു. ഇതിനിടെയാണ് സ്‌കൂള്‍ ശതാബ്ദി പൂര്‍ത്തിയാക്കിയത്. ആഘോഷങ്ങളും നടന്നു. ശതാബ്ദി ആഘോഷ നിറവിലുള്ള സ്‌കൂളില്‍ അത് രേഖപ്പെടുത്തുന്ന പ്രവേശന കവാടമെന്ന ആവശ്യം അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും മുമ്പോട്ട് വച്ചു. കോര്‍പ്പറേഷന്റെ അധികാര പരിധിയിലാണ് ഈ സ്‌കൂള്‍ വരുന്നത്. എന്നാല്‍ ശതാബ്ദി മതിലിനോട് അവര്‍ അന്ന് ഒരു താല്‍പ്പര്യവും പ്രകടിപ്പിച്ചില്ല.
എന്നാല്‍ പെട്ടെന്ന് മതില്‍ നിര്‍മ്മാണത്തിന് വര്‍ക്ക് ഓര്‍ഡര്‍ ഇറക്കി. ഇപ്പോഴത്തെ ഗേറ്റില്‍ നിന്നും കുറച്ചു മാറി പുതിയ ഗേറ്റ് നിര്‍മ്മാണവും തുടങ്ങി. ഈ മതില്‍ നിര്‍മ്മാണം ബാര്‍ തുടങ്ങാന്‍ ആവശ്യമായ 200 മീറ്റര്‍ പരിധി അനുസരിച്ചാണെന്നാണ് ആരോപണം. പ്രതിഷേധിക്കാന്‍ പോലും അവസരം കൊടുക്കാതെ വര്‍ക്ക് ഓര്‍ഡര്‍ രഹസ്യമാക്കി വച്ച് പണിയും തുടങ്ങി. എന്തിനാണ് ഉള്ളിലേക്ക് ഗേറ്റ് നിര്‍മ്മിക്കുന്നതെന്ന് ചോദിച്ചാല്‍ ആര്‍ക്കും വിശദീകരണവും നല്‍കാനില്ല. ഗേറ്റ് നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നവരെ സ്‌കൂളിലെ വികസന വിരോധികളാക്കുമെന്ന ഭീഷണിയും ഉണ്ട്. ഇതിനെതിരെ എന്തു വില വന്നാലും പ്രതിഷേധം ഉയര്‍ത്താനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ തീരുമാനം.
തിരുവനന്തുപരത്തെ എംജി റോഡില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എസ് എം വി സ്‌കൂളിന്റെ പേര് ശ്രീമൂല വിലാസം ഹൈസ്‌കൂള്‍ എന്നാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്തു വരെ ഒരു കാലത്ത് നാലായിരത്തോളം പേര്‍ ഇവിടെ പഠിച്ചിരുന്നു. എന്നാല്‍ പൊതു വിദ്യാഭ്യാസ രംഗം തളര്‍ന്നപ്പോള്‍ എസ് എം വിയിലും കുട്ടികള്‍ കുറഞ്ഞു. അഞ്ചു മതുല്‍ പത്താം ക്ലാസുവരെ ഇന്നുള്ളത് ഇരുന്നോറോളം കുട്ടികള്‍ മാത്രം. പ്ലസ് ടു കോഴ്‌സിന് പഠിക്കുന്ന കുട്ടികളാണ് ഇന്ന് എസ് എം വിയുടെ ജീവനാഢി. അതില്ലെങ്കില്‍ സ്‌കൂള്‍ തന്നെ പൂട്ടിപോകുമായിരുന്നുവെന്നതാണ് വസ്തുത. രാജഭരണ കാലത്ത് തുടങ്ങിയ സ്‌കൂളിന് നിരവധി നേട്ടങ്ങളും മാതൃകകളും അവകാശപ്പെടാനുണ്ട്. അധ്യാപകരും കുട്ടികളും ചേര്‍ന്ന് മാഞ്ഞാലിക്കുളത്ത് നിര്‍മ്മിച്ച സ്‌കൂള്‍ ഉത്തമ മാതൃകയാണ്.
എന്നാല്‍ ഇന്ന് ഇതെല്ലാം നഷ്ടപ്രതാപം മാത്രമാണ് സ്‌കൂളിന്. ഇതിനിടെയാണ് ബാറിന് വേണ്ടി ഗേറ്റ് പുനര്‍നിര്‍മ്മാണവും. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ശതാബ്ദി ഗേറ്റ് നിര്‍മ്മാണം ഇപ്പോള്‍ പുനരാരംഭിച്ചതിന് പിന്നില്‍ ഹോട്ടലിലെ നവീകരണ താല്‍പ്പര്യവും ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. നടന്‍ മധു അടക്കം പഠിച്ചത് എസ് എം വി സ്‌കൂളിലാണ്.