മോദിയുടെ പ്രതിനിധി കരമന ജയന്റെ കാല്‍ അടിച്ചൊടിക്കുമെന്ന് ബിഎംഎസ് നേതാവ്; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അതിക്രമം നടത്തി പരിവാര്‍ നേതാവ്; ബബ് ലു ശങ്കറിന് വേണ്ടിയുള്ള ഭീഷണി കേസായി; ബിരിയാണിയില്‍ തുടങ്ങിയ അടി മൂക്കുമ്പോള്‍
ഉച്ചയ്ക്ക് 12.30നായിരുന്നു ഭീഷണിപ്പെടുത്തല്‍. ആനന്ദും അഞ്ചു പേരും അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി. ബബ് ലുവിനെതിരെ നീങ്ങിയാല്‍ നിന്റെ വീട്ടില്‍ കയറി കാലും കൈയ്യും അടിച്ചൊടിക്കുമെന്നാണ് ഭീഷണി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനെ വീണ്ടും വിവാദത്തിലാക്കി കേസ്. എക്‌സിക്യൂട്ടീവ് ഓഫീസറെ ബിഎംഎസ് നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ കയറിയാണ് ഭീഷണി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷാണ് പരാതിക്കാരന്‍. പോലീസ് എഫ് ഐ ആറും ഇട്ടു. ക്ഷേത്ര വിശുദ്ധിയ്ക്ക് നിരക്കാത്ത പലതും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ് ഐ ആര്‍. ഈ മാസം ആറിനായിരുന്നു ഭീഷണി. പല വിചിത്രമായ സംഭവങ്ങളും പോലീസ് എഫ് ഐ ആറിലുണ്ട്.
ഉച്ചയ്ക്ക് 12.30നായിരുന്നു ഭീഷണിപ്പെടുത്തല്‍. ആനന്ദും അഞ്ചു പേരും അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി. ബബ് ലുവിനെതിരെ നീങ്ങിയാല്‍ നിന്റെ വീട്ടില്‍ കയറി കാലും കൈയ്യും അടിച്ചൊടിക്കുമെന്നാണ് ഭീഷണി. ഇതിനൊപ്പം കരമന ജയന്റെ കാലും അടിച്ചൊടിക്കും എന്നും ഭീഷണിപ്പെടുത്തിയതായി എഫ് ഐ ആര്‍ പറയുന്നു. ആനന്ദ് എന്നാണ് എഫ് ഐ ആര്‍ പ്രകാരം ഒന്നാം പ്രതിയുടെ പേര്. ബി എം എസിന്റെ ജില്ലാ സെക്രട്ടറിയാണ് ആനന്ദ്. ക്ഷേത്ര ജീവനക്കാരനല്ല ആനന്ദ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരനാണ് ബബ് ലു ശങ്കര്‍. ഇയാള്‍ക്ക് വേണ്ടിയാണ് ആനന്ദിന്റെ ഭീഷണി. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനയാണ് ബിഎംഎസ്. ആര്‍ എസ് എസിലൂടെ വളര്‍ന്ന് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായ നേതാവാണ് കരമന ജയന്‍. കരമന ജയന്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രതിനിധി. അതായത് ബബ് ലു ശങ്കറിന് വേണ്ടി പരിവാര്‍ പ്രസ്ഥാനത്തില്‍ തന്നെയുള്ള കരമന ജയന്റെ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ബിഎംഎസ് നേതാവ്.
ബബ് ലു ശങ്കര്‍ കുറച്ചുകാലമായി ജോലിക്ക് കയറുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുമുണ്ട്. ഈ കേസില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുകൂല നടപടി എടുക്കുന്നില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിരിയാണി വിവാദത്തില്‍ എത്തിച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ മകന് ജോലി കിട്ടിയതിന്റെ പാര്‍ട്ടിയാണ് അന്ന് നടന്നത്. ഇതിനായി ബിരിയാണി എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ കൊണ്ടു വന്നു. ക്ഷേത്രത്തിന് പുറത്താണ് ഈ ഓഫീസ്. എന്നാല്‍ ധാര്‍മികതയുടെ പേരില്‍ ആരും മാംസാഹാരങ്ങള്‍ കൊണ്ടു വരാറില്ല. പക്ഷേ മുമ്പും ഇത്തരം പാര്‍ട്ടികള്‍ ഇവിടെ നടന്നിട്ടുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള പോലീസ് മെസിലും മാംസാഹാരം വരുന്നുണ്ട്. ഇതൊന്നും ആരും വിവാദമാക്കിയിരുന്നില്ല. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവറുടെ പേരില്‍ വിവാദമുണ്ടാക്കി. എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ഇത് പക്ഷേ നടക്കാതെ പോയി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് വിഷയത്തില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് ഭരണ സമിതി തിരിച്ചറിഞ്ഞു. ഇതോടെ ബബ് ലു ശങ്കറിന്റെ നീക്കം പൊളിഞ്ഞു. ക്ഷേത്ര പി ആര്‍ ഒയുടെ ചുമതല വേണമെന്ന ബബ് ലു ശങ്കറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഇയാള്‍ ജോലിക്ക് വരാതെയായത്. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ കാര്യങ്ങളെത്തിയത്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജോലി കിട്ടിയ വ്യക്തിയാണ് ബബ് ലു ശങ്കര്‍. ക്ലര്‍ക്കായിട്ടാണ് ജോലി കിട്ടിയത്. എന്നാല്‍ പി ആര്‍ ഒ ജോലി മാത്രമേ ചെയ്യുള്ളൂവെന്നാണ് ബബ് ലുവിന്റെ നിലപാട്. ഇതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്. നിലവില്‍ ബബ് ലുവാണ് ബിഎംഎസ് യൂണിയന്‍ പ്രസിഡന്റ്. അതു കരുത്താക്കിയാണ് ബബ് ലുവിന്റെ നീക്കം. ഇനി കോടിയുടെ നിലപാടാകും അന്തിമം. ഇതിന് വേണ്ടിയാണ് എക്‌സിക്യൂട്ടീവ് ഓഫീസറെ വരുതിയിലാക്കാനുള്ള ഭീഷണിപ്പെടുത്തല്‍.
പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുദ്രവച്ച കവറിലാണ് സമര്‍പ്പിച്ചത്. മതിലകം ഓഫീസുള്‍പ്പെടുന്ന വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ജീവനക്കാരന്റെ മകന് സര്‍ക്കാര്‍ ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ചിക്കന്‍ബിരിയാണി സത്കാരം. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തി എക്സിക്യൂട്ടിവ് ഓഫീസര്‍ ഉത്തരവിറക്കി. ഈ വിവാദത്തിന് പിന്നിലും ക്ഷേത്രത്തിനുള്ളിലെ അടിയെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.