ഷര്‍ട്ടില്‍ അടക്കം 'സ്വര്‍ണ്ണ കമ്പം' വ്യക്തം; നിലയ്ക്കല്‍ അന്നദാന കേസിലെ മുഖ്യപ്രതി; ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും ക്രമക്കേട് നടത്തി; വിരമിച്ചപ്പോള്‍ ആഗ്രഹിച്ചത് ബ്രാഞ്ച് സെക്രട്ടറി പദം; സ്വര്‍ണ്ണ കൊള്ളയില്‍ മൂന്നാം അറസ്റ്റ് പാര്‍ട്ടി അംഗം; വാസുവിന്റെ 'പഴയ പിഎ' സത്യം പറയുമോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് സിപിഎം ബന്ധം. മുമ്പ് അറസ്റ്റിലായ മുരാരി ബാബുവും ഇടത് സംഘടനയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അപ്പോഴും എന്‍ എസ് എസിലെ ബന്ധം അടക്കം മുരാരി ബാബുവിന് ഉണ്ടായിരുന്നു. എന്നാല്‍ സുധീഷ് കുമാറിന് അടുപ്പം സിപിഎമ്മുമായി മാത്രമാണ്. അടൂര്‍ സ്വദേശിയായ ഇയാള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പോലും പരിഗണിക്കപ്പെട്ട വ്യക്തിയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എന്‍ വാസുവിന്റെ പിഎയുമായിരുന്നു. അഴിമതി കേസില്‍ പ്രതിയായ ശേഷമാണ് സുധീഷിനെ വാസു പിഎയാക്കിയത്. വിജിലന്‍സ് കേസിലെ പ്രതിയെ പിഎയാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ ഡി സുധീഷ് കുമാറിനെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.. വെള്ളി രാത്രി വൈകിയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. തുടര്‍ന്നാണിപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണ നിറമുള്ള ഷര്‍ട്ട് അടക്കം ഇട്ടുള്ള സുധീഷിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഷര്‍ട്ടില്‍ പോലും സ്വര്‍ണ്ണ കമ്പമുണ്ടെന്ന ചര്‍ച്ചയാണ് ഈ ഫോട്ടോ ഉയര്‍ത്തുന്നത്. സിപിഎമ്മിന്റെ അതിവിശ്വസ്തനായ സുധീഷ് സത്യം പറഞ്ഞാല്‍ സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണം പല ഉന്നതരിലേക്കും എത്തും.
ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്നാണ് സൂചന. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ്. തകിടുകള്‍ കൊടുത്തുവിട്ടപ്പോള്‍ തയ്യാറാക്കിയ മഹസറുകളില്‍ ചെമ്പുതകിടുകള്‍ എന്നുമാത്രം എഴുതി സ്വര്‍ണം കവരാന്‍ സാഹചര്യമൊരുക്കി. മഹസര്‍ എഴുതിയപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണ്. ഇളക്കിയെടുത്ത പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ടുകൊടുക്കുന്നു എന്ന് മഹസര്‍ എഴുതിയശേഷം പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തതും സുധീഷായിരുന്നു. വാസുവിന്റെ അതിവിശ്വസ്തനായിരുന്നു സുധീഷ് കുമാര്‍. സ്ത്രീ പ്രവേശന വിവാദ കാലത്ത് ദേവസ്വം കമ്മീഷണറായിരുന്ന വാസു സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ദേവസ്വം കമ്മീഷണറായി സേവന കാലവാധി പൂര്‍ത്തിയായപ്പോഴാണ് വാസുവിനെ പ്രസിഡന്റാക്കി ഉയര്‍ത്തിയത്.
അടൂര്‍ മണ്ണടി സ്വദേശി ഡി. സുധീഷ്‌കുമാറിന്റെ പെന്‍ഷന്‍ തടയാനും ഇപ്പോള്‍ നീക്കമുണ്ട്. സര്‍വീസില്‍ ഇരിക്കുമ്പോള്‍ നടത്തിയ ക്രമക്കേടിന്റെ പേരില്‍ സുധീഷ്‌കുമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. വിജിലന്‍സ് അന്വേഷണം വന്ന ശേഷവും സുധീഷിന് ദേവസ്വം ബോര്‍ഡില്‍ താക്കോല്‍ സ്ഥാനം കിട്ടി. അതും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പിഎ എന്ന പദവിയെന്നതാണ് വസ്തുത. 2022 മേയ് മാസത്തിലാണ് ഇയാള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷം സിപിഎമ്മില്‍ സജീവമാവുകയായിരുന്നു. നിലവില്‍ മണ്ണടി ദേശക്കല്ലുംമൂട് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം മണ്ണടി മേഖലാ കമ്മറ്റിയംഗവുമാണ്. സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജന്റെ ബന്ധു കൂടിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ചില അംഗങ്ങള്‍ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയിലും നിലയ്ക്കിലുമായി നടത്തിയ കോടികളുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
നിലയ്ക്കല്‍ അന്നദാനത്തിലും ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും നടത്തിയ ക്രമക്കേടുകളുടെ പേരില്‍ സുധീഷിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.ആ സമയത്താണ് വിരമിക്കല്‍ പ്രായമെത്തിയത്. ഇതോടെ വിജിലന്‍സ് അന്വേഷണം നിര്‍ത്തി വച്ചു. സകല ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാന്‍ സുധീഷ്‌കുമാറിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചത്. വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് സുധീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ അടൂര്‍ ലോബിയാണെന്ന് പറയുന്നു. പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ ശ്രമിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം കപ്പിനും ചുണ്ടിനുമിടയില്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നഷ്ടമായെങ്കിലും സിപിഎമ്മിലുള്ള സ്വാധീനത്തിന് കുറവൊന്നും വന്നില്ല. സ്വര്‍ണപ്പാളി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അടൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ സുധീഷിന്റെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നേതാക്കള്‍ മടങ്ങിയത്. ശബരിമലയില്‍ ജോലി ചെയ്യുമ്പോഴും സിപിഎമ്മിന്റെ വിശ്വസ്തനായിരുന്നു.
ദേവസ്വം കമ്മീഷണറായി രണ്ടാം വട്ടം എന്‍ വാസു എത്തിയതും കരുത്തു കൂടി. ഇതിനിടെയാണ് അഴിമതി വിവാദം ഉയര്‍ന്നത്. എന്നാല്‍ വാസു എല്ലാ അര്‍ത്ഥത്തിലും സംരക്ഷിച്ചു. വാസുവിന്റെ പിഎ പദവും നല്‍കി. അതായത് ദേവസ്വം പ്രസിഡന്റ് കാണുന്ന എല്ലാ ഫയലും അക്കാലത്ത് കടന്നു പോയത് സുധീഷിലൂടെയായിരുന്നു.
സുധീഷ് നടത്തിയത് തീവെട്ടിക്കൊള്ള
നിലയ്ക്കലിലെ അന്നദാന കരാറില്‍ കോടികളുടെ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതി. കരാറുകാരന്‍ വഴങ്ങാതെ വന്നതോടെ മറ്റു ചില സ്ഥാപനങ്ങളുടെ പേരില്‍ ചെക്ക് മാറിയെടുത്തുവെന്നാണ് കേസ്.
ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പുറത്താക്കണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, കുറ്റപത്രം കിട്ടിയിട്ടും ദേവസ്വം ബോര്‍ഡ് തുടര്‍ നടപടി എടുത്തില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനിടെയാണ് സുധീഷ് കുമാര്‍ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിച്ചത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാതെ വിരമിക്കാന്‍ ദേവസ്വം ബോര്‍ഡ് അവസരമൊരുക്കിയെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചിരുന്നു.
നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും സുധീഷിന് വിരമിക്കല്‍ ആനുകൂല്യം ഒന്നും നല്‍കിയിരുന്നില്ലെന്നുമാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതേ ബോര്‍ഡ് തന്നെയാണ് ഇപ്പോള്‍ സുധീഷിന്റെ പെന്‍ഷന്‍ തുക തടയുമെന്ന് അറിയിച്ചിരിക്കുന്നത്.
