സുകാന്തിനെതിരെ നടപടി എടുത്തെങ്കിലും ഉത്തരവ് നേരിട്ട് കൈമാറാന്‍ കഴിയാത്തത് സാങ്കേതിക തടസ്സം; വീടും പൂട്ടി അച്ഛനേയും അമ്മയേയും കൊണ്ട് എടപ്പാളുകാരന്‍ മുങ്ങിയതു കൊണ്ട് സസ്‌പെന്‍ഷന്‍ തീരുമാനം പ്രാബല്യത്തില്‍ വരുന്നില്ല; ഐബി ഉദോഗസ്ഥകളെ പാട്ടിലാക്കി ചതിക്കുന്നത് സുകാന്തിന്റെ സ്ഥിരം രീതി; ആ വിരുതന്‍ ഒളിവില്‍ തുടരുമ്പോള്‍
തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണവിധേയന്‍ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ കഴിയാത്തതിന് പിന്നില്‍ സാങ്കേതിക നൂലാമാലകള്‍. സര്‍വീസില്‍ നിന്നും സുകാന്തിനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് സുകാന്തിന് കൈമാറിയാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ നിലവില്‍ വരൂ. ഐബിയുടെ ഉത്തരവുകള്‍ ഒന്നും ഇമെയില്‍ വഴി നല്‍കുന്ന പതിവില്ല. പോസ്റ്റലായോ നേരിട്ടോ നല്‍കുകയാണ് രീതി. സുകാന്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് അങ്ങനെ കൈമാറാന്‍ ഐബിയ്ക്ക് കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ സുകാന്തിന് നേരിട്ട് നല്‍കണം. അല്ലെങ്കില്‍ വീട്ടില്‍ കൈപ്പറ്റണം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം സുകാന്തും വീട്ടിലുള്ളവരും ഒളിവില്‍ പോയി. സുകാന്തിന്റെ എടപ്പാളിലെ വീട് പൂട്ടിയിട്ട് നിലയിലാണ്. അതുകൊണ്ട് തന്നെ ഉത്തരവ് കൈമാറാനുള്ള യാതൊരു സാധ്യതയും ഐബിയ്ക്കുണ്ടായിട്ടില്ല. അതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപനം നടത്താന്‍ കഴിയാത്തത്. ഇനിയൊരിക്കലും സുകാന്ത് ഐബിയില്‍ ജോലി ചെയ്യില്ലെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതോടെ സുകാന്തിന് കീഴടങ്ങേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സുകാന്തിന്റെ സ്വഭാവത്തില്‍ ഐബിയിലെ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയോടെ ഇത് തെളിഞ്ഞു. എന്നാല്‍ ആത്മഹത്യാ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലായിരുന്ന സുകാന്ത് കരച്ചില്‍ നടിച്ചു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന കേന്ദ്ര സേനയിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റിധരിച്ചു. അവര്‍ വേദനയില്‍ പുളയുകയാണ് സുകാന്ത് എന്ന് കരുതി അയാളെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. നെടുമ്പാശ്ശേരിയില്‍ നിന്നും വീട്ടിലെത്തിയ സുകാന്ത് അപ്പോള്‍ തന്നെ മാതാപിതാക്കളേയും കൂട്ടി ഒളിവില്‍ പോയി. ഒന്നിലധികം ഐബി ഉദ്യോഗസ്ഥമാരെ സാമ്പത്തിക ചൂഷണത്തിന് സുകാന്ത് വിധേയമാക്കിയിട്ടുണ്ട്. ഇവരില്‍ പലരും അനൗദ്യോഗികമായി പരാതികള്‍ ഐബിയെ അറിയിച്ചിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കാനും തീരുമാനിച്ചു. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസ്സങ്ങള്‍ ഇല്ലെന്ന് ഐ ബി വിലയിരുത്തുകയും ചെയ്തു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി. അതും എല്ലാ അര്‍ത്ഥത്തിലും സുകാന്തിന് എതിരായിരുന്നു. തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് മേധാവി അരവിന്ദ് മേനോന്‍ ഐപിഎസിനാണ് മേല്‍നോട്ട ചുമതല. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐ ബി ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറിയെന്നും സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുറത്താക്കല്‍ ഉത്തരവ് സുകാന്ത് കൈപ്പറ്റാത്തതാണ് ഐബി തീരുമാനം പ്രഖ്യാപനത്തിലേക്ക് എത്താനുള്ള സാങ്കേതിക തടസ്സം. ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവില്‍ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനായി യുവതിയെ സുകാന്ത് ആശുപത്രിയിലെത്തിച്ചത് വ്യാജരേഖരള്‍ ചമച്ചാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. ഇതിനായി തയാറാക്കിയ ക്ഷണക്കത്ത് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന്റെ തെളിവുകള്‍ യുവതിയുടെ കുടുംബം പൊലീസിന് കൈമാറിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗര്‍ഭഛിദ്രം നടന്നതായി സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരെ കേസെടുത്തത്. ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തില്‍ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസടുത്തത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സുകാന്തിന്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നതിനുള്ള തെളിവുകള്‍ ഉദ്യോഗസ്ഥയുടെ പിതാവ് ഹാജരാക്കിയിരുന്നു. ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്നതായും പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് ഐബി ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്‌ടോപും പൊലീസിന് നേരത്തെ കൈമാറിയിരുന്നു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിനുപിന്നാലെയാണ് ബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പുണെ- കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ തട്ടിയായിരുന്നു മരണം. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തില്‍നിന്നു മടങ്ങിയതായിരുന്നു. വിഷയത്തില്‍ ഐബി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത് കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനാണ്.