ബലാത്സംഗക്കേസിലടക്കം പ്രതിയായ ഇന്ത്യയില്‍ നിന്ന് മുങ്ങിയ സ്വാമി നിത്യാനന്ദ മഹാകുംഭമേള പരിസരത്തും സജീവ സാന്നിധ്യം; കൈലാസ രാഷ്ട്രത്തിലേക്ക് ആളെക്കൂട്ടാനായി പ്രയാഗ്രാജില്‍ ഭക്തരുടെ ആശ്രമം; ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും കൊടുക്കുന്നവര്‍ക്ക് പുതിയ സനാതന രാജ്യത്ത് പൗരത്വം!

സ്വാമി നിത്യാനന്ദ മഹാകുംഭമേള പരിസരത്തും സജീവ സാന്നിധ്യം

Update: 2025-03-01 15:42 GMT

സ്വാമി നിത്യാനന്ദ എന്ന പേരില്‍ അറിയപ്പെട്ടുന്ന, നിത്യാനന്ദ പരമശിവം എന്ന തമിഴ്നാട്ടുകാരനായ ആള്‍ദൈവത്തെ ഇന്ത്യയിലെ സാധാരണക്കാര്‍ മറന്നുപോവുമെങ്കിലും, പൊലീസിന് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. കാരണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ടതിനു പിന്നാലെ ഇന്ത്യ വിട്ട നിത്യാനന്ദ ഇപ്പോള്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പ്രതിയാണ്. 2019- ല്‍ ഇന്ത്യ വിട്ട ഇദ്ദേഹത്തെ ഇനിയും കണ്ടെത്താന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. പക്ഷേ തന്റെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ 'കൈലാസ'ത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോവുകയാണ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ സമാപിച്ച, മഹാകുംഭമേളയുടെ പരിസരത്തും സജീവ സാനിധ്യമായിരുന്നു സെക്സ് സ്വാമി എന്ന പേരില്‍ വിവാദനായകനായ നിത്യാനന്ദ. പ്രയാഗ്രാജ് ത്രിവേണി സംഗമത്തിലേക്കുപോകുന്ന റോഡായ, ബക്സി ബന്ത് റോഡില്‍ നിത്യാനന്ദയുടെ കൈലാസ രാജ്യത്തിന്റെ പ്രചാരണാര്‍ത്ഥം ഒരു ആശ്രമം തന്നെയാണ് ഭക്തര്‍ കുംഭമേളക്കാലത്ത് പണിതത്. ഇവിടെ എല്ലാ ദിവസവും സൗജന്യ അന്നദാനവും ഭജനകളും നടന്നു.

പ്രയാഗ്രാജ് കുംഭമേള കാണാനെത്തിയ ഈ ലേഖകനും സംഘവും, ഈ താല്‍ക്കാലിക ആശ്രമം സന്ദര്‍ശിച്ചു. പുറത്ത് സ്വാമി നിത്യാനന്ദയുടെ വലിയ ചിത്രവും, അകത്ത് വലിയ പ്രതിമയും വെച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 25-ഓളം ഭക്തര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. റോഡിലുടെ പോവുന്നവരെ അകത്തേക്ക് വിളിച്ച് കയറ്റി ഭക്ഷണം നല്‍കുന്നതും, സ്വാമിയുടെ മഹത്വം പറഞ്ഞുകൊടുക്കുന്നതുമൊക്കെ ഈ ഭക്തരാണ്.

നിതാനന്ദയുടെ കൈലാസ രാഷ്ട്രം വൈകാതെ സ്ഥാപിതമാവുമെന്നാണ് അവര്‍ പറയുന്നത്. ഇവിടെ വരുന്നവര്‍ക്ക് നിത്യാനന്ദയുടെ ലഘുലേഖയും അവര്‍ നല്‍കുന്നു. ഒപ്പം താല്‍പ്പര്യമുള്ളവരുടെ പേരും വിലാസവും, ഫോണ്‍ നമ്പറും, ഇ മെയില്‍ ഐഡിയും വാങ്ങിക്കുന്നുണ്ട്. പുതിയ ഹൈന്ദവ രാഷ്ട്രം സ്ഥാപിതമായാല്‍ വിവരം അറിയിക്കാമെന്നും, നിങ്ങള്‍ക്കൊക്കെ അവിടെ പൗരത്വം ലഭിക്കുമെന്നും ഈ ആശ്രമത്തിലെ വോളണ്ടിയേഴ്സ് പറയുന്നു.



കൈലാസ രാഷ്ട്രം ഉടന്‍

സ്വാമിക്കെതിരായ കേസുകള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും, സനാതന ധര്‍മ്മം പുലരുന്ന കൈലാസ രാഷ്ട്രം ഉടന്‍ നിലവില്‍വരുമെന്നുമാണ് നിത്യാനന്ദ വിശ്വാസികള്‍ പറയുന്നത്. മൂന്ന് വര്‍ഷംമുമ്പ് കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചയില്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു. 'ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം' എന്നാണ് യുഎന്‍ കമ്മിറ്റി ഓഫ് ഇക്കണോമിക്, സോഷ്യല്‍, കള്‍ച്ചറല്‍ റൈറ്റ്‌സില്‍ ഇവരുടെ പ്രതിനിധിയായി പങ്കെടുത്ത വിജയപ്രിയ നിത്യാനന്ദ കൈലാസത്തെ വിശേഷിപ്പിച്ചത്. ന്യൂനപക്ഷ സമുദായമായ ഹിന്ദു ആദി ശൈവ അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഹിന്ദുമതാചാരങ്ങള്‍ പിന്തുടരുന്നവര്‍ക്കും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കും ഒരു അഭയസ്ഥാനമാണ് തങ്ങളെന്ന് 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുടെ വെബ്സൈറ്റില്‍ പറയുന്നു.



ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപിലാണ് നിത്യാനന്ദ ഈ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈലാസയുടെ കൃത്യമായ സ്ഥാനം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രയാഗ്രാജിലെ ആശ്രമത്തിലുള്ളവര്‍ക്കും അത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിവില്ല.

അവിടെ നിന്ന് തന്ന ലഘുലേഖയില്‍ പറയുന്ന വിവരങ്ങള്‍ അനുസരിച്ച്, 100 ദശലക്ഷം ആദി ശൈവ ഹിന്ദുക്കളും 2 ബില്യണ്‍ ഹിന്ദുക്കളും ഈ രാജ്യത്തിലെ അംഗങ്ങളാണ്. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് എന്നിവയാണ് ഈ രാജ്യത്ത് സംസാരിക്കുന്ന ഭാഷകള്‍. സനാതന ഹിന്ദു ധര്‍മമാണ് ഇവര്‍ പിന്തുടരുന്നത്.

വര്‍ഷങ്ങളുടെ അടിച്ചമര്‍ത്തലിനും കീഴടക്കലിനും ശേഷം ഒരു തനതായ ഹിന്ദു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പുനഃസ്ഥാപനത്തിനായി രാജ്യം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നും വേദ നാഗരികത, 10,000 വര്‍ഷത്തിലേറെയായി നിലനിന്നിരുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശവും കൊള്ളയും വംശഹത്യയും കൊളോണിയല്‍ അടിച്ചമര്‍ത്തലും മൂലം അത് ഇല്ലാതായെന്നും ഈ ലഘുലേഖയില്‍ പറയുന്നു. നിലവില്‍ ഈ ഭൂമിയില്‍ പ്രഖ്യാപിത ഹിന്ദു രാഷ്ട്രം ഇല്ലെന്നും അത്തരത്തിലൊന്നാകാനാണ് കൈലാസ ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു.

താമരയാണ് കൈലാസ രാജ്യത്തിന്റെ ദേശീയ പുഷ്പം. ദേശീയ പുഷ്പവും ഋഷഭ ധ്വജവും ചേര്‍ന്നതാണ് രാജ്യത്തിന്റെ പതാക. ശരബമാണ് ഇവിടുത്തെ ദേശീയ പക്ഷി. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യ രൂപീകരണത്തിന് ഇനിയും കടമ്പകള്‍ ഏറെയുണ്ട്. യുണൈറ്റ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന രാജ്യത്തെ ഐക്യരാഷ്ട്രസഭയോ മറ്റേതെങ്കിലും രാജ്യമോ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്രയും കേസുകള്‍ ഉള്ള, ഇന്ത്യയിലേക്ക് വരാന്‍ പോലും കഴിയാത്ത നിത്യനന്ദക്ക് എങ്ങനെയാണ് ഒരു രാഷ്ട്രം തുടങ്ങാന്‍ കഴിയുക എന്നതൊക്കെ ചോദ്യമായി അവശേഷിക്കുന്നു.

ഇപ്പോഴും പിടികിട്ടാപ്പുള്ളി

അതേസമയം ഇപ്പോഴും അരഡസന്‍ കേസിലെങ്കിലും പിടികിട്ടാപ്പുള്ളിയാണ് സ്വാമി നിത്യാനന്ദയെന്നാണ് മറ്റൊരു വിഷയം. അതില്‍ ഏറെയും സ്ത്രീപീഡനക്കേസുകളും തട്ടിക്കൊണ്ടുപോവലുമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസും വേറെയുണ്ട്. 2010-ല്‍ ടി രഞ്ജിതയുമായുള്ള കാമകേളികളുടെ വീഡിയോ പുറത്തായതിലുടെയാണ് നിത്യാനന്ദ കുപ്രസിദ്ധനായത്. അതിനുശേഷം, നിത്യാനന്ദയുടെ ഡ്രൈവര്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് നിത്യാനന്ദ അറസ്റ്റിലുമായി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.




നിത്യാനന്ദയുടെ ശിഷ്യയായ ഒരു അമേരിക്കന്‍ പൗര, യുഎസിലും ഇന്ത്യയിലും വെച്ച് സ്വാമി തന്നെ അവര്‍ത്തിച്ച് തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് പരാതി നല്‍കി. കര്‍ണാടക പോലീസിലും അവര്‍ പരാതി നല്‍കി. കേസില്‍ 2018 ഫെബ്രുവരി 19-ന്, രാമനഗരയിലെ മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി നിത്യാനന്ദയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു.

2018 മെയ് 16-ന് കര്‍ണാടക ഹൈക്കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജികള്‍ തള്ളി. ഇതിനിടെയാണ്, 2019-ല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിത്.അവരുടെ നാല് കുട്ടികളില്‍ മൂന്ന് പേരെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിലേക്ക് അവരുടെ അറിവില്ലാതെ കൊണ്ടുപോയി എന്നായിരുന്നു പരാതി. ഇതില്‍ അറസ്റ്റ് വാറണ്ട് വന്നതോടെയാണ് സ്വാമി മുങ്ങിയത്. അതിനുശേഷം പിന്നെ അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടില്ല. പക്ഷേ വീഡിയോകളും പ്രഭാഷണങ്ങളുമായി സൈബര്‍ സ്പേസില്‍ സ്വാമി സജീവമാണ്.

അമേരിക്കക്കാരെയും പറ്റിച്ചു

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് തനിക്ക് ഔപചാരികമായ ക്ഷണമുണ്ടെന്ന് അവകാശപ്പെട്ട് നിത്യാനന്ദ ഈയിടെ വീണ്ടും വിവാദത്തിലായിരുന്നു. തന്റെ രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. പക്ഷേ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

നിത്യാനന്ദ കൈലാസ രാജ്യത്തിന്റെ മറവില്‍ അമേരിക്കക്കാരെപോലും പറ്റിച്ച കഥയാണ്, 2023-ല്‍ 'ഫോക്‌സ് ന്യൂസ്' പുറത്തുവിട്ടത്. 'കൈലാസ'യുമായി 30ഓളം യു.എസ് നഗരങ്ങള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് വിവരം. ഫ്‌ളോറിഡ മുതല്‍ റിച്ച്‌മോണ്ട്, വിര്‍ജീനിയ, ഒഹിയോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളില്‍ നിന്ന് നിത്യാനന്ദ കരാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കള്ളിവെളിച്ചത്തായതോടെ, ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് കെലാസയുമായുള്ള 'സഹോദര നഗര' കരാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കല്‍പികരാജ്യവുമായി കരാര്‍ബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. 2022 ജനുവരിയില്‍ ്നെവാര്‍ക്കിലെ സിറ്റി ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറില്‍ ഒപ്പുവച്ചിരുന്നത്.

കരാറില്‍ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങള്‍ അറിയുന്നതെന്ന് നെവാര്‍ക്ക് വാര്‍ത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസന്‍ ഗരോഫാലോ പ്രതികരിച്ചു. ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാര്‍ അസാധുവാണ്. എന്നാല്‍, തുടര്‍ന്നും വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേര്‍ത്തു.ഈ രീതിയില്‍ മറ്റുള്ളവരും കരാറില്‍ നിന്ന് പിന്‍മാറി. പക്ഷേ എന്നിട്ടും പുതിയ പുതിയ ആളുകളെ ചേര്‍ത്ത് നിത്യാനന്ദ തന്റെ ഇല്ലാരാജ്യം വികസിപ്പിക്കയാണ്.

Tags:    

Similar News