പ്രസവത്തിനായി യോനിഭാഗത്ത് മുറിവിട്ടപ്പോള്‍ മലാശയവും മുറിഞ്ഞു; ജനനേന്ദ്രിയത്തിലൂടെ മലവിസര്‍ജ്ജനം; കൈക്കൂലി വാങ്ങി പിഴവ് വരുത്തി; വേദന കൊണ്ട് കരഞ്ഞപ്പോള്‍ അഹങ്കാരിയെന്നു വിളിച്ചു; കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ഒന്ന് എടുക്കാന്‍ പോലും കഴിയാതെ 23കാരി; ഡോ. ബിന്ദു സുന്ദറിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍

Update: 2026-02-22 08:18 GMT

തിരുവനന്തപുരം: പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി ചികില്‍സാ പിഴവിന്റെ ദുരിതം അനുഭവിക്കുന്ന മറ്റൊരു യുവതി രംഗത്ത്. നെടുമങ്ങാട് സ്വദേശിനിയായ ഹസ്ന ഫാത്തിമയാണ് (23) പ്രസവസമയത്ത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ചികില്‍സാ പിഴവും ക്രൂരമായ പെരുമാറ്റവും വെളിപ്പെടുത്തിയത്. ഡോക്ടറുടെ കൈപ്പിഴ കാരണം അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ഹസ്ന, ഇപ്പോള്‍ ശരീരത്തിന് പുറത്ത് ഘടിപ്പിച്ച ബാഗിലൂടെയാണ് മലവിസര്‍ജ്ജനം നടത്തുന്നത്.

ഡോ.ബിന്ദു സിസേറിയന്‍ നടത്തിയപ്പോഴാണ് തനിക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നു നെടുമങ്ങാട് സ്വദേശി ഹസ്‌ന ഫാത്തിമ പറയുന്നു. ജനനേന്ദ്രിയത്തില്‍ മുറിവുണ്ടാക്കിയപ്പോള്‍ മലാശയം കൂടി മുറിഞ്ഞു. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദന മാറാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തി. വേദനകൊണ്ട് കരഞ്ഞപ്പോള്‍ ഡോ.ബിന്ദു അഹങ്കാരി എന്നു വിളിച്ചു. 2,000 രൂപ കൈക്കൂലി കൊടുത്തപ്പോഴാണ് മുറിവില്‍ മരുന്നു വച്ചത്. മലാശയം മുറിഞ്ഞതിനെ തുടര്‍ന്ന് 5 ശസ്ത്രക്രിയ നടത്തേണ്ടിവന്നു.

2025 ജൂണ്‍ 19നായിരുന്നു പ്രസവം. മലാശയം 2.7 സെന്റീമീറ്റര്‍ മുറിഞ്ഞു. യാത്ര ചെയ്തതിനാലാണ് മുറിവുണ്ടായതെന്നാണ് ഡോ. ബിന്ദു പറഞ്ഞത്. ഒടുവില്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു വിട്ടു. അവിടെ മാത്രം 6 ലക്ഷം ചെലവായി. ചികിത്സയ്ക്കായി ഭര്‍ത്താവിന്റെ ഓട്ടോ വിറ്റു, ലോണെടുത്തു. ശരീരത്തിനു പുറത്തുപിടിപ്പിച്ച ബാഗിലൂടെയാണ് ഇപ്പോള്‍ മലവിസര്‍ജനം. ഹസ്‌നയുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല. അതിനിടെയാണ്, പ്രസവത്തിനിടെ വിതുര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസില്‍ ഡോ. ബിന്ദു സസ്‌പെന്‍ഷനിലായത്.

ചികില്‍സാ പിഴവും ദുരിതപര്‍വ്വവും

നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2025 ജൂണ്‍ 19-നാണ് ഹസ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ സന്തോഷിക്കേണ്ട ആ ദിവസം ഹസ്നയുടെ ജീവിതം മാറ്റിമറിച്ചു. സാധാരണ പ്രസവത്തിനായി ജനനേന്ദ്രിയ ഭാഗത്ത് മുറിവുണ്ടാക്കിയപ്പോള്‍ ഡോക്ടറുടെ കൈപ്പിഴ മൂലം മലാശയം കൂടി മുറിഞ്ഞു (ഏകദേശം 2.7 സെന്റിമീറ്റര്‍). ശസ്ത്രക്രിയയ്ക്ക് ശേഷം ജനനേന്ദ്രിയത്തിലൂടെ മലം പുറത്തേക്ക് വരുന്ന അതീവ ഗുരുതരമായ അവസ്ഥയിലായി യുവതി. എന്നാല്‍ യാത്ര ചെയ്തതുകൊണ്ടാണ് മുറിവുണ്ടായതെന്നായിരുന്നു ഡോക്ടറുടെ വിചിത്രമായ വാദം. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതുവരെ അഞ്ച് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. നിലവില്‍ 'സ്റ്റോമ ബാഗ്' വയറിന് പുറത്ത് ഘടിപ്പിച്ചാണ് ജീവിതം തള്ളിനീക്കുന്നത്.

നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹസ്‌ന ഫാത്തിമയ്ക്ക് ഒരു കുഞ്ഞിനെ കിട്ടിയത്. കുഞ്ഞിനൊപ്പം സന്തോഷകരമായ ജീവിതം സ്വപ്നം കണ്ട ഹസ്‌നയ്ക്ക് പക്ഷേ കുട്ടി ജനിച്ച ദിവസം മുതല്‍ ജീവിതം മാറി മറിഞ്ഞു. 2025 ജൂണ്‍ 19 നാണ് നെടുമങ്ങാട് ആശുപത്രിയില്‍ ഡോ. ബിന്ദു സുന്ദര്‍ ഹസ്‌നയുടെ പ്രസവമെടുത്തത്. യോനിഭാഗത്ത് മുറിയുണ്ടാക്കിയപ്പോള്‍ അശ്രദ്ധയാല്‍ മലാശയം കൂടി മുറിയുകയായിരുന്നു. യോനി ഭാഗത്തു കൂടി മലം പുറത്തുവന്നാലുള്ള അവസ്ഥ. അണുബാധയയേറ്റ് പുളഞ്ഞ യുവതിയോട് ഡോ. ബിന്ദുവിന്റെ മറുപടിയായിരുന്നു ഏറ്റവും ക്രൂരം. കരഞ്ഞപ്പോള്‍ അഹങ്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. ഒടുവില്‍ മികച്ച പരിചരണത്തിന് സര്‍ക്കാര്‍ ഡോക്ടര്‍ പണമെണ്ണി വാങ്ങി. നില വഷളായപ്പോള്‍ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്ത് കൈകഴുകി.

2,000 രൂപ കൈക്കൂലി വാങ്ങി

ശാരീരിക വേദനയേക്കാള്‍ ഡോക്ടറുടെ പെരുമാറ്റം തന്നെ തളര്‍ത്തിയെന്ന് ഹസ്ന പറയുന്നു. 'വേദന കൊണ്ട് കരഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ അഹങ്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. മുറിവില്‍ മരുന്ന് വെക്കാന്‍ പോലും തയ്യാറായില്ല. ഒടുവില്‍ 2,000 രൂപ കൈക്കൂലി നല്‍കിയപ്പോഴാണ് ചികിത്സിക്കാന്‍ അവര്‍ തയ്യാറായത്.' - ഹസ്ന വെളിപ്പെടുത്തി.

ചികിത്സയ്ക്കായി മാത്രം ഇതുവരെ 6 ലക്ഷത്തിലധികം രൂപയാണ് ഈ കുടുംബത്തിന് ചെലവായത്. ഹസ്നയുടെ ഭര്‍ത്താവിന് ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ വില്‍ക്കേണ്ടി വന്നു. ചികിത്സയ്ക്കായി വന്‍തുക ലോണെടുത്തു. ശാരീരിക അവശതകള്‍ കാരണം സ്വന്തം കുഞ്ഞിനെ ഒന്ന് എടുക്കാന്‍ പോലും ഹസ്നയ്ക്ക് കഴിയുന്നില്ല. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും യുവതി പറയുന്നു.

ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍

ജനനേന്ദ്രിയത്തില്‍ കൂടി വിസര്‍ജ്യം പുറത്തുവരുന്നതു തുടര്‍ന്നു. കുഞ്ഞിനു പാല്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. സിസേറിയന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി 3 ദിവസം കഴിഞ്ഞപ്പോഴാണു തുന്നല്‍ ഇട്ട ഭാഗത്തു കൂടിയാണ് വിസര്‍ജ്യം പോകുന്നതെന്നു തിരിച്ചറിയുന്നത്. മുറിവ് ഉണങ്ങുമ്പോള്‍ ശരിയാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, മുറിവ് ഉണങ്ങിയില്ല. പത്താം നാള്‍ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തിയപ്പോഴും സ്ഥിതി തുടര്‍ന്നു. ഒപ്പം കടുത്ത വേദനയും.

ഒരാഴ്ച കഴിഞ്ഞു ഡോക്ടറെ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ജൂലൈ 14ന് ഡോക്ടര്‍ തന്നെ ആംബുലന്‍സ് വിളിച്ച് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്നാണ് സ്റ്റോമ ബാഗ് ഘടിപ്പിച്ചത്. സിസേറിയന്‍ സമയത്തു ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാക്കിയ മുറിവു ഭേദമായാല്‍ അതുവഴി വിസര്‍ജ്യം പുറത്തു വരുന്നതു നിലയ്ക്കും. എന്നിട്ട് ബാഗ് മാറ്റുമ്പോള്‍ വിസര്‍ജ്യം സാധാരണരീതിയില്‍ പുറത്തുപോകേണ്ടതാണ്. അതിനായി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 22നു യുവതിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തി. എന്നാല്‍ അതു ഫലം ചെയ്തില്ല. തുടര്‍ന്ന് കുടലിന്റെ കൂടുതല്‍ ഭാഗം ശരീരത്തിന് പുറത്തു വയ്ക്കാനുള്ള ശസ്ത്രക്രിയ നവംബര്‍ 5ന് ചെയ്തു. 11നു വീട്ടില്‍ എത്തിയിട്ടും വേദന കുറഞ്ഞില്ല. ഡിസംബര്‍ 6നു വീണ്ടും അഡ്മിറ്റ് ആയി. 23 വരെ ആശുപത്രിയില്‍ തുടര്‍ന്നെങ്കിലും പരിഹാരമായില്ല.

ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നും അതിനു 3 മാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വയറിന്റെ ഇടതു ഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാന്‍ തുടങ്ങി. അസഹ്യമായ വേദന കാരണം യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി. ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് യുവതിയുടെ കുടുംബം.

അധികൃതരുടെ മൗനം

ഹസ്ന നേരത്തെ തന്നെ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വിതുര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിനെതിരെ അന്വേഷണം വരികയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വലയുകയാണ് ഹസ്നയും കുടുംബവും.

Tags:    

Similar News