ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ചട്ടം നടന്നില്ല; വണ്ടാനത്തെ കത്രിക കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിച്ചോ? എഫ് ഐ ആറിലെ വലിയ തെറ്റുകള്‍ ടൈപ്പിങ് പിഴവെന്ന് പറഞ്ഞ് തടിതപ്പാന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍ തെറ്റ് തിരുത്തി ഡോ. ഷാഹിദയെ പ്രതിയാക്കുന്നു

Update: 2026-02-22 03:58 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോഴ്‌സ്പ്സ്) മറന്നുവെച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ തിരുത്തുന്നു. വിവാദമായ പ്രഥമവിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്‍) സാങ്കേതിക പിഴവുകള്‍ ടൈപ്പിംഗിലുണ്ടായ അശ്രദ്ധയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെ. ഷാഹിദയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശസ്ത്രക്രിയ നടന്ന തീയതിയിലും സമയത്തിലും വലിയ ക്രമക്കേടുകള്‍ കടന്നുകൂടിയിരുന്നു. 2021-ല്‍ നടന്ന ശസ്ത്രക്രിയ 2026-ല്‍ നടക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നു എഫ്.ഐ.ആറിലെ പരാമര്‍ശം. ഇത് കേസിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് പോലീസിന്റെ തിരുത്തല്‍ നടപടി. ഗുരുതരമായ ഈ അശ്രദ്ധയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തല്‍ക്കാലം കടുത്ത നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. ഇവര്‍ക്ക് താക്കീത് നല്‍കി തടിതപ്പാനാണ് നീക്കം.

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടന്ന യൂണിറ്റിന്റെ മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രമാണ് ആദ്യം പ്രതിയാക്കിയിരുന്നത്. എന്നാല്‍ ഇവര്‍ നേരിട്ട് ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കിയതോടെ പോലീസ് പ്രതിരോധത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ഷാഹിദയെയും സംഘത്തെയും ഒഴിവാക്കി വിരമിച്ച ഡോക്ടറെ മാത്രം പ്രതിയാക്കിയത് നിയമപരമായി തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ ഡോ. ഷാഹിദയെ പ്രതിചേര്‍ക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാ രേഖകള്‍ പോലീസ് ശേഖരിച്ചു. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ഡി.എം.ഒയ്ക്ക് അപേക്ഷ നല്‍കും. രോഗിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത ഏഴ് സെന്റിമീറ്റര്‍ നീളമുള്ള കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവാകും.

ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ ചട്ടം നിലവിലിരിക്കെ, ഓപ്പറേഷന്‍ തിയേറ്ററിലെ കൗണ്ടിംഗില്‍ വീഴ്ച വരുത്തിയ നഴ്‌സുമാരെയും മറ്റു സഹായികളെയും വരുംദിവസങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തവര്‍ക്കെതിരെ പോലീസ് നടപടി വൈകുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോഴ്‌സ്പ്‌സ്) മറന്നുവെച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) കേസിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും അന്വേഷണത്തില്‍ ശസ്ത്രക്രിയ നടത്തിയത് ആരൊക്കെയെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടും, എഫ്.ഐ.ആറില്‍ ഒരു ഡോക്ടറുടെ പേര് മാത്രം ഉള്‍പ്പെടുത്തിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം (FIR No: 0229/2026), വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം, മറ്റൊരാളുടെ ജീവനോ വ്യക്തിസുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന തരത്തില്‍ ഉദാസീനമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും തന്നെ വ്യക്തമാക്കുന്നു. ഡോ. ലളിതാംബികയുടെ യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും അവര്‍ നേരിട്ട് അതില്‍ പങ്കെടുത്തിരുന്നില്ല എന്ന വസ്തുത നിലനില്‍ക്കെ, അവരെ മാത്രം പ്രതിയാക്കുന്നത് നിയമപരമായി കേസിനെ ദുര്‍ബ്ബലപ്പെടുത്തും എന്നും വാദമെത്തി. ഇതടെയാണ് തെറ്റ് തിരുത്താന്‍ തയ്യാറാകുന്നത്.

എഫ്.ഐ.ആറിലെ വൈരുദ്ധ്യങ്ങളും അലംഭാവവും എടുത്തുപറയേണ്ടതാണ്:

പ്രതിപ്പട്ടികയിലെ വിവേചനം: പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും തന്നെ നിലവില്‍ പോലീസിന്റെ പ്രതിപ്പട്ടികയിലില്ല.

സമയക്രമത്തിലെ പാകപ്പിഴകള്‍: ഫെബ്രുവരി 20-ന് രാത്രി 8:56-നാണ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ് കുമാര്‍ എം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശസ്ത്രക്രിയ നടത്തിയ യഥാര്‍ത്ഥ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും 'കണ്ടാലറിയാവുന്ന മറ്റുള്ളവര്‍' എന്ന പരാമര്‍ശം പോലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തീയതിയിലെ വൈരുദ്ധ്യം: ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുമ്പോള്‍ , എഫ്.ഐ.ആറിലെ വിവരണത്തില്‍ 05/05/2026 എന്ന് രേഖപ്പെടുത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശസ്ത്രക്രിയ എന്നത് ഒരു സംഘം ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് നടത്തുന്ന പ്രക്രിയയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശന പ്രോട്ടോക്കോള്‍ നിലവിലിരിക്കെ, ഓപ്പറേഷന്‍ തിയേറ്ററിലെ കൗണ്ടിംഗ് നടപടികളില്‍ വീഴ്ച വരുത്തിയ നഴ്‌സുമാരെയോ മറ്റ് സഹായികളെയോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ഇപ്പോള്‍ പ്രതിയാക്കപ്പെട്ട ഡോ. ലളിതാംബിക സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ, വിരമിച്ച ഉദ്യോഗസ്ഥയുടെ പേരില്‍ കേസ് ഒതുക്കുന്നത് വിചാരണ വേളയില്‍ പ്രതിഭാഗത്തിന് വലിയ സഹായമാകും. ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്നും, നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് എല്ലാവരും രക്ഷപ്പെടുമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തല്‍.

Tags:    

Similar News