തിരുപ്പൂരിലെ തുണിമില്ലുകളില്‍ ഒളിച്ചിട്ടും പാക് ചാരസംഘടനയുടെ ചാവേറുകളെ തേടിയെത്തി ഡല്‍ഹി പൊലീസ്; 'ഫ്രീ കശ്മീര്‍' പോസ്റ്ററില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ലഷ്‌കര്‍ നെറ്റ്‌വര്‍ക്കില്‍; തമിഴ്നാട്ടിലും ബംഗാളിലും മിന്നല്‍ പരിശോധന, എട്ടു ഭീകരര്‍ പിടിയില്‍; ലക്ഷ്യമിട്ടത് ചെങ്കോട്ടയും പ്രമുഖ നഗരങ്ങളും ക്ഷേത്രങ്ങളും; ഇസ്ലാമാബാദ് സ്‌ഫോടനത്തിന് ഇന്ത്യയോട് പകരം ചോദിക്കാന്‍ എത്തിയ സംഘത്തെ കുടുക്കിയത് വമ്പന്‍ ഓപ്പറേഷനിലൂടെ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട ഭീകരസംഘടനയുമായി ബന്ധമുള്ള എട്ടുപേരെ ഡല്‍ഹി പോലീസ് പിടികൂടി. ആറ് പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നുമാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ (ISI), ലഷ്‌കര്‍-ഇ-തൊയ്ബ, ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ എന്നിവയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
തിരുപ്പൂരിലെ വസ്ത്രനിര്‍മ്മാണ യൂണിറ്റുകളില്‍ (തുണിമില്ലുകള്‍) ജോലി ചെയ്തിരുന്ന ആറുപേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരാണ് തമിഴ്നാട്ടില്‍ പിടിയിലായത്. പ്രതികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ഉടന്‍ തന്നെ ഡല്‍ഹി പോലീസിന് കൈമാറും.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ 'ഫ്രീ കശ്മീര്‍' എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശ ഹാന്‍ഡിലര്‍മാരുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുക്കുകയായിരുന്നു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഇന്ത്യയില്‍ തങ്ങുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
ലക്ഷ്യമിട്ടത് പ്രമുഖ കേന്ദ്രങ്ങള്‍
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്‌ഫോടനം നടത്താന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് വിവരം പുറത്ത് വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്നാണ് സൂചന. ഇസ്ലാമാബാദിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും, ഇതിന് മറുപടിയായി ഇന്ത്യയില്‍ ആക്രമണം നടത്താനാണ് ലഷ്‌കര്‍ ഗ്രൂപ്പുകള്‍ ലക്ഷ്യമിട്ടതെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഭീകരാക്രമണ ഭീഷണിയുടെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ വലിയൊരു ഭീകരശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആരാധനാലയങ്ങള്‍ക്ക് നേരെയും ചരിത്ര സ്മാരകങ്ങള്‍ക്ക് നേരെയും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ലഷ്‌കര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടുന്നതിലേക്കെത്തിയ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും 'ഫ്രീ കശ്മീര്‍' എന്ന പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തുടങ്ങിയ അന്വേഷണമാണ് എട്ട് പേരുടെ അറസ്റ്റില്‍ എത്തിയിരിക്കുന്നത്.
