അന്‍വറിസത്തിനെതിരെ 'മരുമോനിസം' ജയിക്കണം; ധര്‍മ്മടത്ത് മത്സരിക്കാതെ ബേപ്പൂരില്‍ സജീവമായി റിയാസിനെ ജയിപ്പിച്ചെടുക്കാന്‍ പിണറായി; ധര്‍മ്മടത്ത് ഷാഫി പേടിയില്‍ പിന്‍മാറിയെന്ന പേരു ദോഷവും പാടില്ല; പിണറായി ആശയക്കുഴപ്പത്തില്‍; ക്യാപ്ടന്‍ താന്‍ തന്നെ എന്നും പിണറായി; മുഖ്യമന്ത്രി മത്സരിക്കുമോ?

Update: 2026-01-27 02:20 GMT

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പോരാട്ടത്തില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. പത്തനംതിട്ടയില്‍ നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ താനുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നു പറയുമ്പോഴും താന്‍ വീണ്ടും ജനവിധി തേടുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ സൂചന നല്‍കിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും തുടര്‍ഭരണം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിവരുന്ന ഭവന സന്ദര്‍ശന പരിപാടികള്‍ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം. ഈ സാഹചര്യത്തില്‍ പിണറായി മത്സരിക്കില്ലെന്നും സൂചനയുണ്ട്.

ബേപ്പൂരില്‍ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മത്സരിക്കും. ഇവിടെ പിവി അന്‍വറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ ബേപ്പൂരില്‍ പിണറായി കൂടുതല്‍ കേന്ദ്രീകരിക്കും. അതുകൊണ്ട് തന്നെ മത്സരിക്കില്ലെന്നും സൂചനയുണ്ട്. അപ്പോഴും തുടര്‍ഭരണം കിട്ടിയാല്‍ പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്. ഷാഫിയെ പേടിച്ച് ധര്‍മ്മടത്ത് നി്ന്നും മാറിയെന്ന പേരു ദോഷവും പിണറായി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഏതായാലും സിപിഎമ്മിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാം തെളിയും.

ടീമിന്റെ നായകനായി മുഖ്യമന്ത്രി തന്നെ തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അപ്പോള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് നേതൃത്വം. ഫെബ്രുവരി ആദ്യവാരത്തോടെ സീറ്റ് നിര്‍ണ്ണയത്തിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ ജനപിന്തുണ ഉറപ്പാക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നീക്കം. പത്തനംതിട്ടയിലെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സമിതി ഗൗരവമായി ചര്‍ച്ച ചെയ്യും.

Similar News