ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര നിലവാരം ഉറപ്പുവരുത്തുന്ന വിധം ഉച്ചഭക്ഷണം നല്‍കണമെന്ന് നിയമം; ആഴ്ചയില്‍ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നിര്‍ബന്ധം; ഒന്നും കൊടുക്കാതെ പണം തട്ടുന്ന പ്രഥമ അധ്യാപികമാരും കേരളത്തിലുണ്ട്! കോളിഫളവര്‍ കള്ളനെ തേടുന്നവര്‍ ഈ വെട്ടിപ്പിന് നല്‍കിയത് ചെറിയ ശിക്ഷ; തിരുവല്ലയില്‍ സംഭവിച്ചത്

Update: 2025-02-04 06:47 GMT

പത്തനംതിട്ട: തിരുവനന്തപുരത്ത് ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ പാടുപെട്ടുണ്ടാക്കിയ കോളിഫ്‌ളവര്‍ ആരോ കൊണ്ടു പോയി. കള്ളനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പും പോലീസും. ഇതിനിടെയാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ അധ്യാപിക കൈയ്യിട്ടു വാരിയെന്ന അന്വേഷണ റിപ്പോര്‍ട്ടും എത്തുന്നത്. തിരുവല്ലയിലെ തിരുമൂലവിലാസം യുപിഎസിനെ തട്ടിപ്പ് ഞെട്ടിക്കുന്നതാണ്. ഈ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തട്ടിപ്പ് പുറംലോകത്ത് പരാതിയായി എത്തിച്ചത്. ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകളിലെ നടപടികള്‍ സ്ഥലം മാറ്റത്തില്‍ ഒതുങ്ങുകയാണ്.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ തട്ടിപ്പ് നടത്തുന്നതായി പ്രഥമാദ്ധ്യാപികക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്‍ ആയ സി.എം പോര്‍ട്ടലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ മോശമായ രീതിയിലാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതായി കണ്ടെത്താനായി. കൂടാതെ ഭക്ഷണം കുട്ടികള്‍ക്ക് മതിയായ അളവില്‍ നല്‍കുന്നതിന് പര്യാപ്തമായിരുന്നില്ലെന്നും കണ്ടെത്താനായതായി നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളില്‍ 517 കുട്ടികളാണ് ഉണ്ടായിരുന്നത്. അതില്‍ 509 കുട്ടികളെയാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ രേഖകളില്‍ കുട്ടികളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തി മൂന്ന് വര്‍ഷങ്ങളായി പണം തട്ടുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ഒക്ടോബര്‍ 24നാണ് നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നത്. സ്‌കൂള്‍ പ്രഥമാദ്ധ്യാപികയും നൂണ്‍മീല്‍ ചാര്‍ജുള്ള അധ്യാപികയുടെയും സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം. 12.30 ഉച്ചഭക്ഷണവിതരണം ആരംഭിച്ചു. അന്നേ ദിവസത്തെ മെനു ചോറ്, കൂട്ടുകറി, തോരന്‍ എന്നിവയാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ചോറ്, കടലക്കറി, ബീറ്റ്‌റൂട്ട്, തോരന്‍ എന്നിവയാണ് നല്‍കിയതെന്ന് റിപ്പോട്ടില്‍ പറയുന്നു. ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനായി എല്‍.പി.വിഭാഗത്തില്‍ നിന്ന് 73, യു.പി വിഭാഗത്തില്‍ 67 കുട്ടികളടക്കം 140 കുട്ടികള്‍ ഉണ്ടായിരുന്നത്. കടലക്കറി മോശമായ രീതിയിലാണ് കുട്ടികള്‍ക്ക് ചോറിനൊപ്പം നല്‍കിയതെന്നും കടലക്കറിയില്‍ അധികമായി വെള്ളം ചേര്‍ക്കുകയും ചെയ്തിരുന്നതായും കണ്ടെത്തി. കൂടാതെ ബീറ്റ്‌റൂട്ട് തോരന്‍ കുട്ടികള്‍ക്ക് മതിയായ അളവില്‍ നല്‍കുന്നതിന് പര്യാപ്തമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രഥമാദ്ധ്യാപികയുടെ സാന്നിദ്ധ്യത്തില്‍ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ പരിശോധിക്കുകയായിരുന്നു. ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന തുകയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഉച്ചഭക്ഷണ കമ്മിറ്റിയില്‍ അവതരിപ്പിച്ച് മിനിട്ട്‌സ്ബുക്കില്‍ രേഖപ്പെടുത്തുന്നതിന് പ്രഥമാദ്ധ്യാപികയ്ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ 2024 ഒക്ടോബര്‍ മാസം 10, 16 എന്നീ ദിവസങ്ങളില്‍ നൂണ്‍മീല്‍ ഓഫീസര്‍ നടത്തിയപരിശോധനയില്‍ 291 കുട്ടികള്‍ക്ക് ഉച്ചഭക്ഷണവിതരണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടികള്‍ക്ക് അര്‍ഹമായ മുട്ടവിതരണം നടത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

തുടര്‍ന്ന് പരിശോധിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ മാസം 30 ന് നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ വീണ്ടും സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഈ ദിവസത്തെ മെനു ചോറ്, മുട്ട, കൂട്ടുകറി, മോരുകറി എന്നിവയാണ്. സന്ദര്‍ശന ദിവസം സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, എംപിടിഎ പ്രസിഡന്റ് സാന്നിത്യത്തിലായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിഎ പ്രസിഡന്റ് അന്വേഷിച്ചപ്പോള്‍ 2024 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തുറന്നതിനുശേഷം സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഒരു ദിവസം കുട്ടികള്‍ക്ക് മുട്ട വിതരണം നടത്തുകയും എന്നാല്‍ നാളിതുവരെ പാല്‍ വിതരണം നടത്തിയിട്ടില്ലെന്നുമായിരുന്നു മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ എംപിടിഎ പ്രസിഡന്റ് രേഖാമൂലം കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളില്‍ നാളിതുവരെ ഉച്ചഭക്ഷണ കമ്മിറ്റി കൂടിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്താനായി. സ്‌കൂള്‍ തുറന്നതിനുശേഷം പാല്‍,മുട്ട എന്നിവ ലഭിച്ചിട്ടില്ലെന്ന് കുട്ടികളും പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീഡിംഗ് സ്‌ട്രെങ്ത് പെരുപ്പിച്ച് കാണിച്ചിട്ടുള്ളതും സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പാല്‍, മുട്ട എന്നിവ 2024 ജൂണ്‍ മുതല്‍ 2024 സെപ്തംബര്‍ 30 വരെ വിതരണം നടത്തിയിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഒരു ദിവസം മാത്രമാണ് മുട്ട നല്‍കിയിട്ടുള്ളത്.



ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 6 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര നിലവാരം ഉറപ്പുവരുത്തുന്ന വിധം ഉച്ചഭക്ഷണം നല്‍കേണ്ടതും ആഴ്ചയില്‍ 2 ദിവസം പാല്‍ ഒരു ദിവസം മുട്ട എന്നിവ കൃത്യമായും കുട്ടികള്‍ക്ക് നല്‍കേണ്ടതുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതിനും, വ്യാജരേഖ ചമച്ച് പണം അപഹരിച്ചതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അദ്ധ്യാപികയ്ക്കും കേരള വിദ്യാഭ്യാസ നിയമപ്രകാരം വകുപ്പുതല ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി പരാതികളാണ് സ്‌കൂള്‍ പ്രഥമാദ്ധ്യാപികയ്ക്കെതിരെ ഉയര്‍ന്ന് വരുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി പ്രഥമാദ്ധ്യാപികയും നൂണ്‍മീല്‍ ചാര്‍ജുള്ള അധ്യാപികയും ചേര്‍ന്ന് വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായും ആക്ഷേപമുണ്ട്. സ്‌കൂള്‍ യൂണിഫോമിനായി അമിത തുക ഈടാക്കുന്നതും സ്‌കൂള്‍ പി.ടി.യെ അംഗങ്ങളും മാതാപിതാക്കളും നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി പോകുന്ന കുട്ടികളില്‍ നിന്നും ഗുരുദക്ഷിണ എന്ന പേരില്‍ വലിയ തുകകള്‍ കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്. 2022 മുതല്‍ ഇവര്‍ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. വ്യാജ രേഖകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി കിട്ടാവുന്ന ശിക്ഷ നല്‍കണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.

Similar News