'സുന്ദര്‍ പിച്ചൈയേക്കാള്‍ അഞ്ചിരട്ടി ആസ്തിയോടെ ആഗോള ടെക് ലോകത്തെ വിസ്മയം; 'അയണ്‍ ലേഡി'യുടെ ഒറ്റപ്പരാമര്‍ശത്തില്‍ എഐ ചിപ്പുകളുടെ നിര്‍മ്മാണ ഭീമനായ എന്‍വിഡിയയുടൈ ഓഹരികള്‍ കൂപ്പുകുത്തി; അരിസ്റ്റ നെറ്റ്വര്‍ക്‌സ് സിഇഒ, ബിസിനസ്സിലെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ ഒരാള്‍; ആരാണ് ഇന്ത്യക്കാരിയായ ജയശ്രീ ഉള്ളാല്‍?

ആരാണ് ഇന്ത്യക്കാരിയായ ജയശ്രീ ഉള്ളാല്‍?

Update: 2026-02-14 12:13 GMT

ന്യൂയോര്‍ക്ക്: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദര്‍ പിച്ചൈയുടെയും സത്യ നദെല്ലയുടെയും ആസ്തിയേക്കാള്‍ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ഇന്ത്യന്‍ വനിത ഇന്ന് ലോകശ്രദ്ധ നേടുകയാണ്. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നയായ സെല്‍ഫ് മെയ്ഡ് ഇന്ത്യന്‍ വനിതാ സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 'അരിസ്റ്റ നെറ്റ്വര്‍ക്‌സ്' (Arista Networks) സിഇഒ ജയ്ശ്രീ ഉള്ളാല്‍ ആണ്. ജയശ്രീയുടെ ഒറ്റ പരാമര്‍ശം ആഗോള ടെക് ഭീമനായ എന്‍വിഡിയയുടെ ഓഹരികളില്‍ കനത്ത ഇടിവിന് കാരണമായതാണ് ഇപ്പോള്‍ ബിസിനസ് ലോകത്ത് വലിയെ വാര്‍ത്ത.

ഒറ്റ പരാമര്‍ശം; കോടികള്‍ തുലഞ്ഞു

നിക്ഷേപകരുമായുള്ള ആശയവിനിമയത്തിനിടെ (ഏര്‍ണിങ്‌സ് കോള്‍) നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന്, എന്‍വിഡിയയുടെ പ്രധാന എതിരാളിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുകയും ചെയ്തു.




ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നും നിര്‍ണായക എഐ ചിപ്പുകളുടെ നിര്‍മ്മാതാക്കളുമായ എന്‍വിഡിയയുടെ ഓഹരികള്‍ക്ക് ജയശ്രീയുടെ വാക്കുകള്‍ വലിയ തിരിച്ചടിയായി. അതേസമയം, എന്‍വിഡിയയുടെ പ്രധാന മത്സരാര്‍ത്ഥിയായ എഎംഡിയുടെ ഓഹരികള്‍ക്ക് ഇത് ഉണര്‍വ് നല്‍കി.

എന്താണ് ജയശ്രീ പറഞ്ഞത്?

നിര്‍മ്മിത ബുദ്ധി (AI) വിപണിയിലെ അനിഷേധ്യ രാജാവായ എന്‍വിഡിയയുടെ (Nvidia) സിംഹാസനത്തിന് ഇളക്കം തട്ടുന്നുവോ? പ്രമുഖ നെറ്റ്വര്‍ക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്വര്‍ക്‌സ് (Arista Networks) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് എഐ ചിപ്പ് വിപണിയിലെ വമ്പന്‍ മാറ്റങ്ങളിലേക്കാണ്. വെള്ളിയാഴ്ചത്തെ ഓഹരി വിപണിയില്‍ എന്‍വിഡിയയുടെ ഓഹരികള്‍ 3 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍, എതിരാളികളായ എഎംഡി (AMD) നേട്ടമുണ്ടാക്കിയത് നിക്ഷേപകരെ മാറിചിന്തിപ്പിക്കുകയാണ്.



99 ശതമാനത്തില്‍ നിന്ന് 75-ലേക്ക്; എന്‍വിഡിയയ്ക്ക് എന്ത് പറ്റി?

അരിസ്റ്റ നെറ്റ്വര്‍ക്‌സ് സിഇഒ ജയ്ശ്രീ ഉള്ളാല്‍ നിക്ഷേപകരുമായി പങ്കുവെച്ച വിവരങ്ങളാണ് വിപണിയില്‍ ചര്‍ച്ചയായത്. 'ഒരു വര്‍ഷം മുന്‍പ് വിപണിയുടെ 99 ശതമാനവും എന്‍വിഡിയയുടെ കൈവശമായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ വിന്യാസങ്ങള്‍ (Deployments) പരിശോധിക്കുമ്പോള്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ എഎംഡി ചിപ്പുകളിലേക്ക് മാറിക്കഴിഞ്ഞു.' - ജയ്ശ്രീ ഉള്ളാല്‍ പറഞ്ഞു.

എഐ പ്രോസസിംഗിനായി 'പ്രിഫേര്‍ഡ് ആക്‌സിലറേറ്റര്‍' ആയി എഎംഡിയെ പല കമ്പനികളും തിരഞ്ഞെടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

വിപണി മൂല്യത്തിലെ പോരാട്ടം

നിലവില്‍ 4.5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള എന്‍വിഡിയയാണ് അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കമ്പനി. എഐ ചിപ്പ് വിപണിയുടെ 90 ശതമാനവും ഇപ്പോഴും ഇവരുടെ പക്കലാണ്. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനിടെ എഎംഡിയുടെ ഓഹരി വിലയില്‍ 85 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായി. ഗൂഗിളിന്റെ ടിപി യു (TPU) ചിപ്പുകളും എന്‍വിഡിയയ്ക്ക് വെല്ലുവിളിയായി വളരുന്നുണ്ട്.

അരിസ്റ്റയും എന്‍വിഡിയയും തമ്മിലുള്ള 'നെറ്റ്വര്‍ക്കിംഗ്' യുദ്ധം

എഐ ചിപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'ഇഥര്‍നെറ്റ് സ്വിച്ചിംഗ്' സാങ്കേതികവിദ്യ നല്‍കുന്ന കമ്പനിയാണ് അരിസ്റ്റ. എന്നാല്‍ എന്‍വിഡിയ സ്വന്തമായി നെറ്റ്വര്‍ക്കിംഗ് സാങ്കേതികവിദ്യ (Spectrum-X) വികസിപ്പിച്ചത് അരിസ്റ്റയ്ക്ക് തിരിച്ചടിയായി. മെറ്റ (Meta), ഒറാക്കിള്‍ (Oracle) തുടങ്ങിയ വമ്പന്‍മാര്‍ എന്‍വിഡിയയുടെ തന്നെ നെറ്റ്വര്‍ക്കിംഗ് സ്വീകരിക്കുന്നത് അരിസ്റ്റയെ എഎംഡി ക്യാമ്പിലേക്ക് അടുപ്പിച്ചു.


ചുരുക്കത്തില്‍, എന്‍വിഡിയ തങ്ങളുടെ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത നേടുമ്പോള്‍, അരിസ്റ്റയും എഎംഡിയും കൈകോര്‍ത്ത് ഒരു പുതിയ സഖ്യം രൂപീകരിക്കുകയാണ്.

ഒറ്റനോട്ടത്തില്‍:

എന്‍വിഡിയ (Nvidia): വിപണി മൂല്യം 4.5 ട്രില്യണ്‍ ഡോളര്‍. സ്വന്തം നെറ്റ്വര്‍ക്കിംഗ് സാങ്കേതികവിദ്യയിലൂടെ കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

എഎംഡി (AMD): വിപണി മൂല്യം 335 ബില്യണ്‍ ഡോളര്‍. അരിസ്റ്റയുമായി ചേര്‍ന്ന് എന്‍വിഡിയയുടെ വിപണി വിഹിതം പിടിച്ചെടുക്കുന്നു.

അരിസ്റ്റ (Arista): എന്‍വിഡിയയോടുള്ള ആശ്രിതത്വം കുറച്ച് എഎംഡിയിലേക്ക് മാറുന്നു.

ഒരു സിഇഒയുടെ ഒറ്റ പരാമര്‍ശത്തിന് ആഗോള ടെക് ഓഹരികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.

ആരാണ് ജയശ്രീ ഉള്ളാല്‍?

കോടികളുടെ തിളക്കം; പിച്ചൈയേക്കാള്‍ അഞ്ചിരട്ടി ആസ്തി!

ഹുറൂണ്‍ പട്ടിക പ്രകാരം 50,170 കോടി രൂപയാണ് ($5.7 billion) ജയ്ശ്രീ ഉള്ളാലിന്റെ ആസ്തി. അടുത്തിടെ ശതകോടീശ്വരന്‍മാരുടെ ക്ലബ്ബില്‍ ഇടംപിടിച്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ആസ്തി ഏകദേശം 1.1 ബില്യണ്‍ ഡോളറാണ്. ഇതിന്റെ അഞ്ചിരട്ടിയിലധികം ആസ്തിയോടെയാണ് ജയ്ശ്രീ ടെക് ലോകത്തെ വിസ്മയമായി മാറുന്നത്.

ഡല്‍ഹിയില്‍ നിന്ന് സിലിക്കണ്‍ വാലിയിലേക്ക്

ലണ്ടനില്‍ ജനിച്ച ജയ്ശ്രീ വളര്‍ന്നത് ഡല്‍ഹിയിലാണ്. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ അവര്‍ സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗും സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സും പൂര്‍ത്തിയാക്കി. എഎംഡി (AMD), ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ എന്നീ കമ്പനികളില്‍ കരിയര്‍ ആരംഭിച്ചു. 1993-ല്‍ സിസ്‌കോയില്‍ ചേര്‍ന്ന അവര്‍ ഡാറ്റാ സെന്റര്‍ ബിസിനസ് വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.2008-ല്‍ ആരും അറിയപ്പെടാതിരുന്ന അരിസ്റ്റ നെറ്റ്വര്‍ക്‌സിന്റെ അമരത്തെത്തിയ അവര്‍, ഇന്ന് ആ കമ്പനിയെ 7 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ആഗോള ശക്തിയാക്കി മാറ്റി.




എന്‍വിഡിയയെ വിറപ്പിക്കുന്ന 'അരിസ്റ്റ' തന്ത്രം

എഐ വിപണിയില്‍ എന്‍വിഡിയയുടെ കുത്തകയ്ക്ക് വിള്ളലേല്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും ജയ്ശ്രീ ഉള്ളാലിന്റെ നേതൃത്വത്തിലാണ്. എഐ ചിപ്പുകള്‍ക്കായി മുന്‍പ് 99% കമ്പനികളും എന്‍വിഡിയയെ ആശ്രയിച്ചിരുന്നിടത്ത്, ഇന്ന് 25 ശതമാനത്തോളം പേര്‍ എഎംഡി ചിപ്പുകളിലേക്ക് മാറുന്നുവെന്ന് ജയ്ശ്രീ വെളിപ്പെടുത്തിയിരുന്നു. അരിസ്റ്റയുടെ നെറ്റ്വര്‍ക്കിംഗ് സാങ്കേതികവിദ്യ എഎംഡി ചിപ്പുകള്‍ക്കൊപ്പം ചേരുന്നത് എന്‍വിഡിയയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

അംഗീകാരങ്ങളുടെ നെറുകയില്‍

അമേരിക്കയിലെ സ്വയംപ്രയത്‌നത്തിലൂടെ വളര്‍ന്ന സമ്പന്നരായ വനിതകളില്‍ എട്ടാം സ്ഥാനം. ഫോര്‍ച്യൂണ്‍ മാസികയുടെ 'ബിസിനസ്സിലെ ഏറ്റവും സ്വാധീനമുള്ള വനിത' പട്ടികയില്‍ സ്ഥിരസാന്നിധ്യം.



ഫോര്‍ച്യൂണ്‍ 500 കമ്പനികളെ നയിക്കുന്ന ചുരുക്കം ചില വനിതാ സിഇഒമാരില്‍ ഒരാള്‍. സിലിക്കണ്‍ വാലിയിലെ പുരുഷാധിപത്യമുള്ള ടെക് ലോകത്ത് സ്വന്തം പേരില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തുക മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ തന്റെ കമ്പനിയെ വളര്‍ത്താനും ജയ്ശ്രീ ഉള്ളാലിന് സാധിച്ചു. ഒരു പെണ്‍കരുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണിത്.

Tags:    

Similar News