മാതാവിന്റെ സഹോദരന്‍ ആദ്യമായി പീഡിപ്പിച്ചത് എട്ടുവയസ്സുള്ളപ്പോള്‍; ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു; മാതാവ് കുട്ടിയെ ഉപേക്ഷിച്ചതോടെ പിതാവിനൊപ്പം ബന്ധുവീട്ടില്‍; നാലുവര്‍ഷത്തിനിടെ പിതാവില്‍ നിന്നടക്കം നേരിട്ടത് നിരന്തര പീഡനം; ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മൂന്ന് പേര്‍ അറസ്റ്റില്‍; നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്

Update: 2026-02-14 12:52 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. ബന്ധുവായ സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

14 കാരിയെ പിതാവും പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ലൈംഗികമായി പീഡിപ്പിച്ചു. നാല് വര്‍ഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 14 കാരി ബന്ധുവായ സുഹൃത്തിനോട് ലൈംഗിക പീഡനം തുറന്ന് പറഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. പീഡനത്തിന് ഇരയായ കുട്ടിക്ക് കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

എട്ടുവയസിലാണ് മാതാവിന്റെ സഹോദരന്‍ ആദ്യമായി കുട്ടിയെ പീഡിപ്പിക്കുന്നത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് പോക്സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ ആദ്യഭാര്യയിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയതോടെ പിതാവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു ആദ്യം പീഡനത്തിന് ഇരായത്. പിന്നാലെ പിതൃ സഹോദരി കുഞ്ഞിനെ ദ്രോഹോപദ്രവം ഏല്‍പ്പിച്ചതോടെയാണ് ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയത്.

2022ലാണ് സിഡബ്ല്യുസിയില്‍ നിന്ന് പിതാവ് കുട്ടിയെ ഏറ്റെടുക്കുന്നത്. അതിനുശേഷം പിതാവിനൊപ്പം ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് കൂടുതല്‍ ബന്ധുക്കളില്‍ നിന്ന്് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. നാലുവര്‍ഷമായി ബന്ധുക്കളില്‍ നിന്ന് തുടര്‍ച്ചയായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി.

പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, പിതാവിന്റെ സഹോദരിയുടെ മകന്‍, മറ്റൊരു ബന്ധു എന്നിവരാണ് പെണ്‍കുട്ടിയെ പലതവണകളായി ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കുട്ടി കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. കൗണ്‍സിലറായ മാതാവ് ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Tags:    

Similar News