'ഇതൊരു ചെറിയ കാര്യമല്ലേ, മാപ്പു നല്‍കിക്കൂടെ?'; പി.ടി. കുഞ്ഞുമുഹമ്മദിന്റെ ദൂതന്മാര്‍ ഒത്തുതീര്‍പ്പിന് വന്നു; വിശ്വസിച്ചവര്‍ പോലും ഒത്തുതീര്‍പ്പിന് വന്നപ്പോള്‍ അദ്ഭുതപ്പെട്ടു; അതിക്രമ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഡോ. ആശ ആച്ചി ജോസഫ്; മുഖ്യമന്ത്രിക്കും വിമര്‍ശനം

അതിക്രമ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഡോ. ആശ ആച്ചി ജോസഫ്

Update: 2026-02-14 09:49 GMT

തിരുവനന്തപുരം: മുന്‍ എംഎല്‍എ പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്ന് തനിക്ക് നേരിട്ട അതിക്രമം തുറന്നുപറഞ്ഞ് സംവിധായിക ഡോ. ആശ ആച്ചി ജോസഫ് രംഗത്ത്. നിയമസംവിധാനത്തെ സമീപിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും തന്നെ ഞെട്ടിച്ചുവെന്നും സ്ത്രീയുടെ അന്തസ്സിന് രണ്ടാംസ്ഥാനം മാത്രമാണ് ലഭിച്ചതെന്നും അവര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആശ ആച്ചി ജോസഫ് ചൂണ്ടിക്കാട്ടി. പതിനാല് ദിവസത്തോളം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും, പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്ത വന്നതിനുശേഷമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും, ഇത് താന്‍ വിശ്വസിച്ചിരുന്ന വ്യവസ്ഥിതിയില്‍ സംശയങ്ങള്‍ ഉളവാക്കിയെന്നും അവര്‍ പറഞ്ഞു.

'ഒരു സ്ത്രീയെ മനസ്സിലാക്കാന്‍ ഈ സിസ്റ്റത്തിന് കഴിയുന്നില്ല. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ്. ഇത് തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെയില്ല,' ആശാ ആച്ചി ജോസഫ് തുറന്നടിച്ചു. എല്ലാ രാഷ്ട്രീയക്കാര്‍ക്കും അവരുടെ താല്‍പ്പര്യങ്ങളാണ് വലുതെന്നും അവര്‍ കുറ്റപ്പെടുത്തി. നിയമസംവിധാനത്തില്‍ വിശ്വാസം അര്‍പ്പിച്ച തനിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത അനുഭവങ്ങളാണെന്നും അവര്‍ പറഞ്ഞു.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ദൂതന്മാര്‍ തന്നെ ഒത്തുതീര്‍പ്പിനായി സമീപിച്ചുവെന്നും, മാപ്പ് നല്‍കിയാല്‍ മതിയെന്നും ഇതൊരു ചെറിയ കാര്യമല്ലേ എന്നുമെല്ലാം പറഞ്ഞുവെന്നും ഡോ. ആശ വെളിപ്പെടുത്തി. താന്‍ വിശ്വസിച്ച പലരും കുഞ്ഞുമുഹമ്മദിന് വേണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വന്നതില്‍ അദ്ഭുതപ്പെട്ടുവെന്നും, ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്ക് നഷ്ടപ്പെട്ടതായും, തന്റെ സുരക്ഷ തനിക്ക് മാത്രമുള്ള ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെട്ടതായും ആശ ആച്ചി ജോസഫ് വ്യക്തമാക്കി.

കേസിന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനെ ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്നും, താനൊരു സെലക്ഷന്‍ കമ്മിറ്റി ജൂറി ആയിരിക്കുമ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നത് തന്റെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും ആശാ ആച്ചി കൂട്ടിച്ചേര്‍ത്തു. ആരോഗ്യം പറഞ്ഞ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വ്യവസ്ഥിതി ആര്‍ക്കൊപ്പമാണെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോ. ആശാ ആച്ചി ജോസഫ് വ്യക്തമാക്കി.

Tags:    

Similar News