കൂട്ടിരിപ്പുകാരനില്ലെങ്കില്‍ രോഗിയെ നോക്കില്ല! കണ്ണൂരില്‍ നിന്നും ഭാര്യ എത്തിയപ്പോള്‍ കണ്ടത് മൂത്രത്തില്‍ കുളിച്ച് മൃഗങ്ങളെപ്പോലെ കിടക്കുന്ന ഭര്‍ത്താവിനെ; ശ്രീഹരിക്ക് നഷ്ടമായത് ഒരു ഭാഗത്തെ ചലന ശേഷി; സത്യം പറഞ്ഞ ഡോ ഹാരീസിനെ കുടുക്കാന്‍ ഇറങ്ങി നാണം കെട്ടവര്‍ പുതിയ ഇരയെ തേടുന്നു; വല്ലതും ആരോഗ്യ മന്ത്രി അറിയുന്നുണ്ടോ? തിരു മെഡി കോളേജില്‍ പുതിയ വിവാദം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിര്‍ധനരോഗിക്ക് ചികിത്സ നിഷേധിച്ചു. രണ്ടുദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ രോഗിക്കു ചികിത്സ ലഭിക്കാത്തതിനാല്‍ വലതുഭാഗത്തെ ചലനശേഷി നഷ്ടമായി. ആശുപത്രി സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കിയിട്ടും കാര്യമാക്കാതെ അധികൃതര്‍. കൂട്ടിരിപ്പുകാരനില്ലാത്തതിനാല്‍ തിരിഞ്ഞു നോക്കാതെ ആശുപത്രി ജീവനക്കാര്‍. ആശുപത്രിയിലെത്തിച്ചയാളാണ് കാരണക്കാരനെന്ന വിചിത്രവാദവുമായി ആശുപത്രി അധികൃതര്‍. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ശ്രീഹരിക്കാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ദുരവസ്ഥ നേരിടേണ്ടി വന്നത്.
കിള്ളിപ്പാലം ബണ്ട്റോഡിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലിക്കിടെ കുഴഞ്ഞുവീണ ശ്രീഹരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വര്‍ക്ക്ഷോപ്പ് ഉടമ സതീശന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച് വര്‍ക്ക്ഷോപ്പ് ഉടമ മടങ്ങിയതോടെ ശ്രീഹരിക്കൊപ്പം ആരുമില്ലാതായി. രാത്രി രണ്ടാം വാര്‍ഡില്‍ ചുമതലയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരോട് ശ്രീഹരിയെ നോക്കാന്‍ ആരുമില്ലെന്നും ബന്ധുക്കള്‍ കണ്ണൂരിലാണെന്നും പറഞ്ഞാണ് സതീശന്‍ മടങ്ങിയത്. സമീപത്തുണ്ടായിരുന്ന രോഗികള്‍ക്ക് ഫോണ്‍നമ്പരും നല്‍കിയിരുന്നു. അന്നുതന്നെ ശ്രീഹരിയുടെ ഭാര്യയെയും വിളിച്ചറിയിച്ചു.
അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍നിന്നു മറ്റ് രോഗികള്‍ വിളിച്ചതനുസരിച്ച് എത്തിയപ്പോള്‍ ശ്രീഹരി തറയില്‍ കിടക്കുകയായിരുന്നെന്ന്് സതീശന്‍ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് പരാതിപ്പെട്ടെങ്കിലും അവര്‍ തട്ടിക്കയറുകയായിരുന്നെന്ന്് സതീശന്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ഇടപെടണമെന്നും കാണിച്ച് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങി. പിന്നീട് വ്യാഴാഴ്ച ശ്രീഹരിയുടെ ഭാര്യ വിളിച്ചതനുസരിച്ചാണ് സതീശന്‍ ആശുപത്രിയിലെത്തിയത്. അപ്പോള്‍ സ്ഥിതി ദയനീയമായിരുന്നു.
വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ എത്തുമ്പോള്‍ ഭര്‍ത്താവ് മൂത്രത്തില്‍ കുളിച്ച് മൃഗങ്ങളെപ്പോലെ കിടക്കുകയായിരുന്നുവെന്ന് ശ്രീഹരിയുടെ ഭാര്യ പ്രീത പറയുന്നു. ഗള്‍ഫില്‍ ഒരുവീട്ടില്‍ ജോലിചെയ്യുകയാണ്. അവധിക്ക് നാട്ടിലെത്തി അമ്മയുമായി ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ഭര്‍ത്താവിന്റെ അവസ്ഥ അറിയിച്ച് ഫോണ്‍ വരുന്നത്. തുടര്‍ന്നാണ് വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലെത്തിയത്. വാര്‍ഡില്‍ അന്വേഷിച്ചപ്പോള്‍ തറയില്‍ കിടക്കുകയായിരുന്ന രോഗിയെ സുരക്ഷാ ജീവനക്കാരന്‍ വന്ന് കട്ടിലിന്റെ അടിയിലേക്കു നീക്കി കിടത്തുകയായിരുന്നുവെന്ന് അറിഞ്ഞു. ചൊവ്വാഴ്ച നടത്തിയ സ്‌കാനിന്റെ ഫലം ആരും വാങ്ങിയിരുന്നില്ല. താന്‍ ഇതു വാങ്ങിക്കൊണ്ടു വന്നശേഷമാണ് ചികിത്സ ആരംഭിച്ചതെന്നും പ്രീത പറയുന്നു. ഈമാസം 28ന് തിരികെ പോകണം. ഇല്ലെങ്കില്‍ ജോലി നഷ്ടമാകും. എന്തു ചെയ്യണമെന്നറിയില്ലെന്നും പ്രീത പറയുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് സിടി സ്‌കാന്‍ എടുത്തെങ്കിലും ഫലം കിട്ടാന്‍ വൈകുമെന്നതിനാല്‍ താന്‍ അതു വാങ്ങാതെ മടങ്ങുകയായിരുന്നെന്ന്് സതീശന്‍ വ്യക്തമാക്കുന്നു. രണ്ടുദിവസമായിട്ടും വാര്‍ഡില്‍ നിന്നും സ്‌കാന്‍ റിപ്പോര്‍ട്ട് അന്വേഷിക്കുകയോ തുടര്‍ ചികിത്സകള്‍ നല്‍കുകയോ ചെയ്തില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് ശ്രീഹരിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ആശുപത്രി സൂപണ്ട്രിന്‍െ്റ ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന് രേഖാമൂലം പരാതി നല്‍കി. സിടി സ്‌കാന്‍ ഫലവുമായി താന്‍ പോയതുകൊണ്ടാണ് ചികിത്സ വൈകിയതെന്ന വിചിത്രവാദമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നതെന്നും സതീശന്‍ പറയുന്നു.
ഇപ്പോള്‍ കുറ്റമെല്ലാം സതീശന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. നേരത്തെ മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ ഹാരീസിനെ കുറ്റക്കാരനാക്കാന്‍ ചില ശ്രമം നടന്നിരുന്നു. മോഷണ കേസില്‍ കുടുക്കാനായിരുന്നു ശ്രമം. ഇതേ കൂട്ടരാണ് പുതിയ നീക്കവും നടത്തുന്നത്. ഇതൊന്നും ആരോഗ്യമന്ത്രി അറിയുന്നില്ല. കൂട്ടിരിപ്പുകാരന്‍ ഇല്ലെങ്കില്‍ മെഡിക്കല്‍ കോളേജില്‍ ആര്‍ക്കും ചികില്‍സ കിട്ടില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.