വട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്‌സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്‌സൈസ് വീഴ്ച വ്യക്തം

Update: 2024-12-29 02:34 GMT

കുട്ടനാട്: കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിലായിട്ടും മെഡിക്കല്‍ പരിശോധന നടത്താതെ വിട്ടയച്ചത് വിവാദത്തില്‍. പ്രതിഭയുടെ മകന്‍ കനിവി(20)നെയും എട്ടു സുഹൃത്തുക്കളെയുമാണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡ് മൂന്നു ഗ്രാം കഞ്ചാവുമായി പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന തകഴി സ്വദേശി വടക്കേപ്പറമ്പ് വീട്ടില്‍ സച്ചി(21)ന്റെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എന്നാല്‍, എല്ലാവരും കഞ്ചാവ് വലിച്ചിരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവരുടെ മെഡിക്കല്‍ പരിശോധന എക്‌സൈസ് നടത്തിയില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ കോടതിയില്‍ പൊളിയും.

തകഴി സ്വദേശികളായ വെറ്റേടല്‍ പറമ്പ് വീട്ടില്‍ മിഥുന്‍(24), തോട്ടക്കടവില്‍ ജെറിന്‍(21), മേത്തുംമാടം വീട്ടില്‍ ജോസഫ് ബോബന്‍(22), തയ്ച്ചിറയില്‍ വീട്ടില്‍ ബെന്‍സണ്‍(22), വടക്കേപറമ്പ് വീട്ടില്‍ സഞ്ചിത്(20), അഖിലം വീട്ടില്‍ അഭിഷേക്(23), കളകെട്ട്ചിറ സോജന്‍(22) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തകഴി പുലിമുഖം ബോട്ടുജെട്ടിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. ആ സമയത്ത് ഇവര്‍ മദ്യപിക്കുകയായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. പൊതു സ്ഥലത്ത് മദ്യപിക്കുന്നതും കുറ്റകരമാണ്. എന്നാല്‍ ഇവരുടെ വൈദ്യ പരിശോധനയ്കക്് എക്‌സൈസ് മുതിര്‍ന്നില്ല. ഇത് കേസ് അട്ടിമറിയായി മാറിയേക്കും. അറസ്റ്റിലായവരെ വൈദ്യ പരിശോധന നടത്താതെ വിട്ടത് ഉന്നത ഇടപെടല്‍ മൂലമാണെന്നാണ് സൂചന.

കുറഞ്ഞ അളവ് കഞ്ചാവായതിനാല്‍ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായും എക്സൈസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് പ്രതിഭ എം.എല്‍.എ. ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. വൈദ്യ പരിശോധന നടത്താത്തതു കൊണ്ടു തന്നെ എംഎല്‍എയുടെ മകന്‍ മദ്യപിച്ചിരുന്നു എന്നതിന് പോലും തെളിവില്ലാ ആവസ്ഥയായി. തന്റെ മകന്റെ കയ്യില്‍ നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്നു യു.പ്രതിഭ എംഎല്‍എ. 30 ഗ്രാം കഞ്ചാവുമായി മകനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത തെറ്റാണെന്നും മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ പ്രതികരിച്ചിരുന്നു.

പ്രതിഭയുടെ മകന്‍ കനിവിനെ കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തില്‍ പ്രതിഭയുടെ വിശദീകരണം. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണു പ്രതിഭ നടത്തിയത്. ഇതിന് പിന്നാലെ അറസ്റ്റില്‍ എക്‌സൈസ് വിശദീകരണം എത്തി. ഇത് പ്രതിഭയുടെ നിലപാടിന് എതിരായിരുന്നു. .പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു എക്‌സൈസ് അറിയിച്ചു.

30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണു കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എന്‍ടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തില്‍ വിട്ടു. അതേസമയം പ്രതികളുടെ കൈവശം കൂടുതല്‍ കഞ്ചാവ് ഉണ്ടായിരുന്നെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ വേണ്ടി അളവ് കുറച്ചുകാണിക്കുകയായിരുന്നുവെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. വൈദ്യ പരിശോധന വിടാതെ വിട്ടയച്ചതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്. അതുകൊണ്ട് തന്നെ കോടതിയില്‍ പോയാല്‍ കഞ്ചാവ് ഉപയോഗം തെളിയിക്കാന്‍ പോലും കഴിയില്ലെന്നതാണ് വസ്തുത. ആലപ്പുഴ സിപിഎമ്മില്‍ പ്രതിഭയ്‌ക്കെതിരെ ചില ലോബികള്‍ സജീവമാണ്. ഈ ലോബികളാണോ എക്‌സൈസ് നടപടിക്ക് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.

മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ പ്രതിഭയുടെ നിലപാട് വിശദീകരണം ശരിയാണോ എന്നതില്‍ അടക്കം വ്യക്തത വരുമായിരുന്നു. അതിനിടെ എംഎല്‍എ സംശയ നിഴലില്‍ നിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ഇടപെട്ട് മെഡിക്കല്‍ പരിശോധന ഒഴിവാക്കിയതാണെന്നും പ്രചരണമുണ്ട്. അറസ്റ്റിലായവരുടെ സമ്മതം ഉണ്ടങ്കിലേ മെഡിക്കല്‍ പരിശോധനയ്ക്ക് രക്തശേഖരണം സാധ്യമാകൂ. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇവര്‍ ഇതിന് വിസമ്മതിച്ചുവെന്ന് ഡോക്ടര്‍ കുറിച്ചാല്‍ അത് കേസുകളില്‍ നിര്‍ണ്ണായക തെളിവായി മാറുകയും ചെയ്യും.

എന്നാല്‍ ഇവിടെ തന്റെ മകന്‍ മദ്യപിച്ചിരുന്നില്ലെന്ന് അമ്മയായ പ്രതിഭ പറയുന്നു. അങ്ങനെയാണെങ്കില്‍ പ്രതിഭയുടെ മകന്‍ രക്തപരിശോധനയെ എതിര്‍ക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ സംശയത്തില്‍ നിര്‍ത്തുകയെന്ന ലക്ഷ്യം മെഡിക്കല്‍ പരിശോധന അട്ടിമറിച്ചതിന് പിന്നിലുണ്ടോ എന്ന സംശയം ഉയരുന്നത്. എന്നാല്‍ എംഎല്‍എയുടെ മകന് വേണ്ടിയായിരുന്നു അതെന്ന് യൂത്ത് കോണ്‍ഗ്രസും സംശയിക്കുന്നു.


വിവാദത്തില്‍ പ്രതിഭ പ്രതികരിച്ചത് ഇങ്ങനെ

മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഏഷ്യാനെറ്റും 24 ഉും തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കിയത്. ഇവര്‍ വാര്‍ത്തകള്‍ പിന്‍ വലിച്ച് മാപ്പു പറയണം എന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതിഭ പറഞ്ഞത് . മകനും സുഹൃത്തുക്കളും വട്ടംകൂടിയിരിക്കുന്നിടത്ത് എക്സൈസ് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതത് എന്നാല്‍ അതിനുശേഷം വാര്‍ത്ത വരുന്നത് കഞ്ചാവുമായിട്ട് മകനെ പിടിച്ചുവെന്ന വാര്‍ത്തയാണ്. വാര്‍ത്ത ആധികാരികമാണെങ്കില്‍ താന്‍ മാപ്പ് പറയാമെന്നും പ്രതിഭ പറഞ്ഞു.

മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്തീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News