പരാതി നല്‍കിയത് രണ്ടു കോടിയും 300 പവനും മോഷണം പോയെന്ന്; പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന്‍ ആഭരണങ്ങളും; പരാതിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണം
മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണം
കണ്ണൂര്‍: വളപട്ടണം മന്നയില്‍ നിന്നും മോഷണം പോയ വന്‍തുകയ്ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും കൃത്യമായ സ്രോതസുണ്ടെന്ന് മോഷണം പോയ വീട്ടിലെ ഉടമ കെ.പിഅഷ്‌റഫ്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ അരി വ്യാപാര സ്ഥാപനമായ അഷ്‌റഫ് ട്രേഡേഴ്‌സിന്റെ ഉടമയായ കെ.പി അഷ്‌റഫ് അരി വ്യാപാരത്തിന്റെ ഭാഗമായി വീട്ടില്‍ സൂക്ഷിച്ച രണ്ടു കോടിയോളം രൂപ മോഷണം പോയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിനൊപ്പം ലോക്കറില്‍ സൂക്ഷിച്ച 300 പവന്‍ സ്വര്‍ണ -വജ്രാഭരണങ്ങള്‍ മോഷണം പോയെന്നും പരാതി നല്‍കിയിരുന്നു.
എന്നാല്‍ പൊലീസ് പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1, 21,42,000 രൂപയും 267 പവന്‍ ആഭരണങ്ങളുമാണ്. പണത്തിലും ആഭരണത്തിലുള്ള കുറവും എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ട്. മോഷണ കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ പണത്തിന്റെ സ്രോതസിനെ കുറിച്ചു അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായ വന്‍ കവര്‍ച്ച വളപട്ടണം മന്നയിലെ കെ.പി അഷ്‌റഫിന്റെ വീട്ടില്‍ നടന്നതു മുതല്‍ ഇത്രയും വലിയ സംഖ്യയും വിലപ്പിടിപ്പുള്ള ആഭരണങ്ങളും വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചുവെന്ന ചോദ്യം അഷ്‌റഫിന് നേരെ ചിലര്‍ ഉന്നയിച്ചിരുന്നു. കലക്ഷന്‍ തുക സാധാരണ വീട്ടിലെ അത്യധികം സുരക്ഷയുള്ള ലോക്കറിലാണ് സൂക്ഷിക്കാറുള്ളതെന്നായിരുന്നു മറുപടി. ബാങ്ക് ലോക്കറിനെക്കാള്‍ സുരക്ഷിതമായതുകൊണ്ടാണ് വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചതെന്നായിരുന്നു അഷ്‌റഫ് പൊലിസിന് നല്‍കിയ മൊഴി.
തങ്ങള്‍ കുടുംബ സമേതം വീടു പൂട്ടി ചിലപ്പോഴൊക്കെ പോകാറുണ്ടെന്നാണ് അഷ്‌റഫ് പറയുന്നത്. ഇത്തരത്തിലാണ് കഴിഞ്ഞ നവംബര്‍ 19 ന് മധുരവിരുത് നഗറിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. ആഭരണങ്ങളും പണവും വെച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരു അലമാരയില്‍ വെച്ചു പൂട്ടുകയും ഇതിന്റെ താക്കോല്‍ മറ്റൊരു അലമാരയില്‍ പൂട്ടുകയും ചെയ്തിരുന്നു. ഇതു തപ്പിയെടുത്താണ് മോഷ്ടാവ് ലിജേഷ് ബാഗില്‍ അടിച്ചു വാരി കൂട്ടി കടത്തിയത്.
നവംബര്‍ 24 ന് രാത്രി വീട്ടില്‍ വിവാഹം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടമായത് അഷ്‌റഫും കുടുംബവും തിരിച്ചറിയുന്നത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബന്ധുക്കള്‍ക്കു നേരെയും തൊഴിലാളികള്‍ക്കെതിരെയും പൊലീസിന്റെയും ചില മാധ്യമങ്ങളുടെയും ചോദ്യമുന നീണ്ടു.
അഷ്‌റഫിന്റെ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഡ്രൈവര്‍മാരും ഡെലിവറി ജീവനക്കാരും ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വന്നു. അയല്‍വാസികളുടെ സ്വസ്ഥതയും നഷ്ടമായി. കവര്‍ച്ച നടന്ന ദിവസം മുതല്‍ ആഹാരം പോലും കഴിക്കാന്‍ തൊഴിലാളികള്‍ക്കായില്ല. ചിലര്‍ക്ക് ഇതു കാരണം അസുഖങ്ങളുണ്ടായി. തങ്ങള്‍ നിരപരാധികളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഇവര്‍ ആഹാരം കഴിച്ചു തുടങ്ങിയതെന്ന് കെ പി അഷ്‌റഫ് പറഞ്ഞു.
പൊലിസില്‍ തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഏറെ ദിവസം കാത്തിരിക്കാന്‍ മന:ശക്തി കിട്ടിയത് നേരായ മാര്‍ഗത്തിലൂടെ സ്വരൂപിച്ച പണം നഷ്ടമാകില്ലെന്ന് ഉറപ്പുണ്ടായതായും ഇദ്ദേഹം പറയുന്നു. എന്നാല്‍ അഷ്‌റഫിന്റെ പരാതിയിലെ വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം വീട്ടുടമ അഷ്‌റഫിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണസംഘം.