നെഞ്ചത്തും കഴുത്തിലും ഉള്ള ആഴമുള്ള മുറിവുകള്‍ ഗൗതമിന്റെ ജീവനെടുത്തു; മൃതദേഹം കണ്ടെത്തിയത് ട്രാക്കില്‍ നിന്നും; ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും പരിശോധിച്ച് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എത്തിയത് കൊലപാതക സാധ്യതയിലേക്ക്; അന്വേഷണത്തിന് സിബിഐ നോ പറഞ്ഞിട്ടും കോടതി അനുവദിച്ചില്ല; കേന്ദ്ര ഏജന്‍സി കേസെടുത്ത് ഒരു മാസമായപ്പോള്‍ ആ അച്ഛനും അമ്മയും കൊല്ലപ്പെട്ടു; ഇരട്ട കൊലപാതകം സിബിഐ ഭയത്തില്‍? ഹൈക്കോടതി ഉത്തരവ് മറുനാടന്
കൊച്ചി: മകന്‍ ഗൗതം വിജയകുമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് 2017ല്‍. പോലീസ് വെറുമൊരു ആത്മഹത്യയായി എഴുതി തള്ളിയ കേസില്‍ ആ അച്ഛന്‍ നിയമ പോരാട്ടം തുടര്‍ന്നു. ഒടുവില്‍ 2025 ഫെബ്രുവരി 19ന് ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവിട്ടു. സിബിഐ അന്വേഷണിക്കണമെന്നായിരുന്നു അത്. അങ്ങനെ മാര്‍ച്ച് 21ന് സിബിഐ എഫ് ഐ ആര്‍ ഇട്ടു. കേസ് അന്വേഷണം സജീവമാക്കാന്‍ സിബിഐ എത്തുമ്പോള്‍ പരാതിക്കാരനും ഭാര്യയും മരിച്ചു. നാടിനെ നടുക്കി ഇരട്ടക്കൊലയാണ് സംഭവിച്ചത്. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ വിജയകുമാറിന്റെ നിയമ പോരാട്ടമായിരുന്നു 2025 ഫെബ്രുവരി 19ന് ഹൈക്കോടതിയുടെ സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
2017 ജൂണില്‍ കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ 28 വയസ്സുള്ള യുവാവിന്റെ സംശയാസ്പദമായ മരണത്തില്‍ ദുരൂഹതകള്‍ ഏറെയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബിസിനസ്സ് നടത്തിയിരുന്ന കോട്ടയം വേളൂര്‍ സ്വദേശിയായ ഗൗതം വിജയകുമാറിന്റെ മരണത്തില്‍ ഇന്നും വ്യക്തതകള്‍ വന്നിട്ടില്ല. 2017 ജൂണ്‍ 2 ന് വൈകുന്നേരം 7.15 ഓടെ, ടി കെ വിജയകുമാറിന്റെ ഏക മകന്‍ ഗൗതം കോട്ടയം പുളിമൂട്ടില്‍ ജംഗ്ഷനില്‍ ഒരു സുഹൃത്തിനെ കാണാന്‍ തന്റെ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഏകദേശം രാത്രി 8 മണിയോടെ, അമ്മയെ വിളിച്ച് താന്‍ തിരിച്ചുവരികയാണെന്ന് അറിയിച്ചു.
എന്നാല്‍ തിരിച്ചു വന്നില്ല. കാണാനില്ലെന്ന് പോലീസില്‍ പരാതിയും കൊടുത്തു. പിറ്റേന്ന്, കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള ഒറ്റകപില്‍മാവ് റെയില്‍വേ ഗേറ്റിന് സമീപമുള്ള റെയില്‍വേ ട്രാക്കിന് സമീപം ഗൗതമിന്റെ മൃതദേഹം കണ്ടെത്തി. ലെവല്‍ ക്രോസിംഗിന് സമീപം ഏകദേശം 240 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്ത നിലയില്‍ കാര്‍ കണ്ടെത്തി. സീറ്റുകള്‍ മുഴുവന്‍ രക്തക്കറകള്‍ നിറഞ്ഞിരുന്നു, പിന്‍സീറ്റില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. ഈ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നിട്ടും, ലോക്കല്‍ പോലീസ് കേസ് ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തി. ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം സ്വയം മുറിവേല്‍പ്പിച്ച് ട്രെയിനിന് മുമ്പില്‍ ചാടിയെന്ന പോലീസ് റിപ്പോര്‍ട്ട് ഒറ്റ നോട്ടത്തില്‍ തന്നെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് വിധി.
കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള മുറിവിനെ കുറിച്ച് ഹൈക്കോടതി വിധിയില്‍ വ്യക്തമായ പരമാര്‍ശങ്ങളുണ്ട്. ഈ രണ്ട് മുറിവുമാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകമെന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്. പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഗൗതമിന്റെ മാതാപിതാക്കള്‍ മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ ആദ്യം എതിര്‍ത്തെങ്കിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച കോടതി കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണ് കേന്ദ്ര ഏജന്‍സി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 21നാണ് കേസെടുത്തത്. സിബിഐയുടെ തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണം ചുമതല. മൊഴി എടുക്കലിലേക്ക് കാര്യങ്ങള്‍ അടുക്കുകയായിരുന്നു. അതിനിടെയാണ് വിജയകുമാറും ഭാര്യയും മരിക്കുന്നത്. ഹൈക്കോടതി വിധി പരിശോധിച്ചാല്‍ വലിയ അട്ടിമറി ഗൗതമിന്റെ മരണക്കേസിലുണ്ടായി എന്ന് വ്യക്തമാണ്.
കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരെ വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ്മരിച്ചനിലയില്‍ കണ്ടത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്.