ഉമ്മയുടെ ഭരണത്തില്‍ മന്ത്രിമാരെവരെ നിയന്ത്രിച്ചിരുന്ന ഡാര്‍ക്ക് പ്രിന്‍സ്; വിക്കിലീക്‌സിലെ ഷാഡോ പ്രൈം മിനിസ്റ്റര്‍; കറണ്ടില്ലാത്ത ഇലക്ട്രിക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച 'മഹാന്‍'; ഹസീന വീണതോടെ അഴിമതിക്കേസുകള്‍ എല്ലാം തീര്‍ന്നു; ബംഗ്ലാദേശില്‍ ഇനി 'ബംഗ്ലാ സഞ്ജയ് ഗാന്ധി'യുടെ കാലം!
ബംഗ്ലാദേശില്‍ ഇനി 'ബംഗ്ലാ സഞ്ജയ് ഗാന്ധി'യുടെ കാലം!
'ദ ഡാര്‍ക്ക് പ്രിന്‍സ്, ഷാഡോ പ്രൈം മിനിസ്റ്റര്‍, ബംഗ്ലാദേശിലെ സഞ്ജയ് ഗാന്ധി'.... ഒരുപാട് കുപ്രസിദ്ധമായ വിശേഷണങ്ങള്‍ക്ക് ഉടമായ ഒരാള്‍. ദൗര്‍ഭാഗ്യമെന്ന് പറയാം, ബംഗ്ലാദേശ് എന്ന ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നരകമായി മാറിക്കൊണ്ടിരിക്കുന്ന നാടിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്നുവരുന്നത്, ഈ നേതാവാണ്. ബിഎന്‍പി പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്റെ കൈയിലേക്കാണ്, ബംഗ്ലാമണ്ണിന്റെ അധികാരം എത്തുന്നത് എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആകെയുള്ള 299 സീറ്റില്‍ 212-ഉം ബി.എന്‍.പി. സ്വന്തമാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് രാഷ്ട്രീയം ഷെയ്ഖ് ഹസീന, ഖാലിദ സിയ തുടങ്ങിയ വനിതാ രാഷ്ട്രീയ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു, പതിറ്റാണ്ടുകള്‍ കറങ്ങിയിരുന്നത്. ചോരയില്‍ പിറന്ന ഈ രാഷ്ട്രത്തില്‍ എന്നും ചോരക്കളിയാണ് ബാക്കി. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റ് ആയ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ 1975 ഓഗസ്റ്റില്‍ നടന്ന സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന രാഷ്ട്രീയത്തില്‍ സജീവമായത്. 1981-ലെ സൈനിക അട്ടിമറിയില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തില്‍ സജീവമായത്. അടിച്ചും വെട്ടിയും കുത്തിയും ഈ രണ്ട് നേതാക്കളുടെ അണികള്‍ തമ്മില്‍ ബംഗ്ലാദേശില്‍ രക്തപ്പുഴ ഒഴുക്കി.
ഒടുവില്‍ ജമാഅത്തെ ഇസ്ലാമി സ്പോണ്‍സര്‍ ചെയ്ത, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീന വീഴുകയും, ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതോടെയാണ്, കാര്യങ്ങള്‍ മാറിമറിഞ്ഞത്. രണ്ടുവര്‍ഷത്തോളം നീണ്ട ഇടക്കാല സര്‍ക്കാറിനുശേഷം, തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഖാലിദ സിയയുടെ മകന്‍ അധികാരത്തിലെത്തുകയാണ്. തിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. മകന്റെ വിജയം കാണാന്‍ നില്‍ക്കാതെ ഖാലിദ സിയയും കാലയവനികക്കുള്ളില്‍ മറഞ്ഞു.
അറുപതുവയസ്സുകാരനായ താരിഖ്, ഖാലിദ സിയയുടെ മൂത്തമകനാണ്. 17 വര്‍ഷത്തെ വിദേശവാസത്തിനൊടുവില്‍ 2025 ഡിസംബറിലാണ് താരിഖ് രാജ്യത്ത് മടങ്ങിയെത്തിയത്. 2008-ലാണ് രാഷ്ട്രീയ-നിയമസമ്മര്‍ദ്ദങ്ങള്‍ക്കിടെ അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്നത്. അഴിമതിക്കേസുകള്‍, മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരേ വധശ്രമത്തിന് ഗൂഢാലോചന നടത്തി തുടങ്ങി നിരവധി കേസുകള്‍ താരിഖിനെതിരേ ഉണ്ടായിരുന്നു. ഇതോടെ മാതൃരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് നീണ്ടു. സര്‍ക്കാര്‍ മാറിയതിന് പിന്നാലെ പൂര്‍വകാല കേസുകളില്‍നിന്ന് അദ്ദേഹം വിമുക്തനാക്കപ്പെടുകയായിരുന്നു. ഇതോടെ നാടകീയമായ രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുങ്ങിയത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അതികായ ആയിരുന്ന ഖാലിദ സിയ 2025 ഡിസംബര്‍മാസത്തിലാണ് മരിച്ചത്. താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലെത്തി വെറും അഞ്ചുദിവസത്തിന് ശേഷമായിരുന്നു മരണം. ഇപ്പോള്‍ അമ്മയുടെ ഓര്‍മ്മകള്‍ വോട്ടാക്കി മകന്‍ അധികാരത്തിലേറുകയാണ്.
പക്ഷേ അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ബംഗ്ലാദേശില്‍ ഇപ്പോള്‍ ഹിന്ദു- സിഖ് ന്യുനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന നരനായാട്ട് അവസാനിപ്പിക്കാനും, രാജ്യത്തെ അഴിമതിവിമുകതമാക്കാനും, താരിഖിന് കഴിയുമോ? ജമാഅത്തെ ഇസ്ലാമിയേക്കാള്‍ ഭേദം എന്നല്ലാതെ, മുന്‍കാല ചെയ്തികള്‍ വെച്ചുനോക്കുമ്പോള്‍ താരിഖ് ഭരണത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തേണ്ട എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
ബിസിനസുകാരനില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്
1967 നവംബര്‍ 20-ന്, ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനായി അവിഭക്ത പാക്കിസ്ഥാനിലെ കറാച്ചിയിലാണ് താരിഖ് റഹ്‌മാന്‍ ജനിച്ചത്. പിനോ എന്നായിരുന്നു അവന്റെ ചെറുപ്പത്തിലെ വിളിപ്പേര്. ധാക്കയിലെ പ്രശസ്തമായ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് താരിഖ് സ്‌കൂള്‍ പഠനം ആരംഭിച്ചത്.പിന്നീട് ധാക്ക റെസിഡന്‍ഷ്യല്‍ മോഡല്‍ കോളേജില്‍ ചേര്‍ന്നു. ഇവിടെ നിന്നാണ് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് , ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് എന്നിവ പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ പഠനത്തിന് ശേഷം അദ്ദേഹം ധാക്ക സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു ബിരുദപഠനം നടത്തിയത്. പഠനകാലത്ത് താരിഖ് കായിക പ്രേമിയായിരുന്നു. ക്രിക്കറ്റിലും ഫുട്ബോളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സ്‌കൂള്‍-കോളജ് ടീമുകളില്‍ അദ്ദേഹം അംഗമായിരുന്നു. ഒരു വിഐപി കുടുംബത്തിലെ അംഗമായിരുന്നിട്ടും സഹപാഠികളുമായി വളരെ സൗഹൃദത്തിലായിരുന്നു അദ്ദേഹം. എങ്കിലും, പിതാവ് സിയാവുര്‍ റഹ്‌മാന്‍ പ്രസിഡന്റായിരുന്ന കാലത്ത് കടുത്ത സുരക്ഷാ വലയത്തിലായിരുന്നു താരിഖ് വളര്‍ന്നത്. ഇത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെയും വിനോദങ്ങളെയും ബാധിച്ചു. കോളജില്‍ പഠിക്കുമ്പോഴൊന്നും രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠനശേഷം, 1994-ല്‍ അദ്ദേഹം ഡോ. സുബൈദ റഹ്‌മാനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് സൈമ റഹ്‌മാന്‍ എന്നൊരു മകളുണ്ട്.
യൗവനത്തില്‍ താരിഖിന് ബിസിനസിലായിരുന്നു താല്‍പ്പര്യം. അദ്ദേഹം സ്വന്തമായി ആരംഭിച്ച 'റഹ്‌മാന്‍ ഗ്രൂപ്പ്' എന്ന സ്ഥാപനം ടെക്സ്റ്റൈല്‍സ്, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 'അമര്‍ ദേശ്' എന്ന ദിനപത്രത്തിന്റെ ഉടമസ്ഥാവകാശത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. പിതാവ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെടുമ്പോള്‍ (1981) താരിഖ് കൗമാരക്കാരനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി രാഷ്ട്രീയത്തിലിറങ്ങിയത്. അമ്മയുടെ നിര്‍ബന്ധ പ്രകാരമാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് താരിഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
1988-ല്‍ ബോഗ്ര ജില്ലയിലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമിക അംഗമായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2001-ലെ തിരഞ്ഞെടുപ്പില്‍ ബി.എന്‍.പിയുടെ വിജയത്തിനായി താരിഖ് അണിയറയില്‍ ശക്തമായി പ്രവര്‍ത്തിച്ചു. 2002-ല്‍ പാര്‍ട്ടിയുടെ സീനിയര്‍ ജോയിന്റ് സെക്രട്ടറി ജനറലായി. താരിഖ് റഹ്‌മാന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു 'ഹവാ ഭവന്‍'. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതും യുവജന വിഭാഗത്തെ ഏകോപിപ്പിച്ചതും ഇവിടെ നിന്നായിരുന്നു. ഇത് പിന്നീട് ഒരു 'സമാന്തര ഭരണകേന്ദ്രം' എന്ന് വിളിക്കപ്പെട്ടു. തന്റെ ബിസിനസ് അദ്ദേഹം രാഷ്ട്രീയത്തിലുടെ വളര്‍ത്തി.
എന്തിനും കോടികളുടെ കമ്മീഷന്‍
താരിഖ് റഹ്‌മാന്‍ 'ഡാര്‍ക്ക് പ്രിന്‍സ്' എന്ന് അറിയപ്പെടുന്നത് അധികാരത്തിന് പിന്നിലിരുന്ന് ഭരണത്തെ നിയന്ത്രിച്ചതുമൂലമാണ്്. ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഭരണത്തില്‍, മകന്‍ സഞ്ജയ് ഗാന്ധി സര്‍ക്കാറിനെ നിയന്ത്രിച്ചപോലെയാണ്, ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന 2001-2006 കാലത്ത് താരിഖ് നടത്തിയ ഇടപെടലുകള്‍. ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാതിരുന്നിട്ടും, ഗവണ്‍മെന്റ് കരാറുകള്‍ മുതല്‍ മന്ത്രിമാരുടെ നിയമനം വരെ താരിഖ് നിയന്ത്രിച്ചിരുന്നു. ഷാഡോ പ്രൈം മിനിസ്റ്റര്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ഇക്കാലത്ത് വന്‍തോതിലുള്ള അഴിമതിയും കമ്മീഷന്‍ ഇടപാടുകളും നടന്നിരുന്നതായി ആരോപണമുണ്ട്. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അദ്ദേഹത്തെ 'അഴിമതിയുടെ പ്രതീകം'
എന്നാണ് വിശേഷിപ്പിച്ചത്.
2005-ല്‍ ധാക്കയിലെ അന്നത്തെ യുഎസ് ചാര്‍ജ് ഡി അഫയേഴ്സ് ജൂഡിത്ത് ചമ്മാസ് ആണ് താരിഖ് റഹ്‌മാനെ ആദ്യമായി 'ഡാര്‍ക്ക് പ്രിന്‍സ്' എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പക്കലുള്ള വന്‍ സാമ്പത്തിക സ്രോതസ്സും രാഷ്ട്രീയ തന്ത്രജ്ഞതയും ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിശേഷണം. ബംഗ്ലാദേശിലെ ബിസിനസുകാരും രാഷ്ട്രീയക്കാരും താരിഖ് റഹ്‌മാന്റെ ഓഫീസിലേക്ക് നല്‍കേണ്ടി വന്നിരുന്ന 'അനധികൃത ടോളുകളെ' കുറിച്ചുള്ള നിരന്തരമായ പരാതികളാണ് യുഎസ് നയതന്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനും മന്ത്രിസഭാ നിയമനങ്ങള്‍ക്കും ഹവാ ഭവന്‍ വഴി കൈക്കൂലി നല്‍കേണ്ടി വരുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ( നമ്മുടെ സഞ്ജയ് ഗാന്ധിയുടെ കാലത്തും ഇതേ ആരോപണം ശക്തമായിരുന്നു)
യുഎസ് നയതന്ത്ര രേഖകളില്‍ താരിഖിന്റെ സമ്പത്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ താരിഖ് നൂറുകണക്കിന് ദശലക്ഷം ഡോളര്‍ സമ്പാദിച്ചതായി പറയുന്നു. ഏകദേശം 2,000 കോടി ബംഗ്ലാദേശി ടാക്ക അദ്ദേഹം വിദേശത്തേക്ക് കടത്തിയതായും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപിച്ചതായും ആരോപണങ്ങളുണ്ട്. സിമെന്‍സ് പോലുള്ള വന്‍കിട കമ്പനികളില്‍ നിന്നുള്ള എല്ലാ ഇടപാടുകള്‍ക്കും 2 ശതമാനം കമ്മീഷന്‍ താരിഖിന് ലഭിച്ചിരുന്നതായി പറയപ്പെടുന്നു.
ജൂഡിത്ത് ചമ്മാസും പിന്നീട് വന്ന അംബാസഡര്‍ ജെയിംസ് എഫ്. മോറിയാര്‍ട്ടിയും അഴിമതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. താരിഖിന്റെ ചൂഷണത്തിന് ഇരയായ പ്രമുഖ ബിസിനസ് ഉടമകളുടെ മൊഴികള്‍ ഇതിന് തെളിവായി യുഎസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഹാര്‍ബിന്‍ 80 മെഗാവാട്ട് പവര്‍ പ്ലാന്റ് കരാറിനായി 7.5 ലക്ഷം ഡോളറും, മോനെം കണ്‍സ്ട്രക്ഷന്‍ 4.5 ലക്ഷം ഡോളറും കൈക്കൂലി നല്‍കിയതായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. താരിഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അമേരിക്കയുടെ എഫ്ബിഐ അന്വേഷണം നടത്തുകയും സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലെ 'കൊള്ളയടി ഭരണത്തിന്റെ' പ്രതീകമാണെന്നും അദ്ദേഹത്തിന് യുഎസിലേക്ക് പ്രവേശനം നിഷേധിക്കണമെന്നും 2008 മുതല്‍ 2011 വരെ ബംഗ്ലാദേശിലെ യുഎസ് അംബാസഡറായിരുന്നു
ജെയിംസ് മോറിയാര്‍ട്ടി ശുപാര്‍ശ ചെയ്തു. വിക്കിലീക്സ് ഈ രേഖകള്‍ പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ലോകമറിഞ്ഞത്.
തൂണുണ്ട്, പക്ഷേ വൈദ്യുതിയില്ല
ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന കുപ്രസിദ്ധിയും, താരിഖിനാണ്. അതാണ് വൈദ്യുതി പോസ്റ്റ് അഴിമതി. ഇതുമായി ബന്ധപ്പെട്ട് 'കംബ താരിഖ്' എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. ബംഗാളിയില്‍ കംബ എന്നാല്‍ പോസ്റ്റ് അല്ലെങ്കില്‍ തൂണ്‍ എന്നാണര്‍ത്ഥം. 2001-2006 കാലഘട്ടത്തില്‍ ഖാലിദ സിയ ഭരണത്തിലിരുന്നപ്പോള്‍, ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിക്കായി ആയിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു. താരിഖ് റഹ്‌മാന്റെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് ഈ പോസ്റ്റുകള്‍ വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഈ വൈദ്യുത തൂണുകള്‍ സ്ഥാപിച്ചെങ്കിലും അവയിലൊന്നും വൈദ്യുതി ലൈനുകള്‍ ബന്ധിപ്പിച്ചിരുന്നില്ല. വൈദ്യുതി നല്‍കാതെ വെറും തൂണുകള്‍ മാത്രം സ്ഥാപിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഈ 'ഒഴിഞ്ഞ തൂണുകള്‍' ഭരണകൂടത്തിന്റെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറി. ( പണ്ട് കേരളത്തിലും സമാനമായ അഴിമതിയുണ്ടായിരുന്നു. കരുണാകരന്‍ ഭരിക്കുമ്പോള്‍, ജലസേചന മന്ത്രി ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൈപ്പ് കുംഭകോണം. വലിയ പൈപ്പുകള്‍ എല്ലായിടത്തും ഇറക്കിയെങ്കിലും കുടിവെള്ളം മാത്രം വന്നില്ല. അതോടെ മന്ത്രി ഗംഗാധാരന്‍ പൈപ്പ് ഗംഗാധരന്‍ എന്ന പേരിലും അറിയപ്പെട്ടു!) താരിഖ് റഹ്‌മാന്റെ രാഷ്ട്രീയ ഓഫീസായ 'ഹവാ ഭവന്‍' കേന്ദ്രീകരിച്ചാണ് ഈ പോസ്റ്റ് കരാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന സര്‍ക്കാര്‍ കരാറുകളും നിയന്ത്രിച്ചിരുന്നത് എന്ന് ആരോപിക്കപ്പെടുന്നു. താരിഖ് റഹ്‌മാന്റെ സുഹൃത്തായ ഗിയാസുദ്ദീന്‍ അല്‍ മാമൂന്റെ ഉടമസ്ഥതയിലുള്ള 'ഖംബ ലിമിറ്റഡ്' എന്ന കമ്പനിയാണ് ഈ പോസ്റ്റുകള്‍ നിര്‍മ്മിച്ചിരുന്നത്. ഈ കമ്പനിക്ക് വഴിവിട്ട രീതിയില്‍ കരാറുകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്തു എന്നതാണ് പ്രധാന പരാതി.
വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് താരിഖിനുനേരെ വന്നത്. വിവിധ വൈദ്യുതി കമ്പനികളില്‍നിന്നായി, സിംഗപ്പൂരിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി 20.41 കോടി ടാക്ക കൈക്കൂലി വാങ്ങുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു എന്ന പരാതിയിയാണ് എറ്റവും ഗുരുതരം. 80 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ കരാര്‍ നല്‍കുന്നതിനായി നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണം വന്നു.വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിനായാണ് ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് കൈക്കൂലി നല്‍കേണ്ടി വന്നത്. ഈ തുക സിംഗപ്പൂരിലെ ഒരു ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും, താരിഖിന്റെ അടുത്ത അനുയായിയായ ഗിയാസുദ്ദീന്‍ അല്‍ മാമൂന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നും ഇതില്‍ നിന്നും ലഭിച്ച ഒരു ക്രെഡിറ്റ് കാര്‍ഡ് താരിഖ് റഹ്‌മാന്‍ ഉപയോഗിച്ചിരുന്നതായും എഫ്.ബി.ഐ കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശില്‍ സിമെന്‍സ് കമ്പനി നടത്തുന്ന എല്ലാ ബിസിനസ് ഇടപാടുകള്‍ക്കും കമ്മീഷന്‍ താരിഖ് റഹ്‌മാനും അദ്ദേഹത്തിന്റെ സഹോദരന്‍ അറഫാത്ത് റഹ്‌മാന്‍ കോക്കോയ്ക്കും ലഭിച്ചിരുന്നതായി യുഎസ് രേഖകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും എഫ്.ബി.ഐയും ഈ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുകയും സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിദേശ കറന്‍സിയിലായിരുന്നു ഈ പണം നല്‍കിയിരുന്നത്.ചുരുക്കിപ്പറഞ്ഞാല്‍, ദാരിദ്ര്യം വിളയാടുന്ന ബംഗ്ലാദേശിനെ വൈദ്യുതിവത്ക്കരിക്കുക എന്ന ലക്ഷ്യം പറഞ്ഞ് രാജ്യത്തെ കൊള്ളയടിക്കയാണ് താരിഖ് ചെയ്തത്,
അഴിമതികേസുകളില്‍ ശിക്ഷ, പക്ഷേ
പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അവസ്ഥ നോക്കിയാല്‍ അധികാരത്തിലുള്ളവര്‍ പറയുന്നത് അനുസരിച്ചാണ് കോടതി വിധികള്‍. ഇമ്രാന്‍ പ്രധാനമന്ത്രിയായാല്‍ നവാസ് ഷെരീഫ് ജയിലിലാവും. നവാസിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ കേസുകളെല്ലാം തേച്ച് മാച്ച് ഇമ്രാനെ ജയിലിലാക്കും! അതുപോലെ ഷേക്ക് ഹസീന അധികാരത്തിലേറിയാല്‍, ഖാലിദ സിയക്കെതിരെ കേസ് എടുക്കം. ഖാലിദ അധികാരത്തിലെത്തിയാല്‍ എല്ലാം തേഞ്ഞുമാഞ്ഞുപോവും. എന്നിട്ട് ഹസീനയെയും അവരുടെ ആളുകളെയും ജയിലാക്കും! ഇതുതന്നെയാണ് താരിഖിന്റെ കാര്യത്തിലും സംഭവിച്ചത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിവിധ കേസുകളില്‍ താരിഖ് റഹ്‌മാന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ട് വഴി 20 കോടി ടാക്ക കൈക്കൂലി വാങ്ങിയ കേസില്‍ ബംഗ്ലാദേശ് ഹൈക്കോടതി അദ്ദേഹത്തിന് 7 വര്‍ഷം തടവും 20 കോടി ടാക്ക പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ ധാക്കയിലെ പ്രത്യേക കോടതി താരിഖ് റഹ്‌മാന് 9 വര്‍ഷം തടവും ഭാര്യ സുബൈദ റഹ്‌മാന് 3 വര്‍ഷം തടവും വിധിച്ചിരുന്നു. 2004ല്‍ ഷെയ്ഖ് ഹസീനയെ ലക്ഷ്യം വെച്ച് നടന്ന ഗ്രനേഡ് ആക്രമണ കേസില്‍ താരിഖിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.
പക്ഷേ, 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് കടന്നതോടെ താരിഖ് റഹ്‌മാന്റെ നിയമപരമായ പദവിയില്‍ മാറ്റങ്ങള്‍ വന്നു. ഹെസീന സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെ, രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി താരിഖ് റഹ്‌മാനെ പല അഴിമതിക്കേസുകളില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കി. ഇതോടെ 17 വര്‍ഷത്തെ ലണ്ടന്‍ പ്രവാസത്തിന് ശേഷം അദ്ദേഹം ബംഗ്ലാദേശില്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വന്നു. അദ്ദേഹത്തിനെതിരെയുള്ള ബാക്കി കേസുകളിലും നിയമനടപടികള്‍ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മുന്‍ സര്‍ക്കാര്‍ ചുമത്തിയിരുന്ന മിക്ക കേസുകളും പിന്‍വലിക്കപ്പെടുകയോ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടുണ്ട്.
2007-ലെ സൈനിക പിന്തുണയുള്ള കെയര്‍ടേക്കര്‍ ഗവണ്‍മെന്റ് താരിഖിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയും ചെയ്തു എന്ന് ആരോപണമുണ്ട്. പിന്നീട് ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം അവിടെ നിന്നാണ് പാര്‍ട്ടിയെ നയിച്ചത്. 2008 മുതല്‍ താരിഖ് റഹ്‌മാന്‍ ലണ്ടനിലാണ് രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ഒരു ആഡംബര വസതിയിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം കഴിഞ്ഞത്. ഇതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ബംഗ്ലാദേശ് അന്വേഷണ ഏജന്‍സികള്‍ പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതിഛായ മാറ്റാന്‍ നീക്കം
2024-ല്‍ ഷെയ്ഖ് ഹസീനയുടെ പതനത്തോടെ അവാമി ലീഗ് തകര്‍ന്നു. അതോടെ ബംഗ്ലാദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ബി.എന്‍.പി മാറി. താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുമായി. ലണ്ടനിലിരുന്നു കൊണ്ടുതന്നെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചിരുന്നു. പാര്‍ട്ടിയുടെ എല്ലാ പ്രധാന തീരുമാനങ്ങളും താരിഖാണ്് എടുത്തിരുന്നത്. 'ഡാര്‍ക്ക് പ്രിന്‍സ്' എന്ന പഴയ പ്രതിച്ഛായ മാറ്റി, ഒരു 'ജനകീയ നേതാവ്' എന്ന നിലയില്‍ സ്വയം അവതരിപ്പിക്കാനാണ് താരിഖ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവാക്കള്‍ക്കിടയില്‍ താരിഖിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വര്‍ഷങ്ങളോളം അടിച്ചമര്‍ത്തപ്പെട്ടിട്ടും ബി.എന്‍.പിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും ശക്തരാണ്. ഹസീന വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ബംഗ്ലാദേശിനെ നയിക്കുമെന്ന് ഉറപ്പാണ്. പക്ഷേ പല കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, 21 ഓഗസ്റ്റ് ഗ്രനേഡ് ആക്രമണ കേസ് പോലുള്ള ചില കേസുകളില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇത് അനുസരിച്ചിരിക്കും താരിഖിന്റെ രാഷ്ട്രീയ ഭാവി.
കടുത്ത കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടികൂടിയാണ് ബിഎന്‍പി. അതുകൊണ്ടുതന്നെ, താരിഖ് റഹ്‌മാന്റെ ഏക മകളായ സൈമ റഹ്‌മാന്‍ ബി.എന്‍.പിയുടെ അടുത്ത തലമുറ നേതാവായി ഉയര്‍ന്നു വരുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ താരിഖിന്റെ പി ആര്‍ വര്‍ക്കുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മകളാണ്.
ലണ്ടനിലെ പ്രശസ്തമായ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമ ബിരുദം നേടിയ സൈമ നിലവില്‍ ലണ്ടനിലെ ലിങ്കണ്‍സ് ഇന്‍ ബാരിസ്റ്ററാണ്. സിയാവുര്‍ റഹ്‌മാന്റെയും ഖാലിദ സിയയുടെയും കൊച്ചുമകള്‍ എന്ന നിലയില്‍ സൈമയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വാസദ രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ സൈമ റഹ്‌മാന്റെ പേരും ചര്‍ച്ചകളില്‍ നിറഞ്ഞത്. എന്നാല്‍, അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബംഗ്ലാദേശിലെ പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട കടമ്പകള്‍ കടക്കേണ്ടതുണ്ട്. പക്ഷേ താരിഖിനുശേഷം സൈമ തന്നെയാണ് പാര്‍ട്ടിയെ നയിക്കുക എന്ന് ഉറപ്പായിട്ടുണ്ട്. കുടുംബാധിപത്യ പാര്‍ട്ടികളില്‍ കാര്യങ്ങള്‍ അങ്ങനെ തന്നെയാണെല്ലോ.
വാല്‍ക്കഷ്ണം: എന്തൊക്കെപ്പറഞ്ഞാലും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, കൊടും വര്‍ഗീയ വിഷമായ ജമാഅത്തെ ഇസ്ലാമിയെ മറ്റിനിര്‍ത്തി എന്നതിന്റെ പേരില്‍ ബംഗ്ലാ ജനങ്ങള്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. ആകെയുള്ള 299 സീറ്റുകളില്‍ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് വെറും 70 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഇന്ത്യയുമായി കുറച്ചുകൂടി നല്ല ബന്ധവും പ്രതീക്ഷിക്കാം.
