ശുചീകരണ തൊഴിലാളി മദ്യപാനിയായ സൈക്കോ; കുട്ടികള്‍ക്ക് പകരം പട്ടികളെ വളര്‍ത്തിയ സുജാത ഭട്ടിനും വിഭ്രാന്തി; അരക്കോടി ചെലവിട്ട കുഴിക്കലില്‍ കേസ് അടപടലം ചീറ്റി; പിന്നില്‍ ഭൂമാഫിയയും ക്രമിനലുകളും; ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡോ?
ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡോ?
സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞ ചില ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടില്ലേ? നമുക്ക് ഇവനാണ് വില്ലനെന്ന് ഒരു സുചനയും കിട്ടാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവും. അവസാനമാണ് നായകന്‍, പ്രതിനായകനാവുക. കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് വന്ന കൂട്ടസംസ്‌ക്കാര ആരോപണവും ശരിക്കും 'പവനാഴി ശവമായി' എന്നു പറഞ്ഞ അവസ്ഥയിലാണ്. മലപ്പുറം കത്തി, അമ്പും വില്ലും എന്നൊക്കെപ്പറഞ്ഞപോലെ, എന്തൊക്കെയായിരുന്ന ആരോപണങ്ങള്‍. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഒരു ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നു, കൈകാല്‍ വെട്ടിയതും ബലാത്സഗം ചെയ്യപ്പെട്ടതുമായ നൂറിലധികം പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌ക്കരിച്ചു, ധര്‍മ്മസ്ഥലയിലും പരസരത്തുനിന്നുമായി 2000 ത്തോളം സ്ത്രീകളെ കാണാതായിട്ടുണ്ട്.....
അങ്ങനെ പോവുന്ന ആരോപണങ്ങളുടെ നീണ്ട നിര. 1995 മുതല്‍ 2014 വരെ ഇവിടെ ശുചീകരണത്തൊഴിലാളിയായിരുന്ന ചിന്നയ്യ താന്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ടെന്ന്, കോടതിയില്‍ മൊഴി നല്‍കിയതോടെ ധര്‍മ്മസ്ഥല അധര്‍മ്മസ്ഥലയായി. മലയാള മാധ്യമങ്ങള്‍ ആവേശത്തോടെ വിഷയം ഏറ്റെടുത്തത്. പറഞ്ഞു പറഞ്ഞ് കാണാതായവരുടെ എണ്ണം ഇരുപതിനായിരം വരെ എത്തി! ഇവിടുത്തെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡേ ഒറ്റരാത്രികൊണ്ട് വില്ലനായി. സമ്മര്‍ദങ്ങള്‍ ശക്തമായതോടെയാണ്, കര്‍ണ്ണാടക ഭരിക്കുന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ( എസ്ഐടി) മുന്‍ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങളില്‍ കുഴിക്കല്‍ തുടങ്ങിയത്. രണ്ടാഴ്ചയിലധികം നീണ്ട കുഴിക്കലിന് അരക്കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത്. ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങളില്‍ കൂഴിച്ച സംഘത്തിന് കൂട്ടക്കുഴിമാടങ്ങള്‍ ഒന്നും കണ്ടെത്താല്‍ കഴിഞ്ഞില്ല. ആകെ ഒരേ ഒരു അസ്ഥികൂടമാണ് കിട്ടിയത്.
ഈ സമയത്തുതന്നെ സുജാത ഭട്ട് അടക്കമുള്ള കേസിലെ മറ്റ് സാക്ഷികള്‍ മൊഴിമാറ്റി. തനിക്ക് അനന്യ ഭട്ട് എന്ന ഒരു മകള്‍പോലുമില്ല എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എല്ലാം കെട്ടിച്ചമച്ച കഥകളാണ് എന്ന് തെളിഞ്ഞതോടെ, ശുചീകരണതെത്താഴിലാളി ചിന്നയ്യ അറസ്റ്റിലായി. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റിക്കാര്‍ കൂട്ടത്തോടെ മുങ്ങിയിരിക്കയാണ്. ലോറിക്കാരന്‍ മനാഫ് അടക്കം വിഷയം കത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡായി മാറിയിരിക്കയാണ്. യഥാര്‍ത്ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിച്ചത്.
ചിന്നയ്യ സൈക്കോ?
മാനസിക വിഭ്രാന്തിയുള്ള ആളുകളുടെ മൊഴി വിശ്വസിച്ചുപോയാതാണ്, ഇവിടെ പൊലീസിനും മാധ്യമങ്ങള്‍ക്കും പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നാണ് നിഷ്പക്ഷരായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സൗജന്യ എന്ന 17കാരിയുടെ ബലാല്‍സംഗക്കൊലയിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടര്‍ന്നുണ്ടായ ജന വികാരം ഒരു മാസ്ഹിസ്്റ്റീരിയപോലെ ബാധിച്ചിരിക്കുന്ന സമയത്താണ്, മൂന്‍ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയും, തന്റെ മകള്‍ അനന്യഭട്ടിനെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍വെച്ച് കാണാതായി എന്ന് പറഞ്ഞ് സുജാത ഭട്ടും രംഗത്തുവരുന്നത്. ഇവരെ കണ്ണടച്ച് വിശ്വസിച്ചതാണ് പൊലീസിന് പറ്റിയ ആദ്യത്തെ തെറ്റെന്നാണ്, സുവര്‍ണ്ണന്യൂസ് അടക്കമുള്ള കന്നഡ മാധ്യമങ്ങള്‍ പറയുന്നത്.
പക്ഷേ ഇവര്‍ രണ്ടുപേരും വളരെ 'ജനുവിനായാണ്' കാര്യങ്ങള്‍ അവതരിപ്പിച്ചത്. കൂട്ടക്കുഴിമാടങ്ങള്‍ സത്യമാണെന്ന് കാണിക്കാനായി, ചിന്നയ്യ ഒരു തലയോട്ടിയും കൈയിലെടുത്താണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അത് താന്‍ കൂഴിച്ചിട്ട ഒരു സ്ത്രീയുടേതാണെന്ന് അയാള്‍ പറഞ്ഞത്. പക്ഷേ ഫോറന്‍സിക്ക് പരിശോധനയില്‍ അത് പുരുഷന്റേതാണെന്ന് തെളിഞ്ഞു. ഈ തലയോട്ടി ഏതോ ശ്മശാനത്തില്‍ നിന്ന് അയാള്‍ അടിച്ചുമാറ്റിയാതാണെന്നും പൊലീസിന് സംശയമുണ്ട്. ഇതും, കുഴിക്കലില്‍ കാര്യമായി ഒന്നും കിട്ടാതാവുകയും ചെയ്തതോടെയാണ് പൊലീസിന് സംശയം വന്നത്. എസ്‌ഐടി 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസില്‍ മൊഴി നല്‍കുകമാത്രമല്ല, 164 അനുസരിച്ച് കോടതിയിലും ഇയാള്‍ മൊഴി നല്‍കി. കുറ്റബോധം കൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം കാര്യം പറയുന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്. ഇതൊക്കെ ഒറ്റയടിക്ക് ആരും വിശ്വസിച്ചുപോവും.
അതിനിടെ സാക്ഷി ചിന്നയ്യക്കെതിരെ കുടുംബം രംഗത്തെത്തിയത്. ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ആദ്യ ഭാര്യ കന്നഡ ചാനലുകളോട് പറഞ്ഞു. അയാള്‍ നല്ല മനുഷ്യനല്ലെന്നും എപ്പോഴും തന്നെയും കുട്ടികളെയും മര്‍ദിക്കുമെന്നും ഒരു സൈക്കോയാണെന്നും ആദ്യഭാര്യ ആരോപിച്ചിരുന്നു. ധര്‍മസ്ഥലയ്ക്കെതിരെ ആരോപണം നടത്തിയത് പണത്തിന് വേണ്ടിയാണെന്നും ഭാര്യ പറയുന്നു. തനിക്കൊപ്പം മറ്റ് നാലുപേര്‍ കൂടി ജോലിചെയ്തിരുന്നുവെന്നും അവരെയും വിസ്തരിക്കണമെന്ന് ചിന്നയ്യ പറഞ്ഞിരുന്നു. എന്നാല്‍ സാക്ഷിയുടെ സുഹൃത്തായ ഒപ്പം ജോലി ചെയ്തയാള്‍ പറയുന്നത്, ആ സമയത്തൊന്നും തന്നെ ഇത്തരത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടില്ല എന്നാണ്.
പക്ഷേ ഇന്ത്യാടുഡേക്ക് മുഖം മറച്ചു നല്‍കിയ അഭിമുഖത്തിലും ആര്‍ക്കും സംശയം തോന്നാത്ത നിലയിലാണ് ചിന്നയ്യ സംസാരിക്കുന്നത്. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്‌നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും അയാള്‍ പറഞ്ഞത്. 'ഞങ്ങള്‍പോയ റോഡുപോലും കാണാനില്ല. നേത്രാവതി നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ മൊത്ത പാറക്കൂട്ടങ്ങളാണ്. ഞാന്‍ എന്റെ ഓര്‍മ്മയില്‍നിന്ന് എടുത്താണ് സ്ഥലങ്ങള്‍ പറയുന്നത്. ഞാന്‍ എസ്ഐടിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്നാല്‍ എസ്ഐടി എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല''- അറസ്റ്റിലാവുന്നതിന് മുമ്പ് ചിന്നയ്യ പറഞ്ഞത് അങ്ങനെയായിരുന്നു. എന്നാല്‍ ചിന്നയ്യക്ക് പണം കിട്ടിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ എസ്ഐടി പരിശോധിച്ച് വരികയാണ്.
സുജാത ഭട്ടിനും വിഭ്രാന്തി
തന്റെ മകള്‍ മരിച്ചുപോയെന്നൊക്കെ ലോകത്തില്‍ ഏതെങ്കിലും ഒരു അമ്മ കളവുപറയുമോ? പക്ഷേ ഇല്ലാത്ത മകളുടെ ഇല്ലാത്ത മരണത്തിന്റെ പേരിലാണ്, സുജാതഭട്ട് കര്‍ണ്ണാടക പൊലീസിനെയും ഇന്ത്യന്‍ മാധ്യമങ്ങളെയും മൊത്തത്തില്‍ കബളിപ്പിച്ചത്!
ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍വെച്ച് കാണാതായ തന്റെ മകളുടെ അസ്ഥിയെങ്കിലും എടുത്തുതരണമെന്ന അഭ്യര്‍ത്ഥനയോടെ 'ആ അമ്മ' രംഗത്തെത്തിയത്. സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറാണ് താന്‍ എന്നാണ് സുജാത് ഭട്ട് പറഞ്ഞിരുന്നത്. അവര്‍ പറയുന്ന കഥ ഇങ്ങനെയാണ്-'2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയതായിരുന്നു. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ ഞാന്‍, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ പറഞ്ഞു.
പക്ഷേ, ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല. എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് എന്നെ കൂട്ടിക്കൊണ്ടുപോയി. സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു.''- ഇങ്ങനെയാണ് അവര്‍ പൊലീസിന് മൊഴി നല്‍കിയത്.
പക്ഷേ അന്വേഷണം പുരോഗമിക്കേ സുജാത ഭട്ട് മൊഴിമാറ്റി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് സുജാത പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി തുടങ്ങിയവരുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരം കാര്യം പറഞ്ഞതെന്ന് സുജാത ഭട്ട് പറഞ്ഞു. ഇന്‍സൈറ്റ്റഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജാതയുടെ പരാമര്‍ശം. അനന്യയുടെതെന്ന് പറഞ്ഞ് കാണിച്ച ചിത്രവും വ്യാജമായിരുന്നു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ അങ്ങനെ ഒരു കുട്ടിയേ പഠിച്ചിരുന്നില്ല. അത് അവരുടെ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ കുട്ടിയാണ്.
99 നും 2005 നും ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗ എന്ന വ്യക്തിയുമായി സുജാത ലിവ്-ഇന്‍ ബന്ധത്തിലുമായിരുന്നുവെന്നാണ് കന്നഡ മാധ്യമങ്ങള്‍ നടത്തിയ ഒരു അന്വേഷണത്തില്‍ പറഞ്ഞത്. അവര്‍ക്ക് കുട്ടികളും ഇല്ലായിരുന്നു. ഇവര്‍ മക്കള്‍ക്ക് പകരം പട്ടികളെയാണ് വളര്‍ത്തിയിരുന്നത്. 2003-ല്‍ കന്നട പ്രാദേശിക മാസികയില്‍ അവരുടെ ഫോട്ടോ ഉള്‍പെടെ ഒരു ലേഖനവും ഉണ്ടായിരുന്നു. പട്ടികളാണ് തന്റെ കുട്ടികള്‍ എന്നാണ് അവര്‍ ഇതില്‍ പറഞ്ഞിരുന്നത്.
ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോഴാണ് അവരുടെ മാനസിക നിലയില്‍ സംശയം വരിക. മാത്രമല്ല ഇവര്‍ ഒരു അര്‍ബന്‍ മാവോയിസ്റ്റാണെന്നും കന്നഡ മാധ്യമങ്ങള്‍ പറയുന്നു. ഇതിലും അന്വേഷണം നടക്കയാണ്. നിലവില്‍ സുജാത ഭട്ടിനെതിരെ കേസ് എടുത്തിട്ടില്ല. അവര്‍ താമസിക്കുന്ന വീടിനുമുന്നിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ മുത്തഛന്റെ സ്വത്തുക്കള്‍ തന്നോട് ചോദിക്കാതെ കൈമാറിയ ഒരു കേസുമായി ബന്ധപ്പെട്ട് താന്‍ മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും സുജാത ഭട്ട് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല ഒരു ഹിന്ദുക്ഷേത്രമായ ധര്‍മ്മസ്ഥല ജൈന ട്രസ്റ്റ് നിയന്ത്രിക്കുന്നതിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.
പിന്നില്‍ ഹിന്ദു-ജൈന പോര്?
അവസാനം സുജാത് ഭട്ട് പറഞ്ഞതില്‍ കുറച്ച്കാര്യങ്ങള്‍ ഇല്ലാതില്ല. ഒരു ഹിന്ദുക്ഷേത്രം ജൈന ട്രസ്റ്റ് നിയന്ത്രിക്കുന്നതിലും, അവിടുത്തെ കോടികളുടെ വരുമാനം കൊണ്ടുപോകുന്നതിലും, എതിര്‍പ്പുള്ള ധാരാളം പേരുണ്ട്. ഹിന്ദു ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരായി, ദിഗംബര ജൈന സമുദായത്തില്‍ പെട്ടവര്‍ എത്തുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എറ്റവും വിചിത്രം, മഞ്ജുനാഥ ക്ഷേത്രം ഒരു കുടുംബ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. വര്‍ഷം നാല്‍പ്പതു ലക്ഷത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു എന്നാണ് ഏകദേശ കണക്ക്. അവിടെ കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍ ഒരു കുടുംബത്തിലേക്കാണ് ചെന്നെത്തുന്നത്. ഇവിടെ യാതൊരു ഓഡിറ്റുമില്ല. ഇ ഡി ആദായനികുതി വകുപ്പ് പരിശോധനയില്ല.
ഇവിടെ വന്നുവീഴുന്ന ശതകോടികള്‍ എടുത്ത്, ചെറിയ ഒരു വരുമാനം സാമൂഹിക സേവനത്തിനായി വിനിയോഗിക്കയാണ് ഹെഗ്‌ഡേ കുടംബം ചെയ്യുന്നത് എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ വഴി, കുടിവെള്ള പദ്ധതികള്‍ വന്നാലും, അത് ഹെഗ്‌ഡേ കുടുംബത്തിന്റെ ക്രെഡിറ്റിലാവും അറിയപ്പെടുക. ഒരു ജൈന ട്രസ്റ്റ് നടത്തുന്നതുകാണ്ടാണ് സര്‍ക്കാര്‍, മഞ്ജുനാഥ ക്ഷേത്രം ഏറ്റെടുക്കാത്തത് എന്നാണ് വാദം. ജൈനര്‍ക്ക് ഒപ്പം ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ധര്‍മസ്ഥലയിലെ ഇതര ബ്രാഹ്‌മണ കുടുംബങ്ങളാണ്. പക്ഷേ ഇപ്പോള്‍ വിവാദങ്ങളെ തുടര്‍ന്ന് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
എന്നാല്‍ ഹിന്ദുക്ഷേത്രം തങ്ങള്‍ പിടിച്ചെടുത്തതല്ല എന്നും പരമ്പരാഗതമായ ആചാരത്തിന്റെ ഭാഗമായാണ് ക്ഷേത്രം തങ്ങളുടെ കൈയില്‍വന്നത് എന്നും ഐതിഹ്യം ഉദ്ധരിച്ചുകൊണ്ട് ഹെഗ്ഡേ കുടുംബം പറയുന്നു.സ്വത്ത് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങളും വീരേന്ദ്ര ഹെഗ്‌ഡെ നിഷേധിച്ചു. 'കുടുംബത്തിന്റെ പേരില്‍ വളരെ കുറച്ച് സ്വത്ത് മാത്രമാണുളളത്. എല്ലാ സ്വത്തുക്കളും ട്രസ്റ്റിന്റെ പേരിലാണ്. അതിനെല്ലാം രേഖകളുമുണ്ട്. കുടുംബാംഗങ്ങള്‍ സുതാര്യതയോടെ തന്നെ ട്രസ്റ്റിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നുണ്ട്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. ഒരാള്‍ ബെംഗളൂരുവിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്നു. മറ്റൊരാള്‍ ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നു. ഒരു സഹോദരിയുണ്ട്. അവരുടെ ഭര്‍ത്താവാണ് എസ്ഡിഎം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ പേരിലാണ്'- വീരേന്ദ്ര ഹെഗ്‌ഡെ പറയുന്നു. പക്ഷേ സത്യത്തില്‍ ഇത് കുളപ്പുള്ളി അപ്പന്റെ ട്രസ്റ്റ്പോലെയാണെന്നത് വേറെ കാര്യം. ഇവര്‍ ബന്ധുക്കള്‍ തന്നെയാണ് ഇതിന്റെ നടത്തിപ്പുകാരും. ഇങ്ങനെ ഹിന്ദുക്കളുടെ പണം ജൈനര്‍ കൊയ്യുന്നു എന്ന ആരോപണമുള്ള കുറച്ച് ഉന്നതരും ധര്‍മ്മസ്ഥലക്കെതിരെയായ കുപ്രചാരണത്തില്‍ പങ്കാളികളായിട്ടുണ്ട്.
അതുപോലെ കോണ്‍ഗ്രസ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള വടംവലിയും ധര്‍മ്മസ്ഥലയെ പ്രതികൂലമായി ബാധിച്ചു. തുടക്കം തൊട്ടേ ധര്‍മ്മസ്ഥലക്ക് അനുകൂല നിലപാടാണ് ഡി കെ എടുത്തത്. എന്നാല്‍ ഇത് സംഘപരിവാര്‍ അജണ്ടയാണെന്ന് വിമര്‍ശനമുയര്‍ന്നു. കടുത്ത സംഘവിരോധിയായ സിദ്ധരാമയ്യ അതോടെ, അന്വേഷണം തീരുമാനിച്ചുവെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ഇതില്‍ ഡി കെക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ ധര്‍മ്മസ്ഥലയിലെ ട്വിസ്റ്റുകള്‍ക്കുശേഷം ഡി കെ ഇങ്ങനെ പ്രതികരിച്ചു. -''ഞങ്ങള്‍ അവരുടെ പക്ഷത്തോ ഈ പക്ഷത്തോ അല്ല. ഞങ്ങള്‍ നീതിയുടെ പക്ഷത്താണ്. മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ധര്‍മ്മസ്ഥല കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് ഞാനാണ്''- ഫലത്തില്‍ മുഖ്യമന്ത്രിക്കിട്ടുള്ള ഒരു കുത്തായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ദ ക്രിമിനല്‍ സിറ്റി
ധര്‍മ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് കേസുകള്‍ ഉള്ളവരാണ് ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് കന്നഡ മാധ്യമങ്ങള്‍ ഒരുപോലെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടിയെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതാണ് അറസ്റ്റ്. പക്ഷേ ഫലത്തില്‍ ഇത് ധര്‍മ്മസ്ഥലക്കെതിരെ പണിഞ്ഞവന് തിരിച്ചു പണിയുക എന്ന രീതിയിലുള്ളതാണ്.
വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് മഹേഷ് ഷെട്ടി തിമ്മരോടി എന്നാണ് ധര്‍മ്മസ്ഥല അനുകൂലികള്‍ പറയുന്നത്. പല ഭൂമികളും ക്ഷേത്രത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ച മഹേഷ് ഷെട്ടി തിമ്മരോടിയുടെ കള്ളങ്ങള്‍ ക്ഷേത്രാധികാരികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തിമ്മരോടിയി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രാധികാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് മഹേഷ് തിമ്മരോടി മഞ്ജുനാഥക്ഷേത്രത്തിനും ധര്‍മ്മാധികാരിയും രാജ്യസഭാ എംപിയുമായ വീരേന്ദ്ര ഹഗ്ഗഡെയ്‌ക്കെതിരെ ഗൂഢാലോചന തുടങ്ങിയെന്നാണ് വിശ്വാസി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. എസ്‌ഐടി ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.
മരണം അത്ര വലിയ സംഭവമല്ല ധര്‍മ്മസ്ഥലയില്‍. ഇവിടെവെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ട്. കാശിയില്‍ പോവാന്‍ കഴിയാത്തവര്‍ പലപ്പോഴും, ധര്‍മ്മസ്ഥലയിലേക്കാണ് വരുന്നത്. ഇങ്ങനെ ഒരുപാട് വയോധികരും, ഭിക്ഷക്കാരുമൊക്കെ ഇവിടെ ധാരാളമുണ്ട്. സൗജന്യഭക്ഷണം കിട്ടുമെന്നതും, ആളുകളെ ഇങ്ങോട്ട് എത്തിക്കുന്നു. ദിവസവും അയ്യായിരത്തോളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ധര്‍മ്മസ്ഥല അടക്കള നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലില്‍വരെ വാര്‍ത്തായായി. അതുപോലെ വയോധികരെയും ഭിന്നശേഷിക്കാരെയും നടതള്ളുന്ന രീതിയുമുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ മരിച്ചാല്‍ അത് ക്ഷേത്രത്തിന് സംസ്‌ക്കരിക്കേണ്ടതായി വന്നിട്ടുണ്ടാവും. അതും കൊലപാതകങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്താണ് പ്രചാരണം നടത്തുന്നത് എന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ തങ്ങള്‍ സംസ്‌ക്കരിക്കാറില്ലെന്നും, പഞ്ചായത്തിനെ വിവരം അറിയിക്കുകയും അവരെത്തി മൃതദേഹം സംസ്‌കരിക്കുകയാണ് രീതിയെന്നാണ് ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ വീരേന്ദ്രഹെഗ്ഡേ പറയുന്നത്.
പക്ഷേ നിഷേധിക്കാന്‍ പറ്റാത്ത മറ്റൊരുകാര്യം ധര്‍മ്മസ്ഥലയും, ബെല്‍ത്തങ്ങാടിയുമൊക്കെ ക്രിമിനലിസം കൂടുതലായ പ്രദേശങ്ങള്‍ തന്നെയാണ് എന്നതാണ്. അതിന്റെ പ്രധാന ഒരുഘടകവും ഈ സൗജന്യ ഭക്ഷണമാണ്. കേരളത്തില്‍നിന്നടക്കം ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ ധര്‍മ്മസ്ഥലയിലേക്ക് മുങ്ങുന്ന ഒരു രീതി നേരത്തെയുണ്ടായിരുന്നു. ഈ പരിപാടി വര്‍ഷങ്ങളോളം തുടര്‍ന്നപ്പോള്‍ ഫലത്തില്‍ ധര്‍മ്മസ്ഥല ഒരു ക്രിമിനല്‍ സിറ്റിയായി മാറി. ഈ പുറമേനിന്ന് വന്ന്കൂടിയ ആക്രമികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ഫലത്തില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ പിരടിക്കാണ് വന്നുചേര്‍ന്നത്. പിന്നെ ഏതൊരു പ്രദേശത്തിന്റെയും പത്തമ്പതുവര്‍ഷത്തെ ചരിത്രമെടുത്താല്‍ അവിടെ ഒരുപാട് അതിക്രമങ്ങളുടെ കഥകള്‍ കാണും. അവക്കെല്ലാം ഉത്തരവാദി ഒരു ക്ഷേത്രവും കൂടുംബവും ആണെന്ന് പറയുന്നതില്‍ കഥയില്ല.
എന്നാല്‍ ഹെഗ്ഡേ കുടുംബത്തിനും ഇവിടെ ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ കഴിയില്ല. 1979-ല്‍ ഉണ്ടായ വേദവല്ലിക്കേസുതൊട്ട് പതിറ്റാണ്ടുകളായി ധര്‍മ്മസ്ഥലക്ഷേത്രത്തെ ചുറ്റിപ്പറ്റി പെണ്‍കുട്ടികളുടെ കാണാതാവാല്‍ നടക്കുകയാണ്. ശരിക്കും വീരേന്ദ്ര ഹെഗ്‌ഡേയല്ല പ്രശ്‌നക്കാരന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറും കൂട്ടരുമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ചില ക്രിമിനല്‍ സ്വഭാവമുള്ള ജീവനക്കാര്‍ വഴി ഹര്‍ഷേന്ദ്ര കുമാറാണ് അഴിഞ്ഞാടുന്നത്. ധര്‍മ്മസ്ഥലയിലെ പൊലീസും കോടതിയം, ആരാച്ചാരുമെല്ലാം ഇന്നും ഹെഗ്ഡേ ഫാമിലിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ധര്‍മ്മസ്ഥലയിലും പരിസരത്തും ആര് എന്ത് മികച്ച സംരംഭം തുടങ്ങിയാലും അത് അവസാനം ഹെഗ്‌ഡേ ഫാമിലിയുടെ കൈയിലെത്തും. നല്ല രീതിയില്‍ ഫാം നടത്തുന്നവരെ, ഭീഷണിപ്പെടുത്തി എഴുതിവാങ്ങും. അതിന് അവര്‍ ഒരു വില നിശ്ചയിക്കും. അത് മേടിച്ച് സ്ഥലം വിട്ടോളണം. ഇല്ലെങ്കില്‍ ജീവന്‍ കാണില്ല. അങ്ങയൊണ് തന്റെ പിതാവിന് ജീവന്‍ നഷ്ടമായത് എന്നാണ് മലയാളിയായ അനീഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇങ്ങനെ സംശയങ്ങളുടെ നിഴലിലാണ് ഹെഡ്ഡേ കുടുംബം. ഇതിനൊപ്പം ഒരു അവസരം കിട്ടിയപ്പോള്‍ എതിരാളികള്‍ അവിടെ നടന്ന മുഴുവന്‍ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഹെഗ്ഡേ കുടുംബത്തിനുമേല്‍ ചാര്‍ത്തി. ധര്‍മ്മസ്ഥല കൊലകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിക്കയും അത് പൊളിയുകയും ചെയ്തതോടെ, യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളില്‍നിന്നുപോലും ഹെഗ്ഡേ കുടുംബം തലയൂരിയെന്ന് വേണം പറയാന്‍.
ഉറച്ചുനില്‍ക്കുന്നത് സമീര്‍ മാത്രം
അതിനിടെ കേസില്‍ കേരളത്തിലെ മാധ്യമങ്ങളെയും, ലോറിക്കാരന്‍ മനാഫ് അടക്കമുള്ള വ്‌ളോഗര്‍മാര്‍ക്കെതിരെയും കന്നഡ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം വരുന്നുണ്ട്. ഇവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കേരളത്തിലെ ലോറിയുടമയായ മനാഫ് എങ്ങനെ ധര്‍മ്മസ്ഥ ആക്ഷന്‍ കമ്മറ്റിയുടെ മീഡിയ കണ്‍വീനറായി എന്നതും ദുരൂഹമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് ഇയാള്‍ യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നീതി വാങ്ങിക്കൊടുക്കാന്‍ എത്തിയെന്നാണ് മനാഫിന്റെ വാദം. ഇയാളുടെ ഇടപെടലിലാണ് മലയാള മാധ്യമങ്ങളില്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്തത്. മനാഫ് വിളിച്ചിട്ടാണ് തങ്ങള്‍ ധര്‍മ്മസ്ഥലയില്‍ പോയതെന്ന് പ്രമുഖ മാദ്ധ്യമ റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു. കൂടാതെ യൂട്യൂബ് ചാനലുകളേയും അവിടെ എത്തിച്ചതും മനാഫായിരുന്നു.
പ്രധാനപ്പെട്ട വ്യക്തികളൊക്കെയും മലക്കം മറിഞ്ഞിട്ടും, കേസില്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നത് ഒരേ ഒരു വ്യക്തിയാണ്. അതാണ് സൗജന്യ റേപ്പ് കേസ് പുറത്തുകൊണ്ടുവന്ന സമീര്‍ എംഡി എന്ന 25കാരന്‍.
ഈ വര്‍ഷം ഫെബ്രുവരി 27 ന് സമീര്‍ തന്റെ യൂട്യൂബ് ചാനലായ ധൂതയില്‍ അപ്ലോഡ് ചെയ്ത വീഡിയോ തുടര്‍ന്നാണ് സൗജന്യകേസ് ചര്‍ച്ചയാവുന്നതും ഈ രീതിയിലുള്ള വെളിപ്പെടുത്തലിലേക്ക് കാര്യങ്ങള്‍ എത്തുന്നതും. സിനിമാക്കഥകളെപ്പോലും അവിശ്വസിപ്പിക്കുന്ന രീതിയിലാണ് ധര്‍മ്മസ്ഥലയിലെ സൗജന്യ എന്ന 17കാരിയുടെ മരണം. ധര്‍മ്മസ്ഥല മഞ്ജുനാഥ കോളജില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അവളെ കാണാതാവുകയായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു നിലയിലാണ് വീട്ടില്‍ നിന്ന് വെറും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ അവളെ കണ്ടെത്തിയത്. വലിയ ജനരോഷം ഉണ്ടായപ്പോള്‍ ബെല്‍ത്തങ്ങാടി പൊലീസ് അനങ്ങി. ധര്‍മ്മസ്ഥല മഞ്ജുനാഥ ട്രസ്റ്റിലെ ജീവനക്കാരാന്‍ സന്തോഷ് റാവു ആയിരുന്നു കേസിലെ ഏക പ്രതി. അന്നുതന്നെ സൗജന്യയുടെ കുടുംബം ഇത് ഫേക്ക് പ്രതിയാണെന്ന് ആരോപിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. 2023 ജൂണ്‍ 16 ന് ബെംഗളൂരു സെഷന്‍സ് കോടതി റാവുവിനെ കുറ്റവിമുക്തനാക്കി.
ക്ഷേത്ര നടത്തിപ്പുകാരായ വീരേന്ദ്ര ഹെഗ്ഡെ കുടുംബം യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് സൗജന്യയുടെ കുടുംബം ആരോപിച്ചു. അതോടെ ദക്ഷിണ കന്നഡയിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ജസ്റ്റിസ് ഫോര്‍ സൗജന്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിനും നടന്നു. കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുത്ത കേസായിരുന്നു ഇത്. വിധി തിരിച്ചായതോടെ സിബിഐ പിന്നെ ഒന്നും ചെയ്തില്ല. എന്നാല്‍ സൗജന്യയുടെ കുടുംബം നിരന്തരം പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. 2023-ല്‍ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സൗജന്യകേസില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, 2025 ജനുവരിയില്‍ ആ ആവശ്യം തള്ളി. അതോടെ വിസ്മൃതിയിലാവാന്‍ തുടങ്ങിയ സൗജന്യകേസിന് ജീവന്‍ വെപ്പിച്ചത് സമീര്‍ ആയിരുന്നു. സമീറിന്റെ വീഡിയോകര്‍ണാടകയില്‍ വൈറലായി, 1.8 കോടിയിലധികം പേര്‍ കണ്ടു. സൗജന്യവധത്തിന്റെ യഥാര്‍ത്ഥ ചിത്രം അതോടെയാണ് പുറത്തായത്. മാര്‍ച്ച 5ന് സമീറിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തു. പക്ഷേ ഈ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
വാദികള്‍ ഒന്നൊന്നായി പ്രതികളാവുന്ന സാഹചര്യം വരുമ്പോഴും സമീര്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കയാണ്. ഗ്യാങ് റേപ്പാണെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് സൗജന്യ കേസില്‍ ഒരാള്‍ മാത്രം പ്രതിയാവുക, ഇപ്പോള്‍ പ്രതിയെ കോടതി വെറുതെ വിട്ടതോടെ ആരാണ് യഥാര്‍ത്ഥ പ്രതി, തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് വീരേന്ദ്ര ഹെഗ്ഡെയുടെ സഹോദരന്‍ കോടതിയെ സമീപിച്ച് യുട്യൂബ് ലിങ്കുകള്‍ അടക്കം നീക്കം ചെയ്യിപ്പിച്ചത് എന്നാണ്, സമീര്‍ ചോദിക്കുന്ന ചോദ്യം.
സൗജന്യ കേസില്‍ അത് ശരിയാണ്. പ്രതികളെ പിടിച്ചിട്ടില്ല. ഇരയുടെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. പക്ഷേ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം എന്നത് വെറും ഭാവനയാണെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഏതാനും പേരുടെ മനോവിഭ്രാന്തിയും ചിലരുടെ താല്‍പ്പര്യങ്ങളുമാണ് ഈ ഭീതിജനകമായ കഥകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
വാല്‍ക്കഷ്ണം: ധര്‍മ്മസ്ഥയിലെ ദുരൂഹമരണങ്ങളെക്കുറിച്ച് ആ നാട്ടുകാര്‍ പ്രശ്നമുണ്ടാക്കുന്നത് മനസ്സിലാക്കാം. പക്ഷേ ലോറിക്കാരന്‍ മനാഫിനെപ്പോലുള്ളവര്‍ കേരളത്തില്‍ നിന്ന് പോയി ബഹളമുണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല!