പല്ലുകൊഴിഞ്ഞതോടെ 'നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന വാദം മാറ്റി ദാവൂദ്; വിപ്ലവപാത ഉപേക്ഷിച്ച് അവശിഷ്ട എല്‍ടിടിയും; പിന്നില്‍ ജിഹാദി ഡ്രഗ്ഡോണ്‍ ഹാജി സലീം; വരുമാനത്തിന്റെ പകുതി തീവ്രവാദത്തിന്; ഡി കമ്പനിയും തമിഴ് പുലികളും ഒന്നിച്ച് മയക്കുമരുന്ന് കടത്തുമ്പോള്‍!

ഡി കമ്പനിയും തമിഴ്പുലികളും ഒന്നിച്ച് മയക്കുമരുന്ന് കടത്തുമ്പോള്‍!

Update: 2025-11-12 10:19 GMT

25 മില്യണ്‍ ഡോളര്‍ തലയ്ക്ക് വില കല്‍പ്പിക്കപ്പെട്ട ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍! 70 വയസ്സുള്ള ദാവൂദ് കസ്‌ക്കര്‍ ഇബ്രാഹീം എന്ന അധോലോകനായകന്‍, പാക്കിസ്ഥാനിലെ കറാച്ചിയില്‍ പല്ലുകൊഴിഞ്ഞ ഒരു സിംഹമായി കഴിഞ്ഞുകൂടുകയായിരുന്നു. അയാള്‍ 70കളില്‍ സ്ഥാപിച്ച, ഡി കമ്പനിയെന്ന ലോകത്തിലെ ഏറ്റവം വലിയ അധോലോക സിന്‍ഡിക്കേറ്റ്, തമ്മില്‍ തല്ലിയും ഭീകരവിരുദ്ധസേനയുടെ ശക്തമായ ആക്രമണങ്ങളാലും, ആകെ ദുര്‍ബലമായ സമയമായിരുന്നു ഇത്. കോവിഡ് കാലത്തും അതിനുശേഷവും ദാവൂദ് ഇബ്രാഹീം മരിച്ചുവെന്ന വാര്‍ത്തകള്‍ പലതവണ വന്നു. ഒരു മരുമകന്‍ മാത്രമല്ലാതെ ദാവൂദിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെയാണ് കോവിഡ് കാലം കടന്നുപോയത്.

പക്ഷേ അതിനുശേഷമാണ്, ദാവൂദിന്റെ ശിഷ്യനെയും, ജിഹാദി ഡ്രഗ് ഡോണ്‍ എന്നും അറിയപ്പെടുന്ന ഹാജി സലീമിന്റെ രംഗപ്രവേശം. കാര്യം ആള് അധോലോകമാണെങ്കിലും 'നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്നുതന്നെയായിരുന്നു ദാവൂദിന്റെ അടുത്ത കാലംവരെയുള്ള അഭിപ്രായം. സ്വര്‍ണ്ണക്കടത്തും ആയുധക്കടത്തും, തട്ടിക്കൊണ്ടുപോവലും, ഹവാലയും, വാടകക്കൊലയും, റിയല്‍ എസ്റേററ്റ- കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, ഡി കമ്പനി മയക്കുമരുന്ന് ബിസിനസില്‍നിന്ന് മാറി നടന്നിരിന്നുവെന്നാണ് മുബൈയിലെ ദ മിറര്‍ പത്രം പറയുന്നത്. പക്ഷേ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെല്ലോ. ഡി കമ്പനി ക്ഷയിച്ചതോടെ, ഹാജി സലീമിന്റെ മയക്കുമരുന്ന് ബിസിനസിന് ദാവൂദ് പച്ചക്കൊടി കാണിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉറങ്ങിക്കിടന്നിരുന്ന, ഡി കമ്പനി അംഗങ്ങള്‍ക്ക് അത് പുത്തന്‍ ഉണര്‍വായി. ഒപ്പം തീവ്രവാദ സംഘങ്ങള്‍ക്കും. കാരണം, രാസലഹരിയടക്കമുള്ള ശതകോടികളുടെ മയക്കുമരുന്ന് കടത്തിന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക തീവ്രവാദി സംഘങ്ങളെയാണ്, ഹാജി സലീം ഉപയോഗിച്ചിരുന്നത്.

ഇപ്പോള്‍ കേരളമടക്കം പേടിക്കേണ്ട മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കയാണ്. ഡി കമ്പനിയും, അവശേഷിക്കുന്ന തമിഴ്പുലികളും തമ്മില്‍ ചേര്‍ന്ന് മയക്കുമരുന്ന് കടത്ത് നടത്തുന്നുവെന്ന്. ഉത്തരേന്ത്യന്‍ കടല്‍പ്പാതകളില്‍, നേവിയും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുമൊക്കെ വലിയ മയക്കുമരുന്ന് വേട്ടകള്‍ നടത്തി, ഈ റാക്കറ്റിനെ പൊളിക്കുമ്പോള്‍ പതുക്കെ, ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് അവരുടെ പദ്ധതി. പണ്ട് ശ്രീലങ്കന്‍ റൂട്ടില്‍ ധാരാളം ആയുധം കടത്തിയവരാണ് തമിഴ് പുലികള്‍. വേലുപ്പിള്ള പ്രഭാകരന്റെ കൊലക്ക് ശേഷം അവര്‍ ഒന്നുമല്ലാത്ത അവസ്ഥയിലാണ്. നാര്‍ക്കോട്ടിക്ക് പണം തമിഴ് പുലികള്‍ക്കും പുതിയ ഊര്‍ജം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഡി കമ്പനികളും തമിഴ്പുലികളും ചേരുന്നതോടെ, അത് ഇന്ത്യ അഭിമുഖീകരിക്കുന്ന ഒരു പുതിയ പ്രശ്നമായി മാറുകയാണ്.

രാസലഹരിയിലേക്ക് തിരിഞ്ഞ് ദാവൂദ് സംഘം

70കളിലും 80കളിലും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈയെ വിറപ്പിച്ചിരുന്നത് ഡി കമ്പനിയെന്ന ദാവൂദ് സംഘമായിരുന്നു. എന്തിന് ബോളിവുഡിനെപ്പോലും അവര്‍ നിയന്ത്രിച്ചു. 93-ല്‍ മുംബൈ സ്ഫോടന പരമ്പര നടക്കുന്നതുവരെ ദാവുദിന്റെ പരസ്യമായ അപ്രമാദിത്വം ബോളിവുഡില്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ഒപ്പം കിടക്കപങ്കിടാന്‍ നായികമാര്‍ മത്സരിച്ചു. ദാവൂദ്് പറയുന്നവര്‍ക്ക് സിനിമയില്‍ അവസരം എളുപ്പമായി. പിന്നില്‍നിന്ന് ഫിനാന്‍സ് ചെയ്തുകൊണ്ട് അവര്‍ ബോളിവുഡിനെ വരച്ചവരയില്‍ നിര്‍ത്തി. മുംബൈ സ്ഫോടന പരമ്പരയുടെ സുത്രധാരനായ ദാവൂദ് ഇബ്രാഹീം, ഇന്ത്യയില്‍നിന്ന് മുങ്ങിയെങ്കിലും ഡി കമ്പനി ഹിന്ദി സിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവമായിരുന്നു. +92 ഫോണ്‍ കണ്ടാല്‍ പ്രമുഖ താരങ്ങള്‍പോലും ഞെട്ടിവിറക്കുന്ന കാലം. പക്ഷേ 2000ത്തിന്റെ തുടക്കം തൊട്ടുതന്നെ ഡി കമ്പനി ക്ഷയിച്ചു. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പ് ചേര്‍ന്ന് ഹവാലയും കള്ളപ്പണവുമടക്കമുള്ള കുറ്റകൃത്യങ്ങളുടെ വേര് അറുത്തതോടെ ഡി കമ്പനി ചുരുങ്ങി. ദൂബൈയില്‍ രാജാവിനെപ്പോലെ കഴിഞ്ഞിരുന്ന ദാവൂദ് അവിടം വിട്ട് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി.


 



ഡി കമ്പനിയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് അവര്‍ നാര്‍ക്കോട്ടിക്ക് ബിസിനസിലേക്ക് തിരിഞ്ഞത് എന്നാണ് ദ മിറര്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ല്‍

കപ്പലില്‍നിന്ന് പിടിച്ചെടുത്തത് 2,525 കിലോ മെത്താഫിറ്റമിന്‍, പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഒന്നും രണ്ടുമല്ല 25,000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. ഈ കേസിലെ പ്രതിയായ സുബൈര്‍ ദെരക്ഷാന്‍ദേയെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഡി കമ്പിനിയുടെ ബന്ധം വെളിപ്പെട്ടത്.

2025 ആഗസ്റ്റ് 21-ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ റെയ്ഡ് ഇക്കാര്യം ഒന്നുകൂടി സ്ഥിരീകരിച്ചു. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്പര്‍ വീട്ടില്‍ നടത്തിയ റെയ്ഡാണ് രാജ്യത്തെ വന്‍തോതിലുള്ള രാസലഹരി ഉല്‍പ്പാദനത്തിലേയ്ക്ക് വെളിച്ചംവീശിയത്. വന്‍ ലഹരി ശേഖരമാണ് ഇവിടത്തെ പരിശോധനയില്‍ കണ്ടെത്തിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവന്നതാണ് ഈ ലഹരി നിര്‍മ്മാണ് കേന്ദ്രമെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ ഡി കമ്പനിയുടെ പേര് പറഞ്ഞുകൊണ്ടുതന്നെ വാര്‍ത്തയും വന്നിരുന്നു.

ഓഗസ്റ്റ് 16-നായിരുന്നു ഡിആര്‍ഐ റെയ്ഡ് നടത്തിയത്. അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത് 92 കോടി രൂപയോളം വിലവരുന്ന രാസലഹരിയായിരുന്നു. മധ്യപ്രദേശിലെ വിവിധയിടങ്ങളിലാണ് ഡിആര്‍ഐയുടെ റെയ്ഡ് നടന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ജഗദിഷ്പുര എന്ന ഗ്രാമത്തിലെ പൂട്ടിക്കിടന്ന പതിനൊന്നാം നമ്പര്‍ വീട് കേന്ദ്രീകരിച്ചും റെയ്ഡ് നടത്തി. ഈ വീട്ടില്‍നിന്നാണ് വന്‍തോതില്‍ രാസലഹരി കണ്ടെടുത്തത്. ഒരു സിന്തറ്റിക് ലഹരിഫാക്ടറിയായിരുന്നു ആ വീട് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളെ ലക്ഷ്യംവെച്ച് 92 കോടി രൂപയോളം വിലവരുന്ന 61.20 കിലോ മെഫെഡ്രോണും 541 കിലോ ഗ്രാം അസംസ്‌കൃത രാസവസ്തുക്കളും ഇവിടെ നിന്ന് പിടികൂടി. വിവിധ തരത്തിലുള്ള ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അശോക് നഗറിലുള്ള ഫൈസല്‍ ഖുറേഷി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നു. ഗുജറാത്തില്‍നിന്ന് ഫാര്‍മസി ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമായിരുന്നു ഇയാള്‍ മധ്യപ്രദേശില്‍ ലഹരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഇയാളുടെ സഹായിയായി റസാഖ് ഖാന്‍ എന്നയാളും ഉണ്ടായിരുന്നു.

ഭിവണ്ടിയില്‍നിന്നും താനെയില്‍നിന്നും സലിം ഡോളയുടെ നിര്‍ദേശപ്രകാരമാണ് മെത്തിലീന്‍ ഡൈക്ലോറൈഡ്, അസെറ്റോണ്‍, മോണോമെത്തിലാമൈന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, 2-ബ്രോമോ എന്നീ രാസവസ്തുക്കള്‍ എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്. മിനി ട്രക്കുകള്‍ വഴി ഇവ ഇവിടേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. മുംബൈയില്‍നിന്ന് 400 കിലോഗ്രാം രാസവസ്തുക്കള്‍ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശികാടിസ്ഥാനത്തില്‍ മാത്രമായി ഈ അന്വേഷണം ഒതുങ്ങില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഉത്പാദിപ്പിച്ച രാസലഹരികള്‍ മധ്യപ്രദേശില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മധ്യപ്രദേശിന് വെളിയില്‍നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുറത്ത്, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഡി ഗ്യാങ്ങിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീങ്ങുന്നതെന്നാണ് സൂചന. ഈ ഗ്യാങ്ങിന്റെ ബന്ധം നോക്കുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാവുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ഡി കമ്പനിയുമായി ബന്ധമുണ്ട്. ദാദൂദുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകാരുടെ പുതിയ തലമുറയാണ് ഇപ്പോള്‍ ഡ്രഗ് മാഫിയയിലേക്ക് തിരിഞ്ഞത്.


 



ഇതാ ജിഹാദി ഗ്രഡ് ഡോണ്‍

ഇതിനെല്ലാം പിന്നിലുള്ളത് ഹാജി സലീം എന്ന കൊടും ക്രിമിനലാണ്. പാക്കിസ്ഥാനിയായ ഹാജി സലീമിന്, ജിഹാദി ഡ്രഗ് ഡോണ്‍ എന്ന് വിളിപ്പേര് കൂടിയുണ്ട്. മയക്കുമരുന്ന് വ്യാപരത്തിലുടെ കിട്ടുന്ന പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും മലമടക്കുകളില്‍ താലിബാന്‍ ഉണ്ടാക്കുന്ന കറുപ്പ്, ഹെറോയിനാക്കി വാറ്റിയെടുത്ത്, വീണ്ടും മുല്യവര്‍ധിത രാസലഹരിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ എത്തിക്കയാണ് ഇയാളുടെ രീതി. ഈ വരുമാനത്തിന്റെ പകുതി കൊടുക്കുന്നത് തീവ്രവാദത്തിനാണ്! പാക്കിസ്ഥാന്‍ ചാരസഘടനായായ ഐഎസ്ഐയാണ് ഇയാളെ സ്പോണ്‍സര്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ ഒരു വ്യക്തി തന്നെ ഇല്ലെന്നും അത് ഒരു കൂട്ടം ഹിഡന്‍ ആയ ക്രിമിനലുകളുടെ നിക്ക്നെയിമാണെന്നുവരെ ആരോപണം ഉയരുന്നുണ്ട്. പക്ഷേ ഇന്ത്യന്‍ നാര്‍ക്കോട്ടിക്ക് ബ്യറോ അധികൃതര്‍ പറയുന്നത്, ഇങ്ങനെ ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്.

2023 മെയ് 13ന് കൊച്ചിക്ക് സമീപത്തെ ആഴക്കടലില്‍ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതോടെയാണ് ഹാജി സലിം വീണ്ടും വാര്‍ത്തകളില്‍നിറയുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും, ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍സിബി) പറയുന്നത്. എന്‍സിബിക്കു പുറമേ എന്‍ഐഎയും, ഐബിയും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഇന്ത്യക്ക് നേരെയുള്ള കൃത്യമായ നാര്‍ക്കോട്ടിക്ക് വാര്‍ ആയാണ് എന്‍സിബി ഇതിനെ കണക്കാക്കുന്നത്. ഇതിന്റെ സുത്രധാരനായി കണക്കാക്കുന്നത് ഹാജി സലിം നെറ്റ്വര്‍ക്കിനെയാണ്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും വരുന്ന ലഹരിയുടെ വിപണന കേന്ദ്രമാണ് ഇന്ത്യയെന്ന് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ പിടികിട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ ഓപ്പറേഷന്‍ സമുദ്രഗുപ്ത് എന്ന പേരില്‍ കടലിലെ മയക്കുമരുന്ന് വേട്ട തുടങ്ങിയത്. ഈ ഓപ്പറേഷനിലാണ് കൊച്ചി തീരത്തുനിന്ന് കപ്പല്‍ പിടികൂടിയത്.

2021 മാര്‍ച്ച് 18ന് ഇന്ത്യന്‍ തീരത്ത് എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തിനുപിന്നില്‍ ഹാജി സലിമായിരുന്നന്നൊണ് വിലയിരുത്തല്‍. ഇതിന് ശേഷവും ഗുജറാത്ത്- കൊച്ചി തീരത്ത് നിരവധി തവണ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇന്നും ആരാണ് ഹാജി സലിം എന്ന് ഇന്നും കൃത്യമായി ആര്‍ക്കും അറിയില്ല. ഇയാളുടേത് എന്ന് പുര്‍ണ്ണമായി സ്ഥിരീകരിച്ച ഒരു ചിത്രംപോലുമില്ല. പക്ഷേ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇയാള്‍ കടന്നുവരുന്നത് ഡി കമ്പനിയില്‍ നിന്നാണ്. നാല്‍പ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ഇയാള്‍ ദാവൂദിന് വേണ്ടി പല ഓപ്പറേഷനുകളും നടത്തിയിട്ടുണ്ടെന്നും, അങ്ങനെ ദാവൂദ് വഴിയാണ് ഐഎസ്ഐയുമായി അടുക്കുന്നത് എന്നുമാണ്, ചില ലേഖനങ്ങളില്‍ കാണുന്നത്. പിന്നെ ഐസ്ഐയുടെ പിന്തുണയോടെയാണ് ആണ് ഇയാള്‍ നാര്‍ക്കോട്ടിക്ക് ജിഹാദിലേക്ക് കടക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നാര്‍ക്കോട്ടിക്സിന്റെ അസംസ്‌കൃത വസ്തുക്കള്‍ പാക്കിസ്ഥാനും അഫ്ഗാനും ഉണ്ടാക്കും. ഇത് ലോകത്ത് മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കടത്തിയെത്തിക്കാനുള്ള ചുമതല ഹാജി സലീമിനാണ്. വരുമാനത്തിന്റെ പകുതി അയാള്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സംഘടകള്‍ക്ക് നല്‍കും. ഒരു ഉദാഹരണത്തിന് അഫ്ഗാനില്‍ തഴച്ചുവരുന്ന ഓപ്പിയത്തിന് ഒരു കിലോക്ക് വെറും ഒരുലക്ഷം രൂപയാണ് കിട്ടുക. അത് ഹെറോയിനും മറ്റ് രാസലഹരിയുമായി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ വില കിലോക്ക് ആറുകോടി രൂപവരെ പോകും!അതുവഴി അയാള്‍ക്കുകിട്ടുന്ന ശതകോടികളുടെ പകുതി ജിഹാദി സംഘടനകള്‍ക്ക് കൂടിയാണ് പോകുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിന്‍ ലാബുകളില്‍ നിന്നാണ് കണക്കുകള്‍. ഭീകരതയുടെ വിത്തിനൊപ്പം ലഹരിയുടെ വിത്തുകളും അങ്ങനെ ലോകമാസകലം എത്തുകയാണ്. പക്ഷേ അത് കടല്‍ കടത്തേണ്ട ചുമതല ഹാജി സലിം നെറ്റ്വര്‍ക്ക് ഗ്രൂപ്പിനാണ്.


 



കടല്‍പ്പുലികളുമായി അടുക്കുന്നു

നിലനില്‍പ്പിനായി മയക്കുമരുന്ന് കടത്തിലേക്ക് തിരയുന്ന വിപ്ലവ സംഘടന. വല്ലാത്ത ഗതികേടിലാണ് എല്‍ടിടിഇ എന്ന തമിഴര്‍ക്ക് സ്വന്തമായി രാജ്യം വാങ്ങിക്കൊടുക്കാനായി ഒളിപ്പോരിന് വേണ്ടി ഒരുങ്ങിയ വിപ്ലവ സംഘടനക്ക് വന്നുചേര്‍ന്നത്. മഹീന്ദ രജപക്സെയും ടീമും തമിഴ്പുലികളെ അടിച്ചൊതുക്കുകയും, പ്രഭാകരനെ വധിക്കുകയും ചെയ്തതോടെ അവശേഷിക്കുന്ന കടല്‍പ്പുലികള്‍ക്ക് നാഥനില്ലാതെയായി. പക്ഷേ വര്‍ഷങ്ങളായുള്ള ആയുധക്കടത്തിന്റെ ബലത്തില്‍ അവര്‍ക്ക് ഇന്ത്യന്‍ സമുദ്ര റൂട്ടുകള്‍ നന്നായി അറിയാം. ഇതാണ് ഹാജി സലീം മുതലെടുക്കുന്നത്.

പാക്കിസ്ഥാനി ഡ്രഗ് സിന്‍ഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. 2022-ല്‍ കേരളത്തിലെ തീരത്ത് ശ്രീലങ്കന്‍ ബോട്ടിലെ ഹെറോയിന്‍ കടത്ത് പിടിച്ചിരുന്നു. അന്ന് കുടുങ്ങിയവര്‍ക്ക് ഹാജി സലിമുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാള്‍ സംശയ നിഴലിലാണ്. പ്രഭാകരന്‍ വീണതോടെ വെടിതീര്‍ന്ന എല്‍ടിടിഇലെ എക്സ് കടല്‍പ്പപുലികളും ഇപ്പോള്‍ ഹാജി സലിം ഗ്രൂപ്പിനൊപ്പമുണ്ട്. കാരണം അവര്‍ക്ക് മറ്റ് വഴിയില്ല. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലേക്കും ഡ്രഗ്സ് എത്തുന്നു. ഗുണ എന്ന സി ഗുണശേഖരന്‍, പൂക്കുട്ടി കണ്ണ എന്ന പുഷ്പരാജ എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയയുമായി ചേര്‍ന്ന് സലിമിന്റെ ശൃംഖല ശ്രീലങ്കയിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി എന്‍ഐഎ നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എല്‍ടിടിഇ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായുള്ള പ്രത്യേക ക്യാമ്പില്‍ നിന്ന് ഒമ്പത് ശ്രീലങ്കന്‍ പൗരന്മാരെ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.

സലിം ഇവര്‍ക്ക് ചരക്കുകള്‍ അയക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് പോകുന്ന ഈ ബോട്ടുകളില്‍ പലതും കൊച്ചിയെ ടാര്‍ജറ്റ് ചെയ്യുന്നുണ്ട്. പ്രാദേശിക സഹായവും ഇവര്‍ക്ക് നന്നായി കിട്ടുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യമുണ്ടായാല്‍ സലീമിന്റെ ആളുകള്‍ സാധാരണയായി മാലിദ്വീപിലേക്കോ ശ്രീലങ്കയിലേക്കോ ആണ് രക്ഷപ്പെടുക. അവിടെ അവരെ സംരക്ഷിക്കാന്‍ ആളുണ്ട്. കേരളത്തിലും ഭീഷണി മുമ്പ് പഞ്ചാബില്‍ ഉണ്ടായിരുന്നതുപോലെ രാസലഹരിയുടെ ഹബ്ബായി മാറുകയാണ് കേരളം എന്ന് സംശയമുണ്ട്. പക്ഷേ തമിഴ്പുലികള്‍ക്ക് ഒരിക്കലും പഴയ പ്രതാപത്തിലേക്ക് വരാന്‍ കഴിയുമെന്ന് ഇന്ത്യയും ശ്രീലങ്കയും കരുതുന്നില്ല. പക്ഷേ യുകെയിലും, നോര്‍വേയിലും, അമേരിക്കയിലുമൊക്കെ പുലികളുമായി അനുഭാവം പുലര്‍ത്തുന്ന ഗ്രൂപ്പുകള്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ പണം എത്തിയാല്‍, തളര്‍ന്നുകിടക്കുന്ന ഇവരൊക്കെ ചാടി എഴുനേല്‍ക്കാനും സാധ്യതയുണ്ട്.

മുംബൈ മുതല്‍ തുര്‍ക്കി വരെ

ലോകത്തിന് ഏറ്റവും വലിയ രണ്ട് വിപത്തുകളാണ്, ഈ നാര്‍ക്കോ ടെററിസം സമ്മാനിക്കുന്നത്. ഒന്ന്, യുവതയെ കാര്‍ന്നുതിന്നുന്ന ലഹരിയായി, രണ്ട് ലോകത്തെ നശിപ്പിക്കുന്ന തീവ്രവാദമായി. ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭോപ്പാലിലെ,ഒറ്റ റെയ്ഡില്‍ പിടികൂടിയത് 100 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ്. . തുര്‍ക്കി മുതല്‍ വിദേശ രാജ്യങ്ങള്‍ വരേയും മുംബൈയിലെ ഇരുണ്ട ഇടവഴികള്‍ മുതല്‍ ഭോപ്പാലിലെ ഗ്രാമങ്ങള്‍ വരേയും ഹാജി സലീം സ്പോണ്‍സര്‍ ചെയ്യുന്ന ഡി കമ്പനിയുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് വിവരം.

ഇത്തരം സംഘങ്ങള്‍ക്ക് നേരത്തെ പ്രിയം ആയുധ ഇടപാടുകളായിരുന്നെങ്കില്‍ ഇപ്പോഴത് പുര്‍ണ്ണമായും രാസലഹരിയിലേക്ക് മാറുകയാണ്. രഹസ്യ ലാബുകളില്‍ പാകം ചെയ്തെടുക്കുന്ന പൊടികളും ദ്രാവകങ്ങളും ഡി സംഘം പുതുതലമുറയെ ലക്ഷ്യംവെക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സലിം ഡോള ഇസ്മയീല്‍, ഉമൈദു റഹ്‌മാന്‍ തുടങ്ങിയ അധോലോക നായകന്മാര്‍ പാക്കിസ്ഥാനില്‍നിന്നും വിദേശത്തുനിന്നും ഇന്ത്യയിലേക്ക് രാസലഹരിയ്ക്കുവേണ്ടി പണമൊഴുക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മെഫെഡ്രോണ്‍ എന്ന തീവ്ര ലഹരിയുടെ നിര്‍മ്മാണത്തിന് ഏറ്റവും ലാഭകരമാണ് ഇന്ത്യയെന്ന് കണ്ടാണ് ഇവര്‍ പണമൊഴുക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. മാര്‍ക്കറ്റില്‍ മെഫെഡ്രോണ്‍ 'മ്യാവൂ... മ്യാവൂ' എന്നാണ് ഇവ അറിയപ്പെടുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളക്കടത്തുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു ഒരുകാലത്ത് സലിം ഡോള. മുബൈയിലേയും ഗുജറാത്തിലേയും പഴയ ഡി കമ്പനി ബന്ധങ്ങള്‍ ഉപയോഗിച്ച് തുര്‍ക്കിയിലെ നെറ്റ് വര്‍ക്ക് വഴിയായിരുന്നു ആസൂത്രണം നടത്തിയിരുന്നത്. ഇയാളുടെ അനന്തരവന്‍ മുസ്തഫ കുബ്ബാവാലയ്ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെല്ലാം ഡി കമ്പനിയുമായി ബന്ധപ്പെട്ട് തുടങ്ങിയവരാണ്.


 



ഇപ്പോള്‍ ഈ സംഘത്തില്‍ കടല്‍പ്പുലികള്‍ ചേരുമ്പോഴുള്ള ഭയവും അതുതന്നെയാണ്. ലോകത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം വേരുള്ളവരാണ് ഡി കമ്പനി. അതുപോലെ കടല്‍വഴികളിലൂടെയും കള്ളക്കടത്തില്‍ അഗ്രഗണ്യരാണ്, പുലികള്‍. ഇവര്‍ക്കൊപ്പം ചൈനയിലെ ഷാങ്ഹായ് മാഫിയ എന്ന് അറിയപ്പെടുന്ന, വലിയ കാര്‍ട്ടലും ഇവക്കൊപ്പം ചേരുന്നുവെന്ന് വിവരങ്ങളുണ്ട്. അങ്ങനെ വന്നാല്‍ ലോകത്തിലെ എറ്റവും വലിയ വിപത്തായി അത് വളരാനിടയുണ്ട്്. അത് മനസ്സിലാക്കിക്കൊണ്ടുതന്നെ ഈ വിപത്തിന് തടയിടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

വാല്‍ക്കഷ്ണം: വേലുപ്പിള്ള പ്രഭാകന്‍ ജീവിച്ചിരുന്നപ്പോള്‍, ഏറ്റവും വലിയ എതിര്‍പ്പ് പ്രകടിപ്പിച്ച ഒന്നായിരുന്നു ലഹരി. ഇപ്പോള്‍ നേതാവ് വീണതോടെ, അവശേഷിക്കുന്ന കടല്‍പ്പുലികള്‍ ഡ്രഗ് ഡീലിലേക്ക് തിരിയുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവുവമല്ല. ഇന്ത്യയിലെ ദണ്ഡകാര്യണകം ബെല്‍റ്റിലെ നക്സലുകള്‍ തൊട്ട്, ലാറ്റിനമേരിക്കയിലെ ഷൈനിങ്ങ് പാത്ത്വരെ മയക്കുമരുന്ന് കടത്ത് ആരോപണം നേരിട്ടവരാണ്. വിപ്ലവം തോക്കിന്‍കുഴലിലുടെ മാത്രമല്ല, മയക്കുമരുന്ന് കടത്തിലൂടെയും വരുമായിരിക്കും!

Tags:    

Similar News