ഇത് ഷിയാ ഭീകരവാദത്തിന്റെ ഒടുക്കത്തിന്റെ തുടക്കം; നേരിട്ട് യുദ്ധമുണ്ടായാല്‍ ഇറാന് ഒരു ആഴ്ച പിടിച്ചുനില്‍ക്കാനാവില്ല; ഖാമനേയിയുടെ നാളുകള്‍ എണ്ണപ്പെട്ടു; ഇറാന്റെ ഡീ ഇസ്ലാമൈസേഷന് ഉറച്ച് ഇസ്രായേല്‍

ഇറാന്റെ ഡീ ഇസ്ലാമൈസേഷന് ഉറച്ച് ഇസ്രായേല്‍

Update: 2024-10-02 11:01 GMT

'നെവര്‍ ഫൊര്‍ഗെറ്റ്, നെവര്‍ ഫൊര്‍ഗിവ്'..... ഇസ്രായേലിന്റെ കരുത്തുറ്റ ചാരസംഘടനയായ മൊസാദിന്റെ ആപ്തവാക്യങ്ങളില്‍ ഒന്നാണിത്. നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇസ്രായേല്‍ എന്ന ഇത്തരിക്കുഞ്ഞന്‍ രാഷ്ട്രം അതിജീവിക്കുന്നതും അതുകൊണ്ടാണ്. പുലിപ്പുറത്തുള്ള ഒരു യാത്രയാണ് ആ യുഹൂദ രാഷ്ട്രത്തിന്റെത്. താഴെ ഇറങ്ങിയാല്‍ പുലി തിന്നും. മറ്റുള്ളവര്‍ ആയുധം താഴെവെക്കുന്നതിന് മുമ്പ് ആയുധം താഴെവെച്ചാല്‍ അവര്‍ തീരും!

മതസാഹിത്യത്തിലെ കഥകള്‍ വിശ്വസിച്ച് യഹൂദനെ ഉന്‍മൂലം ചെയ്യാന്‍ ഇറങ്ങിയവര്‍ക്ക് ഒക്കെ 'കണ്ണിന് കണ്ണ് പല്ലിന് പല്ല്' എന്ന രീതിയില്‍, തിരിച്ചടികൊടുത്തിട്ടുള്ളവരാണ് അവര്‍. 1948-ല്‍ യുഎന്‍ മാന്‍ഡേറ്റ് പ്രകാരം ആ രാജ്യം പിറന്നുവീണപ്പോള്‍ വളഞ്ഞിട്ട് ആക്രമിച്ച അറബ് രാഷ്ട്രങ്ങളെ ഒന്നടങ്കം തോല്‍പ്പിച്ചത് തൊട്ട്, 67-ലെ 13 അറബ് രാജ്യങ്ങളെ വെറും 6 ദിവസംകൊണ്ട് ചുരുട്ടിക്കുട്ടിയത് തൊട്ട്, 71-ലെ യോംകിപൂര്‍യുദ്ധം തൊട്ട് ചോരയുടെയും കണ്ണീരിന്റെയും കഥയാണ് വെറും 90ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്തിന് പറയാനുള്ളത്. റോമക്കാര്‍ തൊട്ട് ഹിറ്റ്ലര്‍ വരെ സമാനതകള്‍ ഇല്ലാതെ പീഡിപ്പിച്ച, വംശീയ ഉന്‍മൂലത്തിന്റെ വക്കില്‍വരെ എത്തി തിരിച്ചുവന്ന ജനതക്ക്, ജീവിക്കാന്‍ ആയുധം എടുത്തേ പറ്റൂ.

സ്വന്തം പൗരന്മാരുടെ ദേഹത്ത് ആരെങ്കിലും ഒരുതരി മണ്ണ് നുള്ളിയിട്ടാല്‍ ഏതറ്റംവരെയും പോകുന്ന രാജ്യമാണ് ഇസ്രായേല്‍. തങ്ങളെ അടിച്ചവരെയെല്ലാം തിരിച്ച് അടിച്ച് ഒതുക്കിയതിന്റെ ചരിത്രമാണത്. ഒരു പ്രകോപനവും ഇല്ലാതെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ കയറി 1200 ഓളം നിരപരാധികളെ കൂട്ടക്കൊല ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ശവത്തിമേല്‍ തുപ്പിയും ചവുട്ടിയും ആനന്ദനൃത്തമാടി. 200 ഓളം പേരെ ബന്ദികളാക്കി. എന്നിട്ട് എന്തുണ്ടായി. ഇപ്പോള്‍, ഹമാസ് തലവന്‍മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. ഗസ്സയില്‍ പൊലിഞ്ഞത് അമ്പതിനായിരം ജീവനുകളാണ്. ഇനി അടുത്തൊന്നും അനങ്ങാന്‍ കഴിയാത്തവിധം, ഇസ്രയേല്‍ ഹമാസിനെ തകര്‍ത്തു. ആ സമയത്ത് ലബനനില്‍നിന്ന് ഹിസ്ബുള്ളയും മരണക്കളി തുടങ്ങിയിരുന്നു. ഇസ്രായേലിലേക്ക് അവര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഫുട്ബാള്‍ കളിച്ചു കൊണ്ടിരുന്ന 12 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഹിസ്ബുള്ളയും ഏറെക്കുറെ ഇല്ലാതായി. തലവന്‍ ഹസന്‍ നസ്രറുളളയും പരലോകം പൂകി. പേജറുകും വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇപ്പോള്‍ കഴിക്കുന്ന ഭക്ഷണവും, കുടിക്കുന്ന വെള്ളവും പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ഹിസ്ബുള്ള. ഇനി ബാക്കിയുള്ളത് യമനിലെ ഹൂതി വിമതരും അവരെയും വളര്‍ത്തുന്ന ഇറാനുമാണ്.

കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച് ഇറാന്‍ ചോരക്കളി തുടങ്ങിക്കഴിഞ്ഞു. ഇറാന്റെ ഒടുക്കത്തിന്റെ തുടക്കം എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. നെതന്യാഹൂ ഇറാനെ ഭീകരതയില്‍നിന്ന് മോചിപ്പിക്കും എന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. അതായത് അലി ഖാമനേയി എന്ന ഇറാന്റെ പരമോന്നത് നേതാവിന്റെ തല, മൊസാദ് ലക്ഷ്യമിട്ടു കഴിഞ്ഞുവെന്ന് ചുരുക്കം. ഇതോടെ ഫലത്തില്‍ ഇറാന് ഇസ്ലാമിക ഭീകരതയില്‍നിന്നും മോചനവുമാവും.


പ്രശ്നം ആഗോള ഇസ്ലാമിക മേധാവിത്വം

ഇറാന് ഇസ്രയേലുമായുള്ള അടിസഥാന പ്രശ്നം മതപരം തന്നെയാണ്. മറ്റ് ഇസ്ലാമിക ഭീകരവാദികളെപ്പോലെ തന്നെ അവസാനത്തെ യഹൂദന്റെ മരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം ഇസ്ലാമിക ലോകത്തിന്റെ ആഗോള മേധാവിത്വത്തിനുള്ള ശ്രമങ്ങളും. സുന്നി രാഷ്ട്രമല്ല ഷിയാ രാഷ്ട്രമാണ് ഇറാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരണശേഷം ഖലീഫാ പദവിക്ക് വേണ്ടി ആരംഭിച്ച സുന്നി- ഷിയാ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴു സംഭവിക്കുന്നത്. സൗദി അറേബ്യ അടക്കമുള്ള മിഡില്‍ ഈസ്റ്റിലെ വന്‍ശക്തിയായ സുന്നികള്‍ ഇസ്രായേലിന് മുന്നില്‍ മുട്ടുമടക്കിയെന്നും, ഇനി യഥാര്‍ത്ഥ ജിഹാദിന്റെ അവകാശികള്‍ തങ്ങള്‍ തന്നെയാണെന്നും പ്രഖ്യാപിക്കാനാണ് ഇറാന്റെ ഇപ്പോഴത്തെ അടവുകള്‍. നേരത്തെയും ഇതേ പ്രശ്നമുണ്ട്. സല്‍മാന്‍ റുഷ്ദിയെ കൊല്ലാനുള്ള ഫത്വ പുറത്തിറക്കിയതൊക്കെ ഇറാനാണ്. അതിലുടെ അന്നത്തെ ഇറാനിലെ പരമോന്നത് നേതാവ് ആയത്തുള്ള ഖുമേനി ലക്ഷ്യമിട്ടതും, ലോക മുസ്ലീക്കിടയിലെ ഷിയാ മേധാവിത്വമാണ്.

പക്ഷേ, സൗദിയടക്കമുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം മടുത്ത മട്ടാണ്. ഖത്തര്‍ ഒഴികെയുള്ള മിഡില്‍ ഇസ്റ്റ് രാജ്യങ്ങള്‍ ഒന്നും തന്നെ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുമില്ല. സൗദിയിലെ സല്‍മാന്‍ രാജകുമാരന്‍ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ച് ലോകത്തിന്റെ കയ്യടി നേടി. ശരീയത്തില്‍പോലും വെള്ളം ചേര്‍ത്തുകൊണ്ടുള്ള പല പരിഷ്‌ക്കരണ നടപടികളും ആ രാജ്യം നടത്തി. സമാനമായ പാതിയിലാണ് മറ്റ് ജിസിസി രാജ്യങ്ങളും. മതത്തിനേക്കാള്‍ വാണിജ്യത്തിനും വ്യവസായത്തിനുമാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്നത്.

മധ്യപൗരസ്ത്യ ദേശത്ത് ഇപ്പോള്‍ ഖത്തര്‍ ഒഴികെയുള്ള അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിനോടു പഴയ ശത്രുതയില്ല. യഹൂദരാഷ്ട്രവുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാം എന്ന നിലയിലേക്കു സൗദി അറേബ്യ മാറി. 1948-ല്‍ ഇസ്രയേല്‍ സ്ഥാപിച്ചതുമുതല്‍ സൗദി അറേബ്യ ആ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇസ്രയേലുമായി ചില ധാരണകള്‍ ആവാമെന്നു പ്രസ്താവിക്കുകയുണ്ടായി. 2020 സെപ്റ്റംബറില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥയില്‍ ഇസ്രയേലും ,യഎഇ യും സമാധാന കരാര്‍ ഒപ്പുവെച്ചു. എബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാര്‍ അറബ്- ഇസ്രായേല്‍ ബന്ധത്തില്‍ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. തുടര്‍ന്ന് സൗദി അറേബ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ബഹറൈനും എബ്രഹാം ഉടമ്പടിയുടെ ഭാഗമായി. ഇസ്ലാമിക രാജ്യങ്ങളായ സുഡാനും മൊറാക്കോയും ഇസ്രേയേലുമായി സൗഹദക്കരാര്‍ ഒപ്പിട്ടു. ഇതൊന്നും ഇറാന് തീരെ സഹിച്ചിട്ടല്ല.




സൗദി അറേബ്യയും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവെയ്ക്കുന്നതിനുള്ള നടപടികള്‍ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ഹമാസ് തെക്കന്‍ ഇസ്രായേലില്‍ കടന്നുകയറി ആയിരത്തോളം മനുഷ്യരെ കൊന്നൊടുക്കിയത്.ഏതാണ്ട് തകര്‍ന്ന് കിടന്ന ഹമാസിനെ പുനരുജ്ജീവിച്ചതിന് പിന്നില്‍ ഇറാന്റെ ഇടപെടലായിരുന്നുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതുമാത്രമല്ല, ലബനനിലെ ഹിസ്ബുള്ളക്കും, യമനിലെ ഹൂതി വിമതര്‍ക്കും പിന്നിലും ഇറാന്‍ തന്നെയാണ്. അതിനാലാണ് ഭീകരതയെ വളര്‍ത്തുന്ന ആഗോള തീവ്രവാദ രാഷ്ട്രം എന്ന പേര് ഇറാന് വന്നുചേര്‍ന്നത്.

മുങ്ങിയ ഖാമനേയി

മൂന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കിയാല്‍ നേരിട്ട് ഒരു യുദ്ധം ഉണ്ടായാല്‍ ഇറാന് ഒരാഴ്ച പോലും പിടിച്ച് നില്‍ക്കാന്‍ ആവില്ല എന്നാണ് യുദ്ധകാര്യലേഖകര്‍ വിലയിരുത്തുന്നത്. അത്രക്ക് കരുത്തുള്ളതാണ് ഇസ്രായേലിന്റെ എയര്‍ ഫോഴ്സ്. മാത്രമല്ല അമേരിക്ക അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണയും ഇറാന് ഉണ്ടാവും. ഈജിപ്തും, ജോര്‍ദാനും ഉള്‍പ്പടെ ഒരു മുസ്ലീം രാഷ്ട്രവും ഇറാന് ഒപ്പം നില്‍ക്കില്ല. തുര്‍ക്കിയില്‍നിന്ന് മാത്രമായിക്കും അവര്‍ക്ക് കിട്ടുന്ന ഏക പിന്തുണ. പക്ഷേ സൈനികമായി സഹായിക്കാന്‍ തുര്‍ക്കിയും തയ്യാറാവില്ല. ഇറാന്‍ കഴിഞ്ഞ ദിവസം 200 ബാലിസ്റ്റിക്ക് മിസൈലുകള്‍ ആണ് ഇസ്രായേലിലേക്ക് അയച്ചത്. അതില്‍ ഭൂരിഭാഗവും ജോര്‍ദാന്റെ മുകളില്‍ വെച്ചാണ് ഇസ്രായേല്‍ തകര്‍ത്തു. അതായത് ജോര്‍ദാന്‍ തീവ്രവാദത്തിന് ഒപ്പമല്ല എന്ന് വ്യക്തം. ഒറ്റ ഫലസ്തീന്‍കാരനെപ്പോലെ ഈജിപ്തും, ജോര്‍ദാനുമെന്നും അഭയം കൊടുക്കില്ല.

സൈനികരുടെ എണ്ണത്തില്‍ മാത്രമാണ് ഇറാന്‍ മുന്നിലുള്ളത്. പക്ഷേ ആധുനികയുദ്ധം എന്നത് കാലാള്‍ യുദ്ധമല്ല. അത് അത്യാധുനിക ആയുധങ്ങള്‍ കൊണ്ടാണ്്. ഇവിടെയാണ് ഇറാന് പണി വരുന്നത്. റഷ്യകൊടുത്ത പഴഞ്ചന്‍ ആയുധങ്ങളാണ് അവര്‍ക്ക് ഏറെയുള്ളത്. പക്ഷേ ഒരു ആണവ ശക്തിയായതിനാല്‍ അവര്‍ ഏത് അറ്റംവരെ പോവും എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ഇറാനെ തകര്‍ക്കാനായി വളരെ നേരത്തെ തന്നെ ഇസ്രയേലും മൊസാദും പദ്ധതികള്‍ തയ്യാറാക്കിയതാണ്. ഇറാനിലെ സൈന്യത്തില്‍ നല്ലൊരു പങ്ക് ഇസ്രായേല്‍ ചാരന്‍മാര്‍ ഉണ്ടെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ട്. മൂന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിനുപിന്നിലും മൊസാദിന്റെ കരങ്ങളെകകുറിച്ച് സംശയിക്കുന്നവര്‍ ഉണ്ട്.

ലോകത്ത് എവിടെയും എത്തുന്നതാണ് ഇസ്രയേലിന്റെ ചാരശൃംഖല. നേരത്തെ ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതൊക്കെ അമ്പരപ്പിക്കുന്ന രീതിയലാണ്്. ഒടുവിലായി, ടെഹ്റാനിലെ അതിസുരക്ഷാ കൊട്ടാരത്തിനുള്ളില്‍ ഉല്ലസിച്ചിരുന്ന ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ മൊസാദ് കൊലപ്പെടുത്തിയപ്പോള്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള ഖാമനേയി നടുങ്ങിയിരിക്കണം. മതനേതാവിനാണ് ഇറാനില്‍ പ്രസിഡന്റിനേക്കാള്‍ പവര്‍. ഹനിയയയെ വധിച്ച വാര്‍ത്ത വന്നയുടന്‍ ഖാമനേയി സുരക്ഷിത കേന്ദ്രങ്ങളിലേക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചതിന് പിന്നാലെ ഖാമനേയി വീണ്ടും മുങ്ങിയിരിക്കയാണ്.




മാത്രമല്ല അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണ ഏത് യുദ്ധത്തിലും നിര്‍ണ്ണായകമാണ്. ഇപ്പോള്‍ തന്നെ മിഡില്‍ ഈസ്റ്റിലേക്ക് അതി പ്രഹര ശേഷിയുള്ള യുദ്ധകപ്പലല്‍ യുഎസ് അയച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മേഖലയില്‍ അമേരിക്ക കപ്പല്‍ വിന്യസിക്കുന്നത്. അമേരിക്കയുടെ തങ്ങളുടെ രണ്ടാമത്തെ യുദ്ധ കപ്പലാണ് ഈ പ്രദേശത്ത് വിന്യസിക്കുന്നത്. അമേരിക്കന്‍ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാനാണ് പ്രദേശത്തുള്ളത്. ഇതിന് കൂട്ടായി യുഎസ്എസ് എബ്രഹാം ലിങ്കന്‍ എന്ന വിമാന വാഹിനി കപ്പലാണ് പുതുതായി അയച്ചത്. ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ കപ്പല്‍ പ്രദേശത്ത് തന്നെ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രതികരിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണ്, ആണവായുധ വിമാനങ്ങളെപോലും വാഹിക്കാന്‍ കഴിയുന്ന, യുഎസ്എസ് എബ്രഹാം ലിങ്കണ്‍. എഫ്-35 യുദ്ധ വിമാനത്തെ വഹിക്കാന്‍ കഴിയുന്ന ഈ കപ്പല്‍ അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്‌സ് ക്ലാസിലാണ് പെടുന്നത്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കപ്പല്‍ അറേബ്യന്‍ കടലില്‍ നിരീക്ഷണം നടത്തിയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ സമയത്തും ഈ പടക്കപ്പല്‍ വലിയ പ്രവര്‍ത്തനം നടത്തി.

അതുപോലെ തന്നെ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങള്‍ ഒക്കെയും ഇറാന്റെ ശത്രുപക്ഷത്താണ്. പക്ഷേ ഇറാന് പ്രതീക്ഷ റഷ്യന്‍ പിന്തുണയിലാണ്. പക്ഷേ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ വെള്ളം കുടിക്കയാണ്. അത്തരം ഒരു സാഹര്യത്തില്‍ പുടിന്റെ പിന്തുണ എത്രമാത്രം ഉണ്ടാവുമെന്നത് സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നേരിട്ട് ഒരു യുദ്ധം ഉണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്‍ തവിട് പൊടിയാവുമെന്ന് ചുരുക്കം. ഇസ്രായേലിന് ആവട്ടെ അയേണ്‍ ഡോമിന്റെ സുരക്ഷയുണ്ട്.

ലക്ഷ്യം ഡീ ഇസ്ലാമൈസേഷന്‍

ഇറാന്റെ രാഷ്ട്രീയ മാറ്റവും ഇസ്രാേയലിന്റെ അജണ്ടയിലുണ്ട്. ഒരു കാലത്ത് സാംസ്‌ക്കാരിക വൈവിധ്യത്തിന്റെ നാടായ, മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ പറുദീസയായ ഇറാന്‍, ഇസ്ലാമിക ഭരണം വന്നതോടെയാണ് ആകെ തകര്‍ന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു വലിയ വിഭാഗം രാജ്യത്തുണ്ട്. രണ്ടുവര്‍ഷം മുമ്പ് മഹ്സ അമിനിയെന്ന യുവതിലെ ഹിജാബ് ധരിക്കാത്തനിനെ തുടന്ന് ഇറാന്‍ മതകാര്യപോലീസ് തല്ലിക്കൊന്നപ്പോള്‍ ഉണ്ടായ പ്രക്ഷോഭം ഇതിന് തെളിവാണ്. ഹിജാബ് കീറിയെറിഞ്ഞും, കത്തിച്ചും, മുടിമുറിച്ചും ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവുകളില്‍ പ്രതിഷേധിച്ചു. നിരവധി സ്ത്രീകള്‍ വെടിയേറ്റുമരിച്ചു. ആയിരങ്ങള്‍ ജയിലായി. വനിതാ വിമോചന നേതാവും നോബേല്‍ ജേതാവുമായ ഷിറിന്‍ ഇബാദി ഇപ്പോഴും ഇറാനിയന്‍ ഇരുട്ടറയ്ക്കുള്ളിലാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍നിന്ന് ഒരു മോചനം കൊടുത്താല്‍, ഇറാന്‍ ജനത അത് സ്വകീരിക്കുമെന്നും ഇസ്രയേല്‍ കരുതുന്നുവന്നെ് ജറുസലേം പോസ്റ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്.




ഖാമനേയിലെപ്പോലുള്ളവരുടെ അടഞ്ഞ കാഴ്ചപ്പാടുമൂലം ഇറാന്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടടിക്കയാണ്. വലിയ സദാചാരമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ഇസ്ലാമിക രാജ്യം എന്നായിരിക്കു പുറമെനിന്ന് നോക്കുമ്പോള്‍ ഇറാനെക്കുറിച്ച് തോന്നുക. എന്നാല്‍ ഈ ധാരണ തീര്‍ത്തും അബദ്ധമാണെന്നാണ് ഇറാനില്‍ ജീവിച്ചവര്‍ പറയുന്നത്. വേശ്യാവൃത്തിയും, വിവാഹേതര ബന്ധങ്ങളും, ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും, എല്ലാം ഇവിടെ വര്‍ധിച്ച് വരികയാണ്. പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാന്‍ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്!

മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യവൃത്തി കൊഴുക്കുന്നത്. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌നാ അശ്അരി വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള താല്‍ക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. ഒരാള്‍ക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. ഇതില്‍ മഹര്‍ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂര്‍ത്തിയായാല്‍ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാല്‍ സ്ത്രീകള്‍ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.

വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസന്‍സായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കളും ഇതിനെ അനുകൂലിക്കുന്നവരാണ്. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവര്‍ക്ക് അവരുടെ കമിതാക്കള്‍ക്കൊപ്പം ജീവിക്കാനും അവരുടെ പങ്കാളികളില്‍ നിന്ന് വേണമെങ്കില്‍ വേര്‍പിരിയാനും ഇത് വഴി സാധിക്കും. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം, താല്‍ക്കാലിക വിവാഹം സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കില്‍ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കല്‍ പോകാനുള്ള ഒരു വഴിയാണ്.

ഇറാനില്‍ വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ല. എന്നാലും ഒരു എന്‍ജിഒയായ അഅഫ്തഅബ് സൊസൈറ്റിയുടെ ഹെഡ്, ഫറഹ്നാസ് സെലിം പറയുന്നത് ടെഹ്റാന്‍ പ്രവിശ്യയില്‍ മാത്രം ഏകദേശം 10,000 സ്ത്രീകള്‍ ഈ ജോലിയില്‍ ഉള്‍പ്പെടുന്നുവെന്നും, അതില്‍ 35ശതമാനവും വിവാഹിതരാണെന്നുമാണ്. സര്‍ക്കാര്‍ ഇതര സംഘടനകള്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രായം ഈയിടെയായി 20 മുതല്‍ 30 വയസ്സില്‍ നിന്ന് 12 മുതല്‍ 18 വയസ്സായി കുറഞ്ഞുവെന്നാണ്.സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം പല തൊഴില്‍ മേഖലകളിലും നിലനില്‍ക്കുന്നു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി, ലിംഗവിവേചനം, മതിയായ തൊഴില്‍ അവസരങ്ങളുടെ അഭാവം എന്നിവ കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇത് ചൂഷണത്തിന് വളമാകുന്നു.




അതുപോലെ ഇറാഖിലെ ഷിയകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു ആനന്ദ വിവാഹങ്ങള്‍ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാന്‍ പുരോഹിതന്മാരുടെ മുന്‍കൈയില്‍ 'ആനന്ദ വിവാഹങ്ങള്‍' നടക്കുന്നത്. ഒരു മണിക്കൂറോളവും മറ്റും നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക 'വിവാഹം' നടത്തി ലൈംഗികാവശ്യങ്ങള്‍ക്കായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 'ആനന്ദ വിവാഹം' എന്ന പേരിലാണ് ഈ നിര്‍ബന്ധിത വേശ്യാവൃത്തി നടക്കുന്നത്. പുരോഹിതന്മാര്‍ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്.

രാജ്യത്തെ യുവാക്കള്‍ വിവാഹത്തോട് താല്‍പ്പര്യ കുറവ് കാണിക്കുയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇറാനില്‍ വിവാഹനിരക്ക് കുത്തനെ കുറയുന്ന അവസ്ഥയാണ്. വിവാഹമോചന നിരക്ക് കൂടുകയും ചെയ്യുന്നു. ഇതോടൊപ്പമാണ്, ജനസംഖ്യയില്‍ ഉണ്ടാവുന്ന കുറവ്. ഇറാനിലെ ജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത മൂന്ന് ദശകത്തിനുള്ളില്‍ വൃദ്ധര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തികമായും രാജ്യം മെച്ചപ്പെട്ട അവസ്ഥയില്ല. എന്നാല്‍ സൗദി അടക്കമുള്ള സുന്നി രാഷ്ട്രങ്ങള്‍ സാമ്പത്തികമായി മുന്നേറുകയാണ്. മത കാര്‍ക്കശ്യം എത്രയേറെ കുറയുന്നോ അത്രയേറെ ഗുണം ഉണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ അനുഭവം തെളിയിക്കുന്നുണ്ട്.

എണ്ണവില ഉയരും, വീണ്ടും മാന്ദ്യക്കാലം

പക്ഷേ യുദ്ധമെന്നത് ലോകമാകെയാണ് കെടുതികള്‍ ഉണ്ടാക്കുക. ഇപ്പോതന്നെ യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ട്. അതിനേക്കാള്‍ ശക്തമായിരിക്കും, പശ്ചിമേഷ്യയിലെ യുദ്ധം. ഇത് നേരിട്ട് ആഗോള വിപണിയെയും ബാധിക്കുമെന്ന് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്രായേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണ വില വര്‍ധിച്ചു. ഒറ്റദിവസംകൊണ്ട് ഏകദേശം നാലുശതമാനത്തിന്റെ വിലക്കയറ്റമാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി മൂലം ഉണ്ടായിരിക്കുന്നത്. ഇസ്രായേല്‍ പ്രത്യാക്രമണം എണ്ണ വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തിലെ ക്രൂഡിന്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന രാജ്യമാണ് ഇറാന്‍. അവിടെ ഒരു പ്രശ്നമുണ്ടായാല്‍ അത് മൊത്തം വിപണിയിലും പ്രതിഫലിക്കും.




വിമാന സര്‍വീസുകള്‍ ആഗോള ചരക്കുനീക്കം എന്നിവയും ഇതോടെ തടസപ്പെടുന്നു. ഇറാന്‍ ഇസ്രയേലിലേക്ക് ഏതാനും മിസൈലുകള്‍ അയച്ചതോടെ തന്നെ, പല വിമാന സര്‍വീസുകളും മുടങ്ങി. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്. ഈ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങളും ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വിസ് എയര്‍ലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇതുകാരണം 15 മിനിറ്റോളം അധികം സമയമെടുക്കും. ഇസ്രായേല്‍, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള്‍ ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു.പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളുടേയും സുരക്ഷ ഓരോ ദിവസവും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇതനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇപ്പോഴേ ഇതാണ് അവസ്ഥയെങ്കില്‍ ശരിക്കുമൊരു യുദ്ധമുണ്ടായാലുള്ള അവസ്ഥയെന്തായിക്കും?

നേട്ടം ട്രംപിന്?

ഈ യുദ്ധം ഭീതികൊണ്ട് നേട്ടം ഉണ്ടായിരിക്കുന്നത്, മുന്‍ പ്രസിഡന്റും അമേരിക്കയിലെ നിലവിലെ പ്രസിഡന്റ് സ്ഥാനാത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ചൂടേറിയ വിഷയമായി ഇറാന്‍ മാറിയിരിക്കയാണ്. താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്് എങ്കില്‍ ഇറാന് ഇസ്രായേലിനെ ആക്രമിക്കാന്‍ ധൈര്യം കാട്ടില്ലായിരുന്നു എന്നാണ് ട്രംപ് പറയുന്നത്. ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകേണ്ട ആവശ്യവും വരില്ലായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇറാന്‍ നൂറ് കണക്കിന് മിസൈലുകള്‍ ഇന്നലെ ഇസ്രയേലിലേക്ക് അയച്ച പശ്ചാത്തലത്തിലാണ് തന്റെ ആപ്പിലൂടെ ട്രംപ് ഈ സന്ദേശം നല്‍കിയത്. മധ്യപൂര്‍വേഷ്യയില്‍ പറന്ന് നടക്കുന്ന റോക്കറ്റുകളെ നോക്കൂ..റഷ്യയിലും യുക്രൈനിലും സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ പണപ്പെരുപ്പം ലോകത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് ട്രംപ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന കാര്യം ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.




കൈയ്യില്‍ നയാ പൈസയില്ലാതെ ഇറാന്‍ നട്ടം തിരിഞ്ഞ ഒരു കാലഘട്ടമായിരുന്നു അതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ കമലാ ഹാരീസിനെതിരെ ഈ അവസരം ഉപയോഗിച്ച് ആരോപണം ഉന്നയിക്കാനും ട്രംപ് ശ്രമിച്ചു. കമലാ ഹാരിസ് വന്‍തോതില്‍ ഇറാന് സാമ്പത്തിക സഹായം നല്‍കിയെന്നും അവര്‍ അത് ഉപയോഗിച്ച് മധ്യപൂര്‍വ്വേഷ്യയില്‍ എമ്പാടും തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്നും ട്രംപ് ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ മധ്യപൂര്‍വ്വേഷ്യയിലും യൂറോപ്പിലും യുദ്ധങ്ങള്‍ ഇല്ലായിരുന്നു എന്നും ഏഷ്യാ മേഖലയില്‍ സമാധാനം നിലനിന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ഇസ്രയേലിന് എല്ലാവിധ സഹായവും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇറാന്‍ ആക്രമണം പൂര്‍ണ പരാജയമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. ഇറാന്റെ ആക്രമണം തടയുന്നതില്‍ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ പടക്കപ്പലുകള്‍ പ്രധാന പങ്ക് വഹിച്ചതായും സളളിവന്‍ വ്യക്തമാക്കി. പക്ഷേ ട്രംപിന്റെ ഈ വാചകമടി വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ഇമേജ് ഉയര്‍ത്തിയതായി ചില മാധ്യമങ്ങള്‍ പറയുന്നുണ്ട്. നേരത്തെ തന്നെ ട്രംപിന്റെ കണ്ണിലെ കരടാണ് ഇറാനും, ആയത്തുള്ള ഖാമനേയിയും. ഇനി യുഎസില്‍ ട്രംപ് കൂടി അധികാരത്തില്‍വന്നാല്‍, ഖാമനേയിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കരുതാം.

വാല്‍ക്കഷ്ണം: എന്തൊക്കെ പറഞ്ഞാലും ഇറാനുമായി നല്ല ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഛാബാര്‍ തുറമുഖത്തിനായി വേണ്ടി മാത്രം നാം കോടിക്കണക്കിന് രൂപയാണ് മുതലിറക്കിയത്. യുദ്ധമുണ്ടായാല്‍ ഇതെല്ലാം വെള്ളത്തിലാവും. എണ്ണ വിലക്കയറ്റവും കൂടുതല്‍ ബാധിക്കുക, ഇന്ത്യപോലുള്ള രാജ്യങ്ങളെയായിരിക്കും.

Tags:    

Similar News