അരിവാള്‍ ചുറ്റിക നക്ഷത്രം നിരോധിക്കാന്‍ ബില്‍; ഇസ്ലാമും ആഫ്രിക്കന്‍ മതങ്ങളും വേണ്ട; കോവിഡ് വാക്സിന്‍ എടുക്കുന്നവര്‍ മുതലയാവുമെന്ന ഭീതി വ്യാപാരം; ആമസോണിന്റെ അന്തകന്‍; കടുത്ത വംശീയവാദി, സ്ത്രീവിരുദ്ധന്‍, സ്ത്രീലമ്പടനും! ട്രംപിന്റെ ബ്രസീല്‍ പതിപ്പ് ബോള്‍സെനാരോയുടെ കഥ
സ്ത്രീവിരുദ്ധന്‍, സ്ത്രീലമ്പടനും! ട്രംപിന്റെ ബ്രസീല്‍ പതിപ്പ് ബോള്‍സെനാരോയുടെ കഥ
ഒരു വ്യക്തിക്കുവേണ്ടി ഒരു രാഷ്ട്രത്തിനുമേല്‍ തീരുവ ചുമത്തപ്പെടുക! അതാണ് ഇപ്പോള്‍ അമേരിക്ക ബ്രസീലിനുമുകളില്‍ ചുമത്തിയ 50 ശതമാനം തീരുവ. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനും തന്റെ അടുത്ത സുഹൃത്തുമായ ജെയര്‍ ബോള്‍സെനാരോക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടിയിലുള്ള എതിര്‍പ്പിനെ തുടര്‍ന്നുകൂടിയാണ് ഈ നടപടിയെന്നും ട്രംപ് എക്സില്‍ വ്യക്തമാക്കി.
സാധാരണ രാജ്യങ്ങളുടെ പേരിലുള്ള കത്തിലുടെയാണ് ട്രംപ് തന്റെ തീരുവ യുദ്ധം നടത്താറുള്ളത്. എന്നാല്‍, ഇടതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഈ കത്ത് ആരംഭിക്കുന്നത്. ജെയര്‍ ബോള്‍സെനാരോയ്‌ക്കെതിരെ രാജ്യം നടത്തുന്നത് ഹീനമായ നടപടികള്‍ ആണെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ അപമാനം ഉണ്ടാക്കുന്നതായും ട്രംപ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് 2023 ജനുവരി 8ന് നടന്ന ഒരു അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ബോള്‍സെനാരോ ഇപ്പോള്‍ ബ്രസീലിലെ സുപ്രീം കോടതിയില്‍ വിചാരണ നേരിടുകയാണ്. 2021 ജനുവരി 6ന് യുഎസ് തലസ്ഥാനത്ത് നടന്ന ട്രംപ് അനുകൂല കലാപത്തിന്റെ അതേ രീതിയില്‍ തന്നെയായിരുന്നു ബ്രസീലിലെ ഫെഡറല്‍ ഗവണ്‍മെന്റ് ആസ്ഥാനത്ത് നടന്ന ബോള്‍സൊനാരോ അനുകൂല കലാപം.
''അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഏറെ ആദരണീയനായ നേതാവാണ് മുന്‍ പ്രസിഡന്റ് ബോള്‍സെനാരോ. ഇദ്ദേഹത്തോട് ബ്രസീല്‍ പെരുമാറിയ രീതി അന്താരാഷ്ട്രതലത്തില്‍ അപമാനകരമാണ്. ഈ വിചാരണ നടക്കാന്‍ പാടില്ല. ഇത് ഈ ഉടന്‍ അവസാനിപ്പിക്കണം!''- ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലേത് പോലെ ഔപചാരിക കത്തില്‍ എഴുതിയിരിക്കയാണ്. സ്വതന്ത്ര തിരഞ്ഞെടുപ്പുകള്‍ക്കെതിരായ ബ്രസീലിന്റെ വഞ്ചനാപരമായ ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതികരണമായി 2025 ഓഗസ്റ്റ് 1 മുതല്‍, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബോള്‍സൊനാരോയ്‌ക്കെതിരെ കേസെടുത്തതിന് പുറമേ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രാജ്യം വിലക്കുകയും ചെയ്തിരുന്നു.
ബ്രസീലിന്റെ തീരുമാനത്തെ വിമര്‍ശിച്ച ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിനെതിരെയും, ജെഡി വാന്‍സ് നിക്ഷേപം നടത്തിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ റംബിളിനും ബ്രസീലിയന്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ ബോള്‍സെനാരോ അനുകൂലിയായ യുഎസ് പൗരന്റെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും ബ്രസീലിയന്‍ സുപ്രീം കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ഈ തര്‍ക്കവുംട്രംപിന്റെ കത്തില്‍ പരാമര്‍ശിക്കുന്നു.
50 ശതമാനം തീരുവ ചുമത്തുന്നത് ബ്രസീലിന്റെ സമ്പദ്് വ്യവസ്്ഥക്ക് തിരിച്ചടിയാണ്. എന്നാല്‍ ട്രംപ് നടത്തിയ ഈ സാമ്പത്തിക ആക്രമണം, ബ്രസീലിന്റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് രാഷ്ട്രീയമായി അനുകൂല സാഹചര്യമാണ് ഉണ്ടാകുന്നത്. കാരണം അത്രക്ക് വെറുക്കപ്പെട്ട നേതാവാണ്, ബോള്‍സെനാരോ ഇപ്പോള്‍ ബ്രസീലില്‍. കടുത്ത വംശീയവാദി, സ്ത്രീവിരുദ്ധന്‍, ശാസ്ത്ര വിരുദ്ധന്‍, ആമസോണിന്റെ അന്തകന്‍, മത-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുനേരെ നിരന്തരം വിഷം ചീറ്റുന്നയാള്‍, കൊടിയ അഴിമതിക്കാരന്‍ തുടങ്ങിയ നിരവധി ചീത്ത വിശേഷണങ്ങളാണ്, ഇയാള്‍ക്ക് നെറ്റിപ്പട്ടമായിട്ടുള്ളത്. ട്രംപിനെപ്പോലെ വിടുവായനും, സത്രീലമ്പടനുമാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് എന്ന് വിമര്‍ശിക്കപ്പെട്ട ബോള്‍സെനാരോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അടുത്ത സുഹൃത്താണ്.
വാവിട്ട വാക്കുകളിലുടെ അധികാരത്തിലേക്ക്
ട്രംപിന് സമാനമായിരുന്നു, ബോള്‍സെനാരോയുടെയും വളര്‍ച്ച. ഇരുവരും വംശീയ- വിദ്വേഷ പരാമര്‍ശങ്ങളിലൂടെ ഹീറോ ആയവരാണ്. 2010 മുതലുള്ള തന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ തുടക്കത്തില്‍, അമേരിക്കയിലെ ഏറ്റവും വലിയ കോമാളിയായിരുന്നു ട്രംപ്. അപ്രെന്റീസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജിയായി വിടുവായത്തങ്ങളും വിഡ്ഡിത്തങ്ങളും പറയുന്ന വീഡിയോക്ലിപ്പുകളാണ് ട്രംപിന്റെതായി ആദ്യം പ്രചരിച്ചത്. മുഖം വക്രീകരിച്ച ആ ചിരിയും, കൈ പ്രത്യേകരീതിയില്‍ ചലിപ്പിച്ചുമുള്ള ബോഡി ലാംഗ്വേജും, ചില ക്ലീഷേ ഡയലോഗുകളുമൊക്കെ ഒരു കോമാളി നിലവാരത്തില്‍ ട്രംപിനെ ശ്രദ്ധേയനാക്കി. ആദ്യം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ കയറിക്കൂടാനാണ് ട്രംപ് ശ്രമിച്ചത്. അത് നടന്നില്ല. അപ്പോള്‍ പിന്നെ, പി ആര്‍ കമ്പനിയിലെ സുഹൃത്തുകള്‍ ട്രംപിനെ റിപ്പബ്ലിക്കനാക്കി. ഒറ്റ വിദ്വേഷ പ്രസ്ഥാവനയാണ് ട്രംപിന്റെ ജാതകം മാറ്റിയത്. അമേരിക്കയില്‍ കുടിയേറുന്ന മെക്സിക്കോക്കാര്‍ മുഴവന്‍ കൊലപാതികളും ബലാല്‍സംഗികളുമാണ് എന്നതായിരുന്നു ആ പ്രസ്താവന. അതോടെ ട്രംപ് തീവ്രവലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായി. അയാളുടെ രാഷ്ട്രീയ വളര്‍ച്ചയും അവിടെ തുടങ്ങുന്നു.
അതുപോലെ ബോള്‍സെനാരോയും ശ്രദ്ധിക്കപ്പെടുന്നത് നിരന്തരമായ വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ്. ഒരു മുന്‍ സൈനികനാണ് ഇദ്ദേഹം. 1973-ല്‍ വിരമിച്ചു. അതിനുശേഷം 10 കൊല്ലത്തിനുശേഷം സൈനികരുടെ കുറഞ്ഞ ശമ്പളത്തെ കറ്റപ്പെടുത്തി ഇയാള്‍ ഒരു ലേഖനമെഴുതി. ഇതിന്റെ പേരില്‍ 15 ദിവസം തടവിലാക്കപ്പെട്ടു. ജയിലില്‍നിന്ന് ഇറങ്ങി പിന്നെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. 91 മുതല്‍ ബോള്‍സെനാരോ മുഖ്യധാരാരാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്.
മുന്‍ പ്രസിഡന്റായ ഫെര്‍ണാണ്ടോ കാര്‍ഡോസോ ഉള്‍പ്പെടെ അഴിമതിക്കാരായ 3000 രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തണമെന്ന, ബോള്‍സെനാരോയുടെ ആഹ്വാനമാണ് വിവാദപര്‍വത്തിന്റ തുടക്കം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനപോലെ ഇത്, ബോള്‍സെനാരോയുടെയും തുറപ്പ് ചീട്ടായിരുന്നു.
2003-ല്‍ ഒരു വനിതാ എംപിയോട് പറഞ്ഞത്. ഞാന്‍ നിങ്ങളെ ബലാത്സഗം ചെയ്യാതെ വിടുന്നത് അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്നതുകൊണ്ടാണെന്നാണ്. ഇത് ലോകവ്യാപകമായി ചര്‍ച്ചയായി. കറുത്തവര്‍ഗക്കാര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും, കമ്യൂണിസ്റ്റുകള്‍ക്കും, സ്വവര്‍ഗാനുരാഗികള്‍ക്കുമൊക്കെ എതിരെ അയാള്‍ നിരന്തരം വിഷം ചീറ്റി. സ്വന്തം മകന്‍ കാര്‍ അപകടത്തില്‍ മരിക്കുകയാണ് അവന്‍ സ്വവര്‍ഗാനുരാഗിയാവുന്നതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞു. ആളുകളെ വെടിവെച്ച് കൊല്ലാത്ത ഒരാള്‍ പൊലീസ് സര്‍വീസില്‍ നല്ലതല്ലെന്ന് പറഞ്ഞ് വയലന്‍സിലെ പ്രോല്‍സാഹിപ്പിച്ചു.
കറുത്ത വര്‍ഗക്കാര്‍ പ്രജനനത്തിനുപോലും അര്‍ഹതയില്ലാത്തരാണെന്നാണ് അയാള്‍ ഒരിക്കല്‍ പറഞ്ഞത്. സംവരണം പറ്റുന്ന ന്യൂനപക്ഷങ്ങള്‍ ഇത്തിള്‍ക്കണ്ണികളെന്ന് വിളിച്ചു. റെഡ് ഇന്ത്യന്‍സും, കറുത്തവര്‍ഗക്കാരും വെളുത്തവന്റെ ഭൂമി തട്ടിയെടുക്കയാണെന്ന് ആരോപിച്ചു. കറുത്ത വര്‍ഗക്കാരായ ആക്റ്റീവിസ്റ്റുകളെ മൃഗശാലയിലേക്ക് തിരിച്ചുപോവേണ്ടവര്‍ എന്ന് പരിഹസിച്ചു. നവനാസി സംഘടനകള്‍ക്കും ബോള്‍സെനാരോ കൃത്യമായ പിന്തുണ കൊടുത്തു. രാജ്യത്ത് മൊത്തം തോക്ക് കൊടുക്കണമെന്ന് പറഞ്ഞു.
'ഇസ്ലാമിനെയും കമ്യൂണിസത്തേയും നിരോധിക്കണം'
ബ്രസീല്‍ ആത്യന്തികമായി ഒരു ക്രിസ്ത്യന്‍ രാജ്യമായിരിക്കേ, മറ്റു മതസ്ഥരൊക്കെ പൊതുമണ്ഡലങ്ങളില്‍നിന്നും രാഷ്ട്രീയ ഇടങ്ങളില്‍നിന്നും പിന്തിരിയണമെന്നാണ് ബോള്‍സെനാരോയുടെ വാദം. തീവ്രവാദികളായ ഇസ്ല്ലാമിനെയും ആഫ്രിക്കന്‍ മതങ്ങളെയും നിരോധിക്കണം. വംശശുദ്ധി നിലനിര്‍ത്താന്‍ ക്രിത്രിമ ബീജ സങ്കലനം വേണമെന്നും ഈ വട്ടന്‍ നേതാവ് ആവശ്യപ്പെട്ടു. പട്ടാളഭരണത്തോട് കടുത്ത പ്രേമമാണ് ബൊള്‍സാനാരോക്ക്. 1964-ലെ പട്ടാള അട്ടിമറി അദ്ദേഹത്തിന് മഹത്തായ വിപ്ലവമാണ്. പട്ടാള ഭരണക്കാലത്തെ ക്രൂരനായ ഭരണാധികാരിയായിരുന്ന കാര്‍ലോസിന്റെ വാഴ്ത്തിപ്പാടാനും അദ്ദേഹം മടിക്കാറില്ല. കമ്യൂണിസ്റ്റുകളെ പുര്‍ണ്ണമായി കൊന്നൊടുക്കാന്‍ പറ്റാഞ്ഞതാണ് പട്ടാള ഭരണത്തിന്റെ പ്രശ്നമെന്നാണ് അദ്ദേഹം പറയുക. പട്ടാള ഭരണകാലത്ത് രാജ്യത്ത് നിന്ന് അപ്രത്യക്ഷരായ ആളുകളെക്കുറിച്ച് അന്വേഷിച്ച ട്രുത് കമ്മീഷനെ 'എല്ല് തിരിഞ്ഞുപോവുന്ന നായ്ക്കള്‍' എന്നാണ് ഈ നീചന്‍ അപഹസിച്ചത്. ഇങ്ങനെ നിരന്തരമായ വിദ്വേഷ പ്രസ്താവനകളിലൂടെയാണ് അയാള്‍ വളര്‍ന്നത്.
കുടത്ത ജനാധിപത്യവിരോധിയായ ബോള്‍സനാരോയുടെ വാദത്തില്‍ വോട്ടിങ്് സ്മ്പ്രദായം കൊണ്ട് യാതൊരു മാറ്റവും നേടാനാവില്ല. എന്നിട്ടും അയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2017-ല്‍ ലോവര്‍ ഹൗസ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബോള്‍സെനാരോക്ക് വെറും നാലുവോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. ആഗോള സാമ്പത്തിക മാന്ദ്യവും മൂന്‍ ഭരണാധികാരികളുടെ അഴിമതിയും അദ്ദേഹത്തിന് തുണയായി. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത് ബോള്‍സെനാരോ 2018-ല്‍ അധികാരത്തിലെത്തി. പക്ഷേ അഴിമതിയും അക്രമവും വര്‍ധിക്കയാണ് ഉണ്ടായത്.
ബാള്‍സെനാരോ ഭരണത്തിന് കീഴില്‍ ബ്രസീല്‍ ജനത ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് വീണു. ശാസ്ത്ര വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നയങ്ങള്‍ കൊണ്ട് ബോള്‍സെനാരോ ലാറ്റിന്‍ അമേരിക്കയുടെ ട്രംപ് എന്ന കുപ്രസിദ്ധി നേടി. സി.എന്‍.എന്നിന്റെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 33 ശതമാനം ദരിദ്രരായി മാറി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കാനുള്ള ശ്രമവും അയാള്‍ നടത്തി. അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷം പരത്തുന്ന അടയാളമാണെന്നും അവ നിര്‍മ്മിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തടവിലാക്കണമെന്നം ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലിമെന്റില്‍ ബില്‍ വന്നു. നാസികളുടെ സ്വസ്തിക ചിഹ്നവുമായി താരമ്യപ്പെടുത്തിയാണ്, ബ്രസീലിയന്‍ പ്രസിഡന്റിന്റെ മകനും, ബ്രസീലിയന്‍ കോണ്‍ഗ്രസ് ആംഗവുമായ എഡ്വേര്‍ഡോ ബോള്‍സെനാരോ ബില്‍ അവതരിപ്പിച്ചത്. കമ്യൂണിസവും നാസിസും നടത്തിയ കൂട്ടക്കൊലയുടെ ചരിത്രം എടുത്തുപറഞ്ഞായിരുന്നു, എഡ്വേര്‍ഡോയുടെ പ്രസംഗം.
ആമസോണിന്റെ അന്തകന്‍
ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികള്‍ വെറുക്കുന്ന പേരാണ് ജയര്‍ ബോള്‍സെനാരോയുടേത്. കാരണം ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ വീണവായിച്ച നേതാവാണ് അദ്ദേഹം.
വനനശീകരണത്തിനെതിരായ കാമ്പയിനും സൈലന്റ് വാലി പ്രക്ഷോഭവും പ്രക്ഷുബ്ധമാക്കിയ കേരളത്തിന്റെ 80 കളില്‍ മുസ്ലീ ലീഗ് നേതാവ് സീതി ഹാജി ചോദിച്ച ഒരു ചോദ്യം വലിയ തമാശയായിരുന്നു. 'മരങ്ങള്‍ മൂലമാണ് മഴ പെയ്യുന്നതെങ്കില്‍ കടലില്‍ എങ്ങനെയാണ് മഴ ചെയ്യുക അവിടെ മരങ്ങള്‍ ഇല്ലല്ലോ എന്ന്'. സമാനമായ ഒരു ചോദ്യം ലോകത്ത് ഉയര്‍ന്നുവന്നത് ബോള്‍സോനാരോയില്‍ നിന്നാണ്. 2020-ല്‍, ലോകത്തിന്റെ ശ്വാസകോശങ്ങള്‍ എന്ന് അറിയപ്പെടുന്ന ആമസോണ്‍ കാടുകള്‍ കത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ബോള്‍സനാരോയുടെ മറുപടി ഇങ്ങനെ. 'ഉഷ്ണമേഖലാ മഴക്കാടുകള്‍ക്ക് തീ പിടിക്കുകയില്ല. അതിനാല്‍ ആമസോണ്‍ കത്തുന്നു എന്നത് ഒരു നുണയാണ്'- നോക്കണം ഈ ആധുനിക ലോകത്ത് ജീവിക്കുന്ന ഒരു ഭരണാധികാരിയുടെ മറുപടിയാണ്.
2020-ല്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് ആരാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ആദ്യമെത്തിയതും ബ്രസീല്‍ പ്രസിഡന്റാണ്. ആമസോണ്‍ മഴക്കാടുകളെ സ്വകാര്യവ്യക്തികള്‍ക്ക് ചൂഷണം ചെയ്യാന്‍ വിട്ടുകൊടുത്ത് അദ്ദേഹം ആമസോണിന്റെ അന്തകന്‍ എന്ന പേരും സമ്പാദിച്ചു.രാജ്യാന്തര വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമല്ല ശാസ്ത്ര മാസികകളായ ദ ലാന്‍സെറ്റും, നേച്ചറും പോലും ബോള്‍സനാരോ അതി നിശിതമായി വിമര്‍ശിച്ചു.
നാഷണല്‍ ജിയോഗാഫ്രിക്ക് ചാനലാണ് ബോള്‍സെനാരോയെ ആമസോണിന്റെ അന്തകന്‍ എന്ന് വിശേഷിപ്പിച്ചത്. വന്‍ കിട അഗ്രി കമ്പനികള്‍ക്കുവേണ്ടിയാണ് ഇദ്ദേഹം ആമസോണിലെ കൈയേറ്റം പ്രോല്‍സാഹിപ്പിച്ചു. ലോകത്തെ അത്യപൂര്‍വ ആവാസ വ്യവസ്ഥ ഇല്ലാതാവുമ്പോളും ഇയാള്‍ വികസനം വരുമെന്നൊക്കെയാണ് പറയുന്നത്. ആമസോണ് കത്തിയെരിയുമ്പോള്‍ നിഷ്‌ക്രിയമായിരുന്നബ്രസീല്‍ ഭരണകൂടത്തിനെതിരെ ഇങ്ങ് കേരളത്തില്‍ വരെ പ്രതിഷേധമുയര്‍ന്നിരുന്നു. ലോകത്തിന്റെ പല ഭാഗത്തും നടന്ന അത്തരം ചെറുതും വലുതുമായ സമരങ്ങളാണ് ആമസോണില്‍ ഒരു പരിധിവിട്ട് കടന്നുകയറുന്നതില്‍ നിന്ന് ബ്രസീല്‍ ഭരണകൂടത്തെ പിന്തിരിപ്പിച്ചത്.
പ്രസിഡന്റ് ബോള്‍സെനാരോ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചതായിയാണ് ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശീയ സമുദായങ്ങളെക്കാളും മറ്റ് വനവാസികളെക്കാളും ഖനി മുതലാളിമാര്‍ക്കും കര്‍ഷകര്‍ക്കുമാണ് ബോള്‍സനാരോ മുന്‍ഗണന നല്‍കിയത്.
പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും അദ്ദേഹം ഇല്ലാതാക്കി. നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. ബ്രസീല്‍ സര്‍ക്കാരിന്റെ ഭൂവിനിയോഗ നയങ്ങളുടെ ഫലമായിട്ടാണ് ആമസോണ്‍ മഴക്കാടുകള്‍ ഈ അവസ്ഥയിലേക്ക് എത്തുന്നതെന്നും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ഒരു കെട്ടുകഥ മാത്രം
ബോള്‍സോനാരോ അങ്ങേയറ്റം വിവാദ പുരുഷനായി മാറിയിരിക്കുന്നത് കോവിഡില്‍ അദ്ദേഹം നടത്തിയ വിവരക്കേടിന്റെ പശ്ചാത്തലത്തിലാണ്. കോവിഡ് ഒരു കെട്ടുകഥയാണെന്ന തിയറിയുണ്ടാക്കി തുടക്കം മുതല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങിനെയെല്ലാം പുച്ഛിച്ച് നടക്കുന്നയാളായിരുന്നു നമ്മുടെ കഥാനായകന്‍. കോവിഡ് പടരുമ്പോഴും വലിയ ജാഥകള്‍ നയിച്ചും ഫോട്ടോക്ക് പോസ് ചെയ്തും, തെരുവുകളില്‍ പരസ്യമായി എത്തി ഭക്ഷണം കഴിച്ചു അദ്ദേഹം വിവാദ നായകനായി. ഒടുവില്‍ ബ്രസീലില്‍ കോവിഡ് പടര്‍ന്ന് ആയിരങ്ങള്‍ മരിച്ചു.
കോവിഡ് മാഹാമാരിയില്‍നിന്ന് രക്ഷപ്പെടാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈസറിന്റെ കോവിഡ് വാക്സിനെതിരെയും ബൊള്‍സെനാരോ രംഗത്തെത്തി. വാക്സീന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന ഫൈസര്‍ കമ്പനിയുടെ നിലപാടിനെതിരെയാണ് ബ്രസീല്‍ പ്രസിഡന്റ് രംഗത്തെത്തെത്തിയത് വലിയ വാര്‍ത്തയായി. വാക്സീന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചടി.
'ഫൈസര്‍ കമ്പനിയുടെ കരാറില്‍നിന്ന് അതു വ്യക്തമാണ്. മരുന്നു കുത്തിവച്ച് നിങ്ങള്‍ മുതലയായി മാറിയാല്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും പുരുഷന്മാര്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലും കമ്പനി യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ല' അദ്ദേഹം പറഞ്ഞു. പക്ഷേ ഇതൊന്നുമല്ല പാര്‍ശ്വഫലം എന്ന വാക്കുകൊണ്ട് ഫൈസര്‍ കമ്പനി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. അതൊരു സ്റ്റിയാട്ടൂട്ടറി വാണിങ്് മാത്രമാണെന്നും, ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ വാകിസിന്‍ എടുത്തിട്ടം അവര്‍ക്കാര്‍ക്കം ഒരു കുഴപ്പവും വന്നിട്ടില്ലല.
താന്‍ വാക്സീന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞത് തെറ്റായ സന്ദേശവും ബോള്‍സെനാരോ പ്രചരിപ്പിച്ചു. തനിക്ക് വൈറസ് ബാധിച്ചിരുന്നുവെന്നും അതിനാല്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെട്ടുവെന്നും വാക്സീന്റെ ആവശ്യമില്ലെന്നും ബ്രസീല്‍ പ്രസിഡന്റ് വ്യക്തമാക്കി. വാക്സിന്‍ എടുത്താല്‍ നിങ്ങള്‍ മുതലയായി മാറും എന്നതടക്കമുള്ള വാക്സിന്‍ വിരുദ്ധ സിദ്ധാന്തങ്ങള്‍ക്ക് പ്രസിഡന്റ് ചൂട്ട് പിടിച്ചു. അങ്ങനെ ഏറ്റവും ഭീകരമായി കൊവിഡ് ബാധിച്ച രാജ്യമായി ബ്രസീല്‍ മാറി. ഏഴ് ലക്ഷത്തോളം മനുഷ്യര്‍ അവിടെ കൊവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചെറിയൊരു പനി മാത്രമാണെന്നായിരുന്നു ബൊല്‍സോനരോയുടെ ആദ്യ നിലപാട്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു.
ഇദ്ദേഹത്തിന്റെ വാദങ്ങള്‍ ശുദ്ധ നുണയാണെന്നും ശാസ്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്യമായ പാശ്വഫലങ്ങള്‍ ഒന്നുമില്ല എന്ന് തെളിയിക്കപ്പെട്ട ശേഷമാണ് ഫൈസര്‍ വാക്സിന് അനുമതി കിട്ടിയത് തന്നെ. വാക്സിന്‍ എടുത്തവര്‍ക്ക് അലര്‍ജിയല്ലാതെ ഗുരതരമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടുമില്ല. ഇത് പെരുപ്പിച്ച് ഭീതി വ്യാപാരം നടത്തുകയാണ് ബൊള്‍സൊനരോ ചെയ്തത്്. പ്രസിഡന്റിനെ വിശ്വസിച്ച് വാ്ക്സിന്‍ എടുക്കാതിരുന്ന ഒരുപാടുപേരുടെ ജീവനും അതോടെ പൊലിഞ്ഞു.
ഇതൊക്കെ ബോള്‍സെനാരോയുടെ ജനപ്രീതി ഇടിച്ചു. തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ പ്രസിഡന്റായി തൊഴിലാളി നേതാവ് ലുല ഡി സില്‍വ 2022-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബോള്‍സെനാരോയുടെ അഴിമതികള്‍ ഒന്നൊന്നായി അവര്‍ കുത്തിപ്പൊക്കി. ഭാര്യയും മകനും അഴിമതിക്കേസില്‍ പെട്ടു. സൗദിയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ കടത്തിയ കേസ് ഞെട്ടിപ്പിക്കുന്നത്. ഇതിന്റെ പിന്നാലെയാണ് തിരഞ്ഞെടുപ്പ് കലാപക്കേസും. ഇതിന്റെയെല്ലാം വിചാരണ തുടരുകയാണ്. ഇതാണ് ട്രംപ് വലിയ പീഡനമായി കാണുന്നത്. ഇതിന്റെ പേരിലാണ് ബ്രസീലിനെ സാമ്പത്തികമായി ഉപരോധിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.
വാല്‍ക്കഷ്ണം: പെലെയും, റോണാള്‍ഡോയും, നെയ്മറും, അടങ്ങുന്ന ഫുട്ബോള്‍ താരങ്ങളുടെ നാടാണ് നമുക്ക് ബ്രസീല്‍. ഇത്രയധികം അഴിമതിയും അരാജകത്വവുമുള്ള ഒരു നാട്ടില്‍നിന്നാണ് ഇത്രയും കായിക പ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് എന്നോര്‍ക്കണം.