ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയത് ഫിക്ഷനോ? എന്‍ഫോഴ്സ്മെന്റിനെകൊണ്ട് പിടിപ്പിക്കാനും ശ്രമം; മകള്‍ക്കായി ഒരു കത്തു പോലും കൊടുത്തില്ല; ഡിവോഴ്സായിട്ടും പിന്തുടര്‍ന്ന് ആക്രമണം; എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? 'എം ടി സ്പെയ്സ്' പുസ്തകം ഞെട്ടിക്കുമ്പോള്‍
എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? 'എം ടി സ്പെയ്സ്' പുസ്തകം ഞെട്ടിക്കുമ്പോള്‍
''പ്രമീളനായരെക്കുറിച്ച് ഓര്‍ക്കുമ്പോഴോക്കെ ഞാന്‍ ടോള്‍സ്റ്റോയിയുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും, സോക്രട്ടീസിന്റെയും, എബ്രഹാം ലിങ്കന്റെയും ഭാര്യമാരെക്കുറിച്ച് ഓര്‍ക്കും. സോഫിയാ ടോള്‍സ്റ്റോയിലും, കാതറിന്‍ ഡിക്കന്‍സും, സാന്തിപ്പിയും, മേരി ടോഡ ലിങ്കണും എന്റെ മനസ്സിലുടെ ഒരു ചലച്ചിത്രത്തിലെന്നപോലെ കടന്നുപോവാറുണ്ട്. ഈ സ്ത്രീകള്‍ വീട്ടില്‍ സമാധാനം നല്‍കാതിരുന്നതുകൊണ്ടാണ്, ഭര്‍ത്താക്കന്‍മ്മാര്‍ ചിന്തകരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും മറ്റുമായതെന്ന് പലരും പറയാറുണ്ട്.- 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാംവിരല്‍' എന്ന ഇപ്പോള്‍ വിവാദമായ പുസ്തകത്തില്‍ ദീദി ദാമോദറിനൊപ്പമുള്ള സഹ എഴുത്തുകാരി എച്ച്മുക്കുട്ടി, പുസ്തകത്തിന്റെ രണ്ടാം അധ്യായം തുടങ്ങുന്ന വരികളാണ് മുകളില്‍.
പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. അതും എച്ച്മുക്കുട്ടി എഴുതുന്നുണ്ട്. തന്റെ 16 മക്കളെ പെറ്റ സോഫിയയെ ടോള്‍സ്റ്റോയി നിഷ്‌ക്കരുണം ഉപേക്ഷിക്കയായിരുന്നു. മര്‍ദിതരുടെ അവകാശങ്ങള്‍ക്കായി നിരന്തരം എഴുതിയിരുന്ന ഡിക്കന്‍സ്, കാതറിനെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. പല പ്രശസ്തരുടെയും വ്യക്തിജീവിതം അങ്ങനെയാണ്. പക്ഷേ വിദേശരാജ്യങ്ങളില്‍ അതെല്ലാം വലിയ ചര്‍ച്ചയാവുന്നു. നവ ഫെമിനിസ്റ്റുകള്‍, ഭര്‍ത്താക്കന്‍മ്മാര്‍ക്ക് വേണ്ടി ഹോമിക്കപ്പെട്ട ആ ജീവിതങ്ങളെ ആഘോഷിക്കുന്നു.
സമാനമായ ഒരു അവസ്ഥയിലൂടെയാണ് കേരളവും കടന്നുപോവുന്നത്. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരാണ് അത്തരമൊരും വിചാരണക്ക് വിധേയമാവുന്നത്. കാരണം, 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാംവിരല്‍' എന്ന പുസ്തകംതന്നെ. അത് എം ടിയുടെ ആദ്യഭാര്യ പ്രമീളാ നായരെ കുറിച്ചാണ്. എം ടി ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പോലും ഈ പേര് പുറത്ത്കേട്ടിരുന്നില്ല. മരണശേഷം പ്രവഹിച്ച വാഴ്ത്തുപാട്ടുകളില്‍ ഏറ്റവും അധിക്ഷേപിക്കപ്പെട്ടയാളാണ് പ്രമീള ടീച്ചര്‍. രണ്ടുപുസ്തകങ്ങളേ അവര്‍ എഴുതിയിട്ടുള്ളൂ. 81-ല്‍ നഷ്ടബോധങ്ങള്‍ എന്ന ആത്മകഥാപരമായ നോവലും, 92-ല്‍ ഗൗതമി എന്ന പെണ്‍കുട്ടി എന്ന ചെറുകഥാസമാഹാരവും. എം ടിയുടെ എത്രയോ കഥകള്‍ അവര്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. എന്നിട്ടും അവര്‍ മലയാള സാഹിത്യലോകത്തിനിന്ന് മാത്രമല്ല പൊതുസമൂഹത്തില്‍നിന്നുപോലും പുറത്തായി. അവരുടെ ഒരു ഫോട്ടോപോലും കിട്ടാത്ത അവസ്ഥയായി.
എന്തുകൊണ്ടാണ് ആരാലും ഒരു വരിപോലും എഴുതപ്പെടാതെ പ്രമീളാ നായര്‍ ബാഷ്പീകരിക്കപ്പെട്ടത് എന്ന് അന്വേഷിക്കയാണ് പുസ്തകം. പ്രശസ്തരെക്കുറിച്ചുള്ള ഗോസിപ്പ് കഥയല്ല ഇത്. ഒരു പരിധിവരെ ദീദി ദാമോദറിന്റെ അനുഭവം കൂടിയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകളായ ദീദിയുടെ കുടുംബ സുഹൃത്തുകൂടിയാണ് പ്രമീള ടീച്ചര്‍. ആ അനുഭവങ്ങളും, അവര്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളും കൂടി എഴുതുമ്പോള്‍, ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
ആരാണ് പ്രമീളാ നായര്‍?
പാലക്കാട് ചിറ്റൂര്‍ വടവന്നൂരില്‍ വലിയ മരത്തൂര്‍ തറവാട്ടില്‍ ദേവകിയമ്മയുടെയും, കോഴിക്കോട് പുതിയറ മൂച്ചിക്കല്‍ തറവാട്ടില്‍ വാസുദേവന്‍ നായരുടെയും മകളാണ് പ്രമീളാ നായര്‍. എംജിആര്‍ ജനിച്ച പാലക്കാട് വലിയ മരത്തൂര്‍ തറവാട്ടിലായിരുന്നു അവരുടെ ജനനം. അച്ഛന്‍ വാസുദേവന്‍ നായര്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ ജഡ്ജിയുടെ സ്റ്റെനോഗ്രാഫറായിരുന്നു. മൂന്ന് സഹോദരന്‍മ്മാരുടെ ഏക സഹോദരിയായ അവര്‍ ഏറെ ഓമനിക്കപ്പെട്ടാണ് വളര്‍ത്തപ്പെട്ടത്. നല്ല സാമ്പത്തികശേഷിയുള്ള കുടുംബമായിരുന്നു അവരുടേത്. അമേരിക്കയിലുള്ള സഹോദരന്‍മ്മാരായിരുന്നു പ്രമീളയുടെ ബലം.
കോഴിക്കോട് ബിഇഎം ഗേള്‍സ് സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവടങ്ങളിലെ പഠനം കഴിഞ്ഞ്, അക്കാലത്ത് കേരളത്തിന് പുറത്ത് മംഗാലാപുരത്തെ ആഗ്നസ് കോളജില്‍പോയി ചരിത്രത്തില്‍ ബിരുരുദാനന്തര ബിരുദം നേടിയ പ്രമീള നായര്‍, തൊഴിലെടുത്ത് തന്നെ ജീവിക്കണം എന്ന് ഉറപ്പിച്ച വ്യക്്തിത്വമായിരുന്നു. പല തൊഴിലുകള്‍ തേടി നടന്ന നീണ്ട യാത്രകളുടെ ഓര്‍മ്മ പ്രമീള തന്റെ പുസ്തകമായ 'നഷ്ടബോധങ്ങളില്‍' എഴുതിയിട്ടുണ്ട്.
1956-ല്‍ എം ടിവാസുദേവന്‍ നായര്‍, കോഴിക്കോട് എം ബി ട്യൂട്ടോറിയലില്‍ പഠിപ്പിക്കാനെത്തുമ്പോള്‍, അവിടെ സഹഅധ്യാപികയായിരുന്നു പ്രമീള. എം ടിയേക്കാള്‍ രണ്ടുവയസ്സും 8 മാസവും കൂടുതല്‍ പ്രായമുണ്ട് അവള്‍ക്ക്. എം ടിയുടെ ജനനം, 1933 ജൂലായി 15 ആണ്. പ്രമീളയുടേത് 30 നവംബര്‍ 15-ഉം. അതിസുന്ദരിയും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമായിരുന്നു പ്രമീള. ദീദി ദാമോദര്‍ എഴുതുന്നു-'' ചുറ്റം കേള്‍വിക്കാരെ ആകര്‍ഷിക്കാന്‍ അസാധാരണ വൈഭവമുണ്ടായിരുന്നു പ്രമീള ടീച്ചര്‍ക്ക്. ഹൃദയത്തില്‍ തൊടുന്ന നിര്‍ത്താതെയുള്ള സംസാരം. തലയെടുപ്പുള്ള ചിരി, തലയല്‍പ്പം ചരിച്ച് ഉയര്‍ത്തിപ്പിടിച്ചാണ് നടപ്പ്. തോറ്റുപോയിട്ടില്ല എന്ന് പ്രഖ്യാപിക്കും പോലെ''.
ഇംഗ്ലീഷില്‍ നന്നായി എഴുതാനും സംസാരിക്കാനും അവര്‍ക്ക് കഴിയും. എംടിയുടെ പല കൃതികളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതും അവര്‍ തന്നെ. ആറാംവിരല്‍ പ്രമീളാ നായരുടെ കൈപ്പത്തിയിലുണ്ടെന്നാണ് അവരെ കണ്ടിട്ടുള്ളവര്‍ പറയുന്നത്. ബോര്‍ഡിലെഴുതുമ്പോള്‍, അവരുടെ കൈയില്‍ തൂങ്ങിയാടുന്ന കുഞ്ഞുവിരലിനെ ശിഷ്യര്‍ ഓര്‍മ്മിക്കുന്നുണ്ട്. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന, വളരെ പ്രസന്നയായി എല്ലാവരോടും ഇടപെടുന്ന സ്ത്രീയായി, പ്രമീളാനായരെ പലരും ഓര്‍മ്മിക്കുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രമീളാ നായരെക്കുറിച്ച് 'ഒരു ഉണ്ടചേച്ചി' എന്നാണ് എഴുതിയത്.
എം ബി ട്യൂട്ടോറിയലിലെ അധ്യാപനത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. അമ്മയുമായി പിണങ്ങി മറ്റൊരു താമസ സ്ഥലം തേടിയ പ്രമീളയെ എം ടി വീട്ടിലേക്ക് ക്ഷണിക്കയായിരുന്നുവെന്ന ഏറെ പ്രചരിച്ച കഥ തെറ്റായിരുന്നുവെന്ന് ദീദി എഴുതുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. അവര്‍ ഔപചാരികമായി വിവാഹം കഴിച്ചിട്ടില്ല ലിംവിങ്ങ് ടുഗദര്‍ ആയിരുന്നുവെന്നും എം ടിയുടെ ആരാധകര്‍ എഴുതിയിരുന്നത്. പക്ഷേ നിയമപ്രകാരം അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എം ബി ട്യൂട്ടോറിയലില്‍ പഠിപ്പിക്കുന്ന കാലത്ത്, എം ടിയും പ്രമീളയും വീട്ടിലറിയാതെ ഒരു യാത്ര നടത്തിയപ്പോള്‍, അക്കാലത്തെ നിയമ നടപടികളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന, അച്ഛന്‍ വാസുദേവന്‍ നായര്‍ ഒരു വിവാഹ രജിസ്ട്രേഷന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് ദീദി എഴുതുന്നു. തുടര്‍ന്ന് എം ടി, വീട്ടിലേക്ക് രജിസ്ട്രാറെ വിളിപ്പിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യിപ്പിക്കയായിരുന്നു.
വീട്ടില്‍നിന്ന് ഇറക്കിവിടുന്നു
ആദ്യത്തെ കുറച്ചുകാലം സന്തോഷത്തെപോയ ആ ബന്ധത്തില്‍ പിന്നീട് വിളളലുകള്‍ വന്നു. അതിന്റെ പ്രധാനപ്പെട്ട കാരണമായി പുസ്തകം പറയുന്നത് അക്കാലത്തെ എം ടിയുടെ കടുത്ത മദ്യപാനമായിരുന്നു. ഇത് തടയാനായി അവര്‍ എം ടിയുടെ കൂട്ടുകാരെ വിലക്കി. ഏത് പുരുഷനോടും തര്‍ക്കിച്ച് ജയിക്കാന്‍ കഴിയുന്ന, ബുദ്ധിയുള്ള സ്ത്രീയായിരുന്നു പ്രമീള. ഇതും പലര്‍ക്കും പിടിച്ചില്ല. എം ടി വന്നാല്‍ ഒരു ചായപോലും കൊടുക്കാതെ അവര്‍ ഇംഗ്ലീഷ് പുസ്തകം വായിച്ചിരിക്കുമെന്നൊക്കെ കഥകള്‍ പരന്നു. പക്ഷേ തെല്ലാം വ്യാജമായിരുന്നു. സാഹിത്യകാരനായ, ഒരുപാട് ബന്ധങ്ങളുളള തന്റെ ഭര്‍ത്താവിനെ 5 മണിക്കുശേഷം വീട്ടില്‍ ബന്ധിച്ചിടുന്ന ടോക്സിക്ക് വൈഫ് ആയിരുന്നില്ല അവര്‍. അത് പ്രമീളാ നായര്‍ തന്നെ എഴുതിയിട്ടുണ്ട്.
മദ്യപിച്ച് കരള്‍രോഗം വന്ന് എം ടി ആശുപത്രിയിലായപ്പോള്‍ പ്രമീള പരിചരിച്ചില്ല എന്നതും വ്യാജ കഥയാണ്. അവരുടെ മകള്‍ സിത്താര ക്ലാസ് ടോപ്പറും, നന്നായി നൃത്തംചെയ്യുന്നവളുമാണ്. സിത്താരയെ നൃത്തം പഠിപ്പിക്കാനായി വന്ന സരസ്വതി ടീച്ചറുമായി എം ടിക്ക് പ്രണയമുണ്ടെന്നത് ഞെട്ടലോടെയാണ് പ്രമീള അറിഞ്ഞതെന്ന് പുസ്തകം പറയുന്നു. സരസ്വതി ടീച്ചര്‍ക്ക് അസുഖവും ഓപ്പറേഷനും വേണ്ടിവന്നപ്പോള്‍ ഒരു സഹോദരിയെപ്പോലെ കൂടെ നിന്നത് പ്രമീളയായിരുന്നു. ഒടുവില്‍ പ്രമീളയെയും മകള്‍ സിത്താരയെയും എം ടി വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.
അതേക്കുറിച്ച് 'നഷ്ടബോധങ്ങള്‍' എന്ന ആത്മകഥാംശമുള്ള നോവലില്‍ പ്രമീളാ നായര്‍ ഇങ്ങനെ എഴുതുന്നു-'' ഒരുദിവസം ഭര്‍ത്താവ് സ്വന്തം സുഹൃത്തിനോട് മുരളന്നു. ഇതാ എന്റെ ഈ ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കള്‍. ഒന്ന് വലതും ഒന്ന് ചെറുതും. രണ്ടിനും ഞാന്‍ തന്നെയാണ് ചോറ് കൊടുക്കുന്നത്''. നഷ്ടബോധങ്ങളില്‍ എം ടിയുടെ അമിത മദ്യപാനവും, പണം കൂടുന്നതിന് അനുസരിച്ചുള്ള കറക്കങ്ങളെക്കുറിച്ചും, പരസ്ത്രീഗമനത്തെക്കുറിച്ചുമൊക്കെയുള്ള സൂചനകളുണ്ട്. '' ഫോണെന്നല്ല, ഒന്നും തൊടരുത്, ഇവിടെ നില്‍ക്കരുത്. ഇറങ്ങിപ്പോയില്ലെങ്കില്‍, വീട് വിറ്റോ, ചുട്ടോ, നശിപ്പിച്ചോ ഞാനിറക്കും രണ്ടിനേം''- നഷ്ടബോധങ്ങളിലെ കഥനായികയെ ഭര്‍ത്താവ് ഇറക്കിവിടുന്നത് അങ്ങനെയാണ്.
അങ്ങനെ ആ അമ്മയും മകളും ഇറങ്ങിപ്പോവുന്നു. അക്കാലത്ത് അവര്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ചും പുസ്തകം പറയുന്നു. നടന്നുപോവുമ്പോള്‍ കാര്‍ എവിടെപ്പോയി എന്ന് കുത്തുന്ന സുഹൃത്തുക്കളെ പറ്റി. പക്ഷേ പ്രമീളാ നായര്‍ തളര്‍ന്നില്ല. അവര്‍ സ്വന്തമായി ജോലി നേടി. അധ്യാപിക എന്ന നിലയില്‍ പേരെടുത്തു. മകളെ ഒറ്റക്ക് വളര്‍ത്തി. പഠിപ്പിച്ച് ഒരു നിലയിലാക്കി. അപ്പോഴും എം ടി അവരെ നിരന്തരം ഉപദ്രവിക്കയാണ് ചെയ്തത്.
വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം?
ഡിവോഴ്സ് ചെയ്തിട്ടും എം ടി പ്രമീളാനായരുടെ പിറകെയുണ്ടായിരുന്നുവെന്ന്, പുസ്തകം പറയുന്നു. ഇവിടെയാണ് എം ടി എന്ന മഹാസാഹിത്യകാരന്‍ വെറും ടോക്സിക്ക് മല്ലു പുരുഷു ആവുന്നത്. പങ്കാളികള്‍ക്ക് യോജിച്ചുപോവാന്‍ കഴിയുന്നില്ലെങ്കില്‍ അനിവാര്യമാണ് വിവാഹമോചനം. പക്ഷേ അത് കഴിഞ്ഞിട്ടും അവരുടെ പിറകേ കൂടരുത്. എം ടി അതുചെയ്തുവെന്ന് പുസ്തകം തെളിവ് സഹിതം ആരോപിക്കുന്നു. എം ടിയുടെ സ്വാധീനം ഭയന്ന് പ്രമീളാ നായരുടെ ഒരു രചനയും മലയാളമാധ്യമങ്ങള്‍ കൊടുക്കാതായി. നഷ്ടബോധങ്ങള്‍ എന്ന ആത്മകഥാപരമായ നോവല്‍, മാധവിക്കുട്ടിയുടെ എന്റെ കഥയില്‍നിന്ന് പ്രചോദിതമായാണ് പ്രമീള എഴുതിയത്. പക്ഷേ അത് എം ടി കത്തയച്ച് നിര്‍ത്തിവെപ്പിക്കയായിരുന്നു. ആ കത്തിന്റെ കോപ്പിവരുടെ എം റ്റി സ്പെയ്സ് എന്ന പുസ്തകത്തിലുണ്ട്. നഷ്ടബോധങ്ങള്‍ 12 ലക്കംവരെ അച്ചടിച്ചാണ്, 'മലയാള നാട്' നിര്‍ത്തുന്നത്. മലയാള നാട് വാരികയുടെ ഉടമ എസ് കെ നായര്‍ക്ക്, എം ടി അയച്ച കത്തിനെ തുടര്‍ന്നാണ്, 13-ാം ലക്കം വെളിച്ചം കാണാതെയായത്. ഇതിന്റെ വിഷമം പത്രാധിപര്‍ വിസിബി നായര്‍ക്ക് ഉണ്ടായിരുന്നു. അദ്ദേഹം അത് എഴുതുകയും ചെയ്തിട്ടുണ്ട്. അതുപോലെ ജീവിതത്തിന്റെ എല്ലാകോണില്‍നിന്നും അവര്‍ ബാഷ്പീകരിക്കപ്പെട്ടു.
അങ്ങേയറ്റം ഭീകരമായ പല കാര്യങ്ങളും അപ്പോഴേക്കും നഷ്ടബോധങ്ങളിലുടെ പുറത്തുവന്നിരുന്നു. അതെല്ലാം ദീദി എഴുതുന്നുണ്ട്. ദാമ്പത്യം ഉലഞ്ഞുനില്‍ക്കുന്ന ഘട്ടത്തില്‍ കഥാനായികയുടെ വീട്ടിലേക്ക് സുഹൃത്തായ ഒരു ഡോക്ടര്‍ എത്തുന്നു. അദ്ദേഹം കാണുന്നത്, ഭാര്യയുടെ ഡിപ്രഷന്‍ പരിഹരിക്കാനായി ഭര്‍ത്താവിന്റെ സുഹൃത്തായ ഡോക്ടര്‍ എഴുതിക്കൊടുത്ത ഒരു ഇഞ്ചക്ഷനാണ്്. സുഹൃത്ത് പുറത്തുകൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് അതില്‍ ആര്‍സനിക്ക് വിഷം ഉണ്ടെന്ന് അറിയുന്നത്! (ഇത് പ്രമീളാ നായരുടെ ഭാവന മാത്രമാവണേ എന്നാണ് ഈ ലേഖകന്‍ അടക്കമുള്ള എം ടി ആരാധകരുടെ പ്രാര്‍ത്ഥന)
അതിന്റെ പേരില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ സുഹൃത്ത് പറയുന്നുണ്ട്. പക്ഷേ പിറ്റേന്ന് കഥാനായികയെ തേടിയെത്തുന്നത്, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ്. അമേരിക്കയിലുള്ള അനുജന്‍ അയക്കുന്ന പണത്തിന്റെ കണക്കാണ് അവര്‍ക്ക് അറിയേണ്ടത്. 50 ലക്ഷം ഡോളറും, രത്നങ്ങളും വിദേശത്തുള്ള അനുജന്‍ എത്തിച്ചുവെന്നാണ് അവര്‍ക്ക് കിട്ടിയ വിവരം. പക്ഷേ പരിശോധനയില്‍ അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. ആരായിരിക്കണം ഇതിന് പിന്നിലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നഷ്ടബോധങ്ങള്‍ എന്ന പുസ്തകം ഇറക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം മടിച്ചു. ഒടുവില്‍ പ്രമീളാ നായര്‍ സ്വന്തം കൈയില്‍നിന്ന് പണം മുടക്കിയാണ്, അത് അച്ചടിച്ചത്. അത് സിനിമയാക്കാനും അവര്‍ ശ്രമിച്ചിരുന്നു. പക്ഷേ അതും വിജയിച്ചില്ല. എം ടിയുടെ അബോധസാന്നിധ്യം തന്നെയാണ് അതിന്റെ പിന്നിലെന്നും പുസ്തകം പറയുന്നു.
സിത്താരയോടെ എം ടി ചെയ്തത്
മകള്‍ സിത്താരയോട് എം ടി ചെയ്തതാണ് അങ്ങേയറ്റം ഞെട്ടിക്കുന്നത്. ഇതുവരെ എം ടി ഫാന്‍സ് പറഞ്ഞ് നടന്നിരുന്ന നരേറ്റീവുകള്‍ മനുഷ്യസഹജമായ കാരണങ്ങളാല്‍ എം ടി വിവാഹബന്ധം വിഛേദിച്ചുവെങ്കിലും ഒരു അച്ഛന്‍ എന്ന നിലയില്‍ മകള്‍ക്ക് എല്ലാം ചെ്യ്തുകൊടുത്തുവെന്നാണ്. എന്നാല്‍ അത് തെറ്റാണെന്നും കൊട്ടാരം റോഡിലെ വീടിന് സിതാര എന്ന് പേരിട്ടതല്ലാതെ ഒന്നും അവള്‍ക്കുവേണ്ടി എം ടി ചെയ്തിട്ടില്ല എന്നും ദീദി എഴുതുന്നു. മകള്‍ക്കായി ക്രിസ്ത്യന്‍ കോളജിലെ വീട് എം ടി വാങ്ങിക്കൊടുത്തുവെന്നത് വ്യാജമാണ്. പ്രമീളയുടെ അമേരിക്കയിലുള്ള സഹോദരന്‍മ്മാരാണ് അതിനുള്ള പണം നല്‍കിയത്. അക്കാലത്ത് എം ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. മകള്‍ക്ക് അയച്ചുകൊടുക്കേണ്ട ജീവനാംശം പോലം കൊടുക്കാന്‍ കഴിയാത്ത നിലയിലാണ് എം ടി എന്ന് എം എം ബഷീറൊക്കെ പറഞ്ഞതും ദീദി ഉദ്ധരിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ്, മകള്‍ക്ക് വീട് വാങ്ങിക്കൊടുക്കുക.
തനിക്ക് അച്ഛനുമായി ആത്മബന്ധമില്ലായിരുന്നുവെന്ന് എം ടിയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ സിതാര സമ്മതിക്കുന്നുണ്ട്. വിവാഹമോചനത്തിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് സിതാര കടന്നുപോയത്. എം ടിയുടെ രണ്ടാം വിവാഹം നടക്കുമ്പോള്‍ അവള്‍ പത്താംക്ലാസില്‍ പഠിക്കയാണ്. ഈ വിവരം ക്ലാസ് ടോപ്പറായ കുട്ടി അറിഞ്ഞ് പഠനത്തെ ബാധിക്കാതിരിക്കാന്‍ അന്ന് അവളെകൂട്ടി ടീച്ചര്‍മാര്‍ ടൂറുപോയ കഥയും ദീദി എഴുതുന്നു.
ഏറ്റവും ഭീകരമായിപ്പോയത് നല്ല മാര്‍ക്കോടെ പഠിച്ച് പാസായ മകള്‍ക്ക് ഒരു ജേണലിസം സീറ്റ് വാങ്ങിക്കൊടുക്കാനുള്ള ശിപാര്‍ശപോലും എം ടി ചെയതില്ല എന്നതാണ്. 1984-ല്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസില്‍ ജേണലിസത്തിന് ചേരാന്‍ സിത്താര ശ്രമിച്ചിരുന്നു. അത് കിട്ടിയില്ലെങ്കില്‍ അവര്‍ അമേരിക്കക്ക് പ്രമീളയുടെ സഹോദരങ്ങള്‍ക്ക് ഒപ്പം പോവും. മകളെ നാട്ടില്‍ നിര്‍ത്തണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്ക് അന്ന് അവിടെ രണ്ട് സീറ്റ് കിട്ടാന്‍ വകുപ്പുണ്ട്. പക്ഷേ അതിന് പിതാവായ എം ടിയില്‍നിന്ന് ഒരു കത്ത് കിട്ടണം. അതിനായി പ്രമീള എഴുത്തുകാരന്‍ കോവിലനെ സമീപിച്ചു.
കോവിലന്‍ പറഞ്ഞത് അനുസരിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ് ജഗദീഷ് ബാബുവാണ് ഇക്കാര്യത്തിനായി എം ടിയുടെ വീട്ടിലെത്തിയത്. പത്തുമിനുട്ട് ബീഡിവലിച്ച് മുഖത്തേക്ക് നോക്കിയിരുന്നുവെന്നല്ലാതെ, എം ടി എഴുത്ത് കൊടുത്തില്ല. ഇക്കാര്യം ജഗദീഷ് ബാബു തുറന്ന് എഴുതിയിട്ടുണ്ട്. ഇത് അറിയിച്ചപ്പോള്‍ പ്രമീളയുടെ കണ്ണ് കലങ്ങിയെന്നും ജഗദീഷ്ബാബു എഴുതിയിട്ടുണ്ട്. അങ്ങനെ അമേരിക്കയില്‍പോയ സിത്താര ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരിയായി. അല്ലാതെ പിതാവിന്റെ ഒരു പുസ്തകത്തിന്റെ റോയല്‍ട്ടിയോ, സ്വത്തുക്കളോ ഒന്നും സിത്താരക്ക് കിട്ടിയിട്ടില്ല. എം ടി മരിച്ചപ്പോഴുള്ള ലേഖന പ്രവാഹങ്ങളില്‍ ഒന്നില്‍പോലും സിത്താരയും പ്രമീളാ ദേവിയും പരാമര്‍ശിക്കപ്പെട്ടതുപോലുമില്ല.
ബഹിഷ്‌കൃതമായി മരണം
പക്ഷേ തന്റെ സിനിമകളിലുടെ എം ടി നിരന്തരം പ്രമീളാ നായരെ അപമാനിച്ചുവെന്ന് ദീദി ദാമോദറും എച്ച്മുക്കുട്ടിയും ചൂണ്ടിക്കാട്ടുന്നു. എം ടി സിനിമകളിലെ സ്ത്രീവിരുദ്ധത നേരത്തെ തന്നെ ചര്‍ച്ചയായതാണ്. ഉണ്ണിയാര്‍ച്ചയെന്ന സ്ത്രീ വിമോചനത്തിന്റെ ഒരു നാടന്‍ പ്രതീകത്തെ വില്ലത്തിയാക്കി, ചന്തുവിനെ നായകനാക്കുന്ന എം ടി പലയിടത്തും മമ്മൂട്ടിയെക്കൊണ്ട് സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയിപ്പിക്കുന്നുണ്ട്. തന്റെ സിനിമകളിലുടെ നിരന്തരം പ്രമീളനായരെ അദ്ദേഹം അപമാനിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന വലിയ വീട്ടിലെ ഭാര്യയും, തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന നാടന്‍ കാമുകിയും എം ടിയുടെ സ്ഥിരം ടെംപ്ലേറ്റാണ്. ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനയേ, അക്ഷരങ്ങള്‍, സുകൃതം തുടങ്ങിയ സിനിമകളിലെല്ലാം ഈ പാറ്റേണ്‍ കാണാം. ആരൂഢത്തില്‍, ' കോണ്‍വെന്റ് ഇംഗ്ലീഷില്‍ നാലുമുറിവാചകം പറഞ്ഞാല്‍, വിജ്ഞാനത്തിന്റെ അങ്ങേയറ്റമെത്തി എന്നാവും' എന്നൊരു ഡയലോഗുണ്ട്. അതുപോലെ സുകൃതത്തിലെ മമ്മൂട്ടി, ഭാര്യ ഗൗതമിയോട് 'ഒരു ഓട്ടോഗ്രാഫുമായി തന്നെ ഉന്തിതള്ളികാണാന്‍ വന്നതാരാണ്' എന്ന് ചോദിക്കുന്നുണ്ട്.
പ്രമേഹം മൂര്‍ഛിച്ച് കണ്ണുകളിലേക്ക് അന്ധത പടരുന്ന സമയത്ത് പ്രമീളാ നായര്‍ക്കുണ്ടായിരുന്നു ഒരേ ഒരു ആഗ്രഹം, എം ടിയെ ഒരിക്കല്‍ കൂടി കാണണം എന്നായിരുന്നുവെന്ന് ദീദി എഴുതുന്നു. പക്ഷേ എം ടി ഒരിക്കല്‍പോലും അവരെ കാണാന്‍ വന്നില്ല. മരണവിവരം ടി ദാമോദരന്‍ അറിയിച്ചപ്പോള്‍, ഒരു നിമഷം എം ടി തളര്‍ന്നുനിന്നു. മൃതദേഹം കാണാന്‍ വരാമെന്ന് ദാമോദരന്‍ മാഷിനോട് സമ്മതിച്ച, എം ടി പക്ഷേ ശ്മാശനത്തില്‍പോലും വന്നില്ല. എം ടി വരുമെന്ന പ്രതീക്ഷയില്‍ ശ്മാശനത്തില്‍ ശവദാഹം താമസിപ്പിച്ചവരരോട് 'ഇനി ആരെയാണ് കാത്തിരിക്കുന്നതെന്ന്' ചോദിച്ച് പ്രമീളയുടെ അമ്മ കയര്‍ത്തതും ദീദി എഴുതിയിട്ടുണ്ട്.
തീര്‍ത്തും ബഹിഷ്‌കൃതായിട്ടായിരുന്നു പ്രമീളാ നായരുടെ മരണം. അപ്പോഴും ചരമക്കോളത്തില്‍ പോലും എം ടിയുടെ പേര് കൊടുക്കാതിരിക്കാന്‍ ശ്രമം നടന്നുവെന്ന്, ദീദി ദാമോദര്‍ എഴുതുന്നു. '' ഒന്നാംപേജില്‍ തുടങ്ങി ഉള്‍പേജില്‍ അവസാനിച്ച് ഒരു ഒറ്റക്കോളം വാര്‍ത്തയായിരുന്നു അത്. പ്രമീള നായരുടെ ചരമ വാര്‍ത്തയില്‍ എം ടി വാസുദേവന്‍ നായരുടെ പേര്, ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കാനായിരുന്നു ആ മരണവാര്‍ത്ത ഓഫീസില്‍ എത്തിയപ്പോള്‍, അന്ന് മാതൃഭൂമി ന്യൂസ് ബ്യൂറോ ചീഫ് ആയിരുന്നു, വി രാജഗോപാല്‍ ആദ്യം നല്‍കിയിരുന്ന നിര്‍ദേശമെന്ന്, അന്ന് മാതൃഭൂമി ഇന്റര്‍നെറ്റ് എഡിഷന്റെ ചുമതലയിലായിരുന്ന പ്രേംചന്ദ് പറഞ്ഞത് മറന്നിട്ടില്ല. എന്നാല്‍ മകള്‍ സിത്താര എന്ന് ചരമ വാര്‍ത്തയില്‍ കൊടുക്കുമ്പോള്‍, അച്ഛന്‍ ആരാണ് എന്ന ചോദ്യം വായനക്കാരില്‍നിന്ന് വരില്ലേ എന്ന ഒരു തര്‍ക്കം ഉന്നയിക്കപ്പെട്ടപ്പോഴാണ്, നീണ്ട ചര്‍ച്ചക്കൊടുവില്‍ എം ടിയുടെ പേര്, ചരമവാര്‍ത്തയില്‍ കൊടുക്കാന്‍ തീരുമാനമായത്. ആ അസ്വാഭാവികത മുഴുവനും ആ വാര്‍ത്തയിലും നിഴലിക്കുന്നത് കാണാം''- ദീദി എഴുതുന്നു.
മുഴുവന്‍ വായിക്കുമ്പോള്‍ 'എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം എം ടിയുടെ മകള്‍ അശ്വതി ശ്രീകാന്ത് ആരോപിക്കുന്നതുപോലെ, പിന്‍വലിക്കേണ്ട പുസ്തകമോ ഗോസിപ്പ്കോളമോ അല്ല. ചരമക്കോളത്തില്‍നിന്നുപോലും ബഹിഷ്‌കൃതമായിപ്പോയ, ഒരു എഴുത്തുകാരിയെ തേടിയുള്ള യാത്രയാണിത്. ആ പ്രതിഭക്ക് കാലം തെറ്റിയെത്തുന്ന ആദരമാണിത്. ഇനി എം ടി എന്ന വിഗ്രഹം ഉടഞ്ഞുപോവുമെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശങ്ക വേണ്ട. എം ടി എന്ന മനുഷ്യനെയല്ല, മഹാനായ സാഹിത്യകാരനെയാണ്, നാം സ്നേഹിക്കുന്നതും ആദരിക്കുന്നതും. വ്യക്തിജീവിതത്തില്‍ എന്തൊക്കെയായാലും സാഹിത്യത്തിലെ എം ടിയുടെ ഗരിമ നിലനില്‍ക്കുകയും ചെയ്യും. ഭര്‍ത്താവ് എന്ന നിലയിലും പിതാവ് എന്ന നിലയിലും, മര്യാദാപുരുഷോത്തമനാണ് താന്‍ എന്ന നിലപാട് എംടിക്ക് തന്നെ ഉണ്ടാവില്ല.
എം ടി ജീവിച്ചിരിക്കെ മൗനംപാലിച്ചശേഷം മരിച്ചശേഷം വ്യക്തിപരമായ കാര്യങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടുവരുന്നു എന്ന ആരോപണത്തിനും ദീദി ദാമോദര്‍ പുസ്തകത്തില്‍ മറുപടി പറയുന്നുണ്ട്. എം ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ എത്രയോ വര്‍ഷമായി അവര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. പക്ഷേ പ്രമീളാ നായര്‍ എന്ന് എഴുതുമ്പോള്‍ തന്നെ എല്ലാവരും സെന്‍സര്‍ ചെയ്യുകയാണ്. ദീദി എഴുതിയ ലേഖനങ്ങള്‍ ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ല. എം ടിയെ 'പേടിച്ച്' പ്രമീളാ നായരുടെ ഒരു ഫോട്ടോപോലും കൊടുക്കാത്തവരും, അറിയാവുന്ന സത്യങ്ങള്‍ തുറന്നു പറയാത്തവരുമാണ് ഭൂരിഭാഗം എഴുത്തുകാരുമെന്നും അവര്‍ പറയുന്നു. മുമ്പ് പ്രശസ്ത സംവിധായകന്‍ കെ പി കുമാരന്‍, എം ടിയെക്കുറിച്ച് ഒരു ഡോക്യൂമെന്റിയെടുക്കുമ്പോള്‍ പ്രമീളാ നായരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടതും അവര്‍ എഴുതുന്നുണ്ട്.
ഈ പുസ്തകവും മുഖ്യധാര പ്രസിദ്ധീകരണങ്ങളൊക്കെയും തമസ്‌ക്കരിക്കയായിരുന്നുവെന്നും, ഒടുവില്‍ തൃശൂരിലെ 'ബുക്ക് വേം' പ്രസിദ്ധീകരിക്കയായിരുന്നുവെന്നും ദീദി എഴുതുന്നു. പെണ്ണെഴുത്തിന്റെയും, ഗൈനോ ലിറ്ററേച്ചറിന്റെയും ഈ ആധുനികകാലത്തും അബോധാമയി നിലനില്‍ക്കുന്ന ഈ സാംസ്‌ക്കാരിക ഫാസിസത്തിനെതിരെയാണ്, ദീദിയും എച്ച്മുക്കുട്ടിയും പ്രതിരോധം തീര്‍ക്കുന്നത്.
വാല്‍ക്കഷ്ണം: 1995 -ല്‍ ഏഷ്യാനെറ്റിനു വേണ്ടി ഒരു പ്രോഗ്രംചെയ്യാനായി കെ.ജയചന്ദ്രനും ക്യാമറാമാന്‍ കെ.പി. രമേഷും താനു ചേര്‍ന്ന് പ്രമീള ടീച്ചറുടെ വീട്ടില്‍ പോയതിന്റെ അനുഭവം, ഷീജാ പൂന്താനത്ത് ഈയിടെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.' എന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരു പബ്ലിഷറെയും അയാള്‍ അനുവദിക്കില്ല.അതൊന്നും വേണ്ട, ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയ ദിവസം ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ആശംസകള്‍ അറിയിച്ചു. പിറ്റേ ദിവസം ഒരു പത്രത്തില്‍ പോലും എന്റെ ആശംസ പ്രസിദ്ധീകരിച്ചു കണ്ടില്ല. അയാള്‍ എല്ലാ പത്ര ഓഫീസുകളിലും വിളിച്ചു പറഞ്ഞത്രേ, എന്റെ സ്റ്റേറ്റ്മെന്റ് കൊടുക്കരുതെന്ന്. അത്രയും ക്രൂരത എന്തിന് എന്നെനിക്കറിയില്ല''.- പ്രമീളാ നായര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ ആശങ്കപ്പെട്ടത് ഈ അഭിമുഖവും വെളിച്ചം കാണില്ല എന്നായിരുന്നു. ഇല്ല എന്ന് ഉറപ്പുകൊടുത്തെങ്കിലും അതുപോലെ സംഭവിച്ചു. എം ടി വിളിച്ചുപറഞ്ഞതോടെ ആ അഭിമുഖവും ആവിയായി!
