400 കോടി ആസ്തിയുണ്ടായിട്ടും ജയിലില്‍ രക്തം ഛര്‍ദിച്ച് മരിച്ച രാജന്‍പിള്ള; നാല് ഏക്കറില്‍ 45,000 ചതുരശ്ര അടിയില്‍ കൊട്ടാരം പണിത് ഒടുവില്‍ ജീവനൊടുക്കിയ കപ്പല്‍ ജോയ്; ടാക്സ് ടെററിസത്തിന്റെ ഇരയായ കോഫിഡേ ഉടമ; ഒടുവില്‍ ഡോ. റോയും ; ഇന്ത്യന്‍ ബിസിനസ് ലോകത്ത് വീണ്ടും ചോരയൊഴുകുമ്പോള്‍
400 കോടി ആസ്തിയുണ്ടായിട്ടും ജയിലില്‍ രക്തം ഛര്‍ദിച്ച് മരിച്ച രാജന്‍പിള്ള
പതിനായിരം കോടിയുടെ ആസ്തിയുണ്ടായിട്ടും, ഒരു വ്യവസായിക്ക് ജീവനൊടുക്കേണ്ടി വരിക! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സി ജെ റോയിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കയാണ് ഇന്ത്യന്‍ വ്യവസായലോകം. ഇ ഡി റെയ്ഡിനെ സ്വയം വെടിവെച്ച് അയാള്‍ ജീവനൊടുക്കിയത് ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കയാണ്. നമുക്ക് ഇപ്പോഴും ഒരു സംരഭകന്‍ എന്നാല്‍ ബൂര്‍ഷ്വാ മുതലാളിയാണ്. പഴയ മലയാള സിനിമയിലെ ടിജി രവി, ജോസ് പ്രകാശ് തുടങ്ങിയവരെപ്പോലുള്ള മുതലാളിമാരാണ്, ഇന്നുമുള്ളത് എന്ന ചിന്തമാറിവരുന്നതേയുള്ളൂ. ഒരു സംരംഭകന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചിന്തിക്കാന്‍ പറ്റാത്തതാണ്. മാസ ശമ്പളം കൊടുക്കാന്‍, കിട്ടാനുള്ള പണം ലഭിക്കാന്‍, കടം വാങ്ങിയ പണം ലഭിക്കാന്‍, ലോണ്‍ കിട്ടാന്‍, വിപണിയിലെ മത്സരത്തെ നേരിടാന്‍... അങ്ങനെ നിരന്തരം സംഘര്‍ഷത്തിലൂടെയാണ് അവരുടെ ജീവിതം.
അതിനിടയില്‍ ആണ് ഇന്ത്യ പോലെ ഒരു രാജ്യത്തെ ടാക്സ് നിയമങ്ങള്‍. രാഷ്ട്രീയ ബന്ധങ്ങള്‍ ഇല്ലായെങ്കില്‍ ഒരു നിസ്സാര ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ നിങ്ങളുടെ ബിസിനസ് പൂട്ടിക്കെട്ടാന്‍ സാധിക്കും. ബ്രിട്ടീഷ് കാലത്തുള്ള നിയമങ്ങളാണ് ഇപ്പോഴും പലതും..അത് കൊണ്ടാണ് പല ബിസിനസുകാരും രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടാക്കുന്നത്. അവര്‍ക്ക് പിരിവ് കൊടുക്കുന്നത്.അവര്‍ വിചാരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥ പീഡനത്തില്‍ നിന്ന് രക്ഷ കിട്ടൂ.ഇതിലൂടെ ആണ് ഇവിടെ ചങ്ങാത്ത മുതലാളിത്തം ഉണ്ടാവുന്നത്. അഴിമതി ഉണ്ടാകുന്നത്. കടുത്ത ടാക്സ് സ്ട്രക്ചര്‍ ഉള്ള ഈ രാജ്യത്ത് ലാഭം ഉണ്ടാക്കാന്‍ പലര്‍ക്കും വളഞ്ഞ വഴി സ്വീകരിക്കേണ്ട ഗതികേട് കൂടിയുണ്ട്.
ഇന്ത്യന്‍ ബിസിനസ് രംഗം ഒരു ആളെക്കൊല്ലി മേഖലകൂടിയാണ്. ചതിക്കുഴികളും, ചുഴികളുമുള്ള ഇവിടെ തകര്‍ന്നടിച്ച് വീണവര്‍ ഒരുപാടുണ്ട്. രാജന്‍പിള്ള മുതല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിവരെയുള്ള നീണ്ട നിരയുടെ കഥ, തീര്‍ത്തും അസാധാരണമാണ്.
രാജന്‍പിള്ളയെ 'കൊന്നതാര്'?
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ സംഭവങ്ങളില്‍ ഒന്നാണ്, ബിസ്‌ക്കറ്റ് രാജാവ് എന്ന് അറിയപ്പെട്ടിരുന്ന രാജന്‍പിള്ളയുടെ മരണം. 1995-ല്‍ തിഹാര്‍ ജയിലില്‍ വെച്ചുണ്ടായ അദ്ദേഹത്തിന്റെ മരണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള സൂപ്പര്‍ ബിസ്‌ക്കറ്റ് ബ്രാന്‍ഡായ'ബ്രിട്ടാനിയ' ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളെ നിയന്ത്രിച്ചിരുന്ന അദ്ദേഹം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സുകാരിലൊരാളായിരുന്നു. ബ്രിട്ടാനിയയുടെഅധിപനായിരുന്നതിനാലാണ് രാജന്‍ പിള്ള 'ബിസ്‌ക്കറ്റ് രാജാവ്' എന്ന് അറിയപ്പെട്ടത്. കൊല്ലം ജില്ലയിലെ ചവറയിലാണ് അദ്ദേഹം ജനിച്ചത്.
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കുമ്പളത്ത് ജനീവന്‍ പിള്ളയുടെ മകനായി 1947-ലാണ് രാജന്‍ പിള്ള ജനിച്ചത്. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതിക്കാരനായിരുന്നു, ജനീവന്‍ പിള്ള.
സമ്പന്നമായ ബാല്യമായിരുന്നു രാജന്‍പിള്ളയുടേത്. കൊല്ലം ഇന്‍ഫന്റ് ജീസസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അദ്ദേഹം ബിരുദം നേടി. കശുവണ്ടി ബിസിനസ്സില്‍ നിന്ന് മാറി പുതിയ മേഖലകള്‍ തേടിയ രാജന്‍ പിള്ള, ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിച്ചാണ് തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. 1970-കളില്‍ അദ്ദേഹം സിംഗപ്പൂരിലേക്ക് മാറി. അവിടെ വച്ച് ട്വന്റിയത്ത് സെഞ്ച്വറി ഫുഡ്സ് ' എന്ന കമ്പനി സ്ഥാപിക്കുകയും പാശ്ചാത്യ രാജ്യങ്ങളിലെ വലിയ ബിസിനസ്സ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
അമേരിക്കന്‍ കമ്പനിയായ നബിസ്‌കോയുമായി ചേര്‍ന്ന് ഏഷ്യയിലെ ബിസ്‌ക്കറ്റ് വിപണിയില്‍ അദ്ദേഹം ആധിപത്യം ഉറപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി അദ്ദേഹം മാറി. സിംഗപ്പൂര്‍, ഹോങ്കോംഗ്, ലണ്ടന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വലിയൊരു ബിസിനസ്സ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്തു. അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളായിരുന്നു അദ്ദേഹം. 400 കോടിയായിരുന്നു ആസ്തി. ആഡംബരത്തിന്റെ അവസാനവാക്കായിരുന്ന രാജന്‍പിള്ള. പിതാവിന്റെ ജന്‍മദിനത്തിന് ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നത് തൊട്ട് വിലകൂടിയ മദ്യസല്‍ക്കാരംവരെ വാര്‍ത്തകളില്‍ ഇടം നേടി.
ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച രാജന്‍ പിള്ളയുടെ സാമ്രാജ്യത്തിന് 1990-കളുടെ തുടക്കത്തിലാണ് പ്രശ്നങ്ങള്‍ വന്നുതുടങ്ങിയത്. ബ്രിട്ടാനിയയുടെ നിയന്ത്രണത്തിനായി തന്റെ ബിസിനസ്സ് പങ്കാളികളായിരുന്ന ഫ്രഞ്ച് ഗ്രൂപ്പ് ഡാനോണും, അമേരിക്കന്‍ വ്യവസായി എഫ്. റോസ് പെറോറ്റുമായി രാജന്‍ പിള്ള നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടു. പലരും അദ്ദേഹത്തെ പിറകില്‍നിന്ന് കുത്തി. കമ്പനിയില്‍ നിന്ന് ഏകദേശം 60 ലക്ഷം ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. 1995-ല്‍ സിംഗപ്പൂര്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചു.
സിംഗപ്പൂര്‍ കോടതി ശിക്ഷിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് കടന്നു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഒരു ഇന്ത്യന്‍ പൗരനായ തന്നെ, ഇന്ത്യയില്‍ ഒരു കുറ്റവും ചെയ്യാത്ത തന്നെ ഭാരത സര്‍ക്കാര്‍ രക്ഷിക്കുമെന്ന് അദ്ദേഹം കരുതി. പക്ഷേ അങ്ങനെയല്ല ഉണ്ടായത്. അദ്ദേഹത്തിന്റെ ആതിഥ്യം മൃഷ്ടാന്നം ആസ്വദിച്ചിരുന്ന രാഷ്ട്രീയക്കാര്‍ തന്നെ അയാളെ തിരിഞ്ഞുകുത്തി. 1995 ജൂലൈയില്‍ ഡല്‍ഹിയിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.കഠിനമായ കരള്‍രോഗം ബാധിച്ചിരുന്ന രാജന്‍ പിള്ളയെ ജയിലില്‍ വെച്ച് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. ജയിലില്‍ വെച്ച് രക്തം ഛര്‍ദ്ദിച്ച അദ്ദേഹത്തെ വൈകിയാണ് ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചത്. 1995 ജൂലൈ 7-ന് തന്റെ 47-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് അദ്ദേഹം മരിച്ചതെന്ന് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നു. ജാമ്യം അനുവദിക്കാത്ത ജുഡീഷ്യറിക്കെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നു.
പൊരുതി ജയിച്ച നീനാപിള്ള
ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് രാജന്‍പിള്ളയുടെ കുടുംബം ആരോപിച്ചിരുന്നു. ജസ്റ്റിസ് ലൈല സേത്ത് കമ്മീഷന്‍ ഇത് അന്വേഷിക്കുകയും, ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായും ചികിത്സ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതായും കണ്ടെത്തുകയും ചെയ്തു. പിന്നീട് 2011-ല്‍ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി. നീണ്ട 16 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍, രാജന്‍ പിള്ളയുടെ മരണം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിധിച്ചത്. ഭാര്യ നീന പിള്ളയാണ് ആപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. കുടുംബത്തിന് 10 ലക്ഷം രൂപ ന്രഷ്ടപരിഹാരമായി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. അത് നീന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചത്.
രാജന്‍ പിള്ളയുടെ തകര്‍ച്ചയ്ക്ക് ശേഷം ബ്രിട്ടാനിയ കമ്പനിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ മുന്‍ പങ്കാളികളുടെ കൈകളിലേക്ക് മാറുകയാണ് ഉണ്ടായത്. രാജന്‍ പിള്ളയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന ഫ്രഞ്ച് കമ്പനി ഡാനോണ്‍ , ഇന്ത്യന്‍ വ്യവസായി നുസ്ലി വാഡിയയുമായി കൈകോര്‍ത്തു. ഇതോടെ കമ്പനിയുടെ നിയന്ത്രണം വാഡിയ ഗ്രൂപ്പിന്റെ പക്കലായി. വര്‍ഷങ്ങളോളം വാഡിയ ഗ്രൂപ്പും ഡാനോണും സംയുക്തമായാണ് കമ്പനി നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലും നിയമതര്‍ക്കങ്ങള്‍ ഉണ്ടാവുകയും, 2009-ഓടെ ഡാനോണ്‍ തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്തു. നിലവില്‍ വാഡിയ ഗ്രൂപ്പാണ് ബ്രിട്ടാനിയയുടെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്.
രാജന്‍ പിള്ളയുടെ കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് കമ്പനിയായിരുന്ന ബ്രിട്ടാനിയ, ഇന്നും ഇന്ത്യയിലെ ഭക്ഷ്യോല്പന്ന വിപണിയിലെ മുന്‍നിരക്കാരാണ്. വാര്‍ഷിക കണക്കുപ്രകാരം ആയിരക്കണക്കിന് കോടി രൂപ വിറ്റുവരവുള്ള വമ്പന്‍ ബ്രാന്‍ഡായി ഇത് വളര്‍ന്നു.രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്മോഹന്‍ പിള്ള, 'ബ്രിട്ടാനിയ' എന്ന പേരിന് സമാനമായ ബിസ്‌ക്കറ്റ് ബ്രാന്‍ഡുകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.പക്ഷേ അതൊന്നും വിജയിച്ചില്ല.
പക്ഷേ രാജന്‍പിള്ളയെ തിരിഞ്ഞുകൊത്തിയ രാഷ്ട്രീയക്കാരെ ഒരുപാഠം പഠിപ്പിക്കാന്‍ ഭാര്യ നീനക്കായി. താജ് ഹോട്ടലിലെ റിസപ്ഷനിസ്റ്റായ നീനയുമായുള്ള രാജന്റെ പരിചയമാണ് വിവാഹത്തിലെത്തിച്ചത്. ഇതിന്റെ പേരിലും അദ്ദേഹത്തിന് ശത്രുക്കള്‍ ഉണ്ടായിരുന്നു. നേരത്തെയുള്ള വിവാഹം വേര്‍പെടുത്തിയാണ് രാജന്‍ പിള്ള നീനയെ വിവാഹം കഴിച്ചത്.
പിള്ള ജയിലില്‍ കിടക്കുമ്പോള്‍, അന്നത്തെ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും, കൊല്ലം എം പിയുമായ എസ് കൃഷ്‌കുമാറിനെയാണ് ഭാര്യയടക്കമുള്ളവര്‍ സമീപിച്ചത്. എന്നാല്‍ കൃഷ്ണകുമാര്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. രാജന്‍പിള്ളയുടെ ദാരുണാന്ത്യത്തിനുശേഷം കൃഷ്ണകുമാറിനുനേരെയും വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജന്‍ പിള്ളയുടെ ജന്മനാടായ കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എസ് കൃഷ്ണകുമാറിനെതിരെ ബിജെപി പിന്തുണയോടെ നീന പിള്ള മത്സരിച്ചു. അവര്‍ 57,834 വോട്ടുകള്‍ നേടി എസ്. കൃഷ്ണകുമാറിന്റെ തോല്‍വി ഉറപ്പുവരുത്തി. ആ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍.കെ. പ്രേമചന്ദ്രനാണ് വിജയിച്ചത്. അതോടെയാണ് കൃഷ്ണകുമാര്‍ ഫീല്‍ഡ് ഔട്ടായിപോവുന്നത്. പിന്നീട് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
രാജന്‍പിള്ള കേസ് ഇന്ത്യയിലെ ജയില്‍ പരിഷ്‌കാരങ്ങളെക്കുറിച്ചും തടവുകാരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ഒരു തടവുകാരന് അസുഖം വന്നാല്‍ നല്‍കേണ്ട അടിയന്തര ചികിത്സാ നടപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ പോരാട്ടം സഹായിച്ചു. തന്റെ ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കാനും അദ്ദേഹത്തിന് നേരിടേണ്ടി വന്ന നീതികേട് ലോകത്തെ അറിയിക്കാനുമാണ് താന്‍ പോരാടിയതെന്ന് നീന പിള്ള പിന്നീട് വ്യക്തമാക്കിയിരുന്നു.
കോഫീഡേ ഉടമക്ക് സംഭവിച്ചത്
കടക്കെണിയും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദവുമാണ് കോഫി ഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. 2019 ജൂലൈ 29-ന് വൈകുന്നേരം മംഗളൂരുവിനടുത്തുള്ള നേത്രാവതി പാലത്തിന് മുകളില്‍ വെച്ചാണ് അദ്ദേഹത്തെ കാണാതാകുന്നത്. കാറില്‍ നിന്നും പുറത്തിറങ്ങി പാലത്തിലൂടെ നടന്നുപോയ സിദ്ധാര്‍ത്ഥനെ പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അദ്ദേഹം ജീവനൊടുക്കുന്നതിന് മുന്‍പ് ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു കത്തെഴുതിയിരുന്നു. താന്‍ പരാജയപ്പെട്ട ഒരു സംരംഭകനാണെന്നും, ഓഹരി പങ്കാളികളില്‍ നിന്നും ആദായനികുതി വകുപ്പ് മുന്‍ ഉദ്യോഗസ്ഥനില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും കത്തില്‍ പറയുന്നു.
ഏകദേശം 7,000 കോടി രൂപയുടെ കടബാധ്യത അക്കാലത്ത് അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുണ്ടായിരുന്നു. നികുതി വകുപ്പ് കമ്പനിയുടെ ഓഹരികള്‍ കണ്ടുകെട്ടിയതും പ്രതിസന്ധി രൂക്ഷമാക്കി. സിദ്ധാര്‍ത്ഥന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്‌ഡെ കമ്പനിയുടെ ചുമതല ഏറ്റെടുക്കുകയും ആസ്തികള്‍ വിറ്റഴിച്ചും മറ്റും കടബാധ്യതകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. വി.ജി. സിദ്ധാര്‍ത്ഥന്റെ മരണം ഇന്ത്യയിലെ 'ടാക്സ് ടെററിസം' എന്ന ചര്‍ച്ചകള്‍ക്ക് വലിയ തോതില്‍ തുടക്കമിട്ട ഒന്നായിരുന്നു. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം താന്‍ നേരിട്ടതായി അദ്ദേഹം തന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയത് വലിയ ചര്‍ച്ചയായി.
2019 കാലഘട്ടത്തില്‍ പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും, ഉദാഹരണത്തിന് ട്രാവല്‍ ഖാന , ബേബിഗോഗോ എന്നിവയും 'ഏഞ്ചല്‍ ടാക്സ്' എന്ന പേരില്‍ ആദായനികുതി വകുപ്പിന്റെ കര്‍ശനമായ നടപടികള്‍ നേരിട്ടു.ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് മരവിപ്പിക്കുകയും ഫണ്ടുകള്‍ പിന്‍വലിക്കുകയും ചെയ്തത് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കി. ഈ നടപടികള്‍ കാരണം ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ബുദ്ധിമുട്ടാണെന്ന ധാരണ പരക്കുകയും, പലരും സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് ബിസിനസ്സ് മാറ്റുകയും ചെയ്തിരുന്നു.
ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ ഓഹരികള്‍ വില്‍ക്കുമ്പോള്‍ അവയുടെ ന്യായവിലയേക്കാള്‍ അധികമായി ലഭിക്കുന്ന പ്രീമിയം തുകയെ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായി' കണ്ട് നികുതി ചുമത്തുന്നതാണ് ഏഞ്ചല്‍ ടാക്സ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ 2012-ല്‍ കൊണ്ടുവന്ന ഈ നിയമം, പലപ്പോഴും ഭാവി സാധ്യതകള്‍ മാത്രം മുന്‍നിര്‍ത്തി ഉയര്‍ന്ന മൂല്യത്തില്‍ നിക്ഷേപം സ്വീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ദോഷകരമായി ബാധിച്ചു. ട്രാവല്‍ ഖാന, ബേബിഗോഗോ കേസുകള്‍ വിവാദമായതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പിന്നീട് ഏഞ്ചല്‍ ടാക്സ് നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുകയും അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തു.
കണ്ണീരോര്‍മ്മയായി കപ്പല്‍ ജോയ്
നാല് ഏക്കര്‍ സ്ഥലത്ത് 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥിതിചെയ്യുന്ന വീട്! കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. 2018 ഡിസംബര്‍ 29ന് ഉദ്ഘാടനം ചെയ്ത മാനന്തവാടിയിലെ അറയ്ക്കല്‍ കൊട്ടാരം. കപ്പല്‍ ജോയ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജോയ് അറക്കലിന്റെതായിരുന്നു ആ വീട്. പക്ഷേ അത് ആര്‍ക്കും പ്രവേശനമില്ലാത്ത കോട്ടയായിരുന്നില്ല. പ്രളയകാലത്ത് ഈ വീട് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്തതും വാര്‍ത്തയായി. അതായിരുന്നു, വയനാട്ടുകാരുടെ പ്രിയപ്പെട്ട ജോയിയേട്ടന്‍. എന്തിനും ഏതിനും കുടെയുണ്ടാവുന്ന സ്വകാര്യ അഹങ്കാരം. യുഎഇ തൊട്ട് ആഫ്രിക്കവരെ പടര്‍ന്നുകിടക്കുന്ന ബിസിനസുമായി ജോയി, പറന്നു നടന്നപ്പോള്‍ ഒരു നാടും അഭിമാനിച്ചു.
പക്ഷേ 2020 ഏപ്രിലില്‍ ദുബായില്‍വെച്ച് ജോയ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തുവെന്ന വാര്‍ത്തയാണ് എത്തിയത്. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു അത്. മരിക്കുമ്പോള്‍ ആ ശതകോടീശ്വരന് വെറും 54 വയസ്സായിരുന്നു പ്രായം.
1966ല്‍ വയനാട് മാനന്തവാടിയില്‍ ഉലഹന്നാന്‍- ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് അറക്കലിന്റെ പിതാവും ബിസിനസുകാരനായിരുന്നു. സഹോദരന്‍ ജോണി അറയ്ക്കലും കേരളത്തില്‍ ബിസിനസുകാരന്‍ തന്നെ.വയനാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോയ് പിന്നീട് എംകോമും സിഎ ഇന്ററും പാസായി.
ചെറുപ്പത്തിലേ ബിസിനസ് മേഖലയിലയോടായിരുന്നു കമ്പം. ആദ്യമായി ചെയ്ത ബിസിനസ് തേയിലയും കുരുമുളകും. കുട്ടിക്കാലം തൊട്ടേ ഇവയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നതിനാല്‍ ജോയിക്ക് ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ഇദ്ദേഹത്തിന്റെ പിതാവും സുഗന്ധവ്യജ്ഞന ബിസിനസില്‍ തുടങ്ങി മറ്റു ബിസിനസുകളിലേയ്ക്ക് തിരിഞ്ഞ വ്യക്തിയാണ്. ജോയ് അറയ്ക്കല്‍ 1997ല്‍ യുഎഇയിലെത്തിയത്. ആത്മാര്‍ഥമായ കഠിനപ്രയത്നം കൊണ്ട് ആഗ്രഹങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു.
ദുബായ് ആസ്ഥാനമായി ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തുന്ന അദ്ദേഹം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവും ഷിപ്പിംഗ് ബിസിനസ്സും വഴി ഗള്‍ഫില്‍ വലിയ സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഓയില്‍ ടാങ്ക് ക്ലീനിംഗ് സ്റ്റേഷനുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.സ്വന്തമായി ചരക്കുകപ്പലുകള്‍ വാങ്ങിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ 'കപ്പല്‍ ജോയി' എന്ന് വിളിച്ചുതുടങ്ങിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി ഏകദേശം 500 മെട്രിക് ടണ്‍ ശേഷിയുള്ള കപ്പലാണ് അദ്ദേഹം വാങ്ങിയതോടെയാണ്. യു.എ.ഇ കൂടാതെ സൗദി അറേബ്യ (ദമാം), ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കമ്പനിക്ക് റിഫൈനറികളും ഓഫീസുകളും ഉണ്ടായിരുന്നു. ബിസിനസ്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ പരിഗണിച്ച് യു.എ.ഇ സര്‍ക്കാര്‍ 2019-ല്‍ ഇദ്ദേഹത്തിന് 10 വര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കി ആദരിച്ചിരുന്നു. 2018-ല്‍ മികച്ച സംരംഭകനുള്ള യു.എ.ഇ ഗവണ്‍മെന്റിന്റെ അവാര്‍ഡും, കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ധനരായ രോഗികളുടെ ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തു. നിരവധി ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കിയിരുന്നു.
അങ്ങനെ കത്തിനില്‍ക്കുന്നതിടെയാണ് ജോയിയുടെ വിയോഗവും. ദുബായ് ബിസിനസ് ബേയിലെ സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ദുബൈ പൊലീസ്് സ്ഥിരീകരിക്കുന്നു. ബിസിനസ് മേഖലയിലുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് സമയത്തെ എണ്ണവിലയിലെ ഇടിവ് അദ്ദേഹത്തിന്റെ ബിസിനസ്സിനെ സാരമായി ബാധിച്ചിരുന്നു. പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്. മകന്‍ ദുബായ് പൊലീസിന് നല്‍കിയ പരാതിയില്‍, കമ്പനിയിലെ ഒരു പ്രോജക്ട് ഡയറക്ടര്‍ ഉന്നയിച്ച ആരോപണങ്ങളും അതുണ്ടാക്കിയ മാനസിക വിഷമവുമാണ് മരണത്തിന് കാരണമായതെന്ന് സൂചിപ്പിച്ചിട്ടുണ്ട
ഇറാഖിലെ എണ്ണപ്പാടത്തുനിന്നും ഉപരോധം ലംഘിച്ച് എണ്ണ ശേഖരിച്ചത് പിടിക്കപ്പെട്ടതാണ് മരണത്തിന് ഇടായക്കിയത് എന്നും പറയുന്നവരുണ്ട്. പക്ഷേ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിന്‍ ജോയ് ആണ് ഇപ്പോള്‍ ഇന്നോവ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍. മക്കളായ അരുണ്‍ ജോയിയും ആന്റണി ജോയിയും ബിസിനസ്സ് കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ജോയ് അറയ്ക്കലിന്റെ മരണശേഷം, യു.എ.ഇ ഭരണകൂടം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭാര്യ സെലിന്‍ ജോയിക്കും മക്കള്‍ക്കും പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസഅനുവദിച്ചു നല്‍കി. ബിസിനസ്സ് തുടരുന്നതിനും സ്ഥിരതാമസത്തിനുമുള്ള വലിയൊരു അംഗീകാരമായിരുന്നു ഇത്.
അറ്റ്ലസ് മുതല്‍ ആന്തൂര്‍ സാജന്‍വരെ
പലരും തെറ്റായി ധരിച്ചിരിക്കുന്നതുപോലെ, ബിസിനസ് എന്നാല്‍ കോടികള്‍ മാത്രം കൈമറിയുന്ന കളിയല്ല. ഒരുപാട് പേരുടെ ജീവനെടുത്ത മേഖലകൂടിയാണ്. നമ്മുടെ അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥതന്നെ നോക്കുക. ഒരു കാലത്ത് ഗള്‍ഫിലും കേരളത്തിലും വന്‍ സാമ്രാജ്യമായിരുന്ന അറ്റ്‌ലസ് ജ്വല്ലറി തകര്‍ച്ചയിലേക്ക് വീണത് ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ്. 2015-ല്‍ ദുബായില്‍ വെച്ച് അദ്ദേഹം അറസ്റ്റിലാവുകയും മൂന്ന് വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. വന്‍തോതിലുള്ള കടബാധ്യതകള്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് തകര്‍ത്തു. അന്ന് ഭാര്യമാത്രമാണ് അദ്ദേഹത്തിന്റെ കുടെയുണ്ടായിരുന്നത്. ഒടുവില്‍ ജയില്‍മോചിതനായി ബിസിനസ്സ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 2022-ല്‍ അദ്ദേഹം അന്തരിച്ചു. വൈശാലി അടക്കമുള്ള ഒരുപാട് സിനിമകളുടെ നിര്‍മ്മതാവ് കൂടിയായിരുന്നു രാമചന്ദ്രന്‍. ഒരുകാലത്ത് വൈശാലി രാമചന്ദ്രന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
അതുപോലെ കേരളം ഏറെ ചര്‍ച്ചചെയ്തതാണ് ആന്തൂര്‍ സാജന്‍ എന്ന വ്യവസായിയുടെ ദുരനുഭവം. നൈജീരിയയില്‍ മൂന്ന് പതിറ്റാണ്ടോളം കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച തുകയുമായി സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങാനെത്തി, ഒടുവില്‍ ഭരണകൂട സംവിധാനങ്ങളുടെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവനൊടുക്കേണ്ടി വന്ന പ്രവാസി വ്യവസായിയാണ് സാജന്‍ പാറയില്‍ (19702019). കണ്ണൂര്‍ ജില്ലയിലെ കൊറ്റാളി സ്വദേശിയായ സാജന്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് നൈജീരിയയിലേക്ക് കുടിയേറിയത്. അവിടെ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം, ഏകദേശം 30 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും തീരുമാനിച്ചു.
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ ഏകദേശം 15 കോടി രൂപ മുടക്കി അദ്ദേഹം 'പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍' നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും, ചെറിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വര്‍ഷങ്ങളോളം അദ്ദേഹം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും അനുമതി ലഭിച്ചില്ല. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനയിലും മാനസിക വിഷമത്തിലും മനംനൊന്ത് 2019 ജൂണ്‍ 18-ന് അദ്ദേഹം സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തു. ഭരണകക്ഷിയായ സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങളും നഗരസഭാ അധ്യക്ഷയുമായുള്ള ഭിന്നതയുമാണ് അനുമതി വൈകാന്‍ കാരണമെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയാണ്, അന്ന് നഗരസഭാ ചെയര്‍ പേഴ്സണ്‍. ഇവരാണ് കേസില്‍ പ്രധാനമായും പ്രതികൂട്ടിലായാത്. സാജന്റെ മരണശേഷം വലിയ ജനരോഷം ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും ഓഡിറ്റോറിയത്തിന് ആവശ്യമായ അനുമതികള്‍ നല്‍കുകയും ചെയ്തു.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനും നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനം ഉറപ്പാക്കുന്നതിനും ഈ സംഭവം കാരണമായി.
അതുപോലെ പൊളിഞ്ഞടുങ്ങിയവരുടെയും, ജീവനൊടുക്കിയവരുടെയും ഒരു നീണ്ട നിര ഇന്ത്യന്‍ ബിസനസ് ലോകത്തുകാണാം. തിരുവനന്തപുരത്തെ പ്രശസ്തമായ ഹീര ഗ്രൂപ്പിന്റെ അവസ്ഥ നോക്കുക. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പല ആസ്തികളും ലേലത്തില്‍ വെക്കുന്ന അവസ്ഥയിലെത്തി. ഈ നീണ്ട ലിസ്റ്റിന്റെ ഏറ്റവും ഒടുവിലായിതാ, തിനായിരം കോടിയുടെ ആസ്തിയുണ്ടായിട്ടും, ഒരു വെടിയുണ്ടയില്‍ ജീവനൊടുക്കിയ ഡോ സി ജെ റോയും!
വാല്‍ക്കഷ്ണം: ഒരു സംരംഭകനെ കാണുമ്പോള്‍ അയാളുടെ പുറമെയുള്ള പകിട്ട് മാത്രമേ നമ്മുടെ ശ്രദ്ധയില്‍ പെടുന്നുള്ളു. ഓരോ ദിവസവും അയാള്‍ കടന്നുപോവുന്ന പ്രശ്നങ്ങള്‍ അയാള്‍ക്ക് മാത്രമേ അറിയൂ.
