അന്ന് ആരുടെയും തലവെട്ടാന്‍ കഴിയുന്ന നക്സല്‍; പൊള്ളലേറ്റ തൊലി ഒട്ടിപ്പിടിക്കാതിരിക്കാന്‍ വാഴയില വെച്ച് ശരീരം വരിഞ്ഞുകെട്ടിയ ഒളിവ് ജീവിതം; പിന്നെ ബൈബിളേന്തി സുവിശേഷം; അവസാനം എല്ലാം നിര്‍ത്തി മാനവികവാദത്തിലേക്ക്; വെള്ളത്തൂവല്‍ സ്റ്റീഫന്റെ വിചിത്ര ജീവിതം
അന്ന് ആരുടെയും തലവെട്ടാന്‍ കഴിയുന്ന നക്സല്‍
ഒരു മനുഷ്യനെ പേടിച്ച് ഒരു ബറ്റാലിയന്‍ പൊലീസ് തന്നെ എത്തുക. ആ പേരുകേട്ടാല്‍ തന്നെ ജന്‍മികളും ഗുണ്ടകളും നാടുവിടുക. വെള്ളത്തൂവല്‍ സ്റ്റീഫന്‍ എന്നത് വെറുമാരു മനുഷ്യന്‍ മാത്രമല്ല. 60കളുടെ അവസാനത്തില്‍, സകലരും ഭയന്നിരുന്ന ഒരു തിരുത്തല്‍ ശക്തി കൂടിയായിരുന്നു. കമ്യൂണിസത്തിന് കട്ടികൂടി പിന്നെ നക്സലിസത്തിലേക്ക് ഒരു യാത്ര. അവിടെനിന്ന് ബൈബിള്‍ കൈയിലെടുത്തുള്ള യാത്ര. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ഒരു സാധാതയ്യല്‍ക്കാരനായി ജീവിതം. ഇന്നലെ 82ാം വയസ്സില്‍ അന്തരിച്ച വെള്ളത്തൂവല്‍ സ്റ്റീഫന്റെത്, ശരിക്കും ഒരു വല്ലാത്ത കഥയാണ്.
എന്നും പാവങ്ങള്‍ക്ക് ഒപ്പം
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. പിന്നീട് കുടുംബം ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി. ഈ സ്ഥലനാമമാണ് പിന്നീട് പേരിനൊപ്പം ചേര്‍ത്തത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ചെറുപ്പത്തിലേ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായി. അക്കാലത്ത് സ്റ്റീഫന്റെ വീട്ടില്‍ വച്ചാണ് പാര്‍ട്ടിയുടെ സെല്‍ ക്ലാസുകള്‍ നടന്നിരുന്നത്. പിതാവിന്റെ മടിയിലിരുന്ന് ഇത്തരം പഠന ക്ലാസുകള്‍ കേട്ടാണ് വിപ്ലവ ചിന്തകള്‍ മനസ്സില്‍ ഉറച്ചത്.
വെള്ളത്തൂവല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്റ്റീഫന്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. സ്‌കൂളില്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. വെറും 14 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം പാര്‍ട്ടിയുടെ പ്രധാന യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ തുടര്‍ന്നെങ്കിലും ആ പിളര്‍പ്പില്‍ അസ്വസ്ഥനായിരുന്നു.
1965ല്‍ വെള്ളത്തൂവലിനടുത്തുള്ള ഡാമിന്റെ കാച്ച്മെന്റ് എരിയയില്‍ കുടിയേറിയവര്‍ക്കു നേരെ നടന്ന പൊലീസ് അതിക്രമമാണ് സ്റ്റീഫന്റെ ജീവിതം വഴിതിരിച്ചുവിട്ടത്. കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിയില്ലാത്തവരായിരുന്നു കുടിയേറിയത്. പൊലീസും വനപാലകരും ചേര്‍ന്ന് ഇവരെ ക്രൂരമായി തല്ലിച്ചതച്ചു. ഇതിനെതിരായ യോഗത്തില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്റ്റീഫന്‍ പ്രസംഗിച്ചു. ഈ പ്രസംഗം കേട്ട കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ദാസന്‍ ആണ് നക്സല്‍ പ്രസ്ഥാനത്തിലേക്ക് സ്റ്റീഫനെ നയിച്ചത്.മാവോ സാഹിത്യം വായിക്കുകയും സ്റ്റഡി ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. നക്സല്‍ നേതാവ് കുന്നിക്കല്‍ നാരായണന്‍ അവിടെ ഒരു സ്റ്റാഡിക്ലാസിന് വന്നതാണ്. ആ ബന്ധം വളര്‍ന്നു.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന കുന്നിക്കല്‍ നാരായണന്‍ സ്റ്റീഫന്റെ രാഷ്ട്രീയ ഗുരുവിനെപ്പോലെയായിരുന്നു. ചാരുമജുംദാറിന്റെ 'ഉന്മൂലന സിദ്ധാന്ത'ത്തിലും സായുധ വിപ്ലവ ആശയങ്ങളിലും ആകൃഷ്ടനായാണ് സ്റ്റീഫന്‍, 19-ാം വയസ്സില്‍ സായുധ പോരാട്ടങ്ങളില്‍ സജീവമായി. ഒരു നേരത്തെ അന്നത്തിനുപോലും വകുപ്പില്ലാത്ത പാവങ്ങളോട് പൊലീസും ഭരണകൂടവും നടത്തുന്ന സമീപനം കണ്ടാണ് താന്‍ നക്സലായതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
തലശ്ശേരിയില്‍ സംഭവിച്ചത്?
1968 നവംബറില്‍ നടന്ന ചരിത്രപ്രസിദ്ധമായ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ കുന്നിക്കല്‍ നാരായണനായിരുന്നു. കുന്നിക്കലിന്റെ ഭാര്യ മന്ദാകിനി, മകള്‍ കെ. അജിത, നക്സല്‍ വര്‍ഗീസ് ഫിലിപ്പ് എം. പ്രസാദ്, എന്നിവര്‍ക്കൊപ്പം കേരളത്തിലെ ആദ്യകാല നക്സല്‍ പോരാട്ടങ്ങളുടെ മുന്‍നിര നേതാക്കളിലൊരാളായി സ്റ്റീഫന്‍ പ്രവര്‍ത്തിച്ചു.
കുന്നിക്കല്‍, തലശ്ശേരിയില്‍ എത്താന്‍ പറഞ്ഞപ്പോള്‍ തനിക്ക് എന്തിനാണെന്നുപോലും അറിയില്ലെന്നായിരുന്നു, സ്റ്റീഫന്‍ പിന്നീട് പറഞ്ഞിരുന്നു. നായാട്ടിന് തോക്ക് ഉപയോഗിച്ചുള്ള പരിചയംമൂലമാണ് അദ്ദേഹം തലശ്ശേരി ആക്ഷന് നിയോഗിച്ചത്. തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനു ശേഷം അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. മൂന്ന് ജന്മിമാരെ വധിച്ചുവെന്ന് പില്‍ക്കാലത്ത് സഫാരി ടിവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയില്‍ തുറന്നുപറഞ്ഞ അദ്ദേഹം, തന്റെ ആയുധമേന്തിയ വിപ്ലവകാലത്തെക്കുറിച്ച് ഒരിടത്തും ഒളിച്ചുവെച്ചിരുന്നില്ല.
തലശ്ശേരി സ്റ്റേഷന്‍ ആക്രമണത്തില്‍ ആദ്യത്തെ ബോംബ് എറഞ്ഞത് വെള്ളത്തൂവല്‍ സ്റ്റീഫനായിരുന്നു. പക്ഷേ എറിഞ്ഞ ബോംബ് സ്റ്റേഷന്റെ ജനല്‍ ചില്ലില്‍ തട്ടി താഴെ വീണെങ്കിലും പൊട്ടിത്തെറിച്ചില്ല.ബോംബ് ചില്ലില്‍ തട്ടിയ ശബ്ദം കേട്ട് ഞെട്ടിയ സെന്‍ട്രി ഉടന്‍ തന്നെ സൈറണ്‍ മുഴക്കി. ഇതോടെ ഭയന്ന നക്സല്‍ പ്രവര്‍ത്തകര്‍ പരിഭ്രാന്തരായി. സൈറണ്‍ കേട്ട് അടുത്തുള്ള പറമ്പില്‍ കിടന്നിരുന്ന പശുക്കള്‍ കൂട്ടമായി ഓടാന്‍ തുടങ്ങി. പശുക്കളുടെ കുളമ്പടി ഒച്ച കേട്ട നക്സലൈറ്റുകള്‍ പോലീസുകാര്‍ വളഞ്ഞതാണെന്ന് തെറ്റിദ്ധരിച്ച് ചിതറി ഓടുകയായിരുന്നു.
300-ഓളം പേര്‍ പങ്കെടുക്കുമെന്ന് കരുതിയ ആക്രമണത്തില്‍ സ്റ്റീഫനും കുന്നിക്കല്‍ നാരായണനും മാത്രമാണ് അവസാനം വരെ അവിടെ നിലയുറപ്പിച്ചത്. ആക്രമണം പൂര്‍ണ്ണമായും പരാജയപ്പെട്ടു. നക്സല്‍ ചരിത്രത്തിലെ ആദ്യത്തെ തിരിച്ചടിയായാണ് തലശ്ശേരി സ്റ്റേഷന്‍ ആക്രമണം അറിയപ്പെടുന്നത്. ഈ പരാജയത്തിന് ശേഷമാണ് സ്റ്റീഫനും സംഘവും ഒളിവില്‍ പോകുന്നത്.
ദേഹമാസകലം പൊള്ളിയിട്ടും
വെളത്തൂവല്‍ സ്റ്റീഫന്‍ എന്ന് കേട്ടാല്‍ പൊലീസുകാര്‍ വിറക്കുന്ന ഒരുകാലം ഉണ്ടായിരുന്നുവെന്ന് കേട്ടിരുന്നു. പലതവണ അദ്ദേഹം പൊലീസ് വലപൊട്ടിച്ച് രക്ഷപ്പെട്ടുകയും ചെയ്തു. 'പുഴയില്‍ ചാടിയാല്‍ കുളത്തില്‍ പൊങ്ങുന്നവന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒളിവ് കാലഘട്ടത്തില്‍, പലതവണ പൊലീസിന്റെ കണ്ണുവെട്ടിച്ച് അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന കാലത്ത്, സ്റ്റീഫന്റെ പേര് കേള്‍ക്കുന്നത് പോലും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിരുന്നു.
1968-ലെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവില്‍ പോയ സ്റ്റീഫനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1971 ഏപ്രില്‍ 5-നാണ് പോലീസ് പിടികൂടുന്നത്. ഈ കാലഘട്ടത്തിലും അദ്ദേഹം വെറുതെയിരിക്കയായിരുന്നില്ല. അടുത്ത സമരത്തിനായി കോപ്പുകൂട്ടുകായിരുന്നു.
നിരണത്ത് വെച്ച് കര്‍ഷകത്തൊഴിലാളികളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഭൂവുടമകള്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സ്റ്റീഫനും കൂട്ടരും തീരുമാനിച്ചു. അതിനായി ബോംബ് നിര്‍മ്മിക്കുകയായിരുന്നു സ്റ്റീഫനും സംഘവും. പക്ഷേ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ഈ സ്ഫോടനത്തില്‍ സ്റ്റീഫന്റെ ശരീരത്തിന്റെ ഒരു ഭാഗം മൊത്തം വെന്തുപോയിരുന്നു! ഒരു കണ്ണിന് സാരമായ പരിക്കേല്‍ക്കുകയും കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഒളിവില്‍ കഴിഞ്ഞു. അതിഭീകരമായിരുന്നു പരിക്കേറ്റുകൊണ്ടുള്ള ഒളിവ് ജീവിതം.
കാടുകളിലും പാടവരമ്പുകളിലും ഒളിച്ചു കഴിഞ്ഞ കഥ സ്റ്റീഫന്‍ പറയുന്നുണ്ട്. പൊള്ളലേറ്റ തൊലി വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ വാഴയില വെച്ചും ചാക്കുകള്‍ കൊണ്ടും ശരീരം വരിഞ്ഞുകെട്ടിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. കഠിനമായ വേദന അമര്‍ത്തിയായിരുന്നു ജീവിതം.
ദിവസങ്ങളോളം ഭക്ഷണമില്ലാതെ കാട്ടുകിഴങ്ങുകളും പച്ചവെള്ളവും മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ നല്‍കുന്ന കഞ്ഞിയും കപ്പയുമായിരുന്നു ഏക ആശ്രയം. ഒരു ഭാഗത്ത് പഴുത്തുനാറുന്ന മുറിവുകള്‍, മറുഭാഗത്ത് ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ഭയം. മുറിവില്‍ ഈച്ചകള്‍ വരാതിരിക്കാന്‍ കരിയിലകള്‍ക്കിടയില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പലരും പിടിക്കപ്പെടുകയും ചെയ്തതോടെ ഒറ്റപ്പെട്ടുപോയ സ്റ്റീഫന്‍, മരണം മുന്നില്‍ കണ്ടാണ് ഓരോ ദിവസവും തള്ളിനീക്കിയത്.
ഒടുവില്‍ 1971 ഏപ്രില്‍ 5-ന് കൊച്ചിയിലെ കുമ്പളങ്ങിയിലുള്ള ഒളിസങ്കേതത്തില്‍ വെച്ചാണ് സ്റ്റീഫന്‍ പിടിയിലായത്. ബാലകൃഷ്ണന്‍ എന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍, മഫ്ടിയിലെത്തിയ പോലീസ് സംഘം ഒരു വീട്ടില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ്ചെയ്യുകയായിരുന്നു. അപ്പോഴേക്കും ആകെ അവശനായ അദ്ദേഹം ചെറുത്തുനില്‍പ്പിന് മുതിര്‍ന്നില്ല. പൊലീസ് ഓഫീസര്‍ പോയിന്റ് ബ്ലാങ്കില്‍ തോക്ക് ചൂണ്ടിയിട്ടും 'നമുക്ക് പോകാം' എന്ന് ശാന്തനായാണ് അദ്ദേഹം പ്രതികരിച്ചത്.അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ള 18 കേസുകളില്‍ അദ്ദേഹം പ്രതിയായിരുന്നു!
നേരിട്ടത് അതി ക്രൂര മര്‍ദനം
പൊലീസ് വെള്ളത്തൂവലിനെതിരെ ചുമത്തിയ കേസുകളില്‍ പലതും വ്യാജമായിരുന്നു. ഉദാഹരണമായി നഗരൂര്‍, കുമ്മിള്‍ നക്സല്‍ ആക്രമണങ്ങളില്‍ സ്റ്റീഫന്‍ പങ്കെടുത്തിട്ടില്ല. പക്ഷേ അതിന്റെ സൂത്രധാരനാക്കി ജയറാം പടിക്കലിന്റെ ടീം സ്റ്റീഫനെ മാറ്റി. ആരെയും തലവെട്ടാന്‍ കഴിയുന്ന ഒരു ക്രുരനാക്കി അദ്ദേഹത്തെ ചിത്രീകരിച്ച്, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് അന്ന് പൊലീസ് പയറ്റിയത്. നഗരൂര്‍-കുമ്മിള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആ പ്രദേശത്തെ പ്രമാണിയായിരുന്ന കൃഷ്ണപിള്ള എന്ന കുമ്മിള്‍ കൃഷ്ണപിള്ളയായിരുന്നു. കൃഷ്ണപിള്ളയെ വീട്ടില്‍ കയറി ആക്രമിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയറുത്ത് മാറ്റുകയും ചെയ്തു. ആ തല നടുറോഡില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് പറയുന്നത്. ഈ സംഭവത്തിന് ശേഷമാണ് തെക്കന്‍ കേരളത്തില്‍ നക്സല്‍ വേട്ട പോലീസ് ശക്തമാക്കിയത്.
ചെയ്്തതും ചെയ്യാത്തതുമായ കുറ്റങ്ങളെല്ലാം ചാര്‍ത്തിക്കിട്ടി പൊലീസിന്റെ
പിടിയിലായതോടെ അതിക്രൂരമായ മര്‍ദനമാണ് സ്റ്റീഫന് ഏല്‍ക്കേണ്ടി വന്നത്. ജയറാം പടിക്കലിന്റെ നേതൃതത്തിലുള്ള പൊലീസ് സംഘം അഴിഞ്ഞാടിയ കാലമായിരുന്നു അത്. പൊള്ളലേറ്റ ഭാഗങ്ങളില്‍ ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. മുറിവുകള്‍ വീണ്ടും പൊട്ടി രക്തവും ചലവും ഒഴുകുന്ന അവസ്ഥയിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു.ദിവസങ്ങളോളം അദ്ദേഹത്തെ ഉറങ്ങാന്‍ അനുവദിച്ചില്ല. അവശനായി വീഴുമ്പോള്‍ തലയില്‍ വെള്ളമൊഴിച്ച് ഉണര്‍ത്തി വീണ്ടും മര്‍ദ്ദിക്കുമായിരുന്നു. കൂട്ടുപ്രതികളെക്കുറിച്ചും ഒളിസങ്കേതങ്ങളെക്കുറിച്ചും അറിയാനായിരുന്നു ഈ പീഡനങ്ങള്‍.ശാരീരിക മര്‍ദ്ദനത്തിന് പുറമെ, അദ്ദേഹത്തിന്റെ വിപ്ലവ വീര്യം തകര്‍ക്കാന്‍ കഠിനമായ മാനസിക പീഡനങ്ങളും പോലീസ് നടത്തി. മരണം ഉറപ്പായ നിമിഷങ്ങളായിരുന്നു അവയെന്ന് അദ്ദേഹം എഴുതിയത്.
സ്റ്റീഫനെ പിടിക്കാന്‍ പറ്റാത്തതില്‍ പോലീസ് ഏറെ വിമര്‍ശനം കേട്ടിരുന്നു. പ്രധാന കേസുകളില്‍ സ്റ്റീഫന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.വായിക്കാന്‍ പുസ്തകം ലഭിക്കാനായി 18 ദിവസം ജയിലില്‍ നിരാഹാര സമരം നടത്തി. പിന്നീട് പുസ്തകങ്ങള്‍ അനുവദിക്കപ്പെട്ടു. വിപ്ലവ സാഹിത്യങ്ങള്‍ക്കൊപ്പം തന്നെ ബൈബിളും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങളും അദ്ദേഹം അവിടെ വെച്ച് വായിച്ചു. സായുധ വിപ്ലവം വഴി കൊലപാതകങ്ങള്‍ നടത്തുന്നത് ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നത് ഈ വായനയിലൂടെയാണ്. ജയിലിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ ബൈബിളിലെ 'പര്‍വ്വതപ്രസംഗം' അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും മാത്രമേ ഹൃദയമാറ്റം സാധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇതോടെ അദ്ദേഹം തന്റെ 'വെള്ളത്തൂവല്‍ സ്റ്റീഫന്‍' എന്ന വിപ്ലവകാരിയെ ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം ആത്മകഥയില്‍ എഴുതിരിക്കുന്നത്.
1982 വരെ പരോളില്ലാതെ 11 വര്‍ഷം ജയിലില്‍ തുടര്‍ന്നു. വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി 15 ദിവസത്തെ പരോളില്‍ പുറത്തുവന്നത്. ഇത് പില്‍ക്കാലത്ത് സ്റ്റീഫന്‍ നന്ദിയോടെ അനുസ്മരിക്കുന്നുണ്ട്. വീണ്ടും പരോളില്‍ വന്ന സമയത്ത് ഇടതുകൈയില്‍ ട്യൂമര്‍ ബാധിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിയുമ്പോള്‍ ഭക്ഷണം നല്‍കിയത് പോലീസുകാരായിരുന്നു. ഇതും അദ്ദേഹത്തിന് വലിയൊരു മാനസാന്തരത്തിന് കാരണമായി. തങ്ങള്‍ വര്‍ഗശത്രുക്കളായി കണക്കാക്കിയിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ സ്വന്തം പിതാവിനെ എന്നോണം തന്നെ നോക്കുന്നത് എന്നും സ്റ്റീഫന്‍ എഴുതിയിട്ടുണ്ട്. ജയില്‍മോചിതനായപ്പോള്‍ വിവിധ പാര്‍ട്ടി ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം സ്റ്റീഫന്‍ പോയത് ആത്മീയ പാതയിലേക്കാണ്.
ഒരു സാദാതയ്യല്‍ക്കാരനായി ശിഷ്ടജീവിതം
ജയില്‍ജീവിതത്തിനുശേഷമാണ്, ബാലകാല സുഹൃത്തും അയല്‍വാസിയുമായ മാലതിയെ വിവാഹം കഴിച്ച് താമസം ഇടുക്കി ചേലച്ചുവടിലേക്ക് മാറ്റിയത്. ഒരുകാലത്ത് പൊലീസുകാര്‍ പോലും ഞെട്ടിയിരുന്നു ആ മനുഷ്യനാണ്, ഇപ്പോള്‍ ഇവിടെ ഒരു തയ്യല്‍കട നടത്തി ജീവിക്കുന്നത് എന്ന് നാട്ടുകാര്‍ക്കുപോലും അറിയില്ലായിരുന്നു. തന്റെ ബന്ധങ്ങള്‍ എവിടെയും ഉപയോഗിക്കാന്‍ വെളത്തൂവല്‍ സ്റ്റീഫന്‍ തയ്യാറായില്ല. പഴയ സഹപ്രവര്‍ത്തകരുമായി ഒന്നും അദ്ദേഹം യാതൊരു ബന്ധവും വെച്ചില്ല. ആ നാട്ടില്‍ ഒരു സാധാരണ ടെയ്ലറായിട്ടാണ് സ്റ്റീഫന്‍ ജീവിച്ചത്. അന്ന് ജീവിതമാര്‍ഗത്തിനായി മാസ് ടെയ്‌ലേഴ്‌സ് എന്ന തയ്യല്‍ക്കട തുടങ്ങി.
ഈ കാലയളവില്‍ മറ്റൊരു മാനസാന്തരവും അദ്ദേഹത്തിനുണ്ടായി. ബൈബിളിലേക്ക് സ്റ്റീഫന്‍ ആകര്‍ഷിക്കപ്പെട്ടു. മതങ്ങളുടെ തടവിലല്ലാത്ത ക്രിസ്തുവിനെ കണ്ടെത്തിയെന്നാണ് സ്റ്റീഫന്‍ പറഞ്ഞിരുന്നത്. അങ്ങനെയാണ് ആത്മീയ പ്രഭാഷണത്തിലേക്ക് തിരിഞ്ഞത്. ഇത് വലിയ വിവാദമുണ്ടാക്കിയപ്പോഴും സ്റ്റീഫന് കുലുക്കമില്ലായിരുന്നു. നേരത്തെ നക്സല്‍ നേതാവും, സ്റ്റീഫന്റെ സഹപ്രവര്‍ത്തകനുമായ ഫിലിപ്പ് എം പ്രസാദ് സായിബാബ ഭക്തനായി മാറിയിരുന്നു. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലമായിരുന്നിട്ടുകൂടി, ഇതൊക്കെ കേരളീയ സമൂഹത്തില്‍ ട്രോളയി. വിപ്ലവകാരികളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടാനായി പലരും ഈ ജീവിതകഥകള്‍ എടുത്തിട്ടു.
പക്ഷേ വെളത്തൂവല്‍ സ്റ്റീഫന്‍ സുവിശേഷ പ്രവര്‍ത്തനം പരസ്യമായി നടത്തുന്നതും അവസാനിപ്പിച്ചു. മതപരമായ സംഘടിത ചട്ടക്കൂടുകള്‍ക്ക് ഉള്ളിലല്ല തന്റെ വിശ്വാസമെന്ന നിലപാടാണ് പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ചത്. താന്‍ കണ്ടെത്തിയ ക്രിസ്തു ഒരു മതത്തിന്റെയും തടവിലല്ല എന്ന് സ്റ്റീഫന്‍ വിശ്വസിച്ചിരുന്നു. സഭകളുടെയോ ഏതെങ്കിലും പ്രത്യേക മതസംഘടനകളുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. മാനവികതയിലൂന്നിയ ഒരു ആത്മീയതയാണ് അദ്ദേഹം പിന്നീട് പിന്തുടര്‍ന്നത്. ഇന്നത്തെ സഭ ക്രിസ്തുമാര്‍ഗം സ്വീകരിക്കാത്തവരാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. 'കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഈ ആത്മീയ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.
സംഘടിത മതപ്രവര്‍ത്തനങ്ങളില്‍ നിന്നും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പുര്‍ണ്ണമായും മാറി. തന്റെ മരണം പോലും യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെ ലളിതമായി നടത്തണമെന്നും, മൃതദേഹം ദഹിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 2021-ല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ച ഈ ലേഖകനോടും സ്റ്റീഫന്‍ ഈ ആഗ്രഹം പറഞ്ഞിരുന്നു.
അതുപോലെ അക്രമ- കൊലപാതരാഷ്ട്രീയത്തെയും സ്റ്റീഫന്‍ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. 'പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്മയില്‍ നിന്നുള്ള ആവേശമായിരുന്നു'എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ചേലച്ചുവട്ടില്‍ ഒരു തയ്യല്‍കടയിലായിരുന്നു സ്റ്റീഫന്റെ അവസാനകാലം. ഈ സമയത്ത, ആത്മകഥയടക്കം എട്ടു പുസകങ്ങളും രചിച്ചു. സഫാരി ടീവിയില്‍ വന്ന അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മകള്‍ പഠിച്ച് അയര്‍ലണ്ടില്‍ ജോലിനേടിയത് അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു. ഒടുവില്‍ കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന്, സ്റ്റീഫനെ കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോവുകായായിരുന്നു. അവിടെ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്.
വാല്‍ക്കഷ്ണം: വെള്ളത്തൂവല്‍ സ്റ്റീഫന്റെ ജീവിതം സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ആസിഫ് അലി നായകനായി സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ് ആ ഐതിഹാസിക ജീവിതത്തിന് തിരശ്ശീല വീഴുന്നത്.
