നേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളി ഹമാസിന്റെ നടുവൊടിച്ചു; ഗസ്സയിലെ തുരങ്കങ്ങളിലെ 60 ശതമാനവും തകര്‍ത്തു; 251 ബന്ദികളില്‍ 117 പേരെ മോചിപ്പിച്ചു; ഹിസ്ബുള്ളക്കും ഇറാനും കൊടുത്തത് എട്ടിന്റെ പണി; ഒക്ടോബര്‍ 7ന് ഒരു വര്‍ഷം തികയുമ്പോഴും ഇസ്രയേല്‍ രക്തം ചിന്തി രാജ്യം കാക്കുന്നു

ഒക്ടോബര്‍ 7ന് ഒരു വര്‍ഷം തികയുമ്പോഴും ഇസ്രയേല്‍ രക്തം ചിന്തി രാജ്യം കാക്കുന്നു

Update: 2024-10-07 10:40 GMT

'ലോകം ഇനി ഒരിക്കലും പഴയതുപോലെ ആവില്ല''-2001 സെപ്റ്റമ്പര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പിറ്റേന്ന് വാഷിംങ്ടണ്‍ പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 22 വര്‍ഷത്തിനുശേഷം 2023 ഒക്ടോബര്‍-7ന് ഹമാസ് ഇസ്രയേലിലേക്ക് കയറി വെടിവെച്ചും, വെട്ടിയും 1200ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും, നിരവധി സ്ത്രീകളെ റേപ്പ് ചെയ്യുകയും, മൃതശരീരത്തില്‍ തുപ്പുകയും ചവിട്ടുകയും ചെയ്ത നിഷ്ഠൂരമായ സംഭവത്തിനുശേഷം വീണ്ടും അവര്‍ പഴയ തലക്കെട്ടുതന്നെയിട്ടു. 'ലോകം ഇനി ഒരിക്കലും പഴയതുപോലെ ആവില്ല''.

ആ പ്രവചനം ശരിവെക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള സംഭവികാസങ്ങള്‍. ഹമാസ്- ഇസ്രയേല്‍ യുദ്ധമായി തുടങ്ങിയത് ഇപ്പോള്‍ പശ്ചിമേഷ്യയെ മുഴുവന്‍ ബാധിക്കുന്ന രീതിയില്‍ മാറിയിരിക്കുന്നു. ഹിസ്ബുള്ളയെ തേടി ഇസ്രയേല്‍ സേന ലെബനനിലേക്ക് നീങ്ങിയിരിക്കയാണ്. കനത്ത ബോംബിങ്ങില്‍ ലബനന്‍ നിന്നുകത്തിയ ദിവസങ്ങളാണ് കടന്നുപോയത്. ഹൂതി വിമതരെതേടി ചെങ്കടലിലും, യമനിലും യുദ്ധം നടക്കുന്നു. ഏറ്റവും ഒടുവില്‍ യുദ്ധം ഇറാനിലേക്കും നീളുമെന്ന് ഉറപ്പായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രയേലിന്റെ സെപ്റ്റമ്പര്‍ 11 തന്നെയാണ് ഒക്ടോബര്‍ 7. ഹമാസ് ആക്രമണത്തിന് ഒരു വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍, ലോകത്തില്‍ ഏറ്റവും കൂടുല്‍ പീഡിപ്പിക്കപ്പെട്ട തങ്ങളുടെ ജനതയെ സംരക്ഷിക്കാനായി ഏത് അറ്റംവരെയും പോവുക എന്ന ഇസ്രയേലിന്റെ നിശ്ചയ ദാര്‍ഢ്യം തന്നെയാണ് വിജയിച്ചിരിക്കുന്നത്. ഞങ്ങളെ ദ്രോഹിച്ച് ലോകത്ത് എവിടെപോയി ഒളിച്ചാലും രക്ഷയില്ല എന്നും പിന്തുടര്‍ന്ന് വന്ന് തീര്‍ക്കുമെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. കോടികളുടെ നഷ്ടം സഹിച്ച് ശരിക്കും രക്തം ചിന്തിയാണ് അവര്‍ മുന്നേറുന്നത്.




നടുവൊടിഞ്ഞ് ഹമാസ്

ഇസ്രയേല്‍ ശരിക്കും വിറച്ച ദിനമായിരുന്നു 2023-ഒക്ടോബര്‍ 7 ഇസ്രയേലിന് നേരെ ഹമാസ് തൊടുത്തത് നാലായിരത്തിലേറെ റോക്കറ്റുകളാണ്. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധമായ അയണ്‍ഡോമിന്റെ പ്രതിരോധം മറികടന്ന് ഇവയില്‍ ചിലത് രാജ്യത്ത് പതിച്ചു. ഇതിനൊപ്പം തന്നെ പുലര്‍ച്ചെ നൂറുകണക്കിന് ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുന്നു. അതിര്‍ത്തിയില്‍ ഇസ്രയേല്‍ തീര്‍ത്ത അതിശക്തമായ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തായിരുന്നു ഈ നീക്കം. വാഹനങ്ങളും പാരാമോട്ടറിങ്ങും(പിപിജി) ഉപയോഗിച്ചായിരുന്നു ഈ കടന്ന് കയറ്റം.

7000ത്തോളം ഭീകരര്‍ ഈ ഓപ്പറേഷനില്‍ പങ്കാളികളായി എന്നാണ് ഇസ്രയേലിന്റെ കണക്ക്. 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ളഡ്' എന്നായിരുന്നു ഹമാസ് ഈ ഓപ്പറേഷന് നല്‍കിയ പേര്. ബ്ലാക്ക് ശബത്ത് എന്നായിരുന്നു ഈ കടന്നുകയറ്റത്തെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ഹമാസിന്റെ കടന്ന് കയറ്റത്തില്‍ 1,139 പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ ഔദ്യോഗിക കണക്ക്. ഡസന്‍ കണക്കിന് ബലാത്സംഗവും ലൈംഗികാതിക്രമവും കടന്നുകയറ്റത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തൊട്ടുടത്ത ദിവസം മുതല്‍ യഹൂദ രാഷ്ട്രം അതിഭീകരമായ തിരിച്ചടി തുടങ്ങിയത്.




യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലടക്കം ഇസ്രയേലിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, കുറേ നിരപരാധികളെ കൊല്ലുക അല്ലാതെ എന്നൊരു നറേറ്റീവാണ് ഉയരുന്നത്. പക്ഷേ യാഥാര്‍ത്ഥ്യമല്ല. ഇസ്രയേല്‍ എന്ത് നേടി എന്ന് ചോദിക്കുന്നവരോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അടക്കം കൃത്യമായ ഉത്തരമുണ്ട്. 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നതെങ്കില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 117 പേര്‍ മോചിപ്പിക്കപ്പെട്ടു. ഇപ്പോള്‍ 64 പേര്‍ മാത്രമാണ് ഹമാസിന്റെ പിടിയിലുള്ളത്. 70 പേര്‍ കൊല്ലപ്പെട്ടു. അതില്‍ പലതും ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു. ഞങ്ങളെ ഉപദ്രവിച്ചാല്‍, ഏത് അറ്റംവരെയും പോയി തിരിച്ചടിക്കുന്നമെന്ന കൃത്യമായ സന്ദേശം കൊടുക്കാനായി. പക്ഷേ ഈ ആക്രമണം കൊണ്ട് ഹമാസ് എന്തുനേടി എന്ന് മാത്രം കേരളത്തിലെ മാധ്യമങ്ങള്‍ ചോദിക്കില്ല.

ഹമാസ് മൂച്ചൂടും തകര്‍ന്നു. കമാന്‍ഡമാര്‍ അടക്കം നൂറോളം നേതാക്കള്‍ തന്നെ കൊല്ലപ്പെട്ടു. ഇസ്മായില്‍ ഹനിയ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഒക്കെയും കാലപുരി പൂകി. ഇറാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തുവെച്ച് ഹനിയെ കൊന്ന മൊസാദിന്റെ രീതി ഏവരെയും ഞെട്ടിച്ചു. അതുമാത്രമായിരുന്നില്ല, ഗസ്സയിലെ ഹമാസ് പ്രധാനമന്ത്രിയെന്നു വിശേഷിക്കപ്പെടുന്ന റൗഹി മുഷ്താഹ അടക്കം മൂന്ന് ഉന്നത ഭീകരരെ വധിച്ചതായി ഇസ്രേലി സേന ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. മൂന്നു മാസം മുന്പ് ഗസ്സയില്‍ നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹമാസ് പോളിറ്റ് ബ്യൂറോ അംഗം സമേ അല്‍ സിറാജ്, ഉന്നത കമാന്‍ഡര്‍ സമി ഔദേ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ഹമാസിനെ ഇപ്പോള്‍ നയിക്കുന്ന യഹിയ സിന്‍വറിന്റെ വലംകൈ ആയിരുന്നു റൗഹി മുഷ്താഹ. ഏറ്റവും മുതിര്‍ നേതാക്കളിലൊരാളായ ഇയാള്‍ ഹമാസ് പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു. ഹമാസിന്റെ സൈനിക, സാമ്പത്തിക തീരുമാനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. 2015-ല്‍ അമേരിക്ക മുഷ്താഹയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട സമേ അല്‍ സിറാജ് ആണ് ഹമാസ് പോളിറ്റ് ബ്യൂറോയില്‍ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സൗമി ഔദ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ നേതാവായിരുന്നു. ഒരു വര്‍ഷത്തെ കണക്ക് എടുക്കമ്പോള്‍, ഹമാസിന്റെ ഉന്നത നേതാക്കളില്‍ ഭൂരിഭാഗത്തെയും ഇസ്രേലി സേന വധിച്ചുകഴിഞ്ഞു. ബാക്കിയുള്ളവരാവട്ടെ ഏത് നിമഷവും കൊല്ലപ്പെടുമെന്ന ഭീതിയിലും.





ഗസ്സയെ നരകമാക്കിയത് ആര്?

ഹമാസ് ഒളിച്ചിരിക്കുന്ന ഗസ്സയാവട്ടെ തകര്‍ന്നു തരിപ്പണമായി. ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള ഗസ്സയില്‍ 42,000-ലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. 96,000-ലധികം പേര്‍ക്ക് പരുക്കേറ്റു. 10,000-ത്തിലധികം പേര്‍ കാണാതായി. കൊല്ലപ്പെട്ടവരില്‍ 11,000-ലധികം കുട്ടികളും 6,000-ത്തിലധികം സ്ത്രീകളും ഉള്‍പ്പെടുന്നു. ഗസ്സയില്‍ 55ല്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 33ല്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഇന്ന് പട്ടിണിയും പോഷകാഹാരക്കുറവും ഗസ്സയെ വേട്ടയാടുന്നുണ്ട്. കുടിവെള്ളവും ജീവന്‍ രക്ഷാമരുന്നും കിട്ടുന്നില്ല. ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. 986 ആരോഗ്യപ്രവര്‍ത്തകരും 128 മാധ്യമപ്രവര്‍ത്തകരും ബോംബിങ്ങില്‍ കൊല്ലപ്പെട്ടു. 18.5 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഗസ്സയില്‍ ഉണ്ടായി എന്നാണ് കണക്ക്. ഗാസ മുനമ്പിലെ 66% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 124 സ്‌കൂളുകളും ഇസ്രയേല്‍ തകര്‍ന്നു. 'ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസ്സയിലെ കുട്ടികളുടെ ജീവിതമാണ്'- എന്ന ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുകയാണ്.

പക്ഷേ ഒരുകാര്യം ഓര്‍ക്കണം, ആരാണ് ഈ ഭീകരമായ അവസ്ഥക്ക് ഉത്തരവാദി. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അവര്‍ക്കിടയില്‍ നിന്ന് റോക്കറ്റുകള്‍ വിടുന്ന ഹമാസ് തന്നെയല്ലേ. ഒക്ടോബര്‍ 7ന്റെ ആക്രമണം ഇല്ലായിരുന്നുവെങ്കില്‍ ഈ ജീവനുകള്‍ പൊലിയുമായിരുന്നോ? ഗസ്സക്ക് വെള്ളവും വെളിച്ചവും, തൊഴിലും എല്ലാം നല്‍കുന്നത് ഇസ്രയേല്‍ ആണ്. ആയിരക്കണക്കിന് ആളുകളാണ് ഗസ്സയില്‍ നിന്ന് പ്രതിദിന പെര്‍മിറ്റ് വഴി ഇസ്രയേലില്‍ വന്ന് ജോലിക്ക് പോയിരുന്നത്. എന്നാല്‍ ഇരില്‍ പലരും തന്നെയാണ് ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ ഹമാസിന് ഒപ്പം ഉണ്ടായിരുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്. പാലുകൊടുത്ത കൈക്ക് തന്നെ കൊത്തുക എന്ന പ്രയോഗത്തിന് ഇതിലും നല്ല ഉദാഹരണങ്ങള്‍ ഒന്നുമില്ല.

ഗസ്സയിലെ പാവങ്ങളെ കൊന്നൊടുക്കിയിട്ട് ഇസ്രയേലിന് ഒന്നും കിട്ടാനില്ല. അവര്‍ തേടുന്നത് ഹമാസ് തീവ്രവാദികളെയാണ്. പക്ഷേ അവര്‍ ഒളിച്ചിരിക്കുന്നത് ജനങ്ങള്‍ക്കിടയിലാണ്. ഹോസ്പിറ്റലുകളിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും, സ്‌കൂളുകളിലുമൊക്കെയാണ്. അവിടങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുമ്പോള്‍ സിവിലിയന്‍സും കൊല്ലപ്പെടുന്നു. മാത്രമല്ല, ഏതാണ്ട് 450 മൈല്‍ നീളമുള്ളതാണ് ഗസ്സയില്‍ ഹമാസ് ഉണ്ടാക്കിയ തുരങ്കങ്ങള്‍. ഗസ്സന്‍ മെട്രോ എന്നാണ് ഇത് അറിയപ്പെടുന്നത്. നഗരത്തിനുള്ളിലെ മറ്റൊരു സമാന്തര നഗരത്തില്‍ നിന്നാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. ഇവയെല്ലാം ജനവാസകേന്ദ്രങ്ങളിലാണ്. സിവിലിയന്‍സിന്റെ വീടുകളും, ആശുപത്രികളും പോലും ഇത്തരം തുരങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് തുരങ്കം തകര്‍ക്കാനുള്ള ബോംബിങ്ങില്‍ ആളുകള്‍ കൊല്ലപ്പെടുന്നത്. അതിന് ഉത്തരവാദി ഇസ്രയേല്‍ ആണോ, അതോ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് റോക്കറ്റ് അയക്കുന്ന ഹമാസ് ആണോ എന്ന് ചിന്തിക്കേണ്ടതുണ്ട്ഹമാസിന്റെ ഗസ്സയിലെ തുരങ്ക ശൃംഖല 350 മുതല്‍ 450 മൈല്‍ വരെ നീളമുള്ളതാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 5,700 പ്രവേശന കവാടങ്ങളും ഈ തുരങ്കങ്ങള്‍ക്കുണ്ടെന്ന് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. തെക്കന്‍ ഗസ്സയില്‍ ഖാന്‍ യൂനിസിന് കീഴില്‍മാത്രം ഏകദേശം 100 മൈല്‍ തുരങ്കങ്ങള്‍ ഉണ്ടെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.




ഖാന്‍ യൂനിസില്‍ മാത്രം തുരങ്കത്തിന്റെ വാതിലുകള്‍ നിര്‍മിക്കുന്നതിനും ഭൂഗര്‍ഭ വര്‍ക് ഷോപ്പുകള്‍ക്കുമായി ഹമാസ് ഒരു മില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയില്‍ അവശേഷിക്കുന്ന ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയില്‍ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു. കമാന്‍ഡര്‍മാര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കൂടുതല്‍ ആഴമേറിയതും സൗകര്യപ്രദവുമാണ്. മാത്രമല്ല ഭൂമിക്കടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ്. പ്രവേശന കവാടങ്ങളുടെ ഭിത്തികളില്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുരങ്കങ്ങള്‍ പൊളിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.ഇസ്രായേല്‍ സേനയ്ക്ക് അവയെ നശിപ്പിക്കുന്നതിന് മുമ്പ് ഭൂഗര്‍ഭ പാതകള്‍ മാപ്പ് ചെയ്യുകയും ബൂബി ട്രാപ്പുകളും ബന്ദികളും ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

ഹമാസ് 6,000 ടണ്‍ കോണ്‍ക്രീറ്റും 1,800 ടണ്‍ സ്റ്റീലും വിപുലമായ തുരങ്ക ശൃംഖലയ്ക്കായി ഉപയോഗിച്ചതായി ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. നവംബര്‍ അവസാനത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ മോചിപ്പിക്കപ്പെട്ട നിരവധി ബന്ദികള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടതായി പറഞ്ഞിരുന്നു. ഇപ്പോള്‍ ഹമാസിന്റെ പുതിയ നേതാവ്, യഹിയ സിന്‍വറൊക്കെ ഈ തുരങ്കങ്ങളില്‍നിന്ന് പുറത്തുകടക്കാറില്ല. അതി സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഈ തുരങ്കം തകര്‍ക്കല്‍. പക്ഷേ ഒരു വര്‍ഷംകൊണ്ട് 60 ശതമാനം തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേലിന് ആയി. ബാക്കിയുള്ളവ നശിപ്പിക്കാന്‍ ഇനിയും സമയം എടുക്കും. ഇതൊക്കെകൊണ്ടാണ് ഗസ്സന്‍ യുദ്ധം നീളുന്നത്. അല്ലാതെ നിരപരാധികളായ ഫലസ്തീനി സ്ത്രീകളുടെയും കുട്ടികളുടെയും തലയിലേക്ക്, വെറുതേ ഇസ്രയേല്‍ ബോംബ് വര്‍ഷിക്കുകയല്ല.




ഇറാനും ഹിസ്ബുള്ളക്കും തിരിച്ചടി

നാലുപാടും ശത്രുക്കളുടെ നടുക്ക് നില്‍ക്കുന്ന ഇസ്രയേലിന് ആയുധം എടുക്കാതെ വയ്യ. ഇറാന്‍ പാലൂട്ടിവളര്‍ത്തിയ ഹിസ്ബുള്ളക്കും അവര്‍ നല്ല പണികൊടുത്തു. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഫുവാദ് ഷുക്കര്‍ ജൂലൈ 30 ന് ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ അടപ്പിളക്കിയ പേജര്‍- വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ കണ്ട് ലോകം നടുങ്ങി. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ ലെബനനിലുട നീളം ഹിസ്ബുള്ള അംഗങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ഇതില്‍ കുറഞ്ഞത് 39 പേര്‍ കൊല്ലപ്പെടുകയും 3,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ വ്യോമാക്രമണത്തിലും ഒടുവില്‍ കരയുദ്ധം ലബനിലേക്കും വ്യാപിച്ചിരിക്കയാണ്. ഏകദേശം 12 ലക്ഷം ലെബനീസ് പൗരന്മാര്‍ ഇതുവരെ പലായനം ചെയ്തതായാണ് കണക്ക്. രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇറാന്‍ സൈനിക കമാന്‍ഡര്‍ മുഹമ്മദ് റെസ സഹേദി, ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ശുക്ര്, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ, ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ള എന്നിവരെയും ഇസ്രയേല്‍ കൊലപ്പെടുത്തി.

2024 ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ചായിരുന്നു റെസ സഹേദിയുടെ കൊലപാതകം. തുടര്‍ന്ന് ഏപ്രില്‍ 14ന് ഇറാന്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയ ശേഷം ഇസ്രയേലിനെ ആക്രമിച്ചിരുന്നു. ഇസ്രയേലും ചെറിയതോതില്‍ തിരിച്ചടിച്ചു. പക്ഷെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്, മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജൂലൈ 30നും 31നും നടന്ന ഫുവാദ് ശുക്‌റിന്റെയും ടെഹ്‌റാനില്‍ വച്ചുള്ള ഇസ്മായില്‍ ഹനിയയുടെയും കൊലപാതകമായിരുന്നു. ഒരേസമയം, ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനുമുള്ള തിരിച്ചടിയായിരുന്നു ഈ ആക്രമണങ്ങള്‍.അന്നും പശ്ചിമേഷ്യ സംഘര്‍ഷഭീതിയിലേക്ക് പോയെങ്കിലും, ഗസ്സയിലെ വെടിനിര്‍ത്തല്‍ മുന്നിനിര്‍ത്തി ഇറാനുമായി അമേരിക്ക നടത്തി വിലപേശല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് സെപ്റ്റംബര്‍ 27ന് ഹസന്‍ നസറല്ലയെയും ഇസ്രയേല്‍ വധിച്ചു.




തങ്ങള്‍ വളര്‍ത്തിയ നേതാവ് മരിച്ചത് ഇറാനും സഹിച്ചില്ല. നസറല്ലയുടെ മരണം വെറുതെയാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി പ്രഖ്യാപിച്ചു. അവര്‍ ഇസ്രലയിലേക്ക് മിസൈല്‍ ആക്രമണം നടത്തി. പക്ഷേ അതൊന്നും ആ രാജ്യത്തെ ബാധിച്ചില്ല. 90ശതമാനത്തെയും അയേണ്‍ ഡോം നിര്‍വീര്യമാക്കി. രാജ്യത്തുവീണ ഏതാനും മിസൈലുകളാവട്ടെ കാര്യമായ നാശനഷ്ടവും ഉണ്ടാക്കിയില്ല. ഇപ്പോള്‍ കുട്ടികള്‍ അത് എടുത്ത് കളിക്കുന്ന അവസ്ഥയാണ്! ഇതോടെയാണ് ഇറാന് നേരയെുള്ള നേര്‍ക്കുനേരെയുള്ള ആക്രമണം ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ഇന്ന് ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ അപ്പോസ്തലനായ ആയത്തുള്ള അലി ഖാംനെയി എന്ന ഇറാന്റെ പരമോന്നത നേതാവിന്റെ നാളുകളും എണ്ണപ്പെട്ടുവെന്ന് ചുരുക്കം.

അതുപോലെ യമനിലെ ഹൂതി വിമതരും ഇസ്രയേലിന് ഭീഷണിയാവുന്നുണ്ട്. ഇവര്‍ ചെങ്കടലില്‍ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇസ്രയേലിന്റെ ഇനിയുള്ള ഓപ്പറേഷനുകള്‍ ഹൂതികളെക്കൂടി ടാര്‍ജറ്റ് ചെയ്യുന്ന രീതിയിലാണ്.




ഇസ്രയേലിനും ശതകോടികളുടെ നഷ്ടം

അക്ഷരാര്‍ത്ഥത്തില്‍ രക്തം കൊടുത്ത് രാജ്യം കാക്കുകയാണ് ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം. യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഇസ്രയേലിനും ഉണ്ടാവുന്നത്. ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം വര്‍ദ്ധിച്ചത് അന്താരാഷ്ട്ര ഗതാഗതത്തേയും സാരമായി ബാധിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സഞ്ചാരിക്കാവുന്ന പാതയ്ക്ക് പകരമായി, ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ കടല്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ പല കമ്പനികളും ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതുവഴി ഇസ്രയേല്‍ കപ്പലുകള്‍ക്ക് വന്‍ തുകയാണ് നഷ്ടമായത്. മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ മുസ്ലീം ലോകത്തിന്റെ ബഹിഷ്‌ക്കരണം അവര്‍ നേരിടുന്നുണ്ട്. എന്നിട്ടും അവര്‍ പിടിച്ചു നില്‍ക്കുന്നത്,അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണകൊണ്ടുതന്നെയാണ്.

എതാണ്ട് രണ്ടായിരത്തോളം ഇസ്രയേലികള്‍ ഇതുവെ ഗസ്സ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ മുന്നുറോളം പേര്‍ സൈനികരാണ്. 2023 ഡിസംബര്‍ 15ന് മൂന്ന് ഇസ്രായേലി ബന്ദികളെ സൈനിക നടപടിക്കിടെ ഇസ്രയേലി സൈന്യം അബദ്ധത്തില്‍ വെടിവെച്ച് കൊന്നു. ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ നീക്കത്തിനിടെയായിരുന്നു സംഭവം. രാജ്യത്തിന് വലിയ ഷോക്കായിരുന്നു ഇത്. 2024 ജനുവരി 22ന്, സെന്‍ട്രല്‍ ഗാസയില്‍ ഒരൊറ്റ സംഭവത്തില്‍ 21 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യത്തിന് ഏറ്റവും മാരകമായ തിരിച്ചടി കിട്ടിയ ദിവസം ഇതായിരുന്നു. അതുപോലെ ഇക്കഴിഞ്ഞ ദിവസവും ലെബനണില്‍ നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.




ബന്ദികളുടെ മോചനത്തിന് സൈനിക നടപടിക്കൊപ്പം ഒരേ സമയം ചര്‍ച്ചയും ഇസ്രയേല്‍ നടത്തുന്നുണ്ട്. 2024 ജൂണ്‍ ആദ്യം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയില്‍ നാല് ബന്ദികളെ രക്ഷപെടുത്തയിരുന്നു. 2023 നവംബര്‍ 24 ഇസ്രയേലും ഹമാസും തമ്മിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന 240 ഫലസ്തീന്‍കാര്‍ക്ക് പകരമായി 80 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിന് പുറമെ ബന്ദികളായ 25 തായ്ലാന്‍ഡ് തൊഴിലാളികളെയും മോചിപ്പിച്ചിരുന്നു. ഈജിപ്ത് വഴി ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിനുള്ള അനുമതി ഈ ഘട്ടത്തില്‍ ഇസ്രയേല്‍ നല്‍കിയിരുന്നു.

ഗസ്സയിലെ മാത്രല്ല ഇസ്രയേലിലെ കുട്ടികളും കൊല്ലപ്പെടുന്നുണ്ട്. ജൂലൈ 27 ന് ഗോലാന്‍ കുന്നുകളില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ 12 ഇസ്രയേലി കുട്ടികള്‍ കൊല്ലപ്പെട്ടത്. അവര്‍ ഫുട്ബോള്‍ കളിച്ച് കൊണ്ടിരിക്കയായിരുന്നു. ഈ രീതിയില്‍ ഒരു മരണക്കളി തന്നെയാണ് ഇസ്രയേല്‍ കളിക്കുന്നത്. അവര്‍ക്ക് അതല്ലാതെ വേറെ രക്ഷയില്ല.

ഞങ്ങള്‍ അതിജീവിക്കും

ഒരാഴ്ച മുമ്പ് ഇറാന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, ശരിക്കും ഒരു തീപ്പൊരി പ്രസംഗം തന്നെയാണ് നടത്തിയത്. ഇസ്രയേല്‍ ജനത അനുഭവിച്ച മുഴുവന്‍ കണ്ണീരും അതിലുണ്ട്. നെതന്യാഹുവിന്റെ വാക്കുകളുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ-'75 വര്‍ഷം മുമ്പ് ഞങ്ങള്‍ ഇവിടേക്ക് എത്തിയത് ജീവിക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ക്ക് അന്ന് ഒരു രാജ്യമോ സൈന്യമോ ഉണ്ടായിരുന്നില്ല. ഏഴു രാജ്യങ്ങള്‍ നമുക്കെതിരെ യുദ്ധം തുടങ്ങി. ഞങ്ങള്‍ 65,000 പേര്‍ മാത്രമായിരുന്നു. ഞങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ലെബനന്‍, സിറിയ, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, ലിബിയ, സൗദി അറേബ്യ തുടങ്ങി പല രാജ്യങ്ങളും നമ്മോട് ഒരു ദയയും കാണിച്ചില്ല. എല്ലാവരും ഞങ്ങളെ കൊല്ലാന്‍ ആഗ്രഹിച്ചു, പക്ഷേ ഞങ്ങള്‍ അതിജീവിച്ചു.65 ശതമാനം മരുഭൂമിയായിരുന്ന ഭൂമിയാണ് ഐക്യരാഷ്ട്രസഭ നമുക്ക് നല്‍കിയത്. അതും ഞങ്ങള്‍ ചോര കൊണ്ട് നനച്ചു. ഞങ്ങള്‍ അതിനെ നമ്മുടെ രാജ്യമായി കണക്കാക്കി, കാരണം അത് ഞങ്ങള്‍ക്ക് എല്ലാം അര്‍ത്ഥമാക്കുന്നു. ഞങ്ങള്‍ ഒന്നും മറന്നില്ല, ഞങ്ങള്‍ ഫറവോനില്‍ നിന്ന് രക്ഷപ്പെട്ടു. ഞങ്ങള്‍ ഗ്രീസില്‍ നിന്ന് രക്ഷപ്പെട്ടു. ഞങ്ങള്‍ റോമാക്കാരില്‍ നിന്ന് രക്ഷപെട്ടു. ഞങ്ങള്‍ സ്പെയിനില്‍ നിന്ന് രക്ഷപ്പെട്ടു. ഞങ്ങള്‍ ഹിറ്റ്ലറില്‍ നിന്നും രക്ഷപ്പെട്ടു. അറബ് രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടു. ഞങ്ങള്‍ സദ്ദാമില്‍ നിന്നും രക്ഷപെട്ടു ഞങ്ങള്‍ ഗദ്ദാഫിയില്‍ നിന്നും രക്ഷപ്പെട്ടു. ഞങ്ങള്‍ ഹമാസിനെ ഒഴിവാക്കും ഞങ്ങള്‍ ഹിസ്ബുള്ളയെ ഒഴിവാക്കും, ഞങ്ങള്‍ ഇറാനെയും ഒഴിവാക്കും.

നമ്മുടെ ജറുസലേം 52 തവണ ആക്രമിക്കപ്പെട്ടു, 23 തവണ ഉപരോധിക്കപ്പെട്ടു, 39 തവണ തകര്‍ത്തു, മൂന്നു പ്രാവശ്യം നശിപ്പിച്ചു, 44 തവണ പിടിച്ചെടുത്തു, പക്ഷേ ഞങ്ങള്‍ ഒരിക്കലും നമ്മുടെ ജറുസലേമിനെ മറന്നിട്ടില്ല. അത് നമ്മുടെ ഹൃദയത്തിലാണ്, അത് നമ്മുടെ മനസ്സിലുണ്ട്, നാം ജീവിക്കുന്നിടത്തോളം ജറുസലേം നമ്മുടെ ആത്മാവില്‍ ഉണ്ടായിരിക്കും.

നമ്മെ നശിപ്പിക്കാന്‍ ആഗ്രഹിച്ചവന്‍ ഇന്ന് ആരും അല്ല എന്ന് ലോകം ഓര്‍ക്കട്ടെ. ഈജിപ്ത്, ലെബനന്‍, ബാബിലോണ്‍, ഗ്രീസ്, അലക്സാണ്ടര്‍, റോമാക്കാര്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ഞങ്ങള്‍ അപ്പോഴും അതിജീവിച്ചു. അവര്‍ (ഇസ്ലാമിസ്റ്റുകള്‍) ഞങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും പിടിച്ചെടുത്തു. അവര്‍ ഞങ്ങളുടെ പഠിപ്പിക്കലുകള്‍ പിടിച്ചെടുത്തു.

അവര്‍ നമ്മുടെ പ്രവാചകനെ പിടികൂടി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അബ്രഹാം ഇബ്രാഹിം ആയി, സോളമന്‍ സുലൈമാന്‍ ആയി. അങ്ങനെയിരിക്കെ ഒരു ദിവസം. അവര്‍ പറഞ്ഞു നിങ്ങളുടെ പ്രവാചകന്‍ (മുഹമ്മദ്) വന്നിരിക്കുന്നു. ഞങ്ങള്‍ അത് അംഗീകരിച്ചില്ല. അവര്‍ക്കിത് എങ്ങനെ സാധിച്ചു, അവരുടെ വരവിനുള്ള സമയം ഇതുവരെ വന്നിട്ടില്ല. അവന്‍ പറഞ്ഞു, സ്വീകരിക്കുക! ഏറ്റുപറയുക! ഞങ്ങള്‍ സ്വീകരിച്ചില്ല. പിന്നെ ഞങ്ങള്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നഗരങ്ങള്‍ പിടിച്ചെടുത്തു, ഞങ്ങളുടെ നഗരം യസ്‌റബ് മദീനയാക്കി. ഞങ്ങളെ കൊലപ്പെടുത്തി, ഓടിച്ചുവിട്ടു.

മക്കയില്‍ ഞങ്ങള്‍ 2 ലക്ഷം ഉണ്ടായിരുന്നു, ഞങ്ങള്‍ കൊല്ലപ്പെട്ടു. ഞങ്ങളെ ശത്രുക്കള്‍ എന്ന് വിളിച്ച് കൊന്നു, പിന്നെ സിറിയയിലും ഒമാനിലും അത് തന്നെ സംഭവിച്ചു. ഞങ്ങള്‍ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ 2 ലക്ഷം പേര്‍ ഇറാഖില്‍ ഉണ്ടായിരുന്നു, ഞങ്ങളില്‍ 4 ലക്ഷം പേര്‍ തുര്‍ക്കിയില്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ കൊല്ലപ്പെടുകയാണ് ചെയ്തത്.അവര്‍ നമ്മെ കൊല്ലുന്നു, നമ്മുടെ നഗരങ്ങള്‍, പണം, സമ്പത്ത്, വീടുകള്‍, മൃഗങ്ങള്‍, ബഹുമാനം, എല്ലാം പിടിച്ചെടുത്തു, എന്നിട്ടും ഞങ്ങള്‍ അതിജീവിച്ചു..1300 വര്‍ഷത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് ജൂതന്മാര്‍ കൊല്ലപ്പെട്ടു, എന്നിട്ടും ഞങ്ങള്‍ അതിജീവിച്ചു.


 



75 വര്‍ഷം മുമ്പ് അവര്‍ ഞങ്ങളെ തുപ്പുകയും അപമാനിക്കുകയും തല്ലുകയും ചെയ്തിരുന്നു. ഇതായിരുന്നു ഞങ്ങളുടെ വിധി, പക്ഷേ ഞങ്ങള്‍ നമ്മിലും നേതൃത്വത്തിലും വിശ്വാസത്തിലും ഉറച്ചുനിന്നു.ഇന്ന് നമുക്ക് നമ്മുടെ സ്വന്തം നാടുണ്ട്. സ്വന്തമായി സൈന്യമുണ്ട്, ഒരു ചെറിയ സമ്പദ്വ്യവസ്ഥയുണ്ട്. ഈ കാലയളവില്‍ ഞങ്ങള്‍ ഇന്റല്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ഫേസ്ബുക്ക് തുടങ്ങി നിരവധി ഓര്‍ഗനൈസേഷനുകള്‍ സൃഷ്ടിച്ചു. ഇന്ന് നമ്മുടെ ഡോക്ടര്‍മാര്‍ മരുന്നുകള്‍ ഉണ്ടാക്കുന്നു, എഴുത്തുകാര്‍ പുസ്തകങ്ങള്‍ എഴുതുന്നു, ഇത് എല്ലാവര്‍ക്കും വേണ്ടിയാണ്, ഇത് മനുഷ്യരാശിയുടെ ക്ഷേമത്തിന് വേണ്ടിയാണ്.

ഞങ്ങള്‍ മരുഭൂമിയെ പച്ചപ്പാക്കി മാറ്റി. നമ്മുടെ പഴങ്ങള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിവ എല്ലാവര്‍ക്കുമുള്ളതാണ്.

ഞങ്ങള്‍ ആരുടെയും ശത്രുക്കളല്ല, ആരെയും നശിപ്പിക്കുമെന്ന് ഞങ്ങള്‍ ശപഥം ചെയ്തിട്ടില്ല. ഞങ്ങള്‍ ആരെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ ഗൂഢാലോചന പോലും നടത്തുന്നില്ല.നമ്മുടെ രാജ്യത്ത്, നമ്മുടെ മണ്ണില്‍, നമ്മുടെ രാജ്യത്ത് ബഹുമാനത്തോടെ മാത്രം ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ആയിരം വര്‍ഷമായി ഞങ്ങള്‍ നശിപ്പിക്കപ്പെട്ടു, പുറത്താക്കപ്പെട്ടു, പീഡിക്കപ്പെട്ടു, എന്നാല്‍ നശിപ്പിക്കപ്പെട്ടിട്ടില്ല, തോല്‍ക്കപ്പെട്ടിട്ടില്ല, ഇനി ഒരിക്കലും തോല്‍ക്കപ്പെടുകയുമില്ല. ഞങ്ങള്‍ ജയിക്കും, ഞങ്ങള്‍ ജയിക്കും, ഞങ്ങള്‍ 3000 വര്‍ഷം ജറുസലേമിലായിരുന്നു. ഇന്ന് നമ്മള്‍ നമ്മുടെ ആദ്യത്തെ രാജ്യമായ ഇസ്രായേലിലാണ്. ജെറുസലേം നമ്മുടേതായിരുന്നു, നമ്മുടേതാണ്, നമ്മുടേതായി നിലനില്‍ക്കും, ജറുസലേം നമ്മില്‍ നിന്നാണ്, ഞങ്ങള്‍ ജറുസലേമില്‍ നിന്നാണ്.''- ഇങ്ങനെ അതിവൈകാരികമായിട്ടാണ് നെതന്യാഹു സംസാരിച്ചത്. ഇസ്രയേിന്റെ അതിജീവനത്തെക്കുറിച്ച് ഇതില്‍ കൂടുതല്‍ പറയാനുമില്ല.

വാല്‍ക്കഷ്ണം: എന്തായാലും ഒരു കാര്യം ഉറപ്പാണ്. മീഡിയാവണ്‍ ചാനല്‍ പറയുന്നതുപോലെ അറബ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് മൂത്രമൊഴിച്ചാല്‍ ഒഴുകിപ്പോകുന്നതൊന്നുമല്ല ഇസ്രയേല്‍. മാത്രമല്ല ഖത്തര്‍ ഒഴികെയുള്ള മുഴുവന്‍ അറബ് രാഷ്ട്രങ്ങളും ഇന്ന് ഇസ്രയേലിനോട് പകയില്ലാതെ സമാധാന ജീവിതത്തിലേക്ക് വന്നിരിക്കയാണ്. ഗസ്സയെക്കുറിച്ചൊക്കെ ഇത്രയേറെ നിലവിളികള്‍ വന്നിട്ടും, യുഎഇയും, ബഹറൈനും ഇസ്രയേലുമായി ഒപ്പിട്ട അബ്രാഹം ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയിട്ടുമില്ല. ജോര്‍ദാനും, ഈജ്പിതും പോലും ഇന്ന് ഇസ്രയേലിനോട് സഹകരിക്കുന്നു. പക്ഷേ കേരളത്തില്‍ മാത്രമാണ് ഇടതുവലതുഭേദമില്ലാതെ ഹമാസ് പ്രേമവും, ഇസ്രയേല്‍ വിരുദ്ധതയും കണ്ടുവരുന്നത്!

Tags:    

Similar News