ലക്ഷക്കണക്കിന് ഒലിവ് മരങ്ങള്‍ വെട്ടിക്കളഞ്ഞ് ഇസ്രയേല്‍ അന്നം മുട്ടിക്കുന്നു; ഗാസയില്‍ ജെനോസൈഡെങ്കില്‍ വെസ്റ്റ് ബാങ്കില്‍ ഇക്കോസൈഡെന്ന് പ്രചാരണം; സമാധനപ്രതീകമായ ഒലിവിന്റെ പേരിലും വര്‍ഗീയതയും വിഭാഗീയതയും; വംശഹത്യാവാദത്തിനു ശേഷം ഫലസ്തീനില്‍ മരക്കൊലാവാദം!

വംശഹത്യാവാദത്തിനു ശേഷം ഫലസ്തീനില്‍ മരക്കൊലാവാദം!

Update: 2025-10-27 10:11 GMT

''ഇലകളുള്ള ശാഖകളുടെ ഒരു ദേശം,

തഴച്ചുവളരുന്ന മരങ്ങളുടെ ഒരു ദേശം എനിക്ക് തരൂ

മരങ്ങള്‍ വീഴുന്നിടത്ത് ദുഃഖമുണ്ട്;

ഇലകളില്ലാത്ത ഭൂമി എനിക്ക് ഇഷ്ടമല്ല''

ഫലസ്തീന്‍ സായുധ പോരാട്ടങ്ങളില്‍ നേരത്തെ മുതല്‍ ഉയര്‍ന്നുകേട്ട ഒരു കവിതയാണിത്. വിഷയം ഒലിവ് മരങ്ങളെക്കുറിച്ചാണ്. അതെ ലോക വ്യാപകമായി സമാധാനത്തിന്റെ ചിഹ്നമായ ഒലിവ് ഇല. യാസര്‍ അറഫാത്ത് പറഞ്ഞത് ഓര്‍മ്മയില്ലേ? '' ഒരു കൈയില്‍ ഒലിവിലയും മറുകൈയില്‍ തോക്കുമായാണ് ഞാന്‍ വന്നിട്ടുള്ളത്. എന്റെ കൈയിലെ തോക്ക് എടുക്കാതെ നോക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണെന്ന്''. ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ചരിത്രത്തിലെല്ലാം നിര്‍ണ്ണായകമായ റോള്‍ ഉണ്ടായിരുന്ന ഒന്നാണ്, ആയിരക്കണക്കിന് വര്‍ഷങ്ങളായി മെഡിറ്ററേനിയന്റെ കിഴക്കന്‍ തീരങ്ങളില്‍ കൃഷിചെയ്യപ്പെടുന്ന ഒലിവ്. ഫലസ്തീന്‍ ജനതുടെ ഒരു പ്രധാന വരുമാന മാര്‍ഗവുമാണിത്.

ഗാസയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടുന്ന ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ഒലീവ് വിളവെടുപ്പ് കാലമാണ്. ഫലസ്തീനിലെ 80,000 മുതല്‍ 100,000 വരെ കുടുംബങ്ങളാണ് ഒലീവ് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നതെന്നാണ് കണക്ക്. ഒക്ടോബറിനും നവംബറിനും ഇടയിലാണ് വിളവെടുപ്പ് കാലം. 15 ശതമാനത്തിലധികവും സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഫലസ്തീന്‍ ട്രേഡ് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം മികച്ച വിളവെടുപ്പ് ലഭിക്കുന്ന വര്‍ഷങ്ങളില്‍ 160 മുതല്‍ 191 മില്യണ്‍ വരെയാണ് വരുമാനം. പരമ്പരാഗതമായി ഒരു ഉത്സവ സീസണായ ഇത് ഇത്തവണ വെടിനര്‍ത്തല്‍ നടപ്പായതിന്റെ ആഘോഷം കൂടിയാവേണ്ടതാണ്. പക്ഷേ വെസ്റ്റ് ബാങ്കില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അസ്വസ്ഥജനകമാണ്.

ഒലിവ് വിളവെടുപ്പുകാലത്ത് പതിവുള്ളതാണ്, വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരും, ഫലസ്തീനികളുമായുള്ള സംഘര്‍ഷം. ഇത്തവണ വെടിനിര്‍ത്തല്‍ കാലത്ത് അത് കുറയുകയാണ് വേണ്ടത്. പക്ഷേ അത് കൂടുകയാണ്. ഒരു ഡസനിലേറെ അക്രമങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഒലിവ് സംഘര്‍ഷത്തിന്റെ ഭാഗമായി ഒരു ഫലസ്തീനിയെ ഇസ്രയേലി സൈന്യം തല്ലുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


 



ഇതോടെപ്പം നേരത്തെ ഉന്നയിച്ച ഒരു വലിയ ആരോപണം ഇപ്പോള്‍ ഇസ്രയേലിനെതിരെ വീണ്ടും ഫലസ്തീന്‍ സംഘടകള്‍ ഉന്നയിക്കുന്നുണ്ട്. അതാണ് ജെനോസൈഡ് അഥവാ വംശഹത്യപോലെ ഭീകരമായ, ഇക്കോസൈഡ് എന്ന പരിസ്ഥിതി ഹത്യ! അതായത് ലക്ഷക്കണക്കിന് ഒലിവ് മരങ്ങള്‍ വെട്ടിക്കളഞ്ഞ് ഫലസ്തീനികളുടെ അന്നം മുട്ടിക്കാനാണ് ഇസ്രയേല്‍ സൈന്യം ശ്രമിക്കുന്നത് എന്നാണ് അല്‍ ജസീറയ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇസ്രയേലി മാധ്യമങ്ങള്‍ ഇക്കാര്യം നിഷേധിക്കയാണ്. സമാധാനത്തിന്റെ ചിഹ്‌മായ ഒലിവ് മരത്തിന്റെ പേരിലും ഫലസ്തീനില്‍ വര്‍ഗീയതയും വിഭാഗീയതയുമാണ് ഉണ്ടാവുന്നത്!

ഒലിവിനുചുറ്റുമുള്ള സമ്പദ് വ്യവസ്ഥ

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫലസ്തീനില്‍ കൃഷി ചെയ്യുന്ന ഒലീവ് മരങ്ങള്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണെന്നാണ്, ഇസ്ലാമിക പക്ഷത്തുള്ള മാധ്യമങ്ങള്‍പറയുന്നത്. മധ്യപൂര്‍വേഷ്യയിലുടനീളം ഈ മരത്തിനും അതിന്റെ എണ്ണയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഫലസ്തീന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും അനിവാര്യ ഘടകമാണ് ഒലിവ് മരം. ബൈബിളിലും ഖുറാനിലും തോറയിലും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള എല്ലാ കൃഷിഭൂമിയുടെയും പകുതിയോളമായി 10 ദശലക്ഷം ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒലിവിനെ കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ് വ്യവസ്ഥയാണ് ഫലസ്തീനിലേത്് എന്നാണ്, പറയപ്പെടുന്നത്. വെസ്റ്റ് ബാങ്കില്‍ എല്ലാ വര്‍ഷവും ഫലസ്തീനികള്‍ ഏകദേശം 10,000 പുതിയ ഒലിവ് മരങ്ങള്‍ നടുന്നണ്ട്. ഫലസ്തീനിലെ രണ്ടാമത്തെ പ്രധാന കയറ്റുമതി ഇനമാണ് ഒലിവ് ഓയില്‍.

ചെറിയ പച്ച അല്ലെങ്കില്‍ കറുത്ത നിറത്തിലുള്ള പഴങ്ങള്‍ പ്രധാനമായും ഒലിവ് ഓയില്‍ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇത് ഫലസ്തീന്‍ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. കൂടാതെ അച്ചാര്‍, സോപ്പ് എന്നിവയില്‍ ചേര്‍ക്കാനും ഇത് ഉപയോഗിക്കുന്നു. ഫലസ്തീന്‍ നഗരമായ നബ്ലസ് ഒലിവ് ഓയില്‍ സോപ്പ് ഉല്‍പാദനത്തിന് ഏറെക്കാലമായി പ്രസിദ്ധമാണ്. ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവും മൃദുവായ ചര്‍മ്മത്തിനും മികച്ചതുമാണ്.

പലരു കരുതുന്നതുപോലെ ഗാസയടക്കമുള്ള പ്രദേശങ്ങള്‍ ഒരു തുറന്ന ജയില്‍ മാത്രമല്ല. ഇവിടെ കൃഷിയും വ്യവസായവുമൊക്കെയുണ്ട്. അതിനെല്ലാം സഹായം നല്‍കുന്നതും ഇസ്രയേല്‍ തന്നെയായിരുന്നു. 2019-ല്‍ ഏകദേശം 1,77,000 ടണ്‍ ഒലിവുകളാണ് ഗാസയിലും വെസ്റ്റ് ബാങ്കിലുമായി വിളവെടുത്തത്. ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 39,600 ടണ്‍ ഒലിവ് ഓയില്‍ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 30,000 ലിറ്റര്‍ (7,925 ഗാലണ്‍) വരുമിത്. ജെനിന്‍, തുബാസ്, വടക്കന്‍ താഴ്വരകള്‍ എന്നിവിടങ്ങളിലെ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ ഒലീവ് ഓയില്‍ ഉത്പാദിപ്പിക്കുന്നത്.

അടുത്ത രണ്ടുവര്‍ഷങ്ങളില്‍ കോവിഡ്കാലത്ത് ഒലിവ് കൃഷി പിറകോട്ട് പോയി. ഫലസ്തീന്‍ ഇന്റര്‍നാഷണല്‍ ഒലിവ് കൗണ്‍സിലിന്റെ (ഐഒസി)കണക്കനുസരിച്ച്, വെസ്റ്റ് ബാങ്കും ഗാസയും ഉള്‍പ്പെടെയുള്ള ഫലസ്തീനില്‍ 2022-23 വര്‍ഷത്തില്‍ 23,000 ടണ്‍ ഒലിവ് ഓയില്‍ ഉത്പാദിപ്പിച്ചു. ഇസ്രായേലി അധിനിവേശത്തിന് മുമ്പ്, ഫലസ്തീന്‍ 12,000 ടണ്‍ ഒലിവ് ഓയില്‍ ഉത്പാദിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അത് യുദ്ധം കാരണം കുത്തനെ ഇടിഞ്ഞു. അതായത് ഇസ്രയേല്‍ വെട്ടിയിട്ട് അല്ല യുദ്ധം കാരമാണ് ഒലിവ് ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായത്.

ആസൂത്രിത മരക്കൊല?

പക്ഷേ യുദ്ധം ഇല്ലെങ്കിലും വെസ്റ്റ്ബാങ്കിലും ഒലിവ് വിളവെടുപ്പുകാലം എന്നും സംഘര്‍ഷങ്ങുടേതാണ്. 2020 ഒലീവ് വിളവെടുപ്പ് സമയത്ത് ഇസ്രായേല്‍ അതിക്രമത്തില്‍ 26 ഫലസ്തീനികള്‍ക്കാണ് പരുക്കേറ്റത്. 1700ലധികം മരങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തു. 2021 ഒക്ടോബര്‍ 4 വരെ, മനുഷികകാര്യങ്ങള്‍ക്കുള്ള യു.എന്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീനികള്‍ക്കെതിരെ കുറഞ്ഞത് 365 അധിനിവേശ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലി കുടിയേറ്റ ആക്രമണങ്ങളുടെ രൂക്ഷമായ സാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ഷകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി യു.എന്‍ പ്രചാരണം വെസ്റ്റ്ബാങ്കില്‍ നടത്തിയിരുന്നു. ഫലസ്തീനികള്‍ക്ക് തങ്ങളുടെ ഭൂമിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും അവിടെ ഒലീവ് കൃഷി ചെയ്യാനും അവസരമൊരുക്കുക എന്നാണ് ക്യാംപയിന് പിന്നിലെ ലക്ഷ്യം. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല. എല്ലാം വര്‍ഷവുമെന്നപോലെ ഈ വര്‍ഷത്തിലും വിളവെടുപ്പുകാലത്ത് സംഘര്‍ഷങ്ങള്‍ ഏറെയുണ്ടായി. ഇതിന്റെ അടിസ്ഥാന പ്രശ്നം മതം തന്നെയാണ്. ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുന്നു.



 



ഫലസ്തീനിനെ സാമ്പത്തികമായി തകര്‍ക്കാനായി ഇസ്രയേല്‍ ഒലിവ് മരങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിക്കയാണെന്നാണ്, ഹമാസും ഫലസ്തീന്‍ അനുകൂല മീഡിയകളും ആരോപിക്കുന്നത്. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഏകദേശം 41,900 ഹെക്ടര്‍ വിസ്തൃതിയുള്ള കൃഷിഭൂമിയുടെ പകുതിയോളം ഭാഗങ്ങളില്‍ 10 ദശലക്ഷത്തിലധികം ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നുവെന്നാണ് പറയുന്നത്. അതില്‍ ഭൂരിഭാഗവും സൗരി, നബാലി പോലുള്ള വരള്‍ച്ചയെ പ്രതിരോധിക്കുന്ന പ്രാദേശിക ഇനങ്ങളാണ്. ഇവയെല്ലാം ഇസ്രയേല്‍ സൈന്യം വെട്ടി നശിപ്പിക്കുന്നുവെന്നാണ് പറയുന്നത്.

അപ്ലൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജറുസലേം 2012- ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം 1967 മുതല്‍ ഇസ്രായേലികള്‍ എട്ട് ലക്ഷം ഒലീവ് മരങ്ങളാണ് വെസ്റ്റ്ബാങ്കില്‍ മാത്രം നശിപ്പിച്ചത് എന്നാണ് പറയുന്നത്. ഒലീവ് മരം പിഴുതെറിയുന്നതിന് പുറമെ വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീന്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ കൃഷി നടത്താന്‍ ഇസ്രായേലിന്റെ അനുവാദം വാങ്ങേണ്ടതുമുണ്ട്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ സമൂഹങ്ങളുടെ ഭൂമിക്ക് സമീപമാണിത്. ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ജൂത സമൂഹങ്ങളാണിവര്‍ എന്നും അപ്ലൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എടുത്തുപറയുന്നു.

ഇന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി കുറഞ്ഞത് 250 അനധികൃത സെറ്റില്‍മെന്റുകളുണ്ട്. ഇവിടങ്ങളില്‍ ആറ് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ ജൂത കുടിയേറ്റ കുടുംബങ്ങളുണ്ട്. ഇവിടങ്ങളില്‍ വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ ഒഴികെ ഫലസ്തീന്‍ കര്‍ഷകര്‍ക്ക് അവരുടെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ് എന്നാണ് ഇവര്‍ പറയുന്നത്.

1967 മുതല്‍ അധിനിവേശ ഫലസ്തീനില്‍ ഒരു ദശലക്ഷത്തിലധികം ഒലിവ് മരങ്ങളും ഫലവൃക്ഷങ്ങളും പിഴുതെറിയുകയും വെട്ടിമാറ്റുകയും ചെയ്തത് ജീവിതത്തിന്റെ പ്രതീകത്തിനും ഫലസ്തീന്‍ സംസ്‌കാരത്തിനും അതിജീവനത്തിനും നേരെയുള്ള ആക്രമണമാണെന്ന് ഡോ. സീസര്‍ ചെലാല എഴുതുന്നത്. ''അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമായ ഈ മരക്കൊല ജൂത മത പഠിപ്പിക്കലുകള്‍ക്കും വിരുദ്ധമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജീവിതത്തിന്റെയും സമാധാനത്തിന്റെയും സാര്‍വത്രിക പ്രതീകമായ പലസ്തീന്‍ ഒലിവ് മരങ്ങള്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ആസൂത്രിതമായി നശിപ്പിച്ചു.''- അദ്ദേഹം പറയുന്നു.

''ഇസ്രായേലിന്റെ ഭൂമി, ജലം, ആളുകള്‍, സ്വത്വം എന്നിവ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത ലംഘനങ്ങളുടെ'' ഫലമായി ഫലസ്തീനിലെ കാര്‍ഷിക മേഖല ''വലിയ പരിവര്‍ത്തനങ്ങളും അഭൂതപൂര്‍വമായ വെല്ലുവിളികളും നേരിടുന്നുവെന്ന് നേരത്തെ റാമല്ലയിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ ഫലസ്തീന്‍ അതോരിറ്റിയിലെ കൃഷി മന്ത്രി റെസ്‌ക് സാലിമിയ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇസ്രയേലിന് പറയാനുള്ളത് തിരിച്ചുള്ള കഥയാണ്. തങ്ങളുടെ പൗരന്‍മ്മാര്‍ ഒലിവ് വിളവെടുപ്പുകാലത്ത് ഇസ്രയേലില്‍ ആക്രമിക്കപ്പെടുന്നുവെന്നാണ്. അതിനുള്ള വീഡിയോ തെളിവുകളും അവരുടെ കൈയിലുണ്ട്.

ഇക്കോസൈഡ് കെട്ടുകഥ

എന്നാല്‍ ഗാസയില്‍ പറയുന്ന ജെനോസൈഡ് അഥവാ വംശഹത്യ കഥപോലെ തീര്‍ത്തും വ്യാജമാണ് ഈ പരിസ്ഥിതിഹത്യ എന്ന ഇക്കോസൈഡ് എന്നാണ്, ഇസ്രയേലും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പറയുന്നത്. ഒലിവ് മരങ്ങളോട് തങ്ങള്‍ക്ക് പ്രത്യേകിച്ച് എന്താണ് വൈര്യാഗ്യമെന്നതാണ് ഈ വിഷയത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍ ചോദിച്ചത്. ഒലിവ് മരങ്ങള്‍ വെട്ടുന്നത്, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഉദാഹരണമായി റോഡ് നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം.... അങ്ങനെയുള്ള നഗരവത്ക്കരണത്തിന്റെ ഭാഗമായാണ് മരങ്ങള്‍ നഷ്ടമാവുന്നത്. തങ്ങള്‍ എവിടെയെങ്കിലും ഇരച്ചുകയറി വ്യാപകമായി ഒലിവ് മരങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ കാണിക്കാനാണ്, ഇസ്രയേല്‍ മാധ്യമമായ ജറുസലേം പോസ്റ്റ് വെല്ലുവിളിക്കുന്നത്.


 



എന്നാല്‍ ചില ഒലിവ് തോട്ടങ്ങളില്‍ സൈനിക നടപടി വേണ്ടിവന്നിട്ടുണ്ട്. അത് അവിടം ഭീകരതാവളമാവുന്ന എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്. യുദ്ധത്തിന്റെ ഭാഗമായ സൈനിക നടപടിയാണ്. ഭീകരരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ പാര്‍ശ്വഫലമാണ് ഒലിവ് മരങ്ങളുടെ നാശം. അല്ലാതെ ഒലിവ് വൃക്ഷത്തെ നശിപ്പിക്കാനായി സൈന്യത്തെ അയക്കുകയല്ല. പിന്നെ ഫലസ്തീന്‍ മീഡിയ പെരുപ്പിച്ച് കാട്ടുന്ന പ്രശ്നം വെസ്റ്റ്ബാങ്കിലെ യഹൂദ- മുസ്ലീം കുടുംബങ്ങള്‍ തമ്മില്‍ ഒലിവ് വിളവെടുപ്പുകാലത്ത് ഉണ്ടാവുന്ന സംഘര്‍ഷങ്ങളാണ്. അത് അവിടെ നിരവധി തവണ ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി എതിരാളിയുടെ ഒലിവ് തോട്ടങ്ങള്‍ നശിപ്പിച്ചിട്ടുമുണ്ട്. പക്ഷേ അതിനൊന്നും ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെയോ, സൈന്യത്തിന്റെയോ പിന്തുണ ഉണ്ടായിരുന്നില്ല.

യുദ്ധത്തിന്റെ പാര്‍ശ്വഫലമായി ഒരുപാട് ദുരന്തങ്ങള്‍ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഉണ്ടായിട്ടുണ്ട്്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാണ് ഫലസ്തീനികളുടെ വീടുകള്‍ അടക്കം തകരുക എന്നത്. ഇപ്പോള്‍ ഗാസ ഒരു ടെന്റ് സിറ്റിയായി മാറിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ വിറകിനും മറ്റും വേണ്ടി വ്യാപകമായി വെട്ടിപ്പോവുന്നതും ഒലിവ് മരങ്ങളാണ്. വലിയ അളവില്‍ മരങ്ങളും ഖരമാലിന്യങ്ങളും കത്തിക്കുന്നത് മൂലം പുറത്തുവരുന്ന പുക ഗാസയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബറില്‍ ഒരു ആഴ്ചയില്‍ ഈ പ്രദേശത്ത് 129,000 ശ്വാസകോശ അണുബാധകള്‍ ഉണ്ടായതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷണവും മറ്റ് സഹായങ്ങളും ആവശ്യമുള്ള ആളുകള്‍ക്ക് നല്‍കുന്ന ഒരു സംഘടനയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, തെക്കന്‍ ഗാസയിലെ കുടിയിറക്കപ്പെട്ടവരില്‍ 70 ശതമാനവും ഇന്ധനത്തിനായി വിറകിനെയാണ് ആശ്രയിക്കുന്നത്. 'ഞങ്ങള്‍ രോഗങ്ങളുമായി ജീവിക്കുകയാണ്,' റാഫയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗാസ സിറ്റിയില്‍ സ്ഥിരതാമസമാക്കിയ അലി ഡാലി, വെടിനിര്‍ത്തലിന് മുമ്പ് നടത്തിയ അഭിമുഖത്തില്‍, ദി ഗാര്‍ഡിയനോട് പറയുന്നു.' പാചകത്തിന്റെ പുകയില്‍ നിന്ന്, വ്യോമാക്രമണത്തിന്റെ പുകയില്‍ നിന്ന്, തണുപ്പില്‍ നിന്ന്'.- ഇത് വളരെയധികം സങ്കടകരമായ അവസ്ഥയാണ്. പക്ഷേ ആരാണ് ഈ അവസ്ഥയുണ്ടാക്കിയത്. ഒക്ടോബര്‍ 7ന് മുമ്പ് എത്ര ശാന്തമായിരുന്നു ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും അവസഥയെന്ന ഓര്‍ക്കണം. ഇന്ന് ഫലസ്തീനികള്‍ അനുഭവിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊക്കെ വില്ലന്‍ ഹമാസ് തന്നെയാണ്.

മരത്തെ കെട്ടിപ്പിടക്കുന്ന വീട്ടമ്മമാര്‍

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ജൂത സെറ്റില്‍മെന്റുകള്‍ ബോധപൂര്‍വം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അങ്ങനെ യഹൂദ ജനസംഖ്യ കൂടുന്നതുകൊണ്ടാണ് വെസ്റ്റ് ബാങ്ക് താരമമ്യേന ശാന്തമായി ഇരിക്കുന്നത് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നതും. ഇനി മറ്റൊരു വിഷയം പാരിസ്ഥിതിക ശൃംഖലയെക്കുറിച്ച് ബോധമുള്ള ആര്‍ക്കുമറിയാം, ഒരു പ്രദേശത്തെ ഒരു പ്രത്യേക വിഭാഗം മരങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ അത് മൊത്തം പരിസ്ഥിതിയെ ബാധിക്കുമെന്ന്. അറേബ്യന്‍ പെനിസുലയിലെ തങ്ങളുടെ ഇത്തിരപ്പോന്ന ഒരു രാഷ്ട്രത്തില്‍ ഇനി ഒരു പരിസ്ഥിതി പ്രശ്നത്തിനുപോലും വഴിയിടാന്‍ ഇസ്രയേല്‍ തയ്യാറാവില്ലെന്ന് ഉറപ്പാണ്.

ഇനി ഒലിവ് മരങ്ങള്‍ നശിപ്പിക്കുന്നുവെന്ന് ആരോപണം വരാനുള്ള മറ്റൊരു പ്രധാന കാരണം, ഇസ്രയേല്‍ ഒലിവ് കൃഷി മുഖ്യവരുമാനമായുള്ള പുരാതന സമ്പ്ദ് വ്യവസ്ഥയില്‍നിന്ന് ഹൈട്ടക്ക് അഗ്രികള്‍ച്ചറിലേക്ക് മാറിയെന്നതാണ്. അവര്‍ തങ്ങളുടെ ഭൂമിയില്‍ ഒലിവ് മരങ്ങളെയും കെട്ടിപ്പിടിച്ച് ഇരിക്കുന്നവരല്ല. എന്നാല്‍ ഒലിവ് മരങ്ങളെ ഒരു സമരമാര്‍ഗമായി കണ്ട് അതിനെ കെട്ടിപ്പിടിച്ച് കരയുന്ന ഫലസ്തീന്‍ വീട്ടമ്മമാരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ധാരാളം പ്രചരിക്കാറുണ്ട്. അവര്‍ തങ്ങള്‍ക്ക് കിട്ടിയ തുണ്ടുഭൂമിയില്‍ ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും വെച്ച് വന്‍ വിളവെടുപ്പുണ്ടാക്കുന്നു. അവര്‍ ഒലിവ് നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്നവരല്ല. എന്നാല്‍ ഫലസ്തീനികള്‍ മിക്കവരും യാസിര്‍ അറഫാത്തിന്റെ ഓര്‍മ്മകളും മറ്റുവെച്ച് ഒലിവിനോട് വല്ലാത്ത ഒരു വൈകാരിക അടുപ്പം സൂക്ഷിക്കുന്നുവെന്ന് 'ഇസ്രയേല്‍ ടൈംസ്' പറയുന്നു. എന്നാല്‍ അത്യല്‍പ്പാദനശേഷിയുള്ള കൃഷിയിടങ്ങള്‍ ഉണ്ടാക്കാനായി, ഒലിവിനെ വേട്ടേണ്ട സമയത്ത് ഇസ്രായേല്‍ വെട്ടുന്നു. അല്ലാതെ അറബ് മുസ്ലീങ്ങളെ സാമ്പത്തികമായി തകര്‍ക്കാനായി ഒലിവ് കൃഷി നശിപ്പിക്കുന്നു എന്നതൊക്കെ വെറും ഗുഢാലോചനാ സിദ്ധാന്തങ്ങള്‍ മാത്രമാണ്.


 



മാത്രമല്ല തങ്ങള്‍ക്ക് നേടിയെടുത്ത ശാസ്ത്രീയ അറിവുകള്‍ ഗാസക്കും വെസ്റ്റാബാങ്കിനും മാത്രമല്ല ലോകത്തിന് മൊത്തം ഇസ്രയേല്‍ കൊടുത്തിട്ടുണ്ട്. ഫലസ്തീന് വെള്ളവും വൈദ്യുതിയുമെല്ലാം ഇപ്പോഴും കൊടുക്കുന്നത് ഇസ്രയേല്‍ ആണ്. ഇസ്രയേലിലെ സാമ്പത്തിക പുരോഗതി ഫലസ്തീനിനും ഗുണകരമായിരുന്നു. ശുചീകരണ ജോലി ചെയ്താല്‍ തന്നെ ദിവസം 5,000 രൂപ കൂലി ലഭിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അവിടുത്തെ മിനിമം വേതനം എന്നത് 5,400 ഇസ്രയേലി ഷെക്കല്‍ ആണ്. ഇത് ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമാണ്. ഒരു മണിക്കൂറിന് 29 ഷെക്കല്‍ എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം. അതായത് ഇസ്രയേലില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ 670 ഇന്ത്യന്‍ രൂപ മിനിമം വേതനമായി ലഭിക്കും. ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിന് മുമ്പ് ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇസ്രയേലില്‍ വന്ന് ജോലിചെയ്തിരുന്നു. പക്ഷേ അവരില്‍ പലരും ഹമാസ് ആക്രമത്തിലെ പ്രതികള്‍ ആയതോടെയാണ് ഇസ്രയേല്‍ ഈ പണി നിര്‍ത്തിയത്.

ഒലിവില്‍നിന്ന് ഹൈട്ടക്കിലേക്ക്

എന്തെങ്കിലും ഒരു സെന്റിമെന്‍സിന്റെ ഭാഗമായി മാറ്റങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ജനതയല്ല ഇസ്രയേല്‍. അതാണ് അവരുടെ വിജയവും. കേരളത്തിന്റെ പകുതി മാത്രമുള്ള ഒരു രാജ്യമാണ് ഇസ്രയേല്‍. ആകെയുള്ളത് 90ലക്ഷം ജനങ്ങള്‍. നാലുപാടും ശത്രുരാജ്യങ്ങള്‍. പുല്ലുപോലും മുളക്കാത്ത മരുഭൂമിപോലുള്ള മണ്ണാണ് അവര്‍ക്ക് വിഭജനത്തില്‍ കിട്ടിയത്. അവിടെ നിന്നാണ് അവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തുന്നത്.

'ഇസ്രായേല്‍ പൂക്കുകയും തളിര്‍ക്കുകയും ലോകത്തിന്റെ മുഖം നിറയ്ക്കുകയും ചെയ്യും' എന്ന ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയാലായിരുന്നു അവരുടെ കാര്‍ഷിക വളര്‍ച്ച. വരണ്ട മണ്ണിനും, പ്രതികൂല കാലാവസ്ഥയോടും പൊരുതി നേടിയ വിജയഗാഥയാണ് ഇസ്രായേലിലെ കൃഷി. ഭൂപ്രദേശത്തിന്റെ പകുതിയിലധികവും മരുഭൂമിയാണ്. കാലാവസ്ഥയും ജലസ്രോതസ്സുകളുടെ അഭാവവും കൃഷിക്ക് അനുകൂലമല്ല. വെറും 20 ശതമാനം ഭൂമി കൃഷിയോഗ്യമായുള്ളത്. അതിലും ഉപ്പുരസമുള്ള മണ്ണാണ്. വര്‍ഷത്തില്‍ 5-6 തവണയേ മഴ ലഭിക്കുകയുള്ളു. എന്നിട്ടും ആ ഊഷരഭൂമിയെ ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യയുടെയും സഹായത്തോടെ ശരിക്കും തേനും പാലുമൊലിക്കുന്ന മണ്ണാക്കുകയാണ് അവര്‍ ചെയ്തത്.

1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ അവിടെ എത്തിയവര്‍ വരണ്ട മണ്ണ് കണ്ട് അന്തം വിടുകയായിരുന്നു. 60 ലക്ഷം ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷ ഒരുക്കാന്‍ ആദ്യ പ്രധാനമന്ത്രി ബെന്‍ ഗുരിയോണാണ് ആറു പതിറ്റാണ്ടു മുന്‍പ് കാര്‍ഷിക നവീകരണത്തിന് തുടക്കമിട്ടത്. സിംച ബ്ലാസ് എന്ന ജല മാനേജ്മെന്റ് വിദഗ്ധന്‍ തുള്ളിനനയെ സാങ്കേതികമായി വികസിപ്പിച്ചത് രാജ്യത്തെ കാര്‍ഷികമേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചു. പദ്ധതി നടപ്പാക്കും മുന്‍പുണ്ടായിരുന്നതിന്റെ 70 മടങ്ങാണ് ഇപ്പോള്‍ ഉല്‍പാദനം. വെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളതിനാല്‍ ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ചാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രിപ്പ് ഇറിഗേഷന്‍, ചോര്‍ച്ചയ്ക്കുള്ള കംപ്യൂട്ടറൈസ്ഡ് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, വിള-ജല സമ്മര്‍ദ്ദം കണ്ടെത്തുന്നതിനുള്ള തെര്‍മല്‍ ഇമേജിംഗ്, ജൈവ കീട നിയന്ത്രണം, അത്യല്‍പ്പാദനശേഷിയുള്ള വിത്തുകള്‍, എന്നിവ ഈ രാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ന് ജോര്‍ദാന്‍, ലബനന്‍ അതിര്‍ത്തിയിലെ മരുഭൂമിയില്‍പ്പോലും എന്തും കൃഷി ചെയ്യാമെന്ന സ്ഥിതിയായി. അതായത് പഴയയുപോലെ ഒലിവിനെ ആശ്രയിച്ചല്ല അവരുടെ ഉപജീവനം.


 



എതിര്‍ പ്രാണികളെയും മൂങ്ങകളെയും മറ്റും ഉപയോഗിച്ചുള്ള ജൈവ കീടനിയന്ത്രണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ബജറ്റിന്റെ 17 ശതമാനം കാര്‍ഷിക ഗവേഷണത്തിനാണ് ഈ രാജ്യം ചെലവിടുന്നത്. ജനിതക സാങ്കേതിക വിദ്യയിലും രാജ്യം നമ്പര്‍ വണ്‍ ആണ്. ഇസ്രായേല്‍ ലോകത്തിന് അതിശയകരമായ ചില പുതിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഈ നല്‍കി. ഉദാഹരണത്തിന്, വിത്തില്ലാത്ത ഹാര്‍ഡി ബെറ്റ് ആല്‍ഫ കുക്കുമ്പര്‍, സ്വാദിഷ്ടമായ വലിയ തണ്ണിമത്തന്‍, വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ കറുത്ത തക്കാളി, വിത്തില്ലാത്ത കുരുമുളക് തുടങ്ങിയ നിരവധി കാര്‍ഷിക അത്ഭുതങ്ങള്‍ ഇവിടെയുണ്ടായി.

നമ്മുടെ നാട്ടിലെപോലെ കൈക്കോട്ടും കുട്ടയുമൊന്നുമല്ല ഇവിടുത്തെ കര്‍ഷന്റെ പ്രധാന ആയുധം. മൊബൈല്‍ ഫോണ്‍ ആണ്! ഇസ്രായേലില്‍ കൃഷി പൂര്‍ണമായും ഓട്ടോമേറ്റഡ് ആണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓരോ ദിവസവും തങ്ങളുടെ വിളകള്‍ക്ക് ആവശ്യമായ വളവും വെള്ളത്തിന്റെ അളവും അറിയാനാകും. ഇതുമൂലം കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് വീട്ടിലിരുന്നുകൊണ്ടും കൃഷിയില്‍ ശ്രദ്ധിക്കനായി. കൊറോണക്കാലത്ത് ലോകം മുഴുവന്‍ കൃഷിയില്‍ പിറകോട്ട് അടിച്ചപ്പോള്‍, ഇസ്രയേലിന് മാത്രം ഒരു കുഴപ്പവും പറ്റിയില്ല.

ഇസ്രായേലിലെ തക്കാളിച്ചെടികള്‍ക്ക് രണ്ടരയടി ഉയരം കാണുമെന്നാണ് അവിടം സന്ദര്‍ളിച്ചവര്‍ പറയുന്നത്.ഒരു ചെടിയില്‍ നിന്നും ഏകദേശം 150-ല്‍ കൂടുതല്‍ തക്കാളികള്‍ ലഭിക്കും. അവയ്ക്ക് 500 മില്ലി വെള്ളമാണ് ഒരു ദിവസം ആവശ്യമെങ്കില്‍ അത് മാത്രമേ അവര്‍ നല്‍കുകയുള്ളു. ഒരിക്കലും അതില്‍ കുറവോ അധികമോ വെള്ളം നല്‍കില്ല. ഒരു ദിവസം ആവശ്യമായ പൊട്ടാഷ്യം-യൂറിയയുടെ അളവ് അവര്‍ക്ക് നോട്ടിഫിക്കേഷന്‍ വരും. അത് അന്ന് നല്‍കുന്ന വെള്ളത്തില്‍ കലര്‍ത്തി നല്‍കുമെന്നല്ലാതെ വേറെ വെള്ളം ചേര്‍ത്ത് തളിക്കുകയില്ല. എല്ലാം ആവശ്യത്തിന് മാത്രം നല്‍കുക എന്നതാണ് അവരുടെ റോബോട്ടിക് കൃഷിരീതി.

ലോകത്തിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗം എന്ന പേരും ഇസ്രായല്‍ പശുക്കള്‍ക്കാണ്. ആയിരത്തോളം പശുക്കളുള്ളതാണ് ഈ നാട്ടിലെ ഒരു ശരാശരി ഡെയറി ഫാം എന്നാണ് ഇവിടം സന്ദര്‍ശിച്ചവര്‍ പറയുന്നത്. കഴുത്തിലോ മൂക്കിലോ കയറുകളില്ല. വലിയ ഷെഡ്ഡിലൂടെ അവര്‍ ആവശ്യാനുസരണം നടക്കുന്നു . അതുപോലെ ചാണകം വാരുന്ന രീതിയും അവിടെയില്ല. വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് ഷെഡ്ഡിലെ ചാണകം നീക്കം ചെയ്യുന്നത്. ഇടയ്ക്ക് യന്ത്രം ഉപയോഗിച്ചു നിലം പൂട്ടുന്നുണ്ട്. പശുവിന്റെ ഓരോ കാര്യങ്ങളും അറിയാന്‍ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ സഹായിക്കും. അതുപോലെ തീറ്റ ടിഎംആര്‍ രീതിയില്‍ നല്‍കുന്നത്. കുളിപ്പിക്കുന്ന രീതിയും അവിടെ കണ്ടില്ല. കറവ സമയത്ത് അകിട് വൃത്തിയാക്കി യന്ത്രം ഘടിപ്പിക്കുന്നു. 1000 പശുക്കളുള്ള ഫാമിലെ ജോലിക്കാരുടെ എണ്ണം വെറും 10 ആണ്. ഫൂള്‍ ഓട്ടോമാറ്റഡ് സിസ്റ്റമാണ്.

അതായത് ഒലിവ് ഇല്ലാതെ ജീവിക്കാന്‍ ഇസ്രയേല്‍ പഠിച്ചു കഴിഞ്ഞു. എന്നാല്‍ ഗാസയിലും വെസ്റ്റ്ബാങ്കിലുമെല്ലാം അതല്ല അവസ്ഥ. അത് അവരുടെ കാര്യം. പക്ഷേ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ഒലിവ് മരങ്ങള്‍ ഇസ്രയേല്‍ സൈന്യം കുട്ടത്തോടെ നശിപ്പിച്ച് അവരെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നാണ് അല്‍ജസീറയടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് കൃത്യമായ തെളിവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും മരണക്കണക്കില്‍പോലും കള്ളത്തരം ചെയ്യുന്ന ഹമാസ്, സ്വഭാവികമായി നശിക്കുന്ന ഒലിവ് മരങ്ങളും, പ്രാദേശിക വികസനമടക്കമുള്ള വിവിധ കാര്യങ്ങളില്‍ മുറിക്കപ്പെടുന്നവയും എല്ലാം ചേര്‍ത്ത് ഇസ്രയേലിന്റെ തലയില്‍ വെക്കുകയാണ്. നോക്കണം, സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ഇലയുടെ പേരിലും വര്‍ഗീയതയും വിഭാഗീയതയും!


 



വാല്‍ക്കഷ്ണം: ഈയിടെ നടന്‍ ശ്രീനിവാസന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയില്‍ ഇസ്രയേല്‍ നല്‍കിയ സേവനങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ല എന്ന്. ഫലസ്തീന്‍ വിഷയത്തില്‍ തനിക്ക് ഇസ്രയേലിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ എന്നിട്ടും, ശ്രീനിവാസന് നല്ല പൊങ്കാല കിട്ടി. പക്ഷേ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ അറിയാം കാര്‍ഷിക മേഖലയില്‍ ഇസ്രയേലിന്റെ സംഭാവനകള്‍. ഹമാസ് ലോകത്തിന് ഭീകരത മാത്രം നല്‍കിയപ്പോള്‍, ആധുനിക ടെക്ക്നോളജിയും കൃഷിയുമടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ യഹൂദരാഷ്ട്രം ലോകത്തിന് നല്‍കി. എന്നിട്ടും, കേരളത്തില്‍, ഹമാസ് പോരാളികളും, ഇസ്രയേല്‍ തെമ്മാടി രാഷ്ട്രാവുമാണ്!

Tags:    

Similar News