50 കോടി ആസ്തിയുള്ള കേരളത്തിലെ ഏക എംഎല്‍എ; ക്രഷറും അമ്യുസ്മെന്റ് പാര്‍ക്കും തൊട്ട് സ്വര്‍ണ്ണ ഖനി വരെ; കൊലപാതക കേസിലടക്കം പ്രതി; കാശ് വാരിയെറിഞ്ഞ് നേതൃത്വത്തിലേക്ക്; മറുനാടനെ താഴെയിറക്കാനിറങ്ങി ഒടുവില്‍ എല്‍ഡിഎഫില്‍ നിന്ന് പടിയിറക്കം; പി വി അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ!

പി വി അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ!

Update: 2024-09-27 11:00 GMT

ക്ഷങ്ങള്‍ വിലയുള്ള ചില മുന്തിയ ഇനം നായ്ക്കളെക്കുറിച്ചുള്ള പല പഠനങ്ങളുമുണ്ട്. റോട്ട് വീലര്‍ ഇനത്തില്‍പെട്ട അവയ്ക്ക് ഒറ്റ യജമാന്‍മാത്രമേ ഉണ്ടാവൂ. യജമാനന്‍ മാറിയാല്‍ അവ വയലന്റ് ആവും. ചിലപ്പോള്‍ ഭ്രാന്ത് മൂത്ത് യജമാനനെയും കടിച്ചുവെന്ന് വരും. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മ്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍, അത്തരത്തിലുള്ള ഒരു പൊളിറ്റക്കല്‍ റോട്ട്വീലറാണ്, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍! ഇപ്പോള്‍ ഭ്രാന്തെടുത്ത് പിണറായി വിജയന്‍ എന്ന തന്റെ രാഷ്ട്രീയ യജമാനനെയും കടിക്കാന്‍ നടക്കുന്നു, നിലമ്പൂരുകാരുടെ അമ്പൂക്ക!

പിണറായിക്കുറിച്ച് ഇനി അങ്ങോട്ട് ഒന്നും അന്‍വര്‍ പറയാനില്ല. 17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായും, എട്ടുവര്‍ഷം മുഖ്യമന്ത്രിയായും കേരളത്തിന്റെ ചക്രവര്‍ത്തിയായ വാണ, സകലരും ഭയക്കുന്ന നേതാവിനെക്കുറിച്ച് ഒരു ഭരണപക്ഷ എംഎല്‍എ പറഞ്ഞതുകേട്ട് കേരളം ഞെട്ടിയതാണ്. ചതിയന്‍, ഗതിക്കെട്ടവന്‍, പാര്‍ട്ടി പ്രവര്‍ത്തകരാല്‍ വെറുക്കപ്പെട്ടവന്‍, കെട്ടുപോയ സൂര്യന്‍, ഏകാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്‍വര്‍ നല്‍കിയത്. ബന്ധപ്പെട്ട ഒരു സഖാവ് പോലും മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറയുകയുണ്ടായി.

പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ പറയുന്നു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശരിക്കും പോര്‍ മുഖം തുറക്കയാണ് അന്‍വര്‍. പാര്‍ട്ടിയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഫലത്തില്‍, സിപിഎം സ്വതന്ത എംഎല്‍എയായ ഇദ്ദേഹം ഇടതുമുന്നണിയില്‍ തന്നെ അന്‍വര്‍ പുറത്തായിരിക്കയാണ്. മറുനാടനെ താഴെ ഇറക്കാനെന്നപേരില്‍ അന്‍വര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒടുവില്‍, തിരിഞ്ഞുകൊത്തി അദ്ദേഹത്തിന്റെ തന്നെ പുറത്താകലില്‍ കലാശിച്ചിരിക്കയാണ്.

അന്‍വര്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഇത്തരം പ്രശ്നങ്ങളൊക്കെ ഗുരുതരമാണെങ്കിലും, ഇത് പറയാന്‍ അദ്ദേഹത്തിനുള്ള യോഗ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വേശ്യയുടെ ചാരിത്ര പ്രസംഗം എന്നത് പഴയ തേഞ്ഞവാക്കാണ്. പകരം വീരപ്പന്റെ വന സംരക്ഷണം എന്നോ, ദാവൂദ് ഇബ്രാഹീമിന്റെ കള്ളക്കടത്ത് വിരുദ്ധ ഭാഷണം എന്നോ ഒക്കെയാണ് ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുയെന്ന് പറയുന്നവരും നിരവധിയാണ്. ക്രഷറും അമ്യുസ്മെന്റ് പാര്‍ക്കും തൊട്ട് വജ്രഖനിവരെയുള്ള ബിസിനസുകള്‍ ഉള്ളയാളാണ് അന്‍വര്‍.

50 കോടിയിലധികം ആസ്തിയുള്ള കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ. സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായിവരെ അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. നേരത്തെ കൊലപാതകക്കേസിലും പ്രതിയായി. ചെക്കുകേസും വഞ്ചനാകേസും വേറെയുണ്ട്! ഇയാളാണ്് കേരളത്തിലെ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത്. അതുപോലെ കോണ്‍ഗ്രസ് കടുുംബത്തില്‍നിന്നാണ് അന്‍വര്‍ സിപിഎം സഹായാത്രികനാവുന്നത്. വിചിത്രമാണ് പി വി അന്‍വറിന്റെ പൊളിറ്റിക്കല്‍ ഡിഎന്‍എ

സിപിഎമ്മിന്റെ അടവുനയത്തിലൂടെ നേതാവ്

പക്ഷേ എന്നും വിവാദ നായകന്‍ ആണെങ്കിലും പി വി അന്‍വറിന് പറയാനുള്ളത് വലിയ പൈതൃക ധാരയുടെ ശേഷിപ്പുകളാണ്. അദ്ദേഹത്തിന്റെ എടവണ്ണ ഒതായിയിലെ നൂറു വര്‍ഷം പഴക്കമുള്ള പുത്തന്‍വീട്ടില്‍ തറവാടിന് മഹത്തായ പാരമ്പര്യമുണ്ട്. ഇ മൊയ്തു മൗലവിക്കും അബ്ദുറഹ്മാന്‍ സാഹിബിനും കുട്ടിമാളു അമ്മയ്ക്കും കെ മാധവമേനോനും ഇടംനല്‍കിയ ആ കുടുംബത്തിലെ ഇളമുറക്കാരനാണ് അന്‍വര്‍. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറനാടിന്റെ മണ്ണില്‍ നേതൃത്വം നല്‍കിയ പി വി മുഹമ്മദ് ഹാജിയുടെ ചെറുമകാണ് അന്‍വര്‍. നെഹ്റുവിന്റെ സഹപ്രവര്‍ത്തകനും എഐസിസി അംഗവും അഖിലേന്ത്യാ ശരീഅത്ത് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകന്‍.


 



കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അന്‍വര്‍ ക്രമേണേ കരുണാകന്റെ ഡിഐസിയിലേക്ക് മാറി. വലിയ പ്രതീക്ഷ ഉയര്‍ത്തി ഉണ്ടാക്കിയ ഡിഐസി ക്ലച്ച് പിടിക്കാതായതോടെ അന്‍വര്‍ സ്വയം ഒരു കള്‍ട്ട് ഫിഗര്‍ ആവാന്‍ തീരുമാനിച്ചു. ഒരുപക്ഷേ രാഷ്ട്രീയത്തില്‍ കാശിറക്കി പരസ്യമായി കളിക്കാന്‍ തീരുമാനിച്ച ആദ്യ വ്യവസയായി ആയിരിക്കും അന്‍വര്‍.

2011-ലെ നിയസഭാ തെരഞ്ഞെടുപ്പ് കാലം. മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകണ്ഡലത്തില്‍ ആങ്ങോളം ഇങ്ങോളം ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയുടെ ബോര്‍ഡും ഫ്ളക്സും നിറഞ്ഞു. ജനം ഞെട്ടി. ആരാണ് ഇയാള്‍. പ്രചാരണത്തിന്റെ ശക്തികണ്ട് മാധ്യമങ്ങള്‍ പോലും അത് റിപ്പോര്‍ട്ട് ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലത്തില്‍ കാശ് ഒഴുകുകയായിരുന്നു. ലീഗിന്റെ കുത്തക സീറ്റായിരുന്നു ഏറനാട്. ഇടതിന് വലിയ പ്രതീക്ഷയൊന്നും ഇല്ലാത്ത മണ്ഡലം. അവിടെ ലീഗിലെ പി കെ ബഷീറിനെതിരെ ഒരു നേര്‍ച്ചക്കോഴി എന്ന നിലയിലാണ് സിപിഐ സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്ത് മത്സരിച്ചത്. അങ്കം മുറകവെ കാളിയത്ത് ചിത്രത്തില്‍ ഇല്ലാതായി. സിപിഎമ്മിന്റെ പരോക്ഷ പിന്തുണ അന്‍വറിനായി. എവിടെ നോക്കിയാലും അന്‍വര്‍. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അന്‍വറിനായി എത്തി. അതിന് ലീഗിനെ തോല്‍പ്പിക്കുക എന്ന അടവ് നയം അവര്‍ പറയുന്നുണ്ടെങ്കിലും, അന്‍വര്‍ കാണേണ്ടവരെയെല്ലാം നന്നായി കണ്ടിരിന്നു.

അവസാനം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ലീഗ് സ്ഥാനാര്‍ഥി പി.കെ. ബഷീറിന് 58,698 വോട്ടുകള്‍ ലഭിച്ച് ജയിച്ചു. രണ്ടാം സ്ഥാനം സ്വതന്ത്രനായ അന്‍വറിന്. അദ്ദേഹം 47,452 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥി കെ.പി.ബാബുരാജ് 3,448 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. സിപിഐ സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് 2,700 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എസ്ഡിപിഐ സ്ഥാനാര്‍ഥി 2137 വോട്ടുകള്‍ നേടി. ചരിത്രത്തില്‍ ആദ്യമായി ഒരു എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരളത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു! അതോടെയാണ് അന്‍വര്‍ എന്ന രാഷ്ട്രീയ താരോദയം ഉണടാവുന്നത്. അന്ന് വോട്ട്മറിച്ചത് സിപിഎമ്മുകാര്‍ ആണ്. ഇന്ന് അന്‍വര്‍ തിരിഞ്ഞുകൊത്തുമ്പോള്‍ അത് കട്ട് സിപിഐ ചിരിക്കയായിരിക്കും. പൊട്ടനെ ചെട്ടിചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നാണെല്ലോ?

കാശുവാരിയെറിഞ്ഞ് നേതൃത്വത്തിലേക്ക്

ബിസിനസിലെന്നപോലെ രാഷ്ട്രീയത്തിലും കാശിറക്കി കാശ്വാരുക എന്നതായിരുന്നു അന്‍വറിന്റെ തന്ത്രം. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി നിന്നുകൊണ്ട് അന്‍വര്‍ കരുത്തുകാട്ടി. അവിടെയും കാശുവാരിയെറിഞ്ഞ്, കൂറ്റന്‍ ഫ്ളക്സും, ബോര്‍ഡും ആനയും അമ്പാരിയുമായി കാടിളക്കിയുള്ള പ്രചാരണമാണ് അയാള്‍ അഴിച്ചുവിട്ടത്. ഒരുപാര്‍ട്ടിയുടെയും സഹായമില്ലാതെ ഒറ്റക്ക് 37,123 വോട്ടുകള്‍ നേടി അയാള്‍ നാലാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചത് 20,870 വോട്ടുകള്‍ക്കാണ്. അന്ന് ഷാനവാസിനെതിരെ മണ്ഡലത്തില്‍ വ്യാപകമായ അതൃപ്തി നിലനില്‍ക്കുന്ന കാലം കൂടിയായിരുന്നു. അന്‍വറിന്റെ വോട്ടുകൂടി കിട്ടിയിരുന്നെങ്കില്‍ വയനാട്ടില്‍ അട്ടിമറി നടന്നേനെ. ഇതില്‍ സിപിഐക്ക് മറുമറുപ്പുണ്ടായിരുന്നു. പക്ഷേ അന്‍വര്‍ പിടിച്ചത് കോണ്‍ഗ്രസ് വോട്ടുകളാണെന്നായിരന്നു സിപിഎം വാദം. ഇതോടെ സിപിഎമ്മിന് ഒരുകാര്യം മനസ്സിലായി. അന്‍വറിനെ മുന്നണിയിലേക്ക് കൊണ്ടുവരികയാണ് തങ്ങള്‍ക്ക് നല്ലത്. അങ്ങനെ അയാള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറി.

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും മക്കളും തന്നെയായിരുന്നു നിലമ്പൂരില്‍ എക്കാലവും അന്‍വറിന്റെ എതിരാളി. 2016-ല്‍ ആര്യാടന്റെ കുടുംബാധിപത്യം തകര്‍ക്കുമെന്ന് വെല്ലുവിളച്ചാണ് അന്‍വര്‍ മത്സരിക്കാനെത്തിയത്. പറഞ്ഞതുതന്ന സംഭവിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ തണലിലേറി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പതിനൊന്നായിരത്തിലധികം വോട്ടിന്റെ വമ്പന്‍ ഭുരിപക്ഷത്തിന് അന്‍വര്‍ തോല്‍പ്പിച്ചു. 20 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന, ആര്യാടന്‍മ്മാരുടെ കുത്തകയായ, നിലമ്പൂര്‍ നഗരസഭയും തങ്ങള്‍ പിടിക്കുമെന്ന് അനവര്‍ നേരത്തെ പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ശരിയായി. അതോടെ അയാള്‍ നിലമ്പൂര്‍ മേഖലയിലെ കിരീടം വെക്കാത്ത രാജാവായി.

അതിനിടെ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്തു. പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, ലീഗിലെ .ടി.മുഹമ്മദ് ബഷീറിനോട് 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോറ്റത്. പക്ഷേ അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ പൊന്നാനിയിലെ തോല്‍വി നിസാരമാണെന്നും എല്ലാവരും തോറ്റ തിരഞ്ഞെടുപ്പായതുകൊണ്ട് രാജിവെക്കേണ്ട കാര്യമില്ലെന്നും യാതൊരു ഉളുപ്പുമില്ലാതെ മലക്കം മറിഞ്ഞു.

ക്വാറി തൊട്ട് വജ്രഖനി വരെ

നമ്മുടെ പശ്ചിമഘട്ടത്തിലെ കരിങ്കല്ല് തൊട്ട് ആഫ്രക്കയിലെ സ്വര്‍ണ്ണഖനിയില്‍വരെ അന്‍വറിന് കണ്ണുണ്ട്. ഭൂമിക്കച്ചവടവും, റിസോര്‍ട്ടും, ഹോട്ടല്‍വ്യവസായവും തൊട്ട് ആ ബിസിനസ് സാമ്രാജ്യം നീളുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍പോയി സ്വര്‍ണ്ണവും വെള്ളിയുമൊക്കെ ഖനനം ചെയ്യുന്ന, അധോലോക നായകന്‍മ്മാരുടെ കഥയേ നാം കേട്ടിട്ടുള്ളൂ. കര്‍ണ്ണാടകയിലും ആന്ധ്രയിലുമൊക്കെയുള്ള ഖനി മുതലാളിമാരുടെയും, റിയല്‍ എസ്റ്റേറ്റ് ടൈക്കൂണുകളുടെയും കൊച്ചു കേരളാ വേര്‍ഷന്‍.


 



അന്‍വറിന്റെ ബിസിനസ് ബന്ധങ്ങള്‍ പലതവണ കേസായിട്ടുണ്ട്. മംഗലാപുരത്ത് ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തുവെന്ന പരാതി വാര്‍ത്തയായി.സലീം ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്‍വറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കക്കാടംപൊയിലിലെ റിസോര്‍ട്ട് വിവാദവും റോപ്പ്വേ വിവാദവും അന്‍വറിനെ നിരന്തരം വേട്ടയാടി. അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കാന്‍ തീരുമാനം ആയത്. ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് റോപ്പ് വേയും പൊളിച്ചത്. കേവലം റസ്റ്റോറന്റിനുള്ള ലൈസന്‍സിന്റെ മറവില്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപാറയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ്പ് വേയാണ് പൊളിച്ചിച്ചത്. ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ചാണ് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

കോവിഡ് കാലത്ത് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറലിയോണില്‍ ആയിരുന്ന എംഎല്‍എ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് നാട്ടിലെത്തിയത്. എംഎല്‍എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് താന്‍ സിയറ ലിയോണില്‍ സ്വര്‍ണ ഖനനത്തിലാണെന്ന് വീഡിയോ സഹിതം അന്‍വര്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എം.എല്‍.എ അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ എതിരാളികള്‍ പൊങ്കാലയട്ടിരുന്നു. 'ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ', 'അമ്പര്‍ക്കാനെ തിരികെ കയറ്റി വിടൂ' എന്നിങ്ങനെ പരിഹാസ കമന്റുകള്‍ എഴുതി പൊങ്കാലയിട്ടിരുന്നു.

ഒരു കൗബോയി ഹാറ്റുവെച്ച് ഒരു ഖനിയില്‍നില്‍ക്കുന്ന അന്‍വറിന്റെ ചിത്രവും വെച്ചാണ് അന്‍വര്‍ ഇതിന് മറുപടി നല്‍കിയത്. അതില്‍ രാജ്യത്തേക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്പത്ത് കൊണ്ടുവരുമെന്നാണ് പറഞ്ഞത്. അതിനുശേഷം സിയറ ലിയോണിലെ സ്വര്‍ണ ഖനനം വിട്ട് അന്‍വര്‍ മാലി ദ്വീപിലേക്ക് ചുവടുമാറി. മകനും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ എംഎല്‍എ മാലിയില്‍ കറങ്ങിയിട്ടും സിപിഎം മൗനം പാലിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. 2016-ല്‍ 11,504 വോട്ടിനു വിജയിച്ച് അന്‍വര്‍ 2700 വോട്ടിന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു.

എറ്റവും സമ്പന്നനായ എംഎല്‍എ

രണ്ടാം തവണ നിലമ്പൂരില്‍ നിന്നും വിജയിച്ച അന്‍വര്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സിപിഎം അവഗണിക്കുകയായിരുന്നു.അന്‍വറിനു പകരം താനൂരില്‍ നിന്ന് എംഎല്‍എയായ വി.അബ്ദുറഹിമാനാണ് സിപിഎം നേതൃത്വം മന്ത്രിസ്ഥാനം നല്‍കിയത്. ഇതോടെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പൊതുപരിപാടികളില്‍പോലും സജീവമാകാതെ അന്‍വര്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു.

സീതിഹാജിയെ അനുസ്മരിക്കുന്ന രീതിയില്‍ ട്രോളായ ജപ്പാന്‍ നീരാവി വിവാദത്തിലുടെയാണ് അന്‍വര്‍ കേരളത്തിന് പുറുത്ത് അറിയപ്പെട്ടത്. ജപ്പാനില്‍ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമഘട്ടത്തിലെ കാര്‍മേഘങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അതിനാണ് ജപ്പാന്‍ ഇവിടെ കുടിവെള്ള പദ്ധതികളൊക്കെ നടപ്പാക്കുന്നത് എന്നാണ് അന്‍വറിന്റെ വിചിത്രവാദം, കേരളത്തെ ഏറെ ചിരിപ്പിച്ചതാണ്.

2016-ല്‍ നിലമ്പൂരില്‍ എംഎല്‍എയായി മത്സരിക്കുമ്പോള്‍ 14.38 കോടി രൂപയായിരുന്നു പിവി അന്‍വറിന്റെ ആസ്തി. 2019-തില്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ ആസ്തി 49.95 കോടിയായി കുത്തനെ വര്‍ധിച്ചു. ആദായനികുതി അടയ്ക്കാത്ത പിവി അന്‍വര്‍ 49.95 കോടിയുടെ സ്വത്തുക്കള്‍ ആര്‍ജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണ എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തും മയക്കുമരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എംഎല്‍എ ആഫ്രിക്കയില്‍ പോയതെന്ന ആശങ്കയുണ്ട്. പിവി അന്‍വര്‍ എംഎല്‍എയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴും കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎല്‍എയാണ് അനവര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യാവാങ്ങ്മൂലം അനുസരിച്ച്, പി.വി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി 18.57 കോടിയാണ് എന്നാണ് തെരഞ്ഞെടുപ്പ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് . 16.94 കോടിയാണ് അന്‍വറിന് ബാധ്യതയായുള്ളത്. രണ്ട് ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും മൂല്യം വരുന്ന ആസ്ഥിയുണ്ട്. സ്വയാര്‍ജിത ആസ്തിയുടെ കമ്പോള വില 34.38 കോടിയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്. ഇത് വെറും ഔദ്യോഗിക കണക്കാണ്. അനൗദ്യോഗികമായി എത്ര കോടിയുണ്ടെന്ന് ആര്‍ക്കറിയാം.

പട്ടാപ്പകല്‍ കൊലപാതകം

മറ്റുള്ളവരെ കൊലപാതകിയെന്ന് ആരോപിക്കുന്ന, പി വി അന്‍വര്‍ ശരിക്കും കൊലക്കേസില്‍ പ്രതിയായിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെടുകയാണെന്നാണ് പറയുന്നത്. നിലമ്പൂര്‍ ഒതായി അങ്ങാടിയില്‍ 1995 ഏപ്രില്‍ 13ന് ഓട്ടോ ഡ്രൈവറായ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫ് (29) പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊല്ലപ്പെട്ട കേസിലാണ് അന്‍വര്‍ പ്രതിയായത്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടില്‍വച്ച് മകന്‍ പി.വി. അന്‍വറിന്റെയും, മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ സിയാദ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി എത്തിയ സംഘം അബ്ദുല്‍ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടര്‍ന്ന് ഒതായി അങ്ങാടിയിലെത്തി മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വസ്തു തര്‍ക്കവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിയത്.


 



പി.വി.അന്‍വര്‍ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്.കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. മനാഫിന്റെ പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. കേസു നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പി.വി. ഷൗക്കത്തലി മരിക്കുകയും ചെയ്തു. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സി. ശ്രീധരന്‍ നായരായിരുന്നു മനാഫ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന് മനാഫിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ ശ്രീധരന്‍ നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് കേസില്‍ ഉടനീളമുണ്ടായഅട്ടിമറികള്‍ തെളിയിക്കുന്നത്.കേസിലെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ കബീര്‍ എന്ന ജാബിര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവര്‍ നിയമവ്യവസ്ഥയെ കബളിപ്പിച്ച് ജാമ്യം നേടിയതിന് ഹൈക്കോടതി 15,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി പിഴ ശിക്ഷ വിധിച്ചത്.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ചാണ് ഇരുവരും വിചാരണ കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തി ജാമ്യം അനുവദിച്ച മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ താക്കീതു ചെയ്തിരുന്നു.

കേസില്‍ പി വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 25 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവര്‍ ഗള്‍ഫില്‍ സസുഖം വാഴുകയായിരുന്നു. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രന്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് 2020ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.

എംഎല്‍എയായിട്ടും കൊലപാതകക്കേസ് പ്രതികളായ സഹോദരീ പുത്രന്‍മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ അവരെ സംരക്ഷിക്കുകയും ഒളിവില്‍ കഴിയാന്‍ സഹായം ചെയ്യുകയും ചെയ്ത പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് മനാഫിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. എംഎല്‍എയായിരിക്കെ തന്നെ അന്‍വര്‍ പലതവണ ദുബായില്‍ പോയി സഹോദരീപുത്രന്‍മാരെ സന്ദര്‍ശിച്ചിട്ടുണ്ടന്നും, മനാഫിന്റെ പിതൃസഹോദരന്‍ പള്ളിപ്പറമ്പന്‍ അബൂബക്കര്‍, മനാഫിന്റെ സഹോദരങ്ങളായ ഫാത്തിമ, മന്‍സൂര്‍, അബ്ദുല്‍റസാഖ് എന്നിവര്‍ ആരോപിച്ചിരുന്നു.

മറുനാടന്‍ വേട്ടയില്‍ പുറത്തേക്ക്

പിണറായി ഭരണത്തിലെ അഴിമതികള്‍ക്കെതിരെ നിരന്തരം ആഞ്ഞടിക്കുന്ന മാധ്യമമായതുകൊണ്ട്, മറുനാടന്‍ മലയാളിയും, എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും പി വി അന്‍വറന്റെ കണ്ണിലെ കരടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രീതി മുന്നില്‍ കണ്ടാണ് മറുനാടനെ പൂട്ടിക്കും എന്ന കാമ്പയിന്‍ അന്‍വര്‍ ഏറ്റെടുത്തത്. 'നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും, നിന്നെ ഞാന്‍ താഴെയിറക്കുമൊന്നൊക്കെയുള്ള' വചനങ്ങള്‍ പോസ്റ്റായിട്ട് അന്‍വര്‍ ഭീഷണി മുഴക്കി. പി വി അന്‍വറും, പി വി ശ്രീനിജനും, എഡിജിപി അജിത്കുമാറുമൊക്കെ ചേര്‍ന്ന സംഘം കള്ളക്കേസുകളുടെ പരമ്പര തീര്‍ത്താണ് മറുനാടനെ തകര്‍ക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഈ കേസുകളില്‍ ഓരോന്നും കോടതികളില്‍ പൊളിഞ്ഞു. ഏറ്റവും ഒടുവിലായി പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ കേസ്, എസ്ഇ എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതുള്ള രാജ്യവ്യാപകമായ നിയമമായി മാറി. സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, ജാതീയമായ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പരാതിക്കാരന്‍ ദളിതനായാല്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്നും, പ്രഥമ ദൃഷ്ട്യാ കുറ്റമില്ലെങ്കില്‍ ആദ്യ കോടതിക്കുതന്നെ ജാമ്യം നല്‍കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഭാവിയില്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സായി പഠിക്കാന്‍ പറ്റുന്ന രീതിയിലുള്ള, നിര്‍ണ്ണായകമായ വിധിയായി, ഷാജന്‍ സ്‌കറിയ വേഴ്‌സസ് സ്്‌റ്റേറ്റ് ഓഫ് കേരള മാറിക്കഴിഞ്ഞുവെന്നാണ് നിയമ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്.

ഈ കേസില്‍ ഷാജന്‍് സ്‌കറിയിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ സമാനതകളില്ലാത്ത പൊലീസ് വേട്ടയായിരുന്നു മറുനാടന്‍ നേരിട്ടത്.

മറുനാടന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. നെഗറ്റീവ് കമന്റുകളും റിവ്യൂകളും രേഖപ്പെടുത്തി യു ട്യൂബ് ചാനലുകള്‍ പൂട്ടിക്കാനും ശ്രമം തുടങ്ങി. ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും പോലീസ് റെയ്ഡ് നടത്തി, കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുംപിടിച്ചെടുത്തു. വനിതാ ജീവനക്കാരുടെവരെ വീടുകളില്‍വരെ ഒരു സംഘം പൊലീസുകാര്‍ അതിരാവിലൈത്തി തീവ്രാദികളളെയെന്നപോലെ റെയ്ഡ് നടത്തി. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞിട്ടും, നിലമ്പൂരിലെ മറ്റൊരു കേസില്‍ പൊലീസ്്‌സ്റ്റേഷിനില്‍ ഹാജരാവാനെത്തിയപ്പോള്‍, ഷാജന്‍ അറസ്റ്റിലായി. ഇതും പി വി അന്‍വറിന്റെ ഒത്താശയില്‍ നടന്ന കേസ് ആയിരുന്നു. പക്ഷേ അന്നു കോടതി ജാമ്യം അനുവദിച്ചതും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വ ചരിത്രമാണ്.


 



ഇങ്ങനെ നിരവധി കള്ളക്കേസുകളില്‍ പെടുത്തിയിട്ടും ഷാജന്‍ അകത്താവാത്തിന്റെ ഈര്‍ഷ്യയാണ് അന്‍വറിന് ആദ്യം ഉണ്ടായിരുന്നത്. മുഖ്യമന്ത്രി അത് എല്‍ഡിഎഫ് യോഗത്തില്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എഡിജിപി അജിത്കുമാറിന് രണ്ടുകോടി രൂപ നല്‍കിയാണ് ഷാജന്‍ സ്‌കറിയ രക്ഷപ്പെട്ടത് എന്നായിരുന്നു അന്‍വറിന്റെ ആരോപണം. മറുനാടനെ പൂട്ടാന്‍ പറ്റാത്തിന്റെ ഈഗോ വളര്‍ന്നു വളര്‍ന്നാണ്, ഇപ്പോള്‍ അന്‍വര്‍ തന്നെ എല്‍ഡിഎഫില്‍ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത്. അന്‍വറിന്റെ ഇനിയുള്ള നീക്കങ്ങള്‍ എന്തായിരിക്കുമെന്നും, രാഷ്ട്രീയ കേരളം കൗതുകത്തോടെ കാണുന്നുണ്ട്.

വാല്‍ക്കഷ്ണം: നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ അന്‍വര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കയാണ്. രാഹുല്‍ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. അന്‍വറിന്റെ ചാട്ടം എങ്ങോട്ടാണെന്ന് വ്യക്തം. അല്ലെങ്കിലും രാഷ്ട്രീയം എന്നത് സാധ്യതകളുടെ കലയാണെല്ലോ?

Tags:    

Similar News