അശ്ലീല അധിക്ഷേപം, ദ്വയാര്‍ത്ഥ പ്രയോഗം, സാമ്പത്തിക തട്ടിപ്പ്; എല്ലില്ലാത്ത നാവില്‍ ഗുളികന്‍ സ്ഥിരതാമസം; ആരാധകരായി അസഭ്യം പറയുന്ന സൈബര്‍ വെട്ടുകിളി സംഘം; പരസ്യം നല്‍കി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി; പതുക്കെ നന്മമരമായ പ്രാഞ്ചിയേട്ടന്‍! വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കഥ

വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കഥ

Update: 2025-01-08 10:56 GMT

ണ്ട് കെ കരുണാകരനോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.'നിങ്ങള്‍ എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കയാണെല്ലോ, ഈ നെഗറ്റിവിറ്റിയെ എങ്ങനെ കാണുന്നു എന്ന്'- പതിവ് സ്റ്റൈലില്‍ ഒന്ന് കണ്ണിറുക്കി ലീഡര്‍ പറഞ്ഞു: 'നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റിയല്ലെ. അത് നല്ലതാണ്. രണ്ടും ഒരാളെ വളര്‍ത്തുമെന്ന്''-

ലീഡര്‍ കെ കരുണാകരന്‍ അന്ന് പറഞ്ഞതിന്റെ ബിസിനസ് ഓള്‍ട്ടര്‍നേറ്റീവാണ് ഇന്ന് നടി ഹണി റോസിനെ ലൈംഗികമായി ആക്ഷേപിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ, പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ എന്ന ബോ ചെ. ഒരുകാലത്ത് സൈബര്‍ ലോകത്ത് നിരന്തരം നെഗറ്റീവ് കമന്‍സും തെറിവിളികളുമായിരുന്നു, ഈ ജ്വല്ലറി മുതലാളിക്കുനേരെ ഉണ്ടായിരുന്നുത്. എന്നാല്‍ പതിയെപ്പതിയെ അയാള്‍ സ്വയം ഒരു ബ്രാന്‍ഡായി മാറി. സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ കുറിച്ച് ഗവേഷണം ചെയ്യേണ്ടവര്‍, ശരിക്കും പഠിക്കേണ്ട ജീവിതമാണ്, ഈ ബോ ചെ എന്ന് ആരാധകര്‍ വിളിക്കുന്ന സ്വയം പ്രഖ്യാപിത നന്‍മരത്തിന്റെത്.

വന്നുവന്ന് ആരെക്കുറിച്ചും എന്ത് വഷളത്തരവും പറയാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നാണ് ബോ ചെ കരുതിരിക്കുന്നത്. പക്ഷേ മോശമായ നാക്ക് ഇപ്പോള്‍ അയാളെ ചതിച്ചു. നടി ഹണിറോസ് കൊടുത്ത, സൈബര്‍ അധിക്ഷേപ പരാതിയില്‍, ബോബി കസ്റ്റഡിയിലായിരിക്കയാണ്. വി എസ് അച്യുതാനന്ദന്‍ പോലും ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്തിടത്താണ് ഒരു നടി വിജയിച്ചിരിക്കുന്നത്. പക്ഷേ നടിയുടേത് ശരിക്കും അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന പ്രതികരണമാണ്.

ബോബി ചെമ്മണ്ണൂരിന്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന്, 2004 ആഗസ്റ്റില്‍ ഹണി റോസ് എത്തിയതോടെയാണ്, അവരുടെ കഷ്ടകാലം തുടങ്ങിയത്. ബോബി തന്‍ൈറ പതിവ് വഷളന്‍ രീതിയിലാണ് അന്ന് ഈ നടിയോട് പ്രതികരിച്ചത്. കണ്ണൂര്‍ ആലക്കോടുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ഇന്റര്‍നാഷനല്‍ ഉദ്ഘാടന ചടങ്ങിലാണ് ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശമുണ്ടായത്. 'ഹണി റോസിനെ, അവരെ കാണുമ്പോള്‍ എനിക്ക് .... ഓര്‍മ്മ വരുന്നു' എന്ന ഒരു ഏഭ്യന്‍ തമാശ പറഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങിലേക്ക് നടിയെ, ബോബി ചെമ്മണ്ണൂര്‍ സ്വാഗതം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം നടി ജ്വല്ലറി, സന്ദര്‍ശിക്കവേ നെക്ലേസ് കഴുത്തില്‍ അണിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ചുറ്റും കറക്കുകയും 'ഇവിടെ നില്‍ക്കുമ്പോള്‍ മാലയുടെ മുന്‍ഭാഗമേ കാണൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നും പറഞ്ഞു. ഈ ആഭാസത്തിനെതിരെ അന്നുതന്നെ നിരവധിയാളുകള്‍ അതിശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. എന്നാല്‍ ബോബി തന്റെ അശ്‌ളീല പരാമര്‍ശങ്ങള്‍ തുടരുകയായിരുന്നു. അതിനുശേഷം ബോ ചേ ടീമുമായി ഇനി സഹകരിക്കേണ്ടെന്ന് ഹണി റോസ് തീരുമാനിക്കുന്നു. അതിനുശേഷമാണ് അവര്‍ക്ക് ബോ ചേ ഫാന്‍സിന്റെ സൈബര്‍ ആക്രമണം ശക്തമായത്. സഹികെട്ടതോടെ അവര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ബോ ചെ കുടുങ്ങിയത്. പക്ഷേ തീര്‍ത്തും അസാധാരണം തന്നെയാണ് ബോ ചെയുടെ ജീവിതം.




കോഴിക്കോട്ടെ ഒറ്റ ജ്വല്ലറിയില്‍ നിന്ന്

സ്വര്‍ണ്ണ വ്യാപാരരംഗത്ത് ദീര്‍ഘകാല ചരിത്രമുള്ള ചെമ്മണൂര്‍ കുടുംബത്തിലാണ് ബോബി ജനിച്ചത്. ചെമ്മണ്ണൂര്‍ ദേവസ്സിക്കുട്ടി ബോബി എന്നാണ് മുഴുവന്‍ പേര്. തൃശ്ശൂരില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് കൊമേഴ്സാണ് പഠിച്ചത്. പോണി ടെയിലൊക്കെ കെട്ടി ജീന്‍സും ഷര്‍ട്ടുമൊക്കെയായി നടന്നൊരു കാലം ബോ ചെയ്ക്കുമുണ്ടായിരുന്നു. അപ്പാപ്പന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായാണ് ഇപ്പോള്‍ കാണുന്ന, കഴുത്തില്ലാ ളോഹയുടെ വിചിത്ര വേഷം പരീക്ഷിച്ചത്. ( അതും ഇപ്പോള്‍ ട്രോള്‍ ആവുകയാണ്. ജയിലില്‍ ബോ ചേയ്ക്ക് പ്രത്യേകം ഡ്രസ് വേണ്ടെന്നും, നമ്പര്‍ കുത്തിയാല്‍ മാത്രം മതിയെന്നും ട്രോളന്‍മാര്‍!) വീട്ടില്‍ ഇട്ട് തുടങ്ങിയ വേഷം പിന്നീട് സ്ഥിരമാക്കുകയായിരുന്നു. പുറത്ത് ഈ രൂപത്തില്‍ പോയിത്തുടങ്ങിയപ്പോള്‍ ചിലരൊക്കെ കളിയാക്കി. മറ്റ് ചിലരൊക്കെ അഭിനന്ദിച്ചിരുന്നു. പക്ഷേ പില്‍ക്കാലത്ത് ഈ വേഷം ബോബിയുടെ സ്റ്റാമ്പിങ്് യുണീക്ക് ഡ്രസ് കോഡായി മാറി.

പഠനത്തില്‍ ഉഴപ്പായിരുന്നെങ്കിലും, ചെറുപ്പം മുതലേ, കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്മണൂര്‍ ജ്വല്ലേഴ്‌സില്‍ ചേര്‍ന്നാണ് ബോബി ചെമ്മണൂര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ബോബി പറയുന്നത് ഇങ്ങനെ-'കോഴിക്കോട് പപ്പയൊരു ജ്വല്ലറി ഇട്ട് തന്നു. ഒരു മാര്‍ഗവുമില്ലാതെ അത് അടച്ചു പൂട്ടുകയെന്ന സ്ഥിതിയായിരുന്നു. ആ സമയത്താണ് ഒരു കേന്ദ്രമന്ത്രിയെ കാണാനായി ഡല്‍ഹിയിലേക്ക് പോയത്. ആദ്യമൊന്നും അദ്ദേഹത്തെ കാണാനായിരുന്നില്ല. മൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ അത് വിടണമെന്ന പോളിസി മാറിയത് അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു. വീണ്ടും പിന്തുടരണമെന്നായിരുന്നു ഒരു ബിസിനസുകാരന്‍ പറഞ്ഞത്. പൂട്ടാനിരുന്ന അന്നത്തെ ജ്വല്ലറി വളര്‍ന്ന് 44 ലേക്ക് എത്തുകയായിരുന്നു''- ബോബി പറയുന്നു.

1980 കളുടെ തുടക്കത്തില്‍ അദ്ദേഹം ബിസിനസ്സ് ഏറ്റെടുക്കുകയും നിരവധി നൂതന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന്ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ധനകാര്യം എന്നിവയില്‍ താല്‍പ്പര്യമുള്ള ഒരു ബിസിനസ്സ് കൂട്ടായ്മയായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് അദ്ദേഹം. പ്രൊമോഷന്‍ പരിപാടികള്‍ക്കായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ഡീഗോ മറഡോണയെ ഇന്ത്യയിലെത്തിച്ചും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടി.



ജ്വല്ലറി ബിസിനസ്സിനപ്പുറം, ബോബി ചെമ്മണൂര്‍ മറ്റ് പല വ്യവസായങ്ങളിലേക്കും വ്യാപിച്ചു. ഓക്‌സിജന്‍ റിസോര്‍ട്ട്‌സ് ശൃംഖലയും ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡും സ്ഥാപിച്ചു. ആതുരശുശ്രൂഷ, വിദ്യാഭ്യാസം, അധഃസ്ഥിതര്‍ക്കുള്ള പാര്‍പ്പിടം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ബോബി ചെമ്മണൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവന പദ്ധതികള്‍ എന്നിവയ്ക്ക് ട്രസ്റ്റ് ഫണ്ട് ചെയ്തിട്ടുണ്ട്.




ബോബി ചെമ്മണ്ണൂരിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ലോക സമാധാനവും രക്തദാനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 812 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. തനിക്ക് ലഭിച്ച നിരവധി പുരസ്‌കാരങ്ങളില്‍, മദര്‍ തെരേസ പുരസ്‌കാരത്തെ ഏറ്റവും അഭിമാനകരമായ ഒന്നായി അദ്ദേഹം കണക്കാക്കുന്നു. പക്ഷേ ഇതേക്കുറിച്ചെല്ലാം കടുത്ത അഭിപ്രായ ഭിന്നതകള്‍ അക്കാലത്തുതന്നെ നിലനിന്നിരുന്നു.

പ്രാഞ്ചിയേട്ടന്‍ പതുക്കെ നന്മ മരമാവുന്നു

ആദ്യകാലത്തൊക്കെ വെറും നെഗറ്റീവ് അഭിപ്രായങ്ങളാണ് ബോബിയെക്കുറിച്ച് പൊതുസമുഹത്തില്‍ ഉണ്ടായിരുന്നത്. ജ്വല്ലറിയിലെ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ നല്‍കിയ പീഡന പരാതി വിവാദമായിരുന്നു. പിന്നീട് ഇത് എങ്ങനെയോക്കെയോ ഒത്തുതീര്‍ന്നു. അന്ന് വാര്‍ത്ത കൊടുക്കരുത് എന്ന് പറഞ്ഞ് മാധ്യമ ഓഫീസുകളില്‍ കയറിയിറങ്ങിയ ബോബിയെ കോഴിക്കോട്ടെ പഴയ മാധ്യമ പ്രവര്‍ത്തകര്‍ മറന്നുകാണില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ബോബിയും ഒരു സ്ത്രീയുമായുള്ള വീഡിയോ പ്രചരിച്ചു. അതില്‍ തന്നെ ഗര്‍ഭിണിയാക്കി തിരിഞ്ഞുനോക്കാത്ത ബോബിയെക്കുറിച്ചാണ് സ്ത്രീ പറയുന്നത്. താന്‍ പീഡനവും സാമൂഹിക സേവനവും തുടരുമെന്ന മട്ടില്‍ ബോബി പറഞ്ഞതും സമൂഹത്തില്‍ വലിയ പരിഹാസമായിരുന്നു.

ബോബി ചെമ്മണ്ണുരിന്റെ ശരിക്കുമുള്ള ഇമേജ് മാറ്റം കണ്ടത് 2014-ലാണ്. രക്തദാനത്തിന്റെ സന്ദേശമുയര്‍ത്തി 600 കിലോമീറ്റര്‍ നീളുന്ന കൂട്ടയോട്ടത്തിന് നേതൃത്വം കൊടുത്ത ബോബിക്കെതിരെ ആദ്യം കടുത്ത പരിഹാസമാണ് ഉണ്ടായത്. പക്ഷേ മാധ്യമങ്ങള്‍ക്ക് വ്യാപകമായി പരസ്യം നല്‍കിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയും, ബോബി പതുക്കെ അതിനെ മറികടന്നു. ഈ മാസ് മൂവ്മെന്റിനുശേഷമാണ് ബോബി പതുക്കെ ഒരു സ്വയം പ്രഖ്യാപിത നന്മ മരമായി മാറുന്നത്. കേരളത്തില്‍ ഏറ്റവും നല്ല രക്തബാങ്ക് കെട്ടിപ്പടുക്കും എന്നാണ്, അന്ന് ബോബി പറഞ്ഞത്. വര്‍ഷം പത്തുകഴിഞ്ഞിട്ടും അത് എങ്ങുമെത്തിയിട്ടില്ല എന്നത് വേറെ കാര്യം. ടിവി, പത്ര പരസ്യങ്ങള്‍ക്കും യാത്രകള്‍ക്കും ചെലവാക്കുന്ന കോടികളുണ്ടെങ്കില്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ ബോധവത്കരണ പരിപാടികളും രക്തദാന ക്യാംപുകളും നടത്താന്‍ കഴിയില്ലേ എന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല.

സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ് സ്വയം ഒരു ബ്രാന്‍ഡാവുക എന്ന, ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു പരിപാടിയാണ് പിന്നീട് ബോബി ചെയ്തത്. മുമ്പ് അറ്റ്ലസ് രാമചന്ദ്രനൊക്കെ തന്റെ ജ്വല്ലറിയുടെ പരസ്യങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്, എങ്കില്‍ ബോബി തമാശകളിലൂടെയും, ട്രോളുകളിലൂടെയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുമെല്ലാം ബോ ചെ എന്ന ബ്രാന്‍ഡായി മാറി. സോഷ്യല്‍ മീഡിയയുടെ സാധ്യത ഇത്രയേറെ ഉപയോഗിച്ച ബിസിനസ് മാന്‍ വേറെയില്ല. ആരെ നിങ്ങള്‍ വിടാതെ പിന്തുടര്‍ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ. അവര്‍ വളരും. സോഷ്യല്‍ മീഡിയയുടെ ആ വിചിത്ര തത്വം മുതലെടുത്തവരാണ്, സന്തോഷ് പണ്ഡിറ്റുമുതല്‍ ബോ ചെ വരെയുള്ളവര്‍. ഇതില്‍ അക്കാദമിക പഠനങ്ങള്‍ പോലും വന്നിട്ടുണ്ട്. ആദ്യത്തെ പരിഹാസം കഴിഞ്ഞപ്പോള്‍, ബോബിയുടെ റോള്‍സ് റോയിസ് കാര്‍ അടക്കം സാധാരണക്കാരന്റെ സ്‌നേഹമായി. അയാളുടെ തള്ളകഥകള്‍ അവരുടെ മദ്യപാന സദസുകളിലെ ടച്ചിങ്ങായി. ഓരോ ബിസിനസുകാരനും തന്റെ ബ്രാന്റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നിച്ച് കോടികള്‍ മുടക്കി ലോഗോയും, പ്രോഡക്്റ്റും മാര്‍ക്കറ്റ് ചെയ്യുമ്പോള്‍, ബോ ചെ സോഷ്യല്‍ മീഡിയയിലൂടെ പത്തുപൈസ മുടക്കില്ലാതെ അത് സ്വയം ചെയ്യും.



അതുപോലെ തന്നെ അനാഥാലയം നടത്തിയും, പാവങ്ങളെ സഹായിച്ചുമെല്ലാം ബോബി നന്‍മമരമായും നിറഞ്ഞുനിന്നു. ഈയിടെ 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി മാസ് ഫണ്ടിങ്ങിനും ബോബി ഇറങ്ങി. പക്ഷേ ഈ പ്രവര്‍ത്തികളിലും ഉഡായിപ്പുകള്‍ ഏറെയായിരുന്നു. പലതും പ്രഖ്യാപനങ്ങളാണ്. നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെ മക്കള്‍ക്ക് സഹായമായി എത്തിയതൊക്കെ വെറും ഗിമ്മിക്കായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോള്‍ അബ്ദുള്‍ റഹീമിന്റെ ജീവിതം ബ്ലെസിയെ വെച്ച് സിനിമായക്കുമെന്നൊക്കെയാണ് ബോ ചെ വീരവാദം മുഴക്കുന്നത്.

ഇതിനെല്ലാം ബോബിയെ സഹായിച്ച മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അതാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍. ബോബിയുടെ സ്വര്‍ണ്ണ ചിട്ടി തട്ടിപ്പുകള്‍ക്കെതിരെ തുടക്കം മുതലേ പ്രതികിച്ചത് മറുനാടന്‍ മലയാളിപോലുള്ള ഏതാനും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മാത്രമാണ്. ചിട്ടിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം അടച്ചിട്ടും തുടര്‍ന്ന് അടയ്ക്കാന്‍ കഴിയാത്തവരെ മുടക്കുമുതല്‍പോലും നല്‍കാതെ ബോബി പറ്റിച്ചത്, കോഴിക്കോട്ടെ ഒരു സിപിഐ പ്രവര്‍ത്തകന്‍ സ്വന്തം അനുഭവം പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയിട്ടും മാധ്യമങ്ങള്‍ മുക്കി. ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നല്‍കിയാണ് ബോ ചേ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടിയത്. ഒരിക്കല്‍ വി എസ് വാര്‍ത്താ സമ്മേളനത്തിനിടെ ബോബിയുടെ തട്ടിപ്പുകള്‍ പറഞ്ഞപ്പോള്‍, ലൈവ് കട്ട് ചെയ്താണ്, മാപ്രകള്‍ തങ്ങളുടെ പരസ്യദാതാവിനോടുള്ള കുറ് കാണിച്ചത്!

2018-ല്‍ മലയാളത്തിലെ ഏറ്റവും നിഷ്പക്ഷ ചാനലായ, ഏഷ്യനെറ്റ് ന്യൂസും ബോബിയെക്കൊണ്ട് നാണം കെട്ടു. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ തേടി പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന വിഷയം തിരഞ്ഞെടുത്ത് ആ വിഷയം ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യുന്ന ഒരു രീതി അക്കാലത്ത് ഏഷ്യാനെറ്റ് തുടങ്ങിയിരുന്നു. ചര്‍ച്ചയില്‍ ഫോണില്‍ പ്രേക്ഷകര്‍ക്ക് പങ്കെടുക്കാനുള്ള അവസരവും ചാനല്‍ നല്‍കിയിരുന്നു. ചാനലിലെ പ്രൈംട്രൈം ടോക്ക് ഷോയായ ന്യൂസ് അവറില്‍ എന്തു വിഷയം ചര്‍ച്ച ചെയ്യണം എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍പേര്‍ ചര്‍ച്ച ചെയ്തത് ബോബി ചെമ്മണ്ണൂരിന്റെ തരികിടയായിരുന്നു. എന്നിട്ടും ഈ വിഷയത്തെ തഴഞ്ഞ് ചാനല്‍ ചര്‍ച്ച ചെയ്തതാകട്ടെ എസ്ബിടി ലയന വിഷയമാണ്. ഇതോടെ ഏഷ്യനെറ്റും എയറിലായി. വന്‍ തുകയുടെ പരസ്യങ്ങള്‍ നല്‍കുന്ന സ്വര്‍ണ്ണ മുതലാളിക്കെതിരെ വാര്‍ത്തപോലും നല്‍കാന്‍ ഒരു ചാനലും അന്ന് തയ്യാറായിരുന്നില്ല. ഇന്നും ഏതാണ്ട് സമാനമായ അവസ്ഥ നിലനില്‍ക്കയാണ്.

സ്ത്രീവിരുദ്ധനായ വഷളന്‍

വഷളന്‍ തമാശകളിലൂടെ, സെമിപോണ്‍ ഏഭ്യത്തരങ്ങളിലൂടെയും, ബോ ചെ ഫാന്‍സ് എന്ന് അറിയപ്പെടുന്ന ഒരു വലിയ സൈബര്‍ വെട്ടുകിളിക്കൂട്ടത്തെ സൃഷ്്ടിച്ചുവെന്നതാണ്, ബോബി ചെമ്മണ്ണുര്‍ കേരളത്തിനോട് ചെയ്ത ഏറ്റവും വലിയ പാതകം. ആദ്യകാലത്തൊക്കെ അവിശ്വസനീയമായ തള്ളുകഥകളാണ് ഇയാള്‍ യുട്യൂബ് ചാനലുകളില്‍ വന്നിരുന്ന് പറയാറുള്ളത്. ഇതെല്ലാം സോഷ്യല്‍ മീഡയയില്‍ വൈറലായി.

ആറാം ക്ലാസില്‍ വെച്ചാണ് താന്‍ ആദ്യമായി കാര്‍ ഓടിക്കുന്നത് എന്നാണ് അഭിമുഖത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഒരിക്കല്‍ അച്ഛന്‍ ഉച്ചക്ക് കിടന്നുറങ്ങുമ്പോള്‍ കാറിന്റെ താക്കോല്‍ കട്ടെടുത്തുകൊണ്ട് പോയി എന്‍ എച്ചില്‍ കയറി അങ്ങ് ഓടിക്കുകയായിരുന്നു. കാര്‍ എടുത്ത് ഗേള്‍ഫ്രണ്ടിനെ കാണാനായി ബംഗളൂരു വരെ തനിയെ പോയെന്നും ആണ് ബോബി ചെമ്മണ്ണൂര്‍ തട്ടിവിട്ടത്. ' സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ വണ്ടികള്‍ ഹരമായിരുന്നു. സ്‌പോര്‍ട്‌സ് കാറുകള്‍ ഹെലികോപ്ടര്‍ തുടങ്ങി ആഗ്രഹിച്ചത് എല്ലാം തന്നെ കിട്ടിയിട്ടുണ്ട്. പപ്പക്ക് ദേഷ്യം വന്നാല്‍ അടി തരും അല്ലെങ്കില്‍ തോക്ക് എടുത്ത് വെടി വയ്ക്കും.എന്നാല്‍ അത് കഴിഞ്ഞാല്‍ മനസില്‍ വെയ്ക്കുന്ന സ്വഭാവമില്ല.''- ഇതെല്ലാം വെറും ബഡായിയാണെന്ന് സോഷ്യല്‍ മീഡിയ തന്നെ ട്രോളിയതാണ്. അന്ന് അയാള്‍ ഇത്ര ടോക്സിക്ക് ആയിരുന്നില്ല. ഒരു സ്വയം പൊങ്ങിയായ പ്രാഞ്ചിയേട്ടന്‍ എന്നും, വേദനിക്കുന്ന കോടീശ്വരന്‍ എന്നുമാണ് ബോബി പരിഹസിക്കപ്പെട്ടിരുന്നത്.

പക്ഷേ പിന്നീട് ബോച്ചെയായി സ്വയം ജ്ഞാനസ്നാനം ചെയ്തതോടെ അയാളുടെ അഭിമുഖങ്ങളുടെ സ്വഭാവം മാറി. അടിമുടി സ്ത്രീവിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞതായി സംസാരം. യു ട്യൂബ് ചാനലുകളില്‍ പെണ്‍കുട്ടികളെ അവതാരകകള്‍ ആക്കി ഇരുത്തി, അവരോട് സെക്്സ് ജോക്കുകള്‍ പറയുന്ന പെര്‍വേട്ടഡായ, മുതലാളിയെയാണ് പിന്നീട് കണ്ടത്. ബസുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെയൊക്കെ 'ഞാനും ജാക്കിവെച്ചിട്ടുണ്ടെന്ന് പറഞ്ഞ്' ന്യായീകരിക്കാന്‍ ബോബിക്കേ കഴിയു. ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഇവ ശങ്കര്‍ ഇത് കണ്ട് ബോബിയെ സാമൂഹിക ദുരന്തം എന്നാണ് വിമര്‍ശിച്ചത്-'പൊതു നിരത്തുകളിലോ, ബസ് യാത്രയിലോ, ഒരാള്‍ നമ്മുടെ ശരീരത്തോടു ചേര്‍ന്ന് നിന്നാലുള്ള ഇറിറ്റേഷന്‍ അനുഭവിച്ച സ്ത്രീകള്‍ക്കെ അത് മനസിലാകു, കുഞ്ഞിലേ അമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്കുണ്ടായ ഒരു മോശം അനുഭവം മറക്കാന്‍ ദിവസങ്ങള്‍ എടുത്തു..ആണുങ്ങളുടെ അടുത്ത് ചെല്ലാന്‍ പോലും ഭയപ്പെട്ടിരുന്നു. അച്ഛന്‍ ഒഴികെ ആരെയും അടുപ്പിക്കാതെ ഇരുന്നിട്ടുണ്ട് ഞാന്‍. എന്നിട്ടും പരസ്യമായി ജാക്കിവെപ്പ് എന്നൊക്കെ പറയാന്‍ ഒരു സാമൂഹിക ദുരന്തത്തിനേ കളിയൂ''- ഇവ ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തില്‍, ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരെന്നാണ് ബോബിയോട് ഒരു അവതാരക ചോദിക്കുന്നുണ്ട്. ഒരു പേരു പറഞ്ഞാല്‍ മറ്റ് നായികക്ക് വിഷമമാകില്ലേ, ഒരു പാടുപേരുണ്ടാകും. ഓര്‍ത്ത് മുഷ്ടി മൈഥുനം നടത്തിയ ഒരുപാട് നായികമാരുണ്ടെന്നാണ് ബോബി യാതൊരു ഉളുപ്പുമില്ലാതെ പറയുന്നത്.





തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ജിയോ ബേബിയടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.-'ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം വലിയ വൃത്തികേട് തന്നെയാണ്. പക്ഷേ അതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ വൃത്തികേടിന് കയ്യടിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ട് എന്ന് അറിയുന്നതാണ്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്നും പീഡനമാണെന്നുമൊക്കെ മനസിലാക്കാന്‍ പറ്റുന്ന തരം മനുഷ്യരാണ് ഇവിടെയുണ്ടാകേണ്ടത്. ബോബി ചെമ്മണ്ണൂര്‍ ഒരു സാമൂഹിക ദുരന്തമാണ്. അയാളെ പിന്തുണക്കുന്ന തരത്തിലുള്ള മനുഷ്യരാണ് ഇവിടെ കൂടുതലുള്ളത്. അങ്ങനെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ പറ്റും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവര്‍ക്ക് എന്തെല്ലാം ഇടപെടല്‍ നടത്താന്‍ പറ്റും എന്നതാണ് പരിശോധിക്കേണ്ടത്''- ജിയോ ബേബി പറഞ്ഞു.

ഈ വഷളത്തരങ്ങളെയല്ലാം കൈയടിച്ചും കമന്റിട്ടും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുന്ന ഒരു ഫാന്‍സിനെയും ബോ ചെക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഹണി റോസിന്റെ പരാതിയില്‍ ഈ സൈബര്‍ ആഭാസന്‍മാരും കുടുങ്ങിയിരിക്കയാണ്. പണമുള്ളവന് എന്തും ചെയ്യാമെന്ന ഹുങ്കാണ് ബോബി പിടിയിലാവുന്നതോടെ ഇല്ലാതാവുന്നത്. നിങ്ങള്‍ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്ന്, ബോചെയോട് പറയാന്‍ കേരളത്തിലെ ഒരു സാംസ്‌ക്കാരിക നായകനും നാവുപൊന്തിയിരുന്നില്ല. അങ്ങനെ അശ്ലീലം പറഞ്ഞ് പന പോലെ വളര്‍ന്നതിന്റെ ദുരന്താണ് അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്നതും.

അടിമുടി ഉഡായിപ്പ് ബിസിനസുകള്‍

പക്ഷേ ബേബി ചെമ്മണ്ണുര്‍ വിമര്‍ശിക്കപ്പെടേണ്ടത് ഇതിലൊന്നുമല്ല. അടിമുടി ഉഡായിപ്പകളാണ് അയാളുടെ ബിസിനസുകള്‍ എന്നാണ് ജോയ് കൈതാരത്തെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും കൈതാരം പരാതിപ്പെട്ടിരുന്നു. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച കഴിഞ്ഞു മടങ്ങവെ, മഹീന്ദ്ര കാറില്‍ പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ബോബി ചെമ്മണ്ണൂര്‍ എന്ന സ്വര്‍ണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികള്‍ക്കെതിരെ അധികാരകേന്ദ്രങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതില്‍ തന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് പരാതിയില്‍ പറയുന്നത്. തൃശൂര്‍ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്‌സിജന്‍ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇ ഡി അടക്കമുള്ളവരുടെ അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും, തങ്ങളുടെത് എല്ലാം പെര്‍ഫെക്ട് ആണെന്നുമാണ് ബോ ചെ ഫാന്‍സ് പറയുന്നത്.

നിരവധി പരാതികള്‍ ബോബിക്കെതിരെ വന്നിട്ടുണ്ട്. 'സ്വര്‍ണ്ണച്ചിട്ടി'യുടെ മറവില്‍ പിരിച്ചെടുക്കുന്ന കോടികളാണ് ബോബിയുടെ മുഖ്യ വരുമാനമെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഒട്ടനവധി ബ്രാഞ്ചുകള്‍ തുറക്കാനും ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്റ് ഫിനാന്‍സ് എന്ന സ്ഥാപനം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കാനും കോടി കണക്കിന് രൂപയുടെ ആസ്തി എങ്ങനെയുണ്ടായിയെന്ന കാര്യത്തില്‍ പരാതിക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു. ചെമ്മണ്ണൂര്‍ ജ്വല്ലറി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ 2014 മുതല്‍ കേരളം ഭരിച്ച ഇടത് വലത് സര്‍ക്കാരുകള്‍ മുക്കുകയായിരുന്നുവെന്നാണ്, കോണ്‍ഗ്രസ് നേതാവു കൂടിയായ അഡ്വ നിയാസ് ഭാരതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

വി എസ് അച്യുതാനന്ദന്‍ മാത്രമാണ്, ബോബി ചെമ്മണ്ണൂരിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ട ഏക നേതാവ്. 2015 നവംബറില്‍ 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തുകയാണ് ബോബി ചെമ്മണ്ണൂര്‍ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ഉടന്‍ ലൈവ് സംപ്രേഷണം നിര്‍ത്തുകയാണ് ചാനലുകള്‍ ചെയ്തത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ബോബി ചെമ്മണ്ണൂര്‍ ജുവലറികള്‍ എല്ലാം തന്നെ നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിഎസ് പറഞ്ഞത്.




തീര്‍ത്തും നിയമ വിരുദ്ധവും 1934-ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായിട്ടാണ് ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത് നിക്ഷേപം വാങ്ങുന്നത് എന്നും ചൂണ്ടി കാട്ടി 2017-ല്‍ വി.എസ് അച്യുതാനന്ദന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. പിണറായി ഭരിക്കുന്ന അക്കാലത്ത് വിഎസ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനാണ്. എന്നിട്ടും പരാതി വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ല. ചെമ്മണ്ണൂര്‍ ജ്വല്ലറി എന്ന നിയമ വിരുദ്ധമായി പരസ്യം നല്കി പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ് എന്ന് വി.എസ് അച്യുതാനന്ദന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നിക്ഷേപം ജനങ്ങളില്‍ നിന്നും വാങ്ങുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞുള്ള നിരക്കില്‍ ഭാവിയില്‍ സ്വര്‍ണ്ണം നല്‍കാം എന്നാണ് വാഗ്ദാനം. അതായത് ഈ വര്‍ഷത്തെ വിലയ്ക്ക് സ്വര്‍ണ്ണം നല്‍കാന്‍ ഒരു വര്‍ഷംമുമ്പ് ജനങ്ങളില്‍ നിന്നും പണം വാങ്ങുന്നു. മാസ തവണകള്‍ ലംഘിക്കുന്നവര്‍ക്ക് ഇതും നഷ്ടപെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ഒരുപാട് പേര്‍ പറ്റിക്കെപ്പെട്ടിട്ടുണ്ടെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

2017ല്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ഇങ്ങനെ പറയുന്നു-'പതിനാറിലധികം സ്ഥാപനങ്ങള്‍ ചെമ്മണ്ണൂരിന്റെ പേരില്‍ നിക്ഷേപം അനധികൃതമായി സ്വീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോള്‍ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതല്‍ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സര്‍ക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോള്‍ സെബിക്ക് എന്റെ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

രേഖകള്‍ ആവശ്യപ്പെട്ട എനിക്ക് രേഖകള്‍ നല്‍കാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ മുന്‍കയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങള്‍ക്കുണ്ടായ നഷ്ടം അവരില്‍നിന്ന് ഈടാക്കുകയും വേണം. മാധ്യമങ്ങളോടും എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങള്‍ക്ക് വശംവദരായി വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നല്‍കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം''- വിഎസ് ചൂണ്ടിക്കാട്ടി.




എന്നിട്ടും ഒരാള്‍ക്കും ബോ ചേയുടെ രോമത്തെപ്പോലും തൊടാന്‍ ആയിട്ടില്ല. അവിടെയാണ് ഹണി റോസ് എന്ന നടിയുടെ പ്രസക്തി. ആത്മാഭിമാനമുള്ള ഒരുത്തി വട്ടത്തില്‍ നിന്നാല്‍ ജയിലിലേക്കുള്ള വഴിയായി എന്ന് ഈ വൈകിയ വേളയിലെങ്കിലും ബോ ചേ തിരിച്ചറിയണം.

വാല്‍ക്കഷ്ണം: സൈബര്‍ ആഭാസന്‍മാര്‍ക്ക് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണ് ഹണിയുടെ പരാതിയിലെ പൊലീസ് നടപടി. കുറച്ചെണ്ണത്തിനെ സ്റ്റേഷന്‍ കയറ്റിയപ്പോള്‍ സകലതും വിരണ്ട മട്ടാണ്. ഇപ്പോള്‍ ഒറ്റയെണ്ണത്തിനെ ചിത്രത്തില്‍ കാണാനില്ല. ആ അര്‍ത്ഥത്തിലാണ് നടി ഹണി റോസ് ചരിത്രമാവുന്നത്.

Tags:    

Similar News