കിണറുകളിലും പ്രസാദങ്ങളിലും കലര്‍ത്താനിരുന്നത് റിസന്‍ എന്ന ജൈവായുധം; ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്കിലുടെ തീവ്രവാദം; ഇനി വൈറ്റ് കോളര്‍ ഭീകരതയുടെ കാലം; ഡല്‍ഹിയിലേത് ലക്ഷ്യമിട്ടതിന്റെ എത്രയോ ചെറുത്; ഇന്ത്യ രക്ഷപ്പെട്ടത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട വിഷ പ്രയോഗത്തില്‍ നിന്നോ?
വെള്ളക്കോളര്‍ ഭീകരവാദം! 2001 സെപ്റ്റമ്പര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട പേരായിരുന്നു അത്. പഴയതുപോലെ വാടകക്കൊലയാളികളോ, സമൂഹത്തിലെ താഴെ തട്ടില്‍നില്‍ക്കുന്ന ആളുകളൊ ഒന്നുമായിരുന്നില്ല, അമേരിക്കയെ നടുക്കിയ ആ ഭീകരാക്രമണത്തിന് പിന്നെ സൂത്രധാരര്‍. പകരം അവരെല്ലാം ഒന്നാന്തരം സാമ്പത്തിക ശേഷിയുള്ളവരായിന്നു. ഡോക്ടര്‍മാരും, ഐടി പ്രൊഫഷണല്‍സും, എഞ്ചിനീയര്‍മ്മാരുമൊക്കെയുണ്ട്, ഈ ഭീകരതയുടെ നെറ്റ് വര്‍ക്കില്‍. പഴയതുപോലെ തോക്കുപയോഗിച്ച തീവ്രവാദമല്ല, പകരം സാമ്പത്തിക- സാമൂഹിക മാര്‍ഗങ്ങളിലൂടെയുള്ള അതിനൂതനമായ പദ്ധതിയാണ് അവര്‍ ആവിഷ്‌ക്കരിക്കുന്നത്. അതാണ് വൈറ്റ്കോളര്‍ ടെററിസം.
ലോകത്ത് വൈറ്റ്കോളര്‍ ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായി മാറാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നമ്മുടെ ചാരസംഘടനയായ റോയും എന്‍ഐഎയും ഈ നെറ്റ്വര്‍ക്ക് പൊളിക്കാന്‍ പരാമവധി ശ്രമിച്ചതുമാണ്. പക്ഷേ പാക്കിസ്ഥാന്‍ മുതല്‍ ഖത്തര്‍വരെ നീണ്ടുകിടക്കുന്ന വലിയൊരു സാമ്പത്തിക നെറ്റ്വര്‍ക്കിന്റെ ഭാഗമായി വരുന്ന, ഈ റാക്കറ്റ് നിലനിന്നു. ഇപ്പോള്‍ രാജ്യതലസ്ഥാനായ ന്യുഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുകയും 40ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ശരിക്കും വൈററ്റ്കോളര്‍ ടെററിസത്തിന്റെ ഒരു സാമ്പിള്‍ മാത്രമാണ് ഡല്‍ഹി സ്ഫോടനം. കൃത്യമായ ഇടപെടലിലുടെ അതിലും വലുത് തടയാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞുവെന്നതാണ് യഥാര്‍ത്ഥ്യം.
ഭീകര ഭിഷഗ്വരുടെ നെറ്റ് വര്‍ക്ക് !
ഐസിസും ജെയ്ഷെ മുഹമ്മദും അടക്കമുള്ള ഇസ്ലാമിക ഭീകര സംഘടനകള്‍, ഡോക്ടര്‍മാര്‍ അടക്കമുള്ളവരെവെച്ച് ഉണ്ടാക്കിയ ടെലിഗ്രാം നെറ്റ്വര്‍ക്കിലേക്കാണ്, ഡല്‍ഹി സ്ഫോടനത്തിന്റെ ആസൂത്രണം നീങ്ങുന്നത് എന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. ഇന്ദ്രപ്രസ്ഥത്തെ നടുക്കിയ സ്ഫോടനത്തില്‍ കാര്‍ ഓടിച്ചതായി കരുതുന്ന ഡോ. ഉമര്‍ മുഹമ്മദ് ചാവേറായി കൊല്ലപ്പെട്ടതായിാണ്, റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുകയാണ്. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നടന്ന വന്‍ സ്ഫോടകവസ്തു വേട്ടയാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനകള്‍.
വൈറ്റ് കോളര്‍ ഭീകരതയെക്കുറിച്ചുള്ള നെറ്റ്വര്‍ക്കിനെപ്പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയിലാണ്, മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേരെ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളുമാണ് ഫരീദാബാദില്‍നിന്ന് കണ്ടെത്തിയത്. ജമ്മു കശ്മീരിലെ നൗഗാമില്‍ ഒക്ടോബര്‍ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് നിയന്ത്രിക്കുന്ന 'വൈറ്റ് കോളര്‍ ഭീകര ശൃംഖല'യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നത്.
ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചെന്നും പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സ്‌ഫോടനം ഉണ്ടായത്. ഫരീദാബാദില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷക്കീല്‍, ഡോ.ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. മുസ്സമ്മില്‍ ഷക്കീല്‍ എന്നിവരാണ് പിടിയിലായ ഡോക്ടര്‍മാര്‍. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.ഉമറിനെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷയില്ലെന്ന് അറിഞ്ഞതോടെ അയാള്‍ സ്വയം ചാവേറാവുകയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹിന്ദുസ്ഥാന്‍ ടൈസും എഴുതുന്നു. സ്‌ഫോടനം നടന്ന ഐ20 കാറില്‍ മുഖത്ത് മാസ്‌കും കടുംനീല നിറത്തിലുള്ള ടീഷര്‍ട്ടും ധരിച്ച് ഇരുന്നയാള്‍ ഉമറാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുറത്തുവന്ന ദൃശ്യങ്ങളില്‍ കാറിനകത്ത് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിങ്കള്‍ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗെയ്റ്റിന് സമീപം സുഭാഷ്മാര്‍ഗ് ട്രാഫിക് സിഗ്നലിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നിട്ടുണ്ട്.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമര്‍ അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. സഹ ഡോക്ടര്‍മാരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമര്‍ ഫരീദാബാദില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചനകള്‍.
റിസന്‍ എന്ന ഭീകര ജൈവായുധം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യന്‍ സുരക്ഷാസേന ശരിക്കും തിരച്ചിലോട് തിരിച്ചിലായിരുന്നു. എന്തോ സംഭവിക്കാന്‍ പോവുന്നുവെന്നതിന്റെ സൂചനകള്‍ അവര്‍ക്കുണ്ടായിരുന്നുവെന്ന് വ്യക്തം. ദിവസങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ അഹമ്മദ് മൊഹിയുദ്ദീന്‍ (35) സെയ്ദ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്ന് നാലു കിലോയോളം റിസന്‍ എന്ന ജൈവായുധം പിടിച്ചെടുത്തു. അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിന്‍. ചൈനയില്‍ നിന്നാണ് ഇയാള്‍ മെഡിക്കല്‍ ബിരുദം നേടിയത്.
റിസിന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ്. രുചിയില്ലാത്തതും, വാസനയില്ലാത്തതുമായ ഇതിനെ ഭക്ഷണത്തിലോ വെള്ളത്തിലോ കലര്‍ത്തിയാലും ആരും തിരിച്ചറിയാന്‍ കഴിയില്ല. ഈ ജൈവായുധം ഏതെങ്കിലും തരത്തില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവര്‍ ഇഞ്ചിഞ്ചായി മരിക്കും. ശരീരത്തിന്റെ പ്രോട്ടീന്‍ നഷ്ടപ്പെട്ട് ആന്തരീകവയവങ്ങള്‍ പതുക്കെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആവണക്കെണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷം ലഭിക്കുന്ന മാലിന്യത്തില്‍ നിന്നാണ് റിസിന്‍ ശേഖരിക്കുന്നത്.ഡോ. അഹമ്മദ് മൊഹിയുദ്ധീന്‍ തന്റെ മെഡിക്കല്‍ അറിവ് ഉപയോഗിച്ച് ഏറെ നാളായി റിസിന്‍ ശേഖരിക്കയായിരുന്നു.
ഇവര്‍ ടെലഗ്രാം വഴി ഐഎസ്ഐഎസ് ഭീകരസംഘടനയിലെ ഹാന്‍ഡ്ലര്‍മാരുമായി ബന്ധത്തിലായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഹാന്‍ഡ്ലര്‍മാര്‍ ഡ്രോണ്‍ വഴി അവര്‍ക്കായി ആയുധങ്ങള്‍ നല്‍കിയിരുന്നതായും കണ്ടെത്തി. പ്രതികളില്‍നിന്ന് മൂന്ന് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സഹായികളായ യുപി സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തയ്യല്‍ക്കാരനായ ആസാദ് സുലൈമാന്‍ ഷെയ്ഖ് (20), കോളജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സുഹെല്‍ (23) എന്നിവരെയാണ് പിടികൂടിയത്. അഫ്ഗാന്‍ സ്വദേശിയായ അബു ഖദീജയാണ് ജൈവായുധം ഡ്രോണ്‍ വഴി എത്തിക്കാന്‍ സഹായിച്ചത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൈവായുധം ഉപയോഗിച്ച് ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എഎസുമായി ചേര്‍ന്ന് രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനും സംഘം പദ്ധതിയിട്ടിരുന്നെന്ന് എടിഎസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) സുനില്‍ ജോഷി സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു ആ വിവരങ്ങള്‍.
പ്രസാദത്തിലും വിഷംകലര്‍ത്തും!
ഈ വിഷം ഉപയോഗിച്ച്, ഡല്‍ഹി, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളില്‍ വെള്ളത്തിലും ഭാവിയില്‍ ക്ഷേത്രപ്രസാദത്തിലും കലര്‍ത്തി, ലോകത്തിലെ ഏറ്റവും വലിയ കൂട്ടവിഷപ്രയോഗങ്ങളിലൊന്ന് നടത്താനാണ് പദ്ധതിയിട്ടിരുന്നത് എന്നതാണ് പ്രാഥമിക അന്വോഷണത്തില്‍ വ്യക്തമാകുന്നത് എന്നാണ് ഇന്ത്യാടുഡെയും, ഇന്ത്യന്‍ എക്പ്രസുമടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്ഭീകരരടക്കം, പരമ്പരാഗത ബോംബാക്രമണം അടക്കമുള്ള ആക്രമണരീതികളില്‍നിന്ന് മാറി പരോക്ഷമായ ഭീകരപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന് നേരത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു.
ഗുജറാത്തില്‍നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. ഐസിസ്, ബോംബധിഷ്ഠിത കൈനറ്റിക് ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ജൈവ-രാസ, മാനസിക ഭീകരവാദത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിരവധി രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കുക, സര്‍ക്കാരില്‍ അവിശ്വാസമുണ്ടാക്കുക, വര്‍ഗീയ വികാരങ്ങളെ മുതലെടുക്കുക എന്നിവയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാനസിക ഭീകരവാദത്തിന്റെ കൂടി ഭാഗമായിരിക്കാം, ഇന്ത്യന്‍ തലസ്ഥാന ആക്രമണം. ഭീകരതയിലേക്ക് കൃത്യമായ ജിഹാദി നെറ്റ്വര്‍ക്കിലുടെയാണ് പ്രവേശനം കിട്ടുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ഇത്തരം താല്‍പ്പര്യമുള്ളവരെ നോട്ടമിട്ട്, സൗഹൃദം ഉപയോഗപ്പെടുത്തി വലയിലാക്കുകയാണ് രീതി. പിന്നെ ഇവരുടെ കമ്യുണിക്കേഷന്‍ നടക്കുന്നത് ടെലിഗ്രാം വഴിയാണ്.
ഓപ്പറേഷന്‍ സിന്ദൂരിന് പ്രതികാരം ചെയ്യുമെന്ന് ജെയ്‌ഷേ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച വനിതകള്‍ക്കായി പ്രത്യേക പരിശീലനം തുടങ്ങിയപ്പോഴും, ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതും, ഇന്ത്യയെക്കുറിച്ച് തന്നെ. കൂടാതെ ഐഎസ്‌ഐഎസ് തൊട്ട് അല്‍ഖായിദ വരെയുള്ള ചെറുതും വലുതമായ ഭീകരസംഘടനകളുടെ ഭീഷണിയും ഇന്ത്യക്ക് അവസാനിച്ചിട്ടില്ല. കാശ്മീരിലെ സമാധാനം ഒട്ടും ഇഷ്ടപ്പെടാത്ത ലഷ്‌ക്കര്‍ ഇ ത്വയിബയും തക്കം പാര്‍ത്തിരിക്കയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനില്‍ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ട്.
പഴയതുപോലെ കരുത്തില്ലെങ്കിലും ജെയ്‌ഷെയും തലവന്‍ മസുദ് അസ്ഹറും താലോലിക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്. അതാണ് ഓപ്പറേഷന്‍ സിന്ദുറിന് തിരിച്ചടി നല്‍കു എന്നത്. ഇന്ത്യന്‍ സൈന്യമാണ് ഇപ്പോഴും അവരുടെ ഏറ്റവും വലിയ ശത്രു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് അക്ഷരാര്‍ത്ഥത്തില്‍ ജെയ്‌ഷെയൂടെയും മസൂദിന്റെയും ചിറകരിഞ്ഞത്. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവല്‍പൂരില്‍ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരടക്കം പത്തുബന്ധുക്കളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു. ഈ സഹായികളാണ്, പ്രമേഹരോഗിയായ അസ്ഹറിന്റെ ഊന്നുവടികളെന്നും അറിയപ്പെട്ടിരുന്നത്. ഭാഗ്യത്തിനാണ് മസൂദ് രക്ഷപ്പെട്ടതാണ്. സാധാരണ അവിടേ ഉണ്ടാവേണ്ട അയാള്‍, അന്ന് മറ്റൊരിടത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിനുള്ള പ്രതികാരമാണോ ഡല്‍ഹി സ്‌ഫോടനം എന്നൊക്കെ ഇനിയുള്ള അന്വേഷണത്തില്‍ മാത്രമേ വെളിപ്പെടൂ. പക്ഷേ പാക്കിസ്ഥാന്‍ ബന്ധം എന്നത് 'ചത്തത് കീചനകനെങ്കില്‍ കൊന്നത് ഭീമന്‍' എന്ന പഴമൊഴിയല്ല.
ഇനി സാമ്പത്തിക ജിഹാദ്
പാക്കിസ്ഥാനില്‍ ആസ്ഥാനമായിട്ടുള്ള ലഷ്‌ക്കര്‍ ഈ ത്വയിബ, ജെയ്ഷേ മുഹമ്മദ്, ഹിസ്ബ്-ഉല്‍-മുജാഹിദീന്‍, ഹാക്കാനി നെറ്റ്വര്‍ക്ക് തുടങ്ങിയ സംഘങ്ങള്‍, ഫണ്ട് ശേഖരണം, ഹവാല, വ്യാജ എന്‍ജിഒകള്‍, ചാരിറ്റികള്‍ മുതലായ വഴികളിലൂടെ ഇന്ത്യയിലേക്ക് പണം എത്തിച്ചതായി ഫൈനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് അടക്കം നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പണം നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും, ചിലപ്പോള്‍ വിപണികള്‍ അസ്ഥിരമാക്കുന്നതിനും, പിലപ്പോള്‍ ഡിജിറ്റല്‍ ഫിനാന്‍സ് സംവിധാനങ്ങള്‍ തകര്‍ക്കുന്നതിനും ഉപയോഗിക്കപ്പെടാറുണ്ട്. ഹവാല വഴി പണം അയക്കുന്ന രഹസ്യ വിനിമയ നെറ്റ് വര്‍ക്കുകള്‍ ഇവര്‍ക്കുണ്ട്. ഫൈനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 'വെള്ളക്കോളര്‍ രൂപത്തിലുള്ള ഭീകര ഫണ്ടിംഗ്' ഏറെ ശ്രദ്ധിക്കണമെന്ന് എടുത്തു പറയുന്നുണ്ട്.
ഇനി അങ്ങോട്ട് ഇന്ത്യ നേരിടാന്‍ പോവുന്ന ഒരു പ്രശ്നം വൈറ്റ്കോളര്‍ ഭീകരര്‍ ഉണ്ടാക്കുന്ന സാമ്പത്തിക യുദ്ധവും കൂടിയായിരിക്കും. ചില പാക്കിസ്ഥാന്‍ ബന്ധമുള്ള ഷെല്‍ കമ്പനികള്‍, വ്യാജ ഇ-കൊമേഴ്സ് ഇടപാടുകള്‍, കള്ള നിക്ഷേപങ്ങള്‍ എന്നിവയിലൂടെ പണം ഭീകര സംഘടനകളിലേക്കോ അതുമായി ബന്ധമുള്ള വ്യക്തികളിലേക്കോ ഒഴുകിയിട്ടുണ്ടെന്ന്, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില സൈബര്‍ ഫിഷിംഗ്ക്രിപ്‌റ്റോ തട്ടിപ്പുകള്‍ വഴി പണം വിദേശ അക്കൗണ്ടുകളിലേക്ക് പോകുന്ന കേസുകളില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത്, പാക്കിസ്ഥാനിലെ ഹാക്കര്‍ ഗ്രൂപ്പുകളും അതിനോട് ബന്ധമുള്ള പ്രോക്സി സംഘങ്ങളുമാണ്.
ഇതെല്ലാം കാരണം എഫ്ടിഎഫ്എ എന്ന ഫൈനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് പാക്കിസ്ഥാനെതിരെ നിരവധി തവണ നടപടി എടുത്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘങ്ങള്‍ ഇന്ത്യക്കെതിരെ നേരിട്ടുള്ള ആയുധയുദ്ധം മാത്രമല്ല, സാമ്പത്തിക സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ വെള്ളക്കോളര്‍ രീതികളിലും ഇടപെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും അന്താരാഷ്ട്ര നിരീക്ഷണ സ്ഥാപനങ്ങളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാമ്പത്തികമായി പാപ്പരായതോടെ പാക്കിസ്ഥാന്‍ വല്ലാതെ ഭീകരയെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.
പക്ഷേ പാക്കിസ്ഥാനില്‍ സൈനിക മേധാവി അസീം മുനീര്‍ കരുത്തനായതോടെ കാര്യങ്ങള്‍ മാറിമറിയുകയാണ്. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഭീകരതക്കുള്ള രഹസ്യഫണ്ട് പുനരാംഭിച്ചുവെന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഈ രാജ്യത്ത്, വെറും റബ്ബര്‍ സ്റ്റാമ്പ് ആണെന്നും കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് സൈനിക മേധാവിയായ അസീം മുനീറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ അസീം മുനീറാണ് ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ വീണ്ടും തലയുയര്‍ത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് പറയുന്നത്.
സിയാ ഉള്‍ഹഖിന്റെ കാലംമുതല്‍, പാക്കിസ്ഥാന് ഭീകരതക്ക് ബജറ്റ് ഉണ്ട് എന്നാണ് പറയുക. അതാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐക്കുള്ള ഫണ്ട്. ഇത് ഓഡിറ്റില്‍പോലും വരില്ല. ശതകോടികള്‍ അങ്ങ് പാസാക്കിക്കൊടുക്കയാണ്. ഈ പണമാണ് ജെയ്ഷയിലേക്ക് എത്തിയിരുന്നത്. പാക്കിസ്ഥാന്‍ സാമ്പത്തികമായി പാപ്പരായതോടെ ഈ പണി നിര്‍ത്തിയതാണ്. പക്ഷേ അസീം മുനീര്‍ വിട്ടില്ല എന്നാണ്, ഇതുസംബന്ധിച്ച് വിശദമായി പഠിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. ജനം പട്ടിണി കിടന്നാലും ഭീകരതക്കുള്ള ഫണ്ട് കുറക്കാന്‍ കഴിയില്ല എന്നാണ് അസീമിന്റെ നിലപാട്. ഇതോടൊപ്പം ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന പരമ്പരാഗത സാമ്പത്തിക ശൃംഖലയുമുണ്ട്. അത് തകര്‍ക്കാന്‍ ആയിരിക്കണം ഇനി ഇന്ത്യന്‍ എജന്‍സികളുടെ പ്രയ്തനം.
വാല്‍ക്കഷ്ണം: സത്യത്തില്‍, ഭീകരര്‍ നടപ്പാക്കാന്‍ ആഗ്രഹിച്ചതിന്റെ എത്രയോ ചെറിയ രൂപം മാത്രമാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്. അതിന് ഭീകരവിരുദ്ധ ഏജന്‍സികള്‍ക്ക് നാം നന്ദി പറയണം. ഒരു ഗോള്‍ കീപ്പറുടേതുപോലെയാണ് നമ്മുടെ സുരക്ഷാ ഏജന്‍സികള്‍. എത്ര ഗോളുകള്‍ തടഞ്ഞാലും ആരും ശ്രദ്ധിക്കില്ല. അവര്‍ ഒരു ഗോള്‍ വഴങ്ങിയാല്‍ കളിമാറും. ആകെ വിവാദമാവും. അതുപോലെ ഡല്‍ഹി സ്ഫോടനം ഒരു സുരക്ഷാ വീഴ്ച്ചയായി കാണാന്‍ കഴിയില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ നമ്മുടെ ഏജന്‍സികള്‍ നുറുകണക്കിന് ഭീകാരാക്രമണ പദ്ധതികളാണ് തകര്‍ത്തത്. ഇത് മനസ്സിലാക്കുന്നതിന് പകരം ഒരു സംഭവം ഉണ്ടാവുമ്പോഴേക്കും, സുരക്ഷാവീഴ്ച എന്നുപറയുന്നത് അറിവില്ലായ്മയാണ്.
