19 മില്യണ്‍ കമന്റുകള്‍ കിട്ടി യുട്യൂബില്‍ റെക്കോഡിട്ട ഗായകന്‍; കൂലിപ്പണിക്കാരനായി തുടക്കം; മദ്യവും മയക്കുമരുന്നുമില്ലാത്ത ജീവിതം; ധ്യാനവും പ്യുവര്‍ വെജിറ്റേറിയന്‍ ജീവിതവുമായി ആരാധക കൂട്ടായ്മ; എന്നിട്ടും പ്രവാചകനിന്ദാകുറ്റത്തിന് റാപ്പര്‍ ടാറ്റലൂവിന് വധശിക്ഷ; ഇറാനിലെ സംഗീതവേട്ടയ്ക്ക് പിന്നിലെന്ത്?

ഇറാനിലെ സംഗീതവേട്ടയ്ക്ക് പിന്നിലെന്ത്?

Update: 2025-01-23 09:50 GMT

സംഗീതം ലോകത്ത് യാതൊരു ഉപകാരവുമില്ലാത്ത സാധനമാണെന്നും, നൃത്തം പച്ച വ്യഭിചാരമാണെന്നൊക്കെ, മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍, ഇങ്ങ് കേരളത്തിലിരിക്കുന്ന നമുക്ക് ചിരിയാണ് വരിക. പക്ഷേ സംഗീതം അപകടകാരിയായ രാജ്യങ്ങള്‍ ലോകത്ത് ഒരുപാട് ഉണ്ട്. അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്റെ പ്രധാന പരിപാടികളിലൊന്ന് സംഗീത ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിക്കുക എന്നതും, സംഗീതജ്ഞരെ തല്ലിക്കൊല്ലുക എന്നതുമാണ്. ഇസ്ലാം നിഷിദ്ധമാക്കിയതാണ് സംഗീതം എന്നാണ് ഇവര്‍ പറയുക. താലിബാന്‍ മാത്രമല്ല, ഐസിസും, ബോക്കോഹറാമും അല്‍ഖായിദയും അടക്കമുള്ള ഇസ്ലാമിക ഭീകരരെല്ലാം സംഗീത വിരോധികള്‍ കൂടിയാണ്!

എന്നാല്‍, ഒരുകാലത്ത് മിഡില്‍ ഈസ്റ്റിന്റെ കള്‍ച്ചറല്‍ ക്യാപിറ്റലായിരുന്നു ഇറാനില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അവിടെ സിനിമയും, സാഹിത്യവും, സംഗീതവുമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊക്കെ നാം എത്രയോ മികച്ച ഇറാന്‍ സിനിമകള്‍ കണ്ടു. പക്ഷേ അപ്പോഴും നമ്മള്‍ അറിയാത്ത കാര്യം, ഇറാന്‍ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ കടുത്ത സ്‌ക്രൂട്ടിനിക്ക് ഇടയിലാണ്, ഈ ചലച്ചിത്രങ്ങളൊക്കെ പുറത്ത് വന്നത് എന്നാണ്.

പക്ഷേ ഹിജാബ് പ്രക്ഷോഭത്തിനുശേഷം ഇറാന്‍ കൂടുതല്‍ മതമൗലികവത്ക്കരിക്കപ്പെടുകയാണ്. അവര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനുവേണ്ടി പാടുന്ന സംഗീതജ്ഞരെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇറാന്‍ മൂന്ന് റാപ്പര്‍മാര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടാറ്റലൂ എന്ന പേരില്‍ അറിയപ്പെടുന്ന, അമീര്‍ ഹുസൈന്‍ മഗ്‌സൗദ്‌ലൂ എന്ന 37 കാരന്‍. ലോകം മുഴവന്‍ ആരാധകരുള്ള, യൂട്യൂബിന്റെ കമന്റ് റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത, ഈ അസാമാന്യ പ്രതിഭയെ പ്രവാചകനിന്ദാകുറ്റം ചുമത്തി ഇറാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരിക്കയാണ്. എറ്റവും വിചിത്രം 5 വര്‍ഷത്തെ കീഴ്കോടതി ശിക്ഷയുടെ അപ്പീലിലാണ്, സുപ്രീം കോടതി ശിക്ഷ വധശിക്ഷയാക്കി വര്‍ധിപ്പിച്ചത് എന്നാണ്!

ദേഹമാസകലം പച്ചകുത്തിയ, ( അതും ഒരു കുറ്റമായാണ് ഇറാന്‍ കോടതി കണ്ടെത്തിയത്) വേദിക്ക് തീപ്പിടിപ്പിക്കുന്നതുപോലെ ഗാനം ആലപിക്കാന്‍ കഴിയുന്ന ഈ റാപ്പര്‍, ഇറാനിലെ യുവതലമുറയുടെ രാഷ്ട്രീയ-സാമൂഹികകാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തുറന്ന് സംസാരിക്കാറുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ ആദ്യത്തെ റാപ്പ് ഗായകരില്‍ ഒരാള്‍ കൂടിയായ, ഇദ്ദേഹത്തെ ഇന്ന് കൊലക്കയറിന് മുമ്പില്‍ എത്തിച്ചതിന്റെ അടിസ്ഥാന കാരണം, മറ്റൊന്നുമല്ല. അയാള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നു, സമത്വത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നതാണ്. ടാറ്റലുവിന്റെ മോചനത്തിനായി, ശക്തമായ കാമ്പയിനാണ് ഇപ്പോള്‍ ലോകമെമ്പാടുനിന്നും ഉയര്‍ന്ന് വരുന്നത്.




മരപ്പണിക്കാരനില്‍ നിന്ന് റാപ്പിസ്റ്റിലേക്ക്

ഇറാന്‍ തലസ്ഥാനമായ, ടെഹ്‌റാനിലെ മജിദിയിലാണ് അമീര്‍ ഹുസൈന്‍ മഗ്‌സൗദ്‌ലൂ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇറാനിയന്‍ അസര്‍ബൈജാനികളാണ്. നാല് സഹോദരങ്ങളുണ്ട്. പിതാവിന്റെ ജോലി കാരണം, അമീറിന്റെ പ്രാഥമിക സ്‌കൂള്‍ വര്‍ഷങ്ങള്‍ അസര്‍ബൈജാനില്‍ ആയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ടെഹ്‌റാനിലേക്ക് മടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഒരേസമയം ജോലി ചെയ്യാനും പഠിക്കാനും തീരുമാനിച്ചു. 14 വയസ്സുമുതല്‍ മുതല്‍ 16 വരെ അദ്ദേഹം ഒരു മരപ്പണിശാലയിലും 16 മുതല്‍ 18 വരെ പലചരക്ക് കടയിലും ജോലി ചെയ്തു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സംഗീതം പിന്തുടരാന്‍ തുടങ്ങി. പേര്‍ഷ്യന്‍ റാപ്പിന്റെ തുടക്കക്കാരുടെ അതേ സമയത്താണ് അദ്ദേഹത്തിന്റെ കരിയറും ആരംഭിച്ചത്.

2003-ല്‍ തന്റെ ബ്ലോഗില്‍ പാട്ടുകള്‍ പുറത്തിറക്കിയാണ് ടാറ്റലൂ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ഇറാനില്‍ പൊതുപരിപാടികള്‍ അനുവദിക്കുന്നതിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതിവേണം. പക്ഷേ ടാറ്റലുവിന് അതില്ലായ്ിരുന്നു. ഇസ്ലാമിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും അദ്ദേഹം അനുസരിച്ചില്ല. വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ റാപ്പുകള്‍ ട്രെന്‍ഡിങ്ങ് ആവാന്‍ തുടങ്ങി. ആദ്യ ആല്‍ബമായ സൈര്‍ ഹംകാഫ് 2011- ല്‍ പുറത്തിറങ്ങി. അതിനുശേഷം 21 ആല്‍ബങ്ങള്‍. 2021-ല്‍ അമീര്‍ ടാറ്റലൂ യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന്റെ ഫെരെഷ്തെ എന്ന ആല്‍ബം പുറത്തിറക്കി. യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പുമായി സഹകരിക്കുന്ന ആദ്യത്തെ ഇറാനിയന്‍ ആണ് അദ്ദേഹം. അതായിരുന്നു അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ആയത്.

ടൈം മാഗസിന്‍ 'ജനലക്ഷങ്ങള്‍ ആരാധകരുള്ള റാപ്പര്‍ ' എന്നും റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി എന്നവ ഇറാനിലെ യുവാക്കള്‍ക്കിടയില്‍ 'ശക്തമായ ആരാധകവൃന്ദം' ഉള്ള ഒരു കലാകാരന്‍ എന്നും വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ സംഗീത ശൈലിയെ 'പോപ്പ്, റാപ്പ്, ആര്‍ ആന്‍ഡ് ബി എന്നിവയുടെ ജനപ്രിയ മിന്നുന്ന മിശ്രിതം' എന്ന് വിശേഷിപ്പിക്കപ്പെട്ടു. 2014 ഫിഫ ലോകകപ്പില്‍ ഇറാനിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന് വേണ്ടി അദ്ദേഹം 'മനം യെകി അസ് ഉന്‍ യസ്ദഹ്തം' (ഞാനും ആ പതിനൊന്ന് കളിക്കാരില്‍ ഒരാളാണ്) എന്ന സിംഗിള്‍ പുറത്തിറക്കി .

2015 ജൂലൈയില്‍ വിയന്നയില്‍ നടന്ന ആണവ ചര്‍ച്ചയ്ക്കിടെ, ഇറാനിയന്‍ ആണവ പദ്ധതിയെ പിന്തുണയ്ക്കുന്ന ഒരു ഗാനമായ എനര്‍ജി ഹസ്റ്റീ എന്ന പേര്‍ഷ്യന്‍ റാപ്പ് അദ്ദേഹം പുറത്തിറക്കി . ഇറാനിയന്‍ നാവികസേനയുടെ കപ്പലായ ദമാവന്ദിലാണ് സംഗീത വീഡിയോ നിര്‍മ്മിച്ചത്. പേര്‍ഷ്യന്‍ ഭാഷയില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ വന്ന ഗാനമായിരുന്നു ഇത്. ഇറാനിയന്‍ പരിഷ്‌കരണവാദികള്‍ക്ക് ഈ ഗാനങ്ങള്‍ വലിയ ഊര്‍ജമായി. 2009- ലെ ഇറാനിയന്‍ പ്രതിഷേധങ്ങളെ പിന്തുണച്ചുകൊണ്ട് മൊഹമ്മദ്രേസ ഷാജരിയന്റെ ഗാനങ്ങളുമായി ഇവ താരതമ്യം ചെയ്യപ്പെട്ടു. അത് ടാറ്റലൂവിനെ നോട്ടപ്പുള്ളിയാക്കി. 2015-ല്‍ അദ്ദേഹം ടെഹ്‌റാന്‍ പീസ് മ്യൂസിയത്തില്‍ പങ്കെടുത്തു, ഷൊഹാദ (രക്തസാക്ഷികള്‍) എന്ന സംഗീത വീഡിയോയ്ക്ക് ഇറാന്‍-ഇറാഖ് യുദ്ധ സേനാനികള്‍ പ്രശംസിച്ചു. മ്യൂസിയത്തിന്റെ സമാധാന അംബാസഡറായാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.



മദ്യവും മയക്കുമരുന്നിമില്ലാത്ത റാപ്പര്‍

സാധാരണ റാപ്പര്‍മാരൊക്കെ ഏറെ പഴികേട്ട ഒരു കാര്യമാണ്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ ഉപയോഗം. പക്ഷേ ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ് ടാറ്റലു. പുറമെ ടാറ്റൂ അടിച്ച ഫ്രീക്കന്‍ ലുക്ക് ഒക്കെയാണെങ്കിലും, അദ്ദേഹം പ്യുവര്‍ വെജിറ്റേറിയനാണ്. സസ്യാഹാര തത്ത്വചിന്തയും ജീവിതശൈലിയും അദ്ദേഹം നപ്രചരിപ്പിക്കുന്നു. മൃഗങ്ങളെ കൊല്ലുകയും തിന്നുകയും ചെയ്യരുതെന്ന് ആരാധകരോട് ടാറ്റലൂ ആവശ്യപ്പെടുന്നു. ഇതുകൊണ്ടാണ് ടാറ്റലുവിന് 'പ്രകൃതിയുടെ മകന്‍' എന്ന വിളിപ്പേര് കിട്ടിയത്. അതുപോലെ ലഹരിക്കെതിരെയും തന്റെ സംഗീതത്തിലുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും അദ്ദേഹം നിരന്തരം പറയുന്നു.

ഈ ഒരു വ്യത്യസ്തമായ ജീവിത ശൈലികൊണ്ട് കുടിയായിരിക്കണം, ഇറാനില്‍നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന് പതിനായിരക്കണക്കിന് ആരാധകര്‍ ഉണ്ടായി. 2012-ല്‍ ടാറ്റലൂ പുറത്തറിക്കിയ ആല്‍ബത്തിന്റെ പേരാണ് ടാറ്റാലിറ്റി. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ പേരും ഇതാണ്. ടാറ്റാലിറ്റികളില്‍ ധ്യാനം ,ആത്മീയ ദിനചര്യകള്‍ , സസ്യാഹാരം എന്നിവയുള്‍പ്പെടെ ടാറ്റലൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ജീവിതശൈലി ആരാധകര്‍ പിന്തുടരുന്നു. ഇപ്പോള്‍ ഇറാനില്‍ ടോറ്റാലിറ്റി കൂട്ടായ്മകള്‍ ഗ്രാമങ്ങളില്‍ പോലുമുണ്ട്. ഒരു പക്ഷേ ഇതൊരു സമാന്തര മതം ആവുമെന്ന ധാരണ ഇറാന്‍ അധികൃതര്‍ക്ക് ഉണ്ടാവാം. അതാണ് അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കാന്‍ കാരണം, എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

അതിനേക്കാള്‍ വലിയ മറ്റൊരു തെറ്റ് ടാറ്റലൂ ചെയ്തത് നിരന്തം സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നതാണ്. 2016-ല്‍, ഇറാനിയന്‍ പോലീസ് ടാറ്റലൂവിനെ അറസ്റ്റ് ചെയ്തതിന്റെ യഥാര്‍ത്ഥകാരണം ഇസ്ലാമിക ഭരണകൂടത്തില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന ജനതക്ക് ടാറ്റുലൂവിന്റെ സംഗീതം പ്രചോദനമാവുമെന്നതായിരുന്നു. പക്ഷേ ഇറാന്‍ ഭരണകൂടം പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് തുടര്‍ന്ന് ഉണ്ടായത്. ടാറ്റലൂവിന്റെ നൂറുകണക്കിന് ആരാധകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ലോക മെമ്പാടുമുള്ള കലാകാരന്‍മ്മാര്‍ അദ്ദേഹത്തിനായി രംഗത്ത എത്തി. അദ്ദേഹത്തെ മോചിപ്പിക്കാനായി, അധികാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ വിവിധ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചു.

എതിരാളികള്‍ ആരോപിക്കുന്നതുപോലെ തീര്‍ത്തും രാജ്യവിരുദ്ധനല്ല അദ്ദേഹം.2015 -ല്‍, ഇറാന്റെ ആണവ പദ്ധതിയെ പിന്തുണച്ച് അദ്ദേഹം ഗാനം ആലപിച്ചത് തന്നെ ഓര്‍ക്കുക. രാഷ്ട്ര വിരുദ്ധമായി അദ്ദേഹം ഒന്നും പറയാറില്ല. തീവ്ര യാഥാസ്ഥിതികവാദിയായ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി 2017 ല്‍ ഇദ്ദേഹം ടെലിവിഷന്‍ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ പറഞ്ഞ ചിലവാക്കുകളും റെയ്സിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതും ടാറ്റലൂവിന്റെ കുഴി തോണ്ടിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.




സോഷ്യല്‍ മീഡിയയിലെ കമന്റ് റെക്കോര്‍ഡ്

2015 കാലഘട്ടം കഴിഞ്ഞതോടെ ടാറ്റലൂ, ആഗോള സെലിബ്രിറ്റിയായി. 2021-ല്‍, ാരം ബീ മാ ബെസാന്‍ എന്ന ഗാനത്തിനുള്ള കമന്റ് 19 മില്യണ്‍ കമന്റുകളില്‍ എത്തിയതോടെ, യുട്യൂബില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ എന്ന റെക്കോര്‍ഡിന് ടാറ്റലൂ ഉടമയായി. 2019 -ല്‍, ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ കമന്റിട്ട പോസ്റ്റിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ടാറ്റലൂ ആരാധകരോട് ആവശ്യപ്പെട്ടു, ആ സമയത്ത് അത് 10 മില്യണ്‍ കമന്റുകളായിരുന്നു. 18 മില്യണ്‍ കമന്റുകളുമായി ആരാധകര്‍ റെക്കോര്‍ഡ് തകര്‍ത്തു! ഇതും ലോകമെമ്പാടും വലിയ ശ്രദ്ധ പിടിച്ചുപറ്റി.

ഇതിനുശേഷം, വിവിധ രാഷ്ട്രീയ വിമര്‍ശകര്‍ ഈ പ്രതിഭാസത്തെക്കുറിച്ചും സമൂഹത്തിലെ സ്വാധീനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. സദേഗ് സിബാകലം, ഇമാദ്ദെദിന്‍ ബാഗി, തുടങ്ങിയ അക്കാദമിക് വിദഗ്ധര്‍ ഈ സംഭവത്തെക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതി. 2020-ല്‍ 6,26,000 കാഴ്ചക്കാരുമായി ലൈവ് ചെയ്തപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് തകര്‍ന്നു. ലോകത്ത് എറ്റവും കൂടുതല്‍പേര്‍ കണ്ട ലൈവില്‍ ഒന്നായിരുന്നു അത്.

പക്ഷേ ഇതോടൊയാണ് ടാറ്റലൂവിനെ പൂട്ടണം എന്ന് ഇറാനിലെ ഇസ്ലാമിക ഭരണകൂടം തീരുമാനിച്ചതും. കാരണം ഇറാന്റെ പരമോന്നത നേതാവ്, ആയത്തുള്ള ഖാംനയിക്കുപോലുമില്ലാത്ത സ്വാധീനമാണ് രാജ്യത്ത് ടാറ്റലൂവിന് ഉള്ളതെന്ന് അവര്‍ തിരിച്ചറിയുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ എഴുതുന്നത്. പ്രചാചകന് എതിരെയോ, രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെിനെതിരെ അദ്ദേഹം ഒന്നും തന്റെ പാട്ടുകളിലൂടെ പറഞ്ഞിരുന്നില്ല. പക്ഷേ സമത്വത്തെക്കുറിച്ച് പറഞ്ഞു, സ്വതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു, വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞു, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞു... ഇതില്‍ അവസാനത്തേതാണ് ടാറ്റലൂവിനെ ശരിക്കും കുടുക്കിയത്. 2016 ലും 2018 ലും ഇറാനില്‍ താമസിക്കുമ്പോള്‍ ടാറ്റലൂയെ അറസ്റ്റ് ചെയ്യുകയും മാസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നാണ് അദ്ദേഹം തുര്‍ക്കിയിലേക്ക് കടന്നത്.

2020 ജനുവരി 28 - ന്, ടാറ്റലൂവിനെ ടര്‍ക്കിഷ് പോലീസ് ഇസ്താംബൂളില്‍ തടഞ്ഞുവച്ചു. വിസ ലംഘനത്തിന്റെ പേരിലായിരുന്നു നടപടി. സാങ്കേതികകാര്യങ്ങള്‍ പെരുപ്പിച്ചുണ്ടാക്കിയ കേസിന് പിന്നില്‍ ഇറാന്‍ ആണെന്ന് വ്യക്തമായിരുന്നു.പക്ഷേ ഫെബ്രുവരി 3-ന് അദ്ദേഹത്തെ വിട്ടയച്ചു. അക്കാലത്ത്, അദ്ദേഹത്തിന്റെ മോചനം ലക്ഷ്യമിട്ട് ഒരു ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പിട്ടത് 50 ലക്ഷംപേര്‍ ആയിരുന്നു! ഇതും ഒരു സര്‍വകാല റെക്കോര്‍ഡായിരുന്നു.




വേശ്യാവൃത്തി പ്രോല്‍സാഹിപ്പിക്കുന്നുവോ?

ഇറാനില്‍ തനിക്കെതിരെ നീക്കം ഉണ്ടെന്ന് മനസ്സിലായതോടെ ദീര്‍ഘകാലം തുര്‍ക്കിയായിരുന്നു ടാറ്റലൂവിന്റെ താമസം. 2018 മുതല്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലായിരുന്നു ഈ പോപ്പ് ഗായകന്‍. അവിടെയും അദ്ദേഹം വന്‍ വിജയമായി. ആല്‍ബങ്ങളും വലിയ കച്ചേരികളുമായി തന്റെ കരിയര്‍ തടുര്‍ന്നു. ഇറാന്റെ പ്രോക്സിയായി പ്രവര്‍ത്തിക്കുന്ന, തുര്‍ക്കിയിലെ ഏര്‍ദോഗാന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരടായിരുന്നു അദ്ദേഹം. തന്നെ പിടിക്കാന്‍ ഭരണകൂടം കാത്തിരിക്കുമ്പോള്‍, അതിന് വഴിവെക്കുന്ന രീതിയിലുള്ള ചില പ്രവര്‍ത്തികള്‍ ടാറ്റാലൂവിന്റെ ഭാഗത്തുനിന്നും ഉണ്ടായി. 2020 മെയ് മാസത്തില്‍, 16 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വിവാഹം കഴിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വെറുതെ പറയുകമാത്രമല്ല, തന്റെ ആരാധകരായ ഇത്തരം പ്രായപുര്‍ത്തിയാവാത്തവര്‍ക്ക്് വേണമെങ്കില്‍ തന്റെ വസതിയില്‍വെച്ച് ഒന്നിച്ച് കഴിയാമെന്നും പറഞ്ഞു. ഈ റാപ്പറെ എങ്ങനെ കുടുക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇറാനും തുര്‍ക്കിക്കും കിട്ടിയ അവസരം ആയിരുന്നു അത്.

ഈ പ്രസ്താവന വളച്ചൊടിച്ച് ഇവര്‍ വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുന്ന എന്ന രീതിയില്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. തുര്‍ക്കി പൊലീസ് കേസ് എടുത്ത്് വീട്ട് തടങ്കലില്‍ ആക്കിയെങ്കിലും, പക്ഷേ അന്താരാഷ്ട്ര സമ്മര്‍ദം ഭയന്ന് നിയമനടപടിയിലേക്ക് നീങ്ങിയില്ല. 2023 ഡിസംബര്‍ 2 ന്, ടാറ്റലൂ, ഇറാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഡിസംബര്‍ 6 ന് ഇറാന്റെയും തുര്‍ക്കിയുടെയും അതിര്‍ത്തിയില്‍ വെച്ച് അദ്ദേഹത്തെ മാതൃരാജ്യത്തിന് കൈമാറി. അന്ന് മുതല്‍ അദ്ദേഹം ഇറാനില്‍ തടങ്കലിലാണ്.

നിരവധി കേസുകളാണ് ഗായകനെതിരെ ഇറാന്‍ ചാര്‍ജ് ചെയ്തത്. അഴിമതി തൊട്ട് വേശ്യാവൃത്തി പ്രോല്‍സാഹിപ്പിച്ചതടക്കം നിരവധി കുറ്റങ്ങള്‍.


 



ഓരോ ഗാനങ്ങളും, സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളും ഇഴകീറി മുറിച്ച്, പുതിയ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2025 ജനുവരിയില്‍, പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചുവെന്ന വകുപ്പുകൂടി ചുമത്തിയതോടെ എല്ലാം പുര്‍ത്തിയായി. പ്രവാചക നിന്ദക്ക് ഇസ്ലാമില്‍ മരണമാണ് ശിക്ഷ! മുമ്പ്, കീഴ്‌ക്കോടതി മതനിന്ദ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ടാറ്റലൂവിന് നല്‍കിയിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് സുപ്രീകോടതിയുടെ വധശിക്ഷയെന്ന് പരിഷ്‌കരണവാദി പത്രമായ എറ്റെമാഡ് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. വിധി അന്തിമമല്ലെന്നും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് ടാറ്റലൂവിന് 10 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയതിനും. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും ശിക്ഷിച്ചിട്ടുണ്ട്.

ഗായകരെ വേട്ടയാടുന്ന ഇറാന്‍

ഇറാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതായിരുന്നു, 2023-ല്‍ മഹ്സ അമിനിയെന്ന യുവതിയെ, ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നപേരില്‍ ഇറാന്‍ മതകാര്യപൊലീസ് തല്ലിക്കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം. സ്ത്രീകള്‍ മൂന്‍കൈയടുത്ത് തുടങ്ങിയ സമരത്തില്‍ നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. ഒരു വിധത്തിലാണ് ഇറാന്‍ അതിനെ അടിച്ചമര്‍ത്തിയത്. അന്ന്, സ്വാതന്ത്ര്യത്തെയും, സ്ത്രീ സമത്വത്തെയും കുറിച്ചുള്ള ധാരാളം ഗാനങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇതായിരിക്കണം, ഇറാനെ പേടിപ്പിക്കുന്നത് എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ ഇറാനില്‍ ശരിക്കും സംഗീത വേട്ട നടക്കയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്ന് റാപ്പര്‍മാരെയാണ് ഇറാന്‍ വധശിക്ഷക്ക് വിധിക്കുന്നത്. അറസ്റ്റിലായവര്‍ എത്രയോ അധികം. 2024 ഏപ്രിലില്‍, റാപ്പര്‍ ,തൗമാജ് സലേഹിക്ക് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. 33 കാരനായ സാലിഹിക്കെതിരായ നിയമനടപടികള്‍ അന്യായമാണെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ടായിരുന്നു. ഒരു അഴിമതിക്കേസ് ചുമത്തിയാണ് ഇയാളെ അകത്താക്കിയത്. ആദ്യം കോടതി വെറുതെ വിട്ടപ്പോള്‍ പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചിട്ടും, ഇറാന്‍ ഭരണകൂടത്തിന് കുലക്കം ഉണ്ടായിരുന്നില്ല.

ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് കഴിഞ്ഞ മാസം ഒരു വനിതാ ഗായികയെ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ പ്രവിശ്യയായ മസന്ദരനില്‍ നിന്നാണ് 27കാരനായ പരസ്തൂ അഹമ്മദിയെ അറസ്റ്റ് ചെയ്തത്. നീണ്ട കറുത്ത സ്ലീവ്‌ലെസ്, കോളര്‍ ഇല്ലാത്ത വസ്ത്രം ധരിച്ച് ഹിജാബ് ധരിക്കാതെ കച്ചേരി അവതരിപ്പിച്ചതിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രകടനത്തിനിടെ അവളെ അനുഗമിച്ച നാല് പുരുഷ സംഗീതജ്ഞരില്‍ രണ്ടുപേരും ടെഹ്‌റാനില്‍ അറസ്റ്റിലായി. ഇങ്ങനെ എത്രയെത്രപേര്‍. വധശിക്ഷയും കൊട്ടക്കണക്കിനാണ് ഇറാനില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറാന്‍ 900-ലധികം വധശിക്ഷ നടപ്പാക്കിയയാണ് കണക്ക്. ഡിസംബറിലെ ഒരു ആഴ്ചയില്‍ ഏകദേശം 40 പേരെയാണ് തൂക്കിക്കൊന്നത്. വധശിക്ഷ നല്‍കിയ സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. അതായത് ആടുന്നവരെയും, പാടുന്നവരെയും, ചിന്തിക്കുന്നവരെയുമൊക്കെ തടങ്കലിലിട്ട് എങ്ങനെയും ഇസ്ലാമിക ഭരണം നിലനിര്‍ത്താനുള്ള തന്ത്രപ്പാടാണ് ഇവിടെ കാണുന്നത്.

വാല്‍ക്കഷ്ണം: സംഗീതം ഒരു ഉപകാരവുമില്ലാത്ത പരിപാടിയാണെന്നും, നൃത്തം പച്ച വ്യഭിചാരമാണെന്നുമൊക്കെ മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ളവര്‍ പറയുന്നതിന്റെ, ഗുട്ടന്‍സും ഇതുതന്നെ. കലാകാരന്‍മാര്‍ എന്നും സ്വാതന്ത്ര്യദാഹികളാണെന്ന് പൗരോഹിത്യത്തിന് നന്നായി അറിയാം.

Tags:    

Similar News