ട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള്‍ അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദി

ട്രംപിന്റെ വിരട്ടലിന് മുന്നില്‍ മുട്ടുമടക്കാന്‍ ഇന്ത്യ തയ്യാറാവില്ല

Update: 2025-08-25 16:07 GMT

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിരട്ടലിന് മുന്നില്‍ മുട്ടുമടക്കാന്‍ ഇന്ത്യ തയ്യാറാവില്ല. ഓഗസ്റ്റ് 27 നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം യുഎസ് തീരുവ നിലവില്‍ വരുന്നത്. അമേരിക്കയുടെ സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിനെ അതിജീവിക്കാന്‍ വഴി കണ്ടെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വ്യക്തമാക്കി.

' എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും, നമ്മള്‍ അതിനെ അതിജീവിക്കാന്‍ കരുത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ആത്മനിര്‍ഭര്‍ ഭാരതിന് ഇന്ന് ഗുജറാത്തില്‍ നിന്ന് ധാരാളം ഊര്‍ജ്ജം ലഭിക്കുന്നത് രണ്ടുപതിറ്റാണ്ടിലെ കഠിനപ്രയത്‌ന ഫലമായാണ്', അഹമ്മദാബാദിലെ പൊതുപരിപാടിയില്‍ മോദി പറഞ്ഞു.

' ലോകത്തിന്റെ സാമ്പത്തിക സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ നയങ്ങളാണ് നാമിന്നും ചുറ്റും കാണുന്നത്. പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു'. ' ഗാന്ധിജിയുടെ മണ്ണില്‍ നിന്ന് ഞാന്‍ വീണ്ടും ഉറപ്പുനല്‍കുന്നു, മോദിക്ക് നിങ്ങളുടെ താല്‍പര്യങ്ങളാണ് പരമപ്രധാനം. എന്റെ സര്‍ക്കാര്‍ ഒരിക്കലും ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കോ, കര്‍ഷകര്‍ക്കോ യാതൊരു ദോഷവും വരുത്താന്‍ അനുവദിക്കില്ല.'

രാജ്യത്തെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും അവരെ ദോഷമായി ബാധിക്കുന്ന ഏതൊരു നയത്തിനുമെതിരെ മോദി ഒരു മതില്‍ പോലെ നിലകൊള്ളുമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി ഊന്നി പറഞ്ഞിരുന്നു. കര്‍ഷകര്‍, കന്നുകാലി വളര്‍ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു കരാറും ഇന്ത്യ അംഗീകരിക്കില്ല.

യഥാര്‍ത്ഥ ദേശീയ അഭിമാനം സ്വാശ്രയത്വത്തില്‍ ഊന്നിയിരിക്കുന്നുവെന്നും, മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന അപകടകരമായ ശീലങ്ങള്‍ക്കെതിരേ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ വഴി ഇന്ത്യ മുന്നേറുന്നുവെന്നും മോദി തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമാണ്.

ആത്മനിര്‍ഭര്‍ ഭാരതാണ് ഇന്ത്യയുടെ വഴി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഇന്ത്യയുടെ സ്വന്തം സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വികസിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി യുവാക്കളോട് ആഹ്വാനം ചെയ്തു. എന്തിന് വിദേശ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകര്‍ത്ത നമുക്ക് സ്വന്തം കഴിവില്‍ വിശ്വസിക്കാമെന്ന് മോദി പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നു. ഈ അപ്രതീക്ഷിത നീക്കം കാരണം ഡല്‍ഹിയില്‍ നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവച്ചു. അതിനൊപ്പം ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന ഉഭയകക്ഷി വ്യാപാര ഉടമ്പടിയും (BTA) തുലാസിലായി.

Tags:    

Similar News