സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മയെ ഭക്ഷണം നല്‍കാതെ ശരീരം ശോഷിപ്പിച്ചു; ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണെന്ന്; കപട വൈദ്യത്തിന്റെ ഇരയായി ഒരു മരണം കൂടി; കുറ്റ്യാടിയിലെ വീട്ടമ്മയുടെ മരണം വിവാദമാവുമ്പോള്‍
കുറ്റ്യാടിയിലെ വീട്ടമ്മയുടെ മരണം വിവാദമാവുമ്പോള്‍
കോഴിക്കോട്: കപട ചികിത്സയുടെ നീരാളിക്കൈകളില്‍പെട്ട്, കേരളത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് കാന്‍സര്‍ രോഗം മൂര്‍ഛിച്ച കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ ( 45) മരണമാണ് വിവാദമാവുന്നത്. ശരീര വേദനയെ തുടര്‍ന്ന് ഇവര്‍ കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് അക്യുപങ്ചര്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്തു. സ്തനാര്‍ബുദം മൂര്‍ഛിച്ചപ്പോഴും എന്താണ് അസുഖം എന്നുപോലും നിര്‍ണയിക്കാനോ പറയാനോ കഴിയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്തു. ഒടുവില്‍ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ എത്തുമ്പോഴേക്കും രോഗം നാലാം ഘട്ടം കടന്നിരുന്നു.
ഹാജറയുടെ ഈ അവസ്ഥ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 9ന് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാജറയുടെ അസുഖം മൂര്‍ഛിക്കാന്‍ ഇടയാക്കിയ കപട ചികിത്സകര്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട്, ബന്ധുവും മാധ്യമ പ്രവര്‍ത്തകനും, കുറ്റ്യാടി സ്വദേശിയുമായ എന്‍ പി സക്കീര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് അക്യൂപങ്ചര്‍ ചികിത്സ തേടിയ വീട്ടമ്മ ഇപ്പോള്‍ കാന്‍സര്‍ 4 സ്റ്റേജില്‍ ചികിത്സയിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും കപട ചികിത്സകന്‍ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാനെന്നാണ്. മതിയായ ഭക്ഷണം പോലും നല്‍കാതെ ഇവര്‍ അവരുടെ ശരീരം ശോഷിപ്പിച്ച് എല്ലും തോലുമാക്കി. അസുഖം കാന്‍സര്‍ ആണെന്നത് മറിച്ചുവെച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ മാര്‍ച്ച് പരാതിയുടെ പ്രസ്തകഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു. -'കുറ്റ്യാടി കെഎംസി ആശുപത്രിക്കുമുന്നിലുള്ള അക്യുപങ്ചര്‍ ക്ലിനിക്കിലെ അക്യുപങ്ചറിസ്റ്റ് ഫെമിനയുടെ ചികിത്സയില്‍ ആയിരുന്നു ഹാജറ ഏതാണ്ട് അഞ്ചു മാസം മുന്‍പുവരെ. സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. ഫെമിനയുടെ അടുത്ത് ഹാജറ ആറ് മാസത്തോളം ചികിത്സതേടി. അവിടെനിന്ന് ഭേദമാകാത്തതിനെ തുടര്‍ന്ന് ഫെമിന രണ്ട് ഡോക്റ്റര്‍മാരെ നിര്‍ദേശിച്ചു. ഒന്ന് പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരിയും രണ്ടാമത്തെത് കോഴിക്കോട ഈസ്റ്റ് നടക്കാവ് പാസ്‌പോര്‍ട്ട് ഓഫിസ് റോഡില്‍ അക്യുഷ് അക്യുപങ്ചര്‍ ഹോം നടത്തുന്ന ശുഹൈബ് റിയാലുവും.
തുടര്‍ന്ന് ഹാജറ ശുഹൈബ് റിയാലുവിന്റ അടുത്ത് ചികിത്സതേടി. ശരീരം വ്രണമാകുമ്പോഴും പൊട്ടിയൊലിക്കുമ്പോഴുമൊക്കെ എല്ലാം റെഡിയാവും എന്നതായിരുന്നു അയാളുടെ മറുപടി. ഹാജറയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം അറിയാമായിരുന്നിട്ടും അയാള്‍ മറച്ചുവെച്ചു. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ശരീരം ശോഷിച്ചു തളര്‍ന്ന ഹാജറയ്ക്ക് ഇയാള്‍ നിര്‍ദേശിച്ച ഭക്ഷണം രാവിലെ രണ്ട് അത്തിപ്പഴവും 300 മില്ലി വെള്ളവും ആയിരുന്നു. ഉച്ചയ്ക്ക് വേണമെങ്കില്‍ ഇതുപോലെ കഴിക്കാനും രാത്രി ഒന്നും കഴിക്കരുതെന്നും നിര്‍ദേശിച്ചു. രോഗം നാള്‍ക്കുനാള്‍ മൂര്‍ഛിച്ചു വന്നപ്പോഴും രോഗിയെ മറ്റൊരിടത്ത് അയക്കാനോ ശരിയായ ചികിത്സ തേടാനോ ഇയാള്‍ അനുവദിച്ചില്ല. വ്രണം പഴുത്ത് ഒലിക്കുമ്പോള്‍ അത് പഴുപ്പ് പുറത്തുപോവുകയാണ്, എല്ലാം റെഡിയാവും എന്ന് വിശ്വസിപ്പിച്ചു. അസുഖം കാരണം ഹാജറയുടെ ഒരു കൈ പൊക്കാന്‍ കഴിയാതായി. അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരുടെ സഹായം വേണം എന്ന അവസ്ഥവന്നു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ച ഹാജറ സ്വന്തം ഇഷ്ടപ്രകാരം കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് രോഗത്തിന്റെ കാഠിന്യം മനസിലായത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എംവിആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് നാളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോവുകയാണ്. ജീവന്‍ ഏതാണ്ട് പൂര്‍ണമായും അപകടത്തിലായ അവസ്ഥയിലാണ്. ലാഭക്കൊതിയുമായി രോഗികളുടെ ജീവന്‍ പോലും അപകടപ്പെടുത്തുന്ന വ്യാജചികിത്സകര്‍ ആണ് ഹാജറയുടെ ഈ അവസ്ഥയ്ക്കു പിന്നില്‍. ആകയാല്‍ ഈ ആളെക്കൊല്ലി വ്യാജചികിത്സകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.''- ഇങ്ങനെയാണ് എന്‍ പി സക്കീര്‍ തന്റെ പരാതി അവസാനിപ്പിച്ചിരുന്നത്. തുടര്‍ന്ന ഹാജറ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായി. പക്ഷേ അവരെ രക്ഷിക്കാനായില്ല.