കണ്ണഞ്ചിപ്പിക്കുന്ന പണക്കൂമ്പാരം, ആര്‍ക്കും വാരാം! ജീവനക്കാര്‍ക്ക് 200 കോടി ബോണസ് നല്‍കി ചൈനീസ് മുതലാളി; ലാഭത്തിന്റെ പകുതിയിലധികം തൊഴിലാളികള്‍ക്ക് വീതം വെച്ചു; ബാങ്ക് അക്കൗണ്ടിലിട്ടാല്‍ അത് വെറും അക്കം മാത്രമെന്ന് കമ്പനി ബോസ്; ലോകത്തെ ഞെട്ടിച്ച ആ ബോണസ് വിതരണം ഇങ്ങനെ!

കണ്ണഞ്ചിപ്പിക്കുന്ന പണക്കൂമ്പാരം, ആര്‍ക്കും വാരാം!

Update: 2026-02-26 15:31 GMT

ബീജിങ്: കണ്‍മുന്നില്‍ പണം വാരിവിതറിയിരിക്കുന്നു, ആവശ്യമുള്ളത് വാരിക്കൊണ്ടു പോകാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും ?. കേള്‍ക്കുമ്പോള്‍ സാങ്കല്‍പ്പികമായ ഒരു ചോദ്യമെന്നോ അല്ലെങ്കില്‍ ഒരു കഥയെന്നോ മറ്റോ എന്നാകും തോന്നുക. എന്നാല്‍ ചൈനയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിയ വ്യത്യസ്തമായ ഒരു സമ്മാനമായിരുന്നു ഇത്.

ചൈനീസ് കമ്പനിയായ ഹെനാന്‍ കുവാങ്ഷാന്‍ ക്രെയിന്‍ കമ്പനി ലിമിറ്റഡ് ഫെബ്രുവരി 13-ന് നടന്ന വാര്‍ഷികാഘോഷത്തില്‍ ജീവനക്കാര്‍ക്ക് 26 ദശലക്ഷം ഡോളറാണ് (രൂപയില്‍ ഏകദേശം 200 കോടിക്ക് മുകളില്‍) ബോണസായി നല്‍കിയത്. 800 മേശകളിലായി പണം കൂട്ടിയിട്ടതിന് ശേഷം, ജീവനക്കാര്‍ക്ക് ഇഷ്ടമുള്ളത്രയും തുക എടുക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഏകദേശം 7,000 ജീവനക്കാര്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു. വര്‍ണ്ണാഭമായ ലൈറ്റുകള്‍ക്ക് താഴെ, മേശപ്പുറത്തെ പണക്കൂമ്പാരത്തിലേക്ക് ആവേശത്തോടെ നോക്കി നില്‍ക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നു. ഒരു ജീവനക്കാരന്‍ മാത്രം കയ്യില്‍ വാരിക്കൊണ്ടുപോയത് ഏകദേശം $13,000 ആണെന്ന് കൊറിയന്‍ പത്രമായ 'ചോസുന്‍ ഡെയ്ലി' റിപ്പോര്‍ട്ട് ചെയ്യുന്നു. ആഘോഷത്തിനിടെ കമ്പനി ബോസ് ക്യൂ പെയ്ജുന്‍ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു:

'നമ്മള്‍ എന്തിനാണ് വാഷിംഗ് മെഷീനുകള്‍ സമ്മാനമായി നല്‍കുന്നത്? സ്വര്‍ണ്ണവില കൂടിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ മാലകളും മോതിരങ്ങളുമാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ആ പണമെടുത്ത് എല്ലാവര്‍ക്കും 20,000 യുവാന്‍ വീതം അധികമായി നല്‍കൂ!' എന്തുകൊണ്ടാണ് പണം ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാതെ ഇങ്ങനെ കുന്നുകൂട്ടിയിട്ട് നല്‍കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാത്തതെന്താണെന്ന് ചിലര്‍ ചോദിക്കുന്നു, എന്നാല്‍ അങ്ങനെയാകുമ്പോള്‍ അത് വെറും അക്കങ്ങള്‍ മാത്രമാണ്,' അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് 20,000 യുവാന്‍ അധികമായി നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.



ജീവനക്കാരോട് എന്നും ഉദാര സമീപനം


2002-ല്‍ സ്ഥാപിതമായ ഹെനാന്‍ കുവാങ്ഷാന്‍ ക്രെയിന്‍ കമ്പനി ലിമിറ്റഡ്, ക്രെയിനുകള്‍ നിര്‍മ്മിക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്. ലോകമെമ്പാടുമുള്ള 130-ലധികം രാജ്യങ്ങളില്‍ ഇവര്‍ക്ക് ബിസിനസ്സ് ശൃം ഗലകളുണ്ട്. കമ്പനിയുടെ 98.88% ഓഹരികളും കുയി പെയ്ജുന്റെ പേരിലാണ്. തന്റെ ലാഭവിഹിതത്തിന്റെ വലിയൊരു ഭാഗം ജീവനക്കാര്‍ക്ക് തിരികെ നല്‍കുന്നതിലൂടെ ജീവനക്കാരോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാണ്.


വനിതാദിനത്തില്‍ 230,000 ഡോളര്‍ ബോണസ്

തന്റെ ജീവനക്കാരോട് ഉദാരമായ സമീപനം പുലര്‍ത്തുന്ന ഒരു ചരിത്രമാണ് ഈ കമ്പനിക്കുള്ളത്. 2024-ല്‍ കമ്പനി 38 ദശലക്ഷം ഡോളര്‍ അറ്റാദായം രേഖപ്പെടുത്തിയിരുന്നു, ഇതില്‍ ഏകദേശം 24 ദശലക്ഷം ഡോളറും ജീവനക്കാര്‍ക്കാണ് നല്‍കിയത്. 2023-ല്‍, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 40 ജീവനക്കാര്‍ക്കായി കമ്പനി 8.5 ദശലക്ഷം ഡോളര്‍ സമ്മാനമായി നല്‍കി. ഇതില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടം കാഴ്ചവെച്ച മൂന്ന് പേര്‍ക്ക് 730,000 ഡോളര്‍ വീതമാണ് ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി, ഏകദേശം 2,000 വനിതാ ജീവനക്കാര്‍ക്കായി 230,000 ഡോളര്‍ ബോണസായി നല്‍കി. തന്റെ ജീവനക്കാര്‍ക്ക് ഇത്രയധികം തുക നല്‍കുന്നതിന് പിന്നിലെ പ്രചോദനത്തെക്കുറിച്ച് പേജുന്‍ മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു:

'എനിക്ക് പണം വാരിക്കോരി നല്‍കാന്‍ ഇഷ്ടമുള്ളതുകൊണ്ടല്ല ഇത് ചെയ്യുന്നത്, മറിച്ച് ഇന്നത്തെ യുവാക്കള്‍ കാര്‍ ലോണുകളുടെയും വീട് നിര്‍മ്മാണ വായ്പകളുടെയും ഭാരത്തിനടിയിലാണ്. നമ്മള്‍ നല്‍കുന്ന ചെറിയ സഹായം പോലും അവര്‍ക്ക് വലിയ ആശ്വാസമാകും.' 2022-ല്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള 4,000-ത്തിലധികം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം 4.7 ദശലക്ഷം ഡോളര്‍ സഹായധനമായി നല്‍കിയിരുന്നു.

വാചാലനായി ബോസ്


സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കുടുംബത്തിന് ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് പേജുന്‍. 'ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് കൈമാറാന്‍ പാടുള്ളതല്ല. മോശമായ ജീവിതസാഹചര്യങ്ങള്‍ കാരണം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടരുത്.' എന്നാണ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വാചാലാനാകുന്നത്.




വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, 1977 മുതല്‍ ഓരോ വര്‍ഷവും ജിഡിപി (GDP) വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന യുകെയെയും യുഎസിനെയും മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2024-ല്‍ ചൈന 5% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇതേകാലയളവില്‍ യുഎസ് 2.8% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, യുകെയുടെ ജിഡിപി വളര്‍ച്ച വെറും 1.1% മാത്രമായിരുന്നു.

ജനുവരിയില്‍ പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ ഐഎംഎഫ് വ്യക്തമാക്കുന്നത്, 2026-ല്‍ യുകെയുടെ വളര്‍ച്ച 1.3% മാത്രമായിരിക്കുമെന്നും എന്നാല്‍ ചൈന 4.5% വളര്‍ച്ച കൈവരിക്കുമെന്നുമാണ്. ഇതൊക്കെയാണെങ്കിലും, പ്രതിശീര്‍ഷ ജിഡിപിയുടെ (GDP per capita) കാര്യത്തില്‍ ചൈന ഇപ്പോഴും യുകെയെക്കാളും യുഎസിനെക്കാളും ഏറെ പിന്നിലാണ്. ഒരു രാജ്യത്തെ ജീവിതനിലവാരം അളക്കുന്നതിനുള്ള മാനദണ്ഡമായിട്ടാണ് സാധാരണയായി ഈ കണക്കിനെ കണക്കാക്കുന്നത്.

Tags:    

Similar News