'എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പ്ലാനിട്ടു, വന്നാല്‍ അപ്പോള്‍ കാണാമെന്ന് ഞാനും പറഞ്ഞു'; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; 'കാര്‍ക്കശ്യക്കാരന്‍' പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ രാഷ്ട്രീയ എതിരാളികള്‍ പദ്ധതിയിട്ടുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. പി.ആര്‍.ഡി. തയ്യാറാക്കിയ 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന അഭിമുഖത്തില്‍ നടന്‍ മോഹന്‍ലാലുമായി സംസാരിക്കവെയാണ് തന്റെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ പോരാട്ടങ്ങളെയും കുറിച്ച് മുഖ്യമന്ത്രി മനസ്സ് തുറന്നത്. ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു ചിത്രീകരണം. 'മക്കളാണ് എന്റെ ദൗര്‍ബല്യമെന്ന് ചിലര്‍ കരുതിയിരുന്നു, എന്നാല്‍ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഉറച്ച നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' എന്ന് അദ്ദേഹം വെളിപ്പെടുത്തി.
തളര്‍ത്താന്‍ നോക്കിയവര്‍ക്കും വേട്ടയാടിയവര്‍ക്കും മുന്നില്‍ തനിക്ക് കരുത്തായത് സി.പി.ഐ.എം എന്ന പ്രസ്ഥാനമാണെന്നും, തനിക്ക് ഭയമുള്ളത് പാര്‍ട്ടിയെ മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ ചമച്ചുനല്‍കിയ 'കാര്‍ക്കശ്യക്കാരന്‍' എന്ന പ്രതിച്ഛായയെ തള്ളിക്കളഞ്ഞ അദ്ദേഹം, വിവാദമായ സിംഗപ്പൂര്‍ യാത്രയെയും ലാവലിന്‍ കാലത്തെയും കുറിച്ച് യാതൊരു കുറ്റബോധവുമില്ലാതെ സംസാരിച്ചു.
'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി'
തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം മക്കളാണെന്ന് കരുതിയവര്‍ അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചു. 'എതിര്‍ രാഷ്ട്രീയ ചേരിയിലുള്ള ഒരാള്‍ നേരിട്ട് വന്ന് മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുള്ള വിവരം അറിയിച്ചു. എന്നാല്‍ അത് വരുമ്പോള്‍ കാണാമെന്ന ഉറച്ച നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' അദ്ദേഹം പറഞ്ഞു. തന്നെ തളര്‍ത്താന്‍ പലവിധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും പതറിപ്പോയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കാര്‍ക്കശ്യക്കാരന്‍' എന്ന ബ്രാന്‍ഡിംഗ്
താനൊരു കാര്‍ക്കശ്യക്കാരനാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒന്നാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 'ഇടതുപക്ഷ നേതാവ് സാധാരണക്കാരനില്‍ നിന്ന് വ്യത്യസ്തനാണെന്ന് കാണിക്കാന്‍ ചിലര്‍ക്ക് താല്പര്യമുണ്ട്. മനുഷ്യന് പല ഭാവങ്ങളുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ എന്റെ ക്ഷോഭിച്ച ഭാവങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ,' അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ലെന്നും മാധ്യമ മാനേജ്മെന്റുകളെ വിളിച്ച് പരാതിപ്പെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദമായ സിംഗപ്പൂര്‍ യാത്രയും ലാവലിനും
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏറെ വിവാദമായ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ലാവലിന്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത്, മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കുടുംബത്തോടൊപ്പം നടത്തിയ ആ യാത്ര ഏറെ ആസ്വദിച്ച ഒന്നായിരുന്നു. അതിനെക്കുറിച്ച് പിന്നീട് വലിയ കഥകള്‍ പ്രചരിച്ചെങ്കിലും അന്നും ഇന്നും ആ വാര്‍ത്തകളില്‍ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയാണ് കരുത്ത്, എകെജി പ്രചോദനം
'എനിക്ക് ഭയമുള്ളത് പാര്‍ട്ടിയെ മാത്രമാണ്. പാര്‍ട്ടിയോടുള്ള വിശ്വാസമാണ് എന്റെ കരുത്ത്,' മുഖ്യമന്ത്രി വ്യക്തമാക്കി. എകെജിയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കുന്നവരോട് വിദ്വേഷമില്ലെന്നും എന്നാല്‍ എന്നും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഏകാന്തതയും ക്ലിഫ് ഹൗസും
പഴയകാലത്തെപ്പോലെ ആളുകളുമായി സമയം ചെലവഴിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെങ്കിലും ഓരോ കാലത്തെയും നിയോഗങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കിരിക്കേണ്ടി വന്നാല്‍ അതില്‍ ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും അദ്ദേഹം മോഹന്‍ലാലിനോട് പങ്കുവെച്ചു.
