കുടിയേറ്റ, അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഉലഞ്ഞ് മന്ത്രിസഭ താഴെ വീണതിന് പിന്നാലെ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് 17 കാരിയുടെ കൊലപാതകം; ലിസയെ വകവരുത്തിയത് രാജ്യത്ത് അഭയം തേടുന്ന 22 കാരന്‍; ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭയാര്‍ഥികള്‍ക്കായി വാതില്‍ കൊട്ടി അടയ്ക്കണമെന്ന് തീവ്രവലതുപക്ഷ പാര്‍ട്ടി; സ്ത്രീകളുടെ രാത്രി പിടിച്ചെടുക്കല്‍ സമരം കൂടിയായതോടെ വന്‍പ്രക്ഷോഭം

നെതര്‍ലന്‍ഡ്‌സില്‍ വന്‍പ്രക്ഷോഭം

Update: 2025-08-25 12:36 GMT

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സില്‍ അഭയം തേടുന്നയാള്‍( asylum seeker) 17 കാരിയെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍പ്രതിഷേധം. ചൊവ്വാഴ്ച രാത്രി കൂട്ടുകാരുമായി സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവേയാണ് ലിസയ്ക്ക് നേരേ ആക്രമണം ഉണ്ടായത്. ഇയാള്‍ പെണ്‍കുട്ടിയെ സൈക്കിൡ പിന്തുടര്‍ന്നതോടെ അവള്‍ ആകെ പരിഭ്രാന്തയായി. പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാനായി വിളിക്കുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ വഴിയിരികിലെ ഓടയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 22 കാരന്‍ നാലുദിവസം മുമ്പ് അറസ്റ്റിലായി.

സ്വന്തം രാജ്യത്തെ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കാരണം തങ്ങളുടെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സംരക്ഷണം തേടുന്നവരെയാണ് അഭയം തേടുന്നവര്‍( asylum seeker) എന്നുവിളിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിര്‍വചനത്തില്‍ പറയുന്നു.

പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഭയന്ന് തങ്ങളുടെ രാജ്യം വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അഭയാര്‍ത്ഥികള്‍ (refugee). മറ്റൊരു രാജ്യത്ത് അഭയം തേടുന്നവര്‍ ഇതിനായി പ്രത്യേകം അപേക്ഷ വെയ്ക്കണം. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, പാകിസ്ഥാന്‍, സിറിയ തുടങ്ങി യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും നേരിടുന്ന രാജ്യങ്ങളില്‍ ഉള്ളവരാണ് അഭയം തേടുന്നവരില്‍ ഭൂരിഭാഗവും. അഭയം തേടുന്നവരോ അഭയാര്‍ത്ഥികളോ അല്ലാതെ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരാണ് കുടിയേറ്റക്കാര്‍

ഹോളണ്ടില്‍ കൊല നടത്തിയ 22 കാരന്‍ അഭയം തേടുന്ന വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. ഇയാള്‍ സംഭവത്തിന് ഏതാനും ദിവസം മുമ്പ് മറ്റൊരു യുവതിയെയും ആക്രമിച്ചിരുന്നു. കൗമാരക്കാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ലിസയുടെ അവസാന നിമിഷങ്ങളെ കുറിച്ച് ഡച്ച് എഴുത്തുകാരിയും നടിയുമായ നീയങ്കെ ഗ്രേവ്‌മേഡ് കുറിച്ച കവിത വൈറലായതോടെ, ദേശവ്യാപകമായി രാത്രി പിടിച്ചെടുക്കല്‍ പ്രചാരണം ശക്തമായിരിക്കുകയാണ്. ' ഈ ചുവന്ന ബാഗ്. ഞാന്‍ ആ ചുവന്ന ബാഗിനെ കുറിച്ച് ചിന്തിച്ച് കൊണ്ടേയിരിക്കുന്നു. രാത്രി സൈക്കിള്‍ ഓടിച്ചുവരുമ്പോള്‍, അവളുടെ സൈക്കിള്‍ ഹാന്‍ഡില്‍ ബാറില്‍ നിന്ന് ആ ചുവന്ന ബാഗ് തൂങ്ങി കിടന്നിരുന്നു. അവള്‍ക്ക് കൂടി അവകാശപ്പെട്ട രാത്രി. ഞാന്‍ രാത്രി അവകാശപ്പെടുന്നു. ഞാന്‍ തെരുവുകള്‍ അവകാശപ്പെടുന്നു. ഈ ഭീതി തുടച്ചുനീക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു', നിയങ്കെ ഇന്‍സ്റ്റയില്‍ കുറിച്ചു. (rechtopdenacth) രാത്രിക്കുള്ള അവകാശം എന്ന ഹാഷ്ടോടെയാണ് കവിത പ്രചരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ലിസ കൂട്ടുകാരെ പിരിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് സമീപ പട്ടണമായ അബ്കൗദെയിലേക്കായിരുന്നു യാത്ര. തന്നെ ആരോ പിന്തുടരുന്ന പോലെ തോന്നിയതോടെ 112 എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. ലിസ പഠിച്ച സെക്കന്‍ഡറി സ്‌കൂളിന് അടുത്ത് വച്ചാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 4.15 ഓടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. കഴുത്തിലടക്കം കുത്തേറ്റ ലിസ അപ്പോഴേക്കും മരിച്ചിരുന്നു

അക്രമിയായ 22 കാരനെ അസൈലം സീക്കേഴ്‌സിന് ( അഭയം തേടുന്നവര്‍) വേണ്ടി ആംസ്റ്റര്‍ഡാമില്‍ കേന്ദ്ര ഏജന്‍സി നടത്തുന്ന ക്യാമ്പില്‍ നിന്നാണ് പിടികൂടിയത്. ഓഗസ്റ്റ് 15 ന് മറ്റൊരു യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 21 നാണ് ഇയാള്‍ പിടിയിലായത്. ലിസയെ ക്രൂരമായി കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും അഞ്ചുകിലോമീറ്റര്‍ മാത്രം അകലെയാണ് ബലാല്‍സംഗം നടന്നത്.

ഓഗസ്റ്റ് 20-ന് ലിസ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഈ ദൃശ്യങ്ങളില്‍ ഒരു സ്‌കൂട്ടര്‍ യാത്രികനെയും ഒരു മൈക്രോ കാറിലെ യാത്രക്കാരെയും കാണാം. ഇവര്‍ സംഭവത്തിന്റെ ദൃക്‌സാക്ഷികളാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ട്.

ഞായറാഴ്ച സ്ത്രീഹത്യക്ക് എതിരെ റോട്ടര്‍ഡാമില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍, അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ' അവള്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു. എല്ലാ പുരുഷന്മാരുമല്ല, പക്ഷേ എല്ലായ്‌പ്പോഴും പുരുഷന്മാര്‍, എന്നിങ്ങനെയാണ് പ്ലാക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്.

ആക്രമണത്തെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ അഭയം തേടുന്നവരെ അനുവദിക്കരുതെന്ന ശക്തമായ ആവശ്യവുമായി തീവ്രവലതുപക്ഷ ദേശീയ രാഷ്ട്രീയക്കാരായ ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സിനെ പോലെയുള്ളവര്‍ രംഗത്തെത്തി. അഭയാര്‍ഥി വിഷയത്തില്‍ സര്‍ക്കാരുമായി തര്‍ക്കത്തെ തുടര്‍ന്ന് വൈല്‍ഡേഴ്്‌സ് കണ്‍സര്‍വേറ്റീവ് മുന്നണിയില്‍ നിന്ന് തന്റെ പാര്‍ട്ടിയെ പിന്‍വലിച്ചതോടെ ഒക്ടോബര്‍ 29 ന് നെതര്‍ലന്‍ഡ്‌സില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുകയാണ്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കും വരെ കാവല്‍ സര്‍ക്കാരാണ് ഭരിക്കുന്നത്.

പാര്‍ട്ടി ഫോര്‍ ഫ്രീഡവും( പിവിവി), ലേബര്‍/ഗ്രീന്‍ ലെഫ്റ്റ് മുന്നണിയും തമ്മിലാണ് മുഖ്യമത്സരം നടക്കുന്നത്.

Tags:    

Similar News