'കരസേനയെ അയക്കില്ലെന്ന് എല്ലാ പ്രസിഡന്റുമാരും പറയുമായിരിക്കും; പക്ഷേ ഞാന്‍ അങ്ങനെ പറയില്ല; ഒരുപക്ഷേ നമുക്ക് അവരുടെ ആവശ്യം വരില്ലായിരിക്കാം, എന്നാല്‍ അത്യാവശ്യമെങ്കില്‍ അവര്‍ അവിടെയുണ്ടാകും; ഇറാന്റെ മണ്ണിലേക്ക് അമേരിക്കന്‍ കാലാള്‍പ്പട? 'വലിയ തരംഗം' വരുന്നുവെന്ന് പ്രസിഡന്റ്; ട്രംപിന്റെ മുന്നറിയിപ്പിലുള്ളത് കരയുദ്ധ സാധ്യത; ട്രംപിസം ഇറാനെ പിടിച്ചെടുക്കുമോ?
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇറാന്റെ മണ്ണിലേക്ക് അമേരിക്കന്‍ കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാന്റെ മണ്ണില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്താന്‍ മടിക്കില്ലെന്നും അടുത്ത 'വലിയ തരംഗം' അഥവാ ശക്തമായ ആക്രമണം ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് ട്രംപ്.
കരസേനയെ ഇറാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് മനസ്സ് തുറന്നത്. 'കരസേനയെ അയക്കില്ലെന്ന് എല്ലാ പ്രസിഡന്റുമാരും പറയുമായിരിക്കും, പക്ഷേ ഞാന്‍ അങ്ങനെ പറയില്ല. ഒരുപക്ഷേ നമുക്ക് അവരുടെ ആവശ്യം വരില്ലായിരിക്കാം, എന്നാല്‍ അത്യാവശ്യമെങ്കില്‍ അവര്‍ അവിടെയുണ്ടാകും,' ട്രംപ് പറഞ്ഞു. ഈ സൈനിക നീക്കത്തിന് അമേരിക്കന്‍ ജനതയുടെ ഇടയില്‍ പിന്തുണ കുറവാണെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ (27 ശതമാനം മാത്രം പിന്തുണ) താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭ്രാന്തന്മാര്‍ നയിക്കുന്ന ഒരു രാജ്യത്തിന് (ഇറാന്‍) ആണവായുധം ലഭിക്കാന്‍ അനുവദിക്കില്ലെന്നും ഇത് ലോകത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ഇതിനോടകം തന്നെ ഇറാന്‍ ഭരണകൂടത്തിന് വലിയ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പുറമെ നിരവധി ഉന്നത ഉദ്യോഗസ്ഥരെയും അമേരിക്ക വധിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ തങ്ങള്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചതായി ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ അറിയിച്ചു. അതേസമയം, മേഖലയിലാകെ ഇറാന്‍ വലിയ രീതിയിലുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നിരന്തരം ആക്രമണം നടത്തുന്നു. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവയെല്ലാം തടയുന്നുണ്ടെങ്കിലും, പ്രതിരോധ മിസൈലുകളുടെ ശേഖരം തീര്‍ന്നുപോകുമോ എന്ന ആശങ്ക അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ക്കുണ്ട്.
ഇറാനിലെ സൈനിക നീക്കം നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയ ശേഷം അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വിദേശ സൈനിക വിന്യാസമായിരിക്കാം ഇത്. റാനെതിരായ സൈനിക നീക്കത്തില്‍ ആദ്യം വിമുഖത കാണിച്ച അറബ് രാജ്യങ്ങള്‍, ഇറാന്‍ അവരെ ലക്ഷ്യമിട്ടതോടെ നിലപാട് മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. യുദ്ധത്തില്‍ സജീവമായി പങ്കാളികളാകാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇത് നിയന്ത്രിക്കാന്‍ (യുദ്ധം) കഴിയുമെന്ന് അവരോട് പറഞ്ഞപ്പോള്‍ അവര്‍ പങ്കാളികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ട്രംപ് സിഎന്‍എന്നിനോട് പറഞ്ഞു.
വാരാന്ത്യത്തില്‍ ഇറാനില്‍ നടന്ന അമേരിക്കന്‍-ഇസ്രയേലി സംയുക്ത ആക്രമണങ്ങള്‍ക്ക് ഇറാനില്‍ നിന്ന് തിരിച്ചടിയുണ്ടായി. ടെല്‍ അവീവിനെതിരെയും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുമെന്ന് ഇസ്രയേല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമനേയി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ഇതെ തുടര്‍ന്ന് ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി.
'അവര്‍ (ഇറാന്‍) ഒരു അറബ് രാജ്യത്തെ ഹോട്ടല്‍ ആക്രമിച്ചു, ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തി. അത് അവരെ ദേഷ്യം പിടിപ്പിച്ചു. അറബ് രാജ്യങ്ങള്‍ നമ്മെ സ്നേഹിക്കുന്നു. ഞങ്ങള്‍ ഇറാന്റെ ആക്രമണത്തെ ശക്തമായി നേരിടുന്നു. ഇറാന് വലിയ തിരിച്ചടി ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാര്യങ്ങള്‍ വളരെ നന്നായി പോകുമെന്ന് കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഞങ്ങളുടേതാണ്, ഞങ്ങള്‍ അത് ഫലപ്രദമായി ഉപയോഗിക്കുന്നു- ട്രംപ് പറഞ്ഞു.
ഇതിനിടെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തികച്ചും നിരുത്തരവാദപരമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആറ് അറബ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ഒപ്പിട്ട പ്രസ്താവനയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ പരമാധികാര രാഷ്ട്രങ്ങള്‍ക്കെതിരായ അന്ധമായ കടന്ന് കയറ്റമെന്ന് വിശേഷിപ്പിച്ചു. ഇത് സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
