മംഗലാപുരത്തെ പടിഞ്ഞാറൻ തീരക്കടലിൽ ആ ഇറാനിയൻ കപ്പൽ തെളിയും; ഷിപ്പ് നിറയെ 'ഓറ'യുമായി 'ഓറോറ'യുടെ യാത്ര; ട്രംപിന്റെ ഒരൊറ്റ മൂളലിൽ രാജ്യത്തിന് വാനോളം പ്രതീക്ഷ; ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; ചൈനയെ പോലും ഞെട്ടിപ്പിച്ച് വീണ്ടും മോദി മാജിക്

Update: 2026-03-26 10:27 GMT

ടെഹ്‌റാൻ/ഡൽഹി: ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി (LPG) ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ ഊർജ്ജരംഗത്ത് നിർണ്ണായക നീക്കം നടത്തുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം 2019 മുതൽ നിർത്തിവെച്ചിരുന്ന ഇന്ധന ഇറക്കുമതിയാണ് ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നത്. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈനയിലേക്ക് ചരക്കുമായി പോകേണ്ടിയിരുന്ന 'ഓറോറ' എന്ന ഇറാനിയൻ കപ്പൽ വഴിതിരിച്ചുവിട്ട് മംഗലാപുരം തുറമുഖത്തേക്ക് എത്തിച്ചാണ് ഇന്ത്യ ഈ അടിയന്തര നീക്കം നടത്തിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യവും സംഘർഷങ്ങളും ഇന്ത്യയുടെ ഗ്യാസ് വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഒരു സ്വകാര്യ വ്യാപാരി വഴി വാങ്ങിയ ഈ ചരക്കിന് പണം നൽകുന്നത് ഇന്ത്യൻ രൂപയിലാണെന്നതും ശ്രദ്ധേയമാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ വിദേശ രാജ്യങ്ങളെ വൻതോതിൽ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യ ഏകദേശം 33.15 ദശലക്ഷം മെട്രിക് ടൺ എൽപിജിയാണ് ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് പരിഹരിക്കാനായി ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് ടാങ്കറുകൾ ഇതിനകം തന്നെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയാണ് ഈ ഗ്യാസ് വിതരണം ചെയ്യുന്നത്. ഇറാനിൽ നിന്ന് കൂടുതൽ കാർഗോകൾ വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേസമയം, ഹോര്‍മുസ് പിടിച്ചടക്കാന്‍ വേണ്ടി അമേരിക്കയും ഇസ്രായേലും സംയക്ത സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ അവകാശവാദവുമായി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്ത്. പശ്ചിമേഷ്യയെ യുദ്ധത്തിന്റെ മുനമ്പില്‍ നിര്‍ത്തി ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന്റെ കരുത്തനായ നാവികസേനാ കമാന്‍ഡര്‍ അഡ്മിറല്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ് തീരമേഖലയില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത നീക്കത്തിലാണ് അലിറേസ തങ്സിരി കൊല്ലപ്പെട്ടതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടു ചെയ്തു. ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍്ട്ടു ചെയ്തിട്ടുണ്ട്.

പേര്‍ഷ്യന്‍ ഗള്‍ഫിനെ ആഗോള കപ്പല്‍ പാതകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ചേര്‍ന്നാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഐആര്‍ജിസി നേവിയില്‍ തങ്സിരിക്കുണ്ടായിരുന്ന നിര്‍ണ്ണായക സ്ഥാനവും ഗള്‍ഫ് മേഖലയിലെ ഇറാന്റെ തന്ത്രപരമായ നീക്കങ്ങളില്‍ അദ്ദേഹം വഹിച്ചിരുന്ന പങ്കും പരിഗണിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മരണം ഈ സംഘര്‍ഷത്തിലെ വലിയൊരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.

അടുത്തിടെ ഈ സമുദ്രപാതയ്ക്ക് മേല്‍ ഇറാന്‍ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ചില കപ്പലുകള്‍ക്ക് ഈ പാതയിലൂടെ കടന്നുപോകാന്‍ ചരക്ക് വിവരങ്ങളും ക്രൂ വിവരങ്ങളും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന് നല്‍കേണ്ടി വരുന്നുണ്ട്. ഇതിനായി ചില കപ്പലുകള്‍ ചൈനീസ് യുവാനില്‍ ഫീസ് അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ ഒരുക്കുന്നത് തങ്ങളായതിനാല്‍ കപ്പലുകള്‍ ഫീസ് നല്‍കുന്നത് സ്വാഭാവികമാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റംഗം മുഹമ്മദ് റെസ റെസായി കൂച്ചി പറഞ്ഞു.

Tags:    

Similar News