'ഇറാന്‍ ഭരണകൂടത്തിന്റെ വ്യാജ സന്ദേശ യന്ത്രം പണി തുടരുകയാണ്; അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്നത് തെറ്റായ അവകാശവാദം; ഈ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഏക വിമാനവാഹിനി ഇറാന്റെ ഡ്രോണ്‍ കപ്പലായ ഷാഹിദ് ബഗേരി മാത്രം; ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തു; നുണപ്രചാരണം തള്ളി യുഎസ്
വാഷിംഗ്ടണ്‍: ഇറാന്റെ നാവിക കരുത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ പക്കലുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലായ 'ഐആര്‍ഐഎസ് ഷാഹിദ് ബഗേരി' അമേരിക്കന്‍ സേന തകര്‍ത്തു. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ആരംഭിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് ഡ്രോണ്‍ വാഹിനിയായ ഈ കപ്പലിനെ യുഎസ് തകര്‍ത്തത്. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ ഇറാന്‍ മുക്കിയെന്ന തഹ്റാന്റെ അവകാശവാദം പച്ചക്കള്ളമാണെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്ന ഇറാന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്ന് യുഎസ് പരിഹസിച്ചു. 'ഇറാന്‍ ഭരണകൂടത്തിന്റെ വ്യാജ സന്ദേശ യന്ത്രം പണി തുടരുകയാണ്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുക്കിയെന്നത് തെറ്റായ അവകാശവാദമാണ്. ഈ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട ഏക വിമാനവാഹിനി ഇറാന്റെ ഡ്രോണ്‍ കപ്പലായ ഷാഹിദ് ബഗേരി മാത്രമാണ്,' സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
കൊമേഴ്‌സ്യല്‍ കപ്പലായിരുന്ന ഷാഹിദ് ബഗേരിയെ 2022-ലാണ് ഇറാന്‍ യുദ്ധക്കപ്പലായി മാറ്റിയത്. ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 180 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് ഇതില്‍ ഉണ്ടായിരുന്നത്. ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും സഖ്യരാജ്യങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നത് ഈ കപ്പലായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ഇറാന്റെ 11 നാവിക കപ്പലുകളാണ് യുഎസ് മുക്കിയത്.
യുദ്ധം തീരുന്നതിനെക്കുറിച്ച് കൃത്യമായ സമയക്രമം ഇതുവരെ അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, കുവൈറ്റില്‍ മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ തകര്‍ന്നുവീണത് 'ഫ്രണ്ട്ലി ഫയര്‍' അപകടമാണെന്ന് സ്ഥിരീകരിച്ചു. അബദ്ധത്തില്‍ കുവൈറ്റ് സേനയുടെ തന്നെ വെടിയേറ്റാണ് വിമാനങ്ങള്‍ തകര്‍ന്നത്. പാരച്യൂട്ടില്‍ രക്ഷപ്പെട്ട ഒരു അമേരിക്കന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുദ്ധത്തില്‍ ഇതുവരെ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അമേരിക്കന്‍ കണക്കുകള്‍. എന്നാല്‍ നൂറുകണക്കിന് യുഎസ് സൈനികരെ വധിച്ചു എന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളിക്കളഞ്ഞു.
