ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല, ചര്‍ച്ചയാണ് വഴി, സമാധാന മതി; ഇന്ത്യയോട് പാക്കിസ്ഥാന്‍ പ്രസിഡന്റ്; സിന്ധു നദീജലപ്രവാഹം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യ ആയുധമാക്കുന്നുവെന്നും ആസിഫ് അലി സര്‍ദാരി
ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല, ചര്‍ച്ചയാണ് വഴി
ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. യുദ്ധമുഖത്തുനിന്ന് പിന്മാറി അര്‍ത്ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് സര്‍ദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും സമാധാനത്തിന്റെ വക്താവ് എന്ന നിലയില്‍ താന്‍ യുദ്ധം ശുപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ 'ഹൈഡ്രോ ടെററിസം' (ജല ഭീകരവാദം) എന്നാണ് സര്‍ദാരി വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജലപ്രവാഹത്തെ ഇന്ത്യ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താന്‍ നയതന്ത്രപരവും ധാര്‍മികവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ദക്ഷിണേഷ്യയില്‍ ശാശ്വത സമാധാനം അസാധ്യമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഭീകരവാദ ഭീഷണികളെക്കുറിച്ചും സര്‍ദാരി പ്രസംഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം അവഗണിച്ചാല്‍ ഏതൊരു രാജ്യവും വന്‍ ദുരന്തങ്ങള്‍ക്ക് ഇരയായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാകിസ്താന്‍ നയതന്ത്ര ശ്രമങ്ങള്‍ പരമാവധി ഉപയോഗിച്ചുവെന്നും പാകിസ്താന്റെ മണ്ണ് പവിത്രമാണെന്നും സര്‍ദാരി പറഞ്ഞു. ഭീകരസംഘങ്ങളെ തടയുമെന്ന ദോഹ കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താലിബാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.