തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം; 1,500-ലധികം ജീവനക്കാർ അപകടത്തിൽ കുടുങ്ങി; ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അപകടത്തിൽ വൻ നാശനഷ്ടം
ഹൊസൂർ: തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. സെൽഫോൺ നിർമാണ വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. ഇവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനല്ല പരിശ്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതിനായി അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം സംഭവ സ്ഥലത്തുണ്ട്. നാഗമംഗലത്തിന് സമീപം ഉദ്ദാനപള്ളിയിൽ രാവിലെ 5:30ഓടെയാണ് തീപിടിത്തം ഉണ്ടായത്.
തീ നിയന്ത്രണവിധേയമാക്കുന്നതിന് ഇപ്പോഴും അഗ്നിരക്ഷാ സേന പരിശ്രമിക്കുകയാണ്. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടുത്തത്തിൽ കനത്ത പുക പ്രദേശത്താകെ വ്യാപിച്ചിരുന്നു. ഇത് തൊഴിലാളികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ജീവനക്കാരെ ഒഴിപ്പിക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. തീപ്പിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങൾ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഹൊസൂരിലെ നിർമാണ യൂണിറ്റിൽ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ പ്രോട്ടാക്കോളുകൾ പാലിച്ചിരുന്നു. അപകടകാരണം അന്വേഷിക്കുകയാണ്.
എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എമർജൻസി പ്രോട്ടോക്കോളുകൾ പാലിച്ചതായി വക്താവ് പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം അന്വേഷിക്കുന്നുണ്ട്, ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
100-ലധികം പോലീസുകാരെ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജീവനക്കാരെ ഒഴിപ്പിക്കുന്നതടക്കമുള്ള പ്രവർത്തങ്ങൾക്കായി ഇത് സഹായകമാണ്.