ബലാത്സംഗക്കേസിലെ പ്രതി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍ ഒളിവില്‍; ബലാത്സംഗ കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംഎല്‍എ
ബലാത്സംഗക്കേസിലെ പ്രതി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍ ഒളിവില്‍
ഛണ്ഡീഗഢ്: ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഒളിവില്‍ കഴിയുന്നത് ഓസ്‌ട്രേലിയയില്‍. പഞ്ചാബിലെ സനൂര്‍ മണ്ഡലത്തിലെ എംഎല്‍എ ഹര്‍മീത് സിംഗ് പത്തന്‍മജ്രാണ് സെപ്തംബര്‍ രണ്ടു മുതല്‍ രാജ്യം വിട്ടത്. ഒളിവിലിരിക്കേ പുറത്തുവന്ന ഒരു അഭിമുഖ വീഡിയോയിലാണ് ഹര്‍മീത് സിംഗ് ഓസ്‌ട്രേലിയയില്‍ ആണെന്ന് വ്യക്തമായത്.'പഞ്ചാബിലെ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ബലാത്സംഗക്കേസ്.
കേസില്‍ ജാമ്യം കിട്ടിയാല്‍ മാത്രമേ ഇന്ത്യയിലേക്ക് ഇനി വരുകയുള്ളൂ. പഞ്ചാബില്‍ മന്ത്രിമാരോടും എംഎല്‍എമാരോടും പ്രധാന കാര്യങ്ങളില്‍ പോലും ചര്‍ച്ച നടത്തുന്നില്ല. സംസാര സ്വാതന്ത്ര്യം പരിമിതപ്പെടുകയാണ്' - ഹര്‍മീത് സിംഗ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ഹര്‍മീത് സിംഗ് ഹാജരാകാത്തതിനെ തുടര്‍ന്ന് പട്യാല കോടതി അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് പിടിയില്‍ നിന്നും നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച് കടന്നുകളയുകയായിരുന്നു അദ്ദേഹം.
എംഎല്‍എയെ പിടികൂടാന്‍ വിവിധയിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിരുന്നു. തുടര്‍ന്ന് പാട്യാല പൊലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. സെപ്തംബര്‍ ഒന്നിനാണ് സിവില്‍ ലൈന്‍ പൊലീസ് ഹര്‍മീത് സിംഗിനെതിരെ ബലാത്സംഗം, വഞ്ചന, കുറ്റകരമായ ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സിറാക്പൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹമോചിതനെന്ന് തെറ്റിദ്ധരിപ്പിച്ച് താനുമായി ബന്ധത്തിലായെന്നും പിന്നീട് തന്നെ വഞ്ചിച്ച് 2021ല്‍ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് പരാതി.