സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ചു; നാലുപേര്‍ക്ക് ദാരുണാന്ത്യം
പട്ന: ബിഹാറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. സിതാര്‍മഹിയിലെ കുര്‍ഹാര്‍ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാര്‍, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
സെപ്റ്റിക് ടാങ്കില്‍നിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവര്‍ അബോധാവസ്ഥയിലാവുകയായിരുന്നു. പ്രദേശവാസികള്‍ ഉടന്‍തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചെന്നും അന്വേഷണം തുടരുകയാണെന്നും ബൊഖ്ര പോലീസ് അറിയിച്ചു.
ടാങ്ക് വ്യാജമദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥന്‍, ആരോപണം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും നാലുപേര്‍ മരിച്ചിരുന്നു.