ഒട്ടും ശ്രദ്ധയില്ലാതെ ഉണ്ടാക്കിയ അപകടം; ആ പാഞ്ഞെത്തിയ ലംബോർഗിനിയുടെ ഇടിയിൽ വഴിയാത്രക്കാർ അടക്കം തെറിച്ചുപോയി; പ്രതിഷേധം ശക്തമായതോടെ നടപടി കടുപ്പിച്ച് പോലീസ്

Update: 2026-02-12 11:21 GMT

ഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് പേർക്ക് പരിക്കേറ്റ വിവാദ ലംബോർഗിനി അപകടക്കേസിലെ പ്രതി ശിവം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷമാണ് കാൺപൂരിലെ പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകനായ ശിവം മിശ്രയെ ഇന്ന് രാവിലെ ദില്ലിയിലെ ഒരു ആശുപത്രിയിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാൽനടയാത്രക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റ അപകടം നടന്നത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. അപകടം നടന്നയുടൻ, വാഹനം ഓടിച്ചത് ഡ്രൈവറാണെന്നായിരുന്നു ശിവം മിശ്രയുടെ കുടുംബം വാദിച്ചത്.

എന്നാൽ, സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ വാഹനം ഓടിച്ചത് ശിവം മിശ്രയാണെന്ന് പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ വെളിച്ചത്തിലാണ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതിയെ പിടികൂടിയതോടെ കേസിന്റെ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News