പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ തെരുവുനായ കുറുകെ ചാടി; പിന്നാലെ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് കാർ കയറിയിറങ്ങി വനിതാ എസ്‌ഐക്ക് ദാരുണാന്ത്യം; സംഭവം യുപിയിൽ
ഗാസിയാബാദ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ വനിതാ സബ് ഇൻസ്‌പെക്ടർക്ക് ദാരുണാന്ത്യം. കാൻപൂർ സ്വദേശിനിയായ റിച്ച സച്ചൻ (25) ആണ് കാവിനഗർ പോലീസ് സ്റ്റേഷന് കീഴിലെ ശാസ്ത്രി ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യവെയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പട്രോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
റോഡിലേക്ക് അപ്രതീക്ഷിതമായി ഒരു തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ച റിച്ചയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയും, നിയന്ത്രണം വിട്ട കാർ റിച്ചയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് റിച്ച ഏകദേശം 50 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. തലയിൽ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിന്റെ തീവ്രതയിൽ കാര്യമായ പരിക്ക് ഏൽക്കുകയായിരുന്നു. ഇവരെ ഇടിച്ച കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നു.