പെൺകുട്ടി ഉറങ്ങുന്ന സമയം നോക്കി കോച്ചിനുള്ളിൽ കയറി മോശമായി സ്പർശിച്ചു; നിലവിളി കേട്ട് യാത്രക്കാർ ഓടിയെത്തി; ജിആർപി കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-08-23 17:03 GMT

പ്രയാഗ്‌രാജ്: ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ജിആര്‍പി (ഗവണ്‍മെന്റ് റെയില്‍വേ പോലീസ്) കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തു. ആശിഷ് ഗുപ്തയെയാണ് ജിആര്‍പി എസ്പിയായ പ്രശാന്ത് വര്‍മ്മ സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 14-ന് പ്രയാഗ്‌രാജ് എക്‌സ്പ്രസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പ്രയാഗ്‌രാജിലാണ് പെണ്‍കുട്ടി താമസിച്ചുവന്നിരുന്നത്. സംഭവദിവസം ട്രെയിനില്‍ ഡല്‍ഹിയിലുള്ള തന്റെ ബന്ധുവീട്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി. സ്ലീപ്പര്‍ കോച്ചിലായിരുന്നു യാത്ര. സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആശിഷ് പെണ്‍കുട്ടിയുള്ള കോച്ചിലെത്തിയത്.

പെണ്‍കുട്ടിയുടെ അടുത്തെത്തിയ ആശിഷ് ലൈംഗിക ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു. ആരോ തന്നെ തൊടുന്നുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍തന്നെ ഉറക്കമുണര്‍ന്നു. കോണ്‍സ്റ്റബളിനെ തള്ളിമാറ്റിയ പെണ്‍കുട്ടി സംഭവത്തെ പറ്റി റെയില്‍വേ ഹെല്‍പ്പ്‌ലൈനില്‍ പരാതിപ്പെടുകയും ചെയ്തു. പരാതി നല്‍കിയ ഉടന്‍ ആശിഷ് കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി.

പ്രയാഗ്‌രാജ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഹെല്‍പ്പ്‌ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചില പെണ്‍ കോണ്‍സ്റ്റബിളുമാര്‍ പെണ്‍കുട്ടിയെ സമീപിച്ചു. നടന്ന സംഭവമെല്ലാം വിശദീകരിച്ച പെണ്‍കുട്ടി പക്ഷേ എഴുതിതയ്യാറാക്കിയ പരാതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വീഡിയോയുടെ അടിസ്ഥാനത്തിലും റെയില്‍വേ ഹെല്‍പ്പ്‌ലൈനില്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തില്‍ ആശിഷിനെതിരെ നടപടി എടുക്കുകയായിരുന്നു.

Tags:    

Similar News