വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീപ്പൊരിയും പുകയും; ഡല്‍ഹിയില്‍നിന്ന് ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും ലഡാക്കിലെ ലേയിലേക്ക് യാത്രതിരിച്ച സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീപ്പൊരിയും പുകയും കണ്ടതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്.
ചൊവ്വാഴ്ച രാവിലെ 6.45-ഓടെയാണ് ലേയിലേക്ക് യാത്രതിരിച്ച വിമാനം തിരികെ ഇറക്കിയത്. 150 യാത്രക്കാരാണ് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ്ചെയ്തെന്നും എല്ലാ യാത്രക്കാരെയും സാധാരണഗതിയില്‍ പുറത്തിറക്കിയെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിനിലുണ്ടായ തകരാറാണ് തകരാറിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരികെ ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ തകരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കൂവെന്നും അധികൃതര്‍ അറിയിച്ചു.