എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് വ്യോമസേനയുടെ പുതിയ മേധാവി
എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് വ്യോമസേനയുടെ പുതിയ മേധാവി
ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഇന്ത്യന്‍ വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും. എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി സെപ്റ്റംബര്‍ 30-ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നിലവില്‍ വ്യോമസേനാ ഉപമേധാവിയായ അമര്‍ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്. 5,000 ഫ്‌ലൈയിംഗ് മണിക്കൂര്‍ പരിചയസമ്പത്തുള്ള അമര്‍ പ്രീത് സിം?ഗ് നിലവില്‍ എയര്‍ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.
ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്. 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1964 ഒക്ടോബര്‍ 27ന് ജനിച്ച അമര്‍ പ്രീത് സിംഗ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാ?ഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മീഷന്‍ ചെയ്യപ്പെട്ടത്. 2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് നിയമിതനായി. 2023ല്‍ പരം വിശിഷ്ട സേവാ മെഡലും 2019ല്‍ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്.