സന്ദർശനത്തിനിടെ 'ഡാൻസിങ് ഗേൾ'നെയും കൊണ്ട് കടന്നു; സർവകലാശാല അധ്യാപകൻ അറസ്റ്റിൽ; മോഷ്ടാവിന് കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
ന്യൂഡൽഹി: ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടെ പുരാവസ്തു പ്രതിമ മോഷ്ടിച്ച ഹരിയാന സർവകലാശാലയിലെ അധ്യാപകനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ 'ഡാൻസിങ് ഗേൾ' പ്രതിമയുടെ പകർപ്പാണ് ഇയാൾ മോഷ്ടിച്ചത്. മ്യൂസിയത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
45 വയസ്സുള്ള അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമാണ്. മോഷ്ടിച്ച പ്രതിമ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതാദ്യമായല്ല ദേശീയ മ്യൂസിയത്തിൽ നിന്ന് പുരാവസ്തുക്കൾ മോഷണം പോകുന്നത്. മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1926 ൽ മോഹൻജോദാരോയിൽ കണ്ടെത്തിയ 4,500 വർഷം പഴക്കമുള്ള വെങ്കല പ്രതിമയുടെ കൃത്യമായ പകർപ്പാണ് മോഷണം പോയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 10.5 സെന്റിമീറ്റർ ഉയരമുള്ള ഈ പ്രതിമ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനായ ഏൺസ്റ്റ് മക്കെയാണ് കണ്ടെടുത്തത്. മ്യൂസിയം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഈ സംഭവത്തിനു കാരണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.