റിജിക്ക കോയിന്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയ കേസ്; ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട്
ലുധിയാന: ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമണ്‍പ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് വാറണ്ട്. മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിന്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം.
കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്. സോനു സൂദിനെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു.
ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോള്‍ താരത്തെ കോടതിയില്‍ ഹാജറാക്കാനാണ് കോടതി ആവശ്യം. കേസില്‍ അടുത്ത വാദം ഫെബ്രുവരി 10നാണ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, സോനു സൂദ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലന്‍സുകള്‍ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സൊനു സൂദ് ആന്ധ്ര മുഖ്യമന്ത്രി നായിഡുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.